19 April Friday

കോവിഡ് 19 ; ശാസ്ത്ര പുരോഗതിയും യാഥാർഥ്യവും

ഡോ അരുൺ ബി നായർUpdated: Thursday Jul 16, 2020


ലോകത്ത്‌ കോവിഡ്–- 19 പടർന്നുപിടിക്കാൻ തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും അതിനെ തടയാനുള്ള  മരുന്നുകളോ പ്രതിരോധ വാക്‌സിനോ പൂർണതോതിൽ കണ്ടെത്താൻ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. എന്നാൽ, ഇവ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇന്ത്യയടക്കം ലോകരാഷ്ട്രങ്ങളിലെല്ലാം നടക്കുന്നുമുണ്ട്. ഈ രംഗത്ത്‌ ശുഭകരമായ മുന്നേറ്റമാണ്‌ എന്നത്‌ ആശ്വാസകരം.

പഠനങ്ങൾ, ഗവേഷണങ്ങൾ
ഈ രോഗത്തെപ്പറ്റി നിരവധി പഠനങ്ങളും ഗവേഷണങ്ങളും ലോകമെമ്പാടും നടന്നു വരുന്നു. രോഗം പടർന്നുപിടിക്കാനുള്ള സാഹചര്യങ്ങൾ, അത് നിയന്ത്രിക്കാനുള്ള വിജയകരമായ മാർഗങ്ങൾ എന്നിവയെപ്പറ്റി ഒട്ടേറെ കാര്യങ്ങൾ ഇവയിലൂടെ ലഭ്യമാകുന്നു. ഇത്തരത്തിൽ രോഗപ്രതിരോധത്തിന്  സഹായിക്കുന്ന ചില കണ്ടെത്തലുകൾ വിശകലനം ചെയ്യാം.

സമീപകാലത്ത് കോവിഡുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഏറ്റവും ശ്രദ്ധേയമായ ഗവേഷണപഠനം കോവിഡ്‌ വായു മാർഗം പടരാൻ സാധ്യതയുണ്ട് എന്നതാണ്‌. വിവിധ രാജ്യങ്ങളിൽ കോവിഡ് ചികിത്സയും പ്രതിരോധവും നടത്തിവന്ന 230 ഓളം ഡോക്ടർമാരാണ് ഇക്കാര്യം ലോകാരോഗ്യ സംഘടനയെ അറിയിച്ചത്‌. വേണ്ട മുൻകരുതലുകൾ എടുക്കാൻ സംഘടനയോട് അവർ അഭ്യർഥിക്കുകയും ചെയ്‌തു. ലോകാരോഗ്യ സംഘടനയുടെ വിദഗ്ധസംഘം ഈ പഠനങ്ങൾ വിലയിരുത്തിയശേഷം അവരുടെ നിരീക്ഷണങ്ങളുമായി മുന്നോട്ടു വന്നു.




എസിയിൽ അധികനേരം വേണ്ട
പ്രാഥമികമായും ശ്വാസകോശ സ്രവങ്ങൾ വഴിതന്നെയാണ് കോവിഡ് വൈറസ് ഒരു വ്യക്തിയിൽനിന്ന് മറ്റൊരു വ്യക്തിയിലേക്ക് പടരുന്നത്. നമ്മൾ സംസാരിക്കുകയോ പാടുകയോ ഉറക്കെ ചിരിക്കുകയോ ഒച്ച വയ്‌ക്കുകയോ ഒക്കെ ചെയ്യുമ്പോൾ ഈ ശ്വാസകോശ സ്രവങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതിൽ വലിപ്പം കൂടിയ സ്രവ കണങ്ങൾ അടുത്തുനിൽക്കുന്ന വ്യക്തികളിൽ രോഗബാധയ്ക്ക് കാരണമാകും.

