29 March Friday

ഹാസ്യം 
ഗൗരവമായി കണ്ട നടൻ

വെബ് ഡെസ്‌ക്‌Updated: Saturday Apr 17, 2021

photo credit wikimedia commons


ചെന്നൈ
കടുത്ത ആക്ഷേപ ഹാസ്യത്തിലൂടെ, സമൂഹത്തിൽ നിലനിന്ന പല മോശം പ്രവണതകളെയും വിമർശിച്ച നടനാണ്‌ വിവേക്‌. തമിഴ്‌ സിനിമ കണ്ടു പരിചയിച്ചതിൽനിന്നും തീർത്തും വ്യത്യസ്തമായിരുന്നു വിവേകിന്റെ തമാശകൾ. കഥാപാത്രങ്ങളിലൂടെ പെൺ ഭ്രൂണഹത്യക്കെതിരെയും പെൺകുട്ടികളുടെ തുല്യാവകാശത്തെപ്പറ്റിയും കീഴ്ജാതിക്കാർക്ക് വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും വിവേക്‌ നിരന്തരം സംസാരിച്ചു.

സംഭാഷണങ്ങളിലൂടെ സാമൂഹ്യ പരിഷ്‌കരണത്തിന്‌ മുൻതൂക്കം നൽകിയതിനാൽ "ചിന്ന കലൈവാണർ" എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ഏറ്റവും ഒടുവിൽ  വ്യാഴാഴ്‌ച കോവിഡ്‌ വാക്‌സിൻ സ്വീകരിച്ച വിവേക്‌ മറ്റുള്ളവരോട്‌ വാക്‌സിൻ സ്വീകരിക്കാനും ആഹ്വാനം ചെയ്തു.  ‌

തൂത്തുക്കുടിയിലെ കോവിൽപ്പെട്ടിയിലാണ്‌ വിവേകാനന്ദൻ എന്ന വിവേക്‌ ‌ ജനിച്ചത്‌. 1980കളിൽ സംവിധായകൻ ബാലചന്ദറിനൊപ്പം സഹസംവിധായകനും തിരക്കഥാകൃത്തുമായാണ്‌ ചലച്ചിത്രലോകത്തേക്ക്‌ എത്തിയത്‌. 90കളിൽ തുടർച്ചയായി ഹിറ്റ്‌ ചിത്രങ്ങളുടെ ഭാഗമായ വിവേകിനെ പ്രേക്ഷകർ ഏറ്റെടുത്തു. പിന്നീട്‌ സൂപ്പർസ്റ്റാർ ചിത്രങ്ങളുടെ അവിഭാജ്യ ഘടകമായി വിവേക്‌ മാറി. "പാലക്കാട്‌ മാധവൻ', "നാൻ താൻ ബാല", "വെള്ളൈ പൂക്കൾ" തുടങ്ങിയ ചിത്രങ്ങളിൽ നായകനായി.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ, സംവിധായകൻ ശങ്കർ, രജനീകാന്ത്‌, കമൽഹാസൻ, പ്രകാശ്‌ രാജ്, മമ്മൂട്ടി, മോഹൻലാൽ, ധനുഷ്‌, വിജയ്‌, സൂര്യ, സുഹാസിനി, ജ്യോതിക, കാർത്തി തുടങ്ങി നിരവധിപേർ വിയോഗത്തിൽ അനുശോചിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top