23 April Tuesday

മഷിക്കുപ്പി സമരം ; യുഡിഎഫ്‌ ബിജെപി സംയുക്ത സമരാഭാസം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

പാലക്കാട്
യൂത്ത് കോൺ​ഗ്രസുകാർ പാലക്കാട്‌ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് ശേഷം പരിസരത്ത്‌ ചുവന്ന മഷിക്കുപ്പി കണ്ടെത്തി. സിവിൽ സ്റ്റേഷന് മുന്നിലെ റോഡിലെ  ചാലിൽ നിന്നാണ്‌  മഷിക്കുപ്പി  കിട്ടിയത്.  പുതിയ മഷിക്കുപ്പി തീർന്ന നിലയിലാണ്‌. സമരക്കാർ ദേഹത്ത്‌ ചോരയെന്ന വ്യാജേന പുരട്ടിയെന്നാണ്‌ പൊലീസ്‌ നിഗമനം.

പൊലീസ് ക്രൂരമായി മർദിച്ചെന്ന് വരുത്താനായി മനഃപൂർവം യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ ഷർട്ടിൽ ചുവന്ന മഷി ഉപയോ​ഗിച്ചതായും സംശയിക്കുന്നുണ്ട്‌. ബഹളം തുടങ്ങുമ്പോൾ തന്നെ സ്ഥലം വിട്ട പല പ്രവർത്തകരുടെയും ഷർട്ടിൽ ചുവന്ന നിറം കാണാനായി. പല ഷർട്ടിലും ചോരയുടെ നിറം മങ്ങി വയലറ്റ്‌ രൂപത്തിലും കണ്ടു. മാർച്ചിനിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ മഷിക്കുപ്പി എടുക്കുന്ന ദൃശ്യങ്ങൾ ഒരു  ചാനൽ സംപ്രേഷണം ചെയ്തിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു. യൂത്ത് കോൺ​ഗ്രസ് സമരത്തെ പരിഹസിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. തലസ്ഥാനത്ത്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ കെഎസ്‌യു സമരത്തിലും സമാനമായി മഷിക്കുപ്പി കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം
മന്ത്രി കെ ടി ജലീൽ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുഡിഎഫ്‌–- ബിജെപി സംയുക്ത സമരാഭാസം തുടരുന്നു. കോവിഡ്‌ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ്‌ സംസ്ഥാനത്ത്‌ അതിക്രമം.

പ്രതിപക്ഷനേതാവുപോലും കൈയൊഴിഞ്ഞ ആരോപണം ഉയർത്തിപ്പിടിച്ചാണ്‌ കോൺഗ്രസിന്റെയും ബിജെപിയുടെയും മുസ്ലിംലീഗിന്റെയും പ്രകടനം. എല്ലായിടത്തും പൊലീസുമായി ഏറ്റുമുട്ടി പ്രകോപനം സൃഷ്ടിക്കുന്നുണ്ട്‌.

ചടങ്ങെന്നപോലെ പ്രകടനം നടത്തി എത്തിയ സംഘങ്ങൾ ആദ്യം ബാരിക്കേഡുകൾ പിടിച്ചുകുലുക്കി. പിന്നീട്‌ ജലപീരങ്കി പ്രയോഗത്തിന്‌ കാത്തുനിന്നു. പൊലീസിന് കാലതാമസം നേരിട്ടാൽ അവരോട്‌ തട്ടിക്കയറലും ആക്രോശവുമായി. ജലപീരങ്കി പ്രയോഗത്തോടെ ഏറെക്കുറെ പ്രതിഷേധം അവസാനിപ്പിച്ച്‌ മടങ്ങി.

പാലക്കാടും കൊച്ചിയിലും  ഉൾപ്പെടെ ചിലയിടങ്ങളിൽ ആസൂത്രിതമായ അതിക്രമത്തിന്‌ യൂത്ത്‌ കോൺഗ്രസുകാർ വലയൊരുക്കി.  പലയിടത്തും ലീഗും ബിജെപിയും കോൺഗ്രസും സഹകരണത്തോടെയാണ്‌ ‘സമരം’ മുന്നേറുന്നത്‌. പാലക്കാട്‌ ഉൾപ്പെടെ മിക്കയിടത്തും യൂത്ത്‌ കോൺഗ്രസുകാരും യുവമോർച്ചയും ഒന്നിച്ച്‌ സമരംചെയ്‌തു.


 

തലസ്ഥാനത്തും ആസൂത്രിത നീക്കം
പ്രതിദിന കോവിഡ്‌ രോഗികളുടെ എണ്ണം 800 കവിഞ്ഞ സാഹചര്യത്തിലും തലസ്ഥാനത്ത്‌ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കാതുള്ള സമരങ്ങൾ തകൃതി. തുടർച്ചയായ ആറാം ദിവസവും മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം നഗരത്തിൽ അരങ്ങേറി.

വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം സെക്രട്ടറിയറ്റിലേക്ക്‌ നടന്ന യൂത്ത്‌ കോൺഗ്രസ്‌ മാർച്ച്‌ സംഘർഷത്തിൽ കലാശിച്ചു. പൊലീസിനെ പ്രകോപിപ്പിച്ച്‌ സംഘർഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രതിഷേധം. കേന്ദ്രമന്ത്രി വി മുരളീധരന്റെയും മന്ത്രി കെ ടി ജലീലിന്റെയും കോലം കത്തിച്ചു. കൃത്യമായി മാസ്ക്‌ ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും "തല്ലെടോ... തല്ലെടോ....' എന്ന്‌ ആക്രോശിച്ചായിരുന്നു പ്രവർത്തകർ പൊലീസിനെ നേരിട്ടത്‌. 

പകൽ പന്ത്രണ്ടോടെ നോർത്ത്‌ ഗേറ്റിലേക്ക്‌ മഹിളാ മോർച്ചാ മാർച്ചും നടന്നു. പിന്നാലെ ബിജെപി ജില്ലാ കമ്മിറ്റി, യുവ മോർച്ച, യൂത്ത്‌ ലീഗ്‌ പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിച്ചു.  കോവിഡ്‌ മാനദണ്ഡങ്ങൾക്ക്‌ വിരുദ്ധമായി പ്രായമുള്ളവരെയും ബിജെപി മാർച്ചിൽ പങ്കെടുപ്പിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top