29 June Wednesday

ഈ വികസനം വികസനം എന്നുവച്ചാൽ...

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022


കൊച്ചി
നേതാവ്‌ വല്ലാത്ത തിരക്കിലാണ്‌. രാവിലെ 9.30ന്‌ സ്വയംസേവകരോടൊപ്പം കണ്ണൂരിൽ ‌കെ റെയിലിന്റെ കല്ലുപറിക്കുന്ന സമരത്തിൽ പങ്കെടുക്കണം. 11 മണിക്ക്‌ കോഴിക്കോട്ട്‌  ദേശീയപാത സ്ഥലമെടുപ്പുവിരുദ്ധ സമരം. ‌12.15ന്‌ മലപ്പുറത്ത്‌ തണ്ണീർത്തടം നികത്തി റോഡ്‌ നിർമിക്കുന്നതിനെതിരെ ബഹുജനകൂട്ടായ്‌മ. അതുകഴിഞ്ഞ്‌ കൊച്ചിയിൽ സിറ്റി ഗ്യാസിന്റെ പൈപ്പിടൽകൂടി മുടക്കിയിട്ടുവേണം തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ്‌ കൺവൻഷനിൽ  എത്താൻ. അവിടെ നാല്‌ ചോദ്യം ചോദിച്ച്‌ കത്തിപ്പടരണം.  

ഈ സമരങ്ങളെല്ലാം നാടിനുവേണ്ടിയാണല്ലോയെന്ന്‌ ആലോചിക്കുമ്പോൾത്തന്നെ ആകെയൊരു രോമാഞ്ചം. എത്ര സമരം നടത്തി. ഗെയിൽ പൈപ്പുലൈനിനെതിരെ നാട്ടുകാരെ പരമാവധി ഇളക്കിവിട്ടതല്ലേ. ചാനലുകൾ മുഴുവൻ ഒപ്പമുണ്ടായിരുന്നതിനാൽ സമരത്തിന്‌ നല്ല എരിവും പുളിയും ഉണ്ടായിരുന്നുതാനും. എന്നിട്ടും ഒന്നുമങ്ങ്‌  ശര്യായില്ലെന്നുമാത്രം.

ഇപ്പ ദേ പുതിയ കുറെ വികസനപദ്ധതികളുമായി പിണറായി വീണ്ടും ഇറങ്ങിയിരിക്കുകയാണ്‌.  നടപ്പാക്കിയ പദ്ധതികളും നടപ്പാക്കാൻ പോകുന്ന പദ്ധതികളും എല്ലാം പച്ചയ്‌ക്ക്‌ പ്രചരിപ്പിക്കുന്നു. ഇൻഫോപാർക്ക്‌,  സ്‌മാർട്ട്‌ സിറ്റി, കൊച്ചി മെട്രോ രണ്ടാംഘട്ടം, ഐടി ഇടനാഴി, സിറ്റി ഗ്യാസ്‌... അങ്ങനെ എന്തൊക്കെയോ. പുതിയ കൊച്ചിയായി തൃക്കാക്കരയെ മാറ്റിത്തീർക്കുമെന്നാണ്‌ പറയുന്നത്‌.  ഇതെല്ലാം കേട്ട്‌ വെറുതെയിരിക്കണംപോലും. പിന്നേ...

യുഡിഎഫ്‌ സർക്കാരിന്റെ കാലത്തുണ്ടായ വികസനത്തെക്കുറിച്ച്‌ പറയാമെന്നുവച്ചാൽ അതിനു ചില പ്രശ്‌നങ്ങളുണ്ടല്ലോ. അന്നത്തെ മുഖ്യമന്ത്രി ഇട്ട കല്ലുകൾ പലതും മണ്ണിനടിയിലായി. പിന്നെയുള്ളത്‌ അതിവേഗ പദ്ധതിയിൽ പൂർത്തിയാക്കിയ പാലാരിവട്ടം പാലമാണ്‌. മിണ്ടാതിരിക്കുന്നതാണ്‌ ആരോഗ്യത്തിനു നല്ലത്‌.  സ്‌മാർട്ട്‌ സിറ്റിയുടെ കാര്യം പറഞ്ഞുവരുമ്പോൾ പഴയ കാര്യങ്ങൾ ഓർമയുള്ള ചിലരെങ്കിലും തറുതല പറഞ്ഞേക്കും. ദുബായ്‌ കമ്പനിക്ക്‌ തൃക്കാക്കരയുടെ അടിയാധാരംവരെ കാഴ്‌ചവച്ചാണ്‌ സ്‌മാർട്ട്‌ സിറ്റി കൊണ്ടുവരാനിറങ്ങിയത്‌. എൽഡിഎഫ്‌ വന്നപ്പോൾ കരാർവ്യവസ്ഥകൾ മുഴുവൻ മാറ്റി. അതുകൊണ്ട്‌ തൃക്കാക്കര ഇപ്പോഴും അവിടെത്തന്നെയുണ്ട്‌; സ്‌മാർട്ട്‌ സിറ്റിയും.

ആകെ കൺഫ്യൂഷൻ. പോട്ടെ, പഞ്ച്‌ ‌ലൈൻ അടിക്കാം. ‘വികസനം എവിടെ പിണറായീ’ എന്നുചോദിച്ച്‌ നാലു കാച്ചുകാച്ചാം. കലക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top