സാധാരണഗതിയിൽ ഇത്തരം സ്രവ കണങ്ങൾ ഒന്നുമുതൽ രണ്ടു മീറ്റർവരെ ദൂരം തെറിച്ചശേഷം നിലം പതിക്കുകയാണ് പതിവ്. ഇക്കാരണത്താലാണ്‌ സാമൂഹ്യ അകലം പാലിക്കുമ്പോൾ തൊട്ടടുത്ത ആളുമായി രണ്ടു മീറ്റർ അകലം പാലിക്കണമെന്ന നിർദേശം വിദഗ്ധർ മുന്നോട്ടുവയ്‌ക്കുന്നത്‌. ഈ അകലം നാം പാലിക്കുകയാണെങ്കിൽ അഥവാ ആ വ്യക്തി കോവിഡ്‌ പോസിറ്റീവ് ആയാൽ പോലും അയാളുടെ സ്രവങ്ങൾ നമ്മുടെ ശരീരത്തിലേക്ക്‌ എത്തുന്നില്ല. എന്നാൽ, അഞ്ച്‌ മൈക്രോണിൽ താഴെ വലിപ്പമുള്ള ചെറിയ സ്രവകണങ്ങൾ ചിലപ്പോൾ കുറച്ചുനേരം വായുവിൽ തങ്ങിനിൽക്കാൻ സാധ്യതയുണ്ട്‌. ഈ കണങ്ങളിൽനിന്ന്‌ മറ്റുള്ളവർക്ക് രോഗം ബാധിച്ചേക്കാം. ഇതുകേട്ട് ഭയപ്പെടേണ്ടതില്ല. മീസിൽസ് പോലെ വായു മാർഗം പടരുന്ന വൈറൽ രോഗങ്ങളെപ്പോലെ കോവിഡ്‌ പടരുകയില്ല. പക്ഷേ, അടച്ച മുറികളിൽ, എസി പ്രവർത്തിക്കുന്ന ചെറു മുറികളിൽ, ലിഫ്റ്റ് പോലെയുള്ള ചെറിയ സ്ഥലങ്ങളിൽ അപകട സാധ്യത ഏറെ. അതുകൊണ്ടുതന്നെ ഇത്തരം ഇടങ്ങളിൽ മറ്റുള്ളവരോടൊപ്പം അധികം സമയം ചെലവഴിക്കരുത്‌. എ സി പരമാവധി ഒഴിവാക്കി ജോലിസ്ഥലങ്ങളിലടക്കം പരമാവധി വായു സഞ്ചാരം ഉറപ്പുവരുത്തണം. 

രോഗ പ്രതിരോധ ശേഷിയും പ്രധാനം
കോവിഡ് വൈറസ്, മരണകാരണം ആകുന്നത് എന്തുകൊണ്ടെന്നതിനെ പറ്റിയും പഠനങ്ങളനവധി‌. പുതിയ ചില പഠനങ്ങൾ വെളിപ്പെടുത്തുന്നത് വൈറസിനേക്കാൾ കൂടുതൽ ശരീരത്തിലെ രോഗപ്രതിരോധ ശക്തിയിലെ പോരായ്മകളാണ് മരണകാരണമാകുന്നതെന്നാണ്‌. വൈറസിന്റെ സാന്നിധ്യം കൂടുതലുള്ള പല അവയവങ്ങളിലും മരണകാരണമാകാവുന്ന തകരാറുകൾ ഒന്നും കണ്ടെത്താൻ പോസ്റ്റ്മോർട്ടം പഠനം വഴി കഴിഞ്ഞിട്ടില്ല. എന്നാൽ, വൈറസിന്റെ സാന്നിധ്യം അത്രയേറെ ഇല്ലാത്ത അവയവങ്ങളിൽ നീർക്കെട്ടും മരണ കാരണമാകാവുന്ന ചില വ്യതിയാനങ്ങളും ഗവേഷകർ കണ്ടൈത്തി. 

കൂടുതൽ പേരെ കോവിഡ്‌ ടെസ്റ്റുകൾക്ക് വിധേയമാക്കിയതുകൊണ്ട് രോഗവ്യാപനം നിയന്ത്രിക്കാൻ കഴിയുമോ? പലരും ഉന്നയിക്കുന്ന ഒരു സംശയമാണിത്. നമ്മുടെ നാട്ടിൽ ലഭ്യമായിട്ടുള്ള പരിശോധനകൾ കൃത്യമായി രോഗത്തെ 100 ശതമാനം നിർണയിക്കാൻ പ്രാപ്തം ആണോ എന്ന ആശങ്കയും ചിലരൊക്കെ പ്രകടിപ്പിക്കുന്നുണ്ട്. അമേരിക്കയിലെ ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ പഠനത്തിൽ കണ്ടെത്തിയത് എല്ലാ ആഴ്ചയിലും രോഗനിർണയം നടത്താനുള്ള ടെസ്റ്റുകൾ വ്യാപകമായി നടത്തുകയും രോഗബാധയുള്ളവരെ കണ്ടെത്തി സമ്പർക്ക വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുന്നത് തന്നെയാണ് രോഗവ്യാപനം ഫലപ്രദമായി തടയാൻ ഏറ്റവും നല്ല മാർഗം എന്നാണ്
          
സങ്കീർണമായ പരീക്ഷണ വഴികൾ
വാഷിംഗ്ടണിലെ ഫ്രെഡ് ഹച്ചിസൺ ക്യാൻസർ റിസർച്ച് സെന്ററിലെ ഗവേഷകർ കോവിഡ്‌ വൈറസിന്റെ പ്രോട്ടീൻ ഘടനയെക്കുറിച്ച് ചില നിർണായക കണ്ടെത്തലുകൾ നടത്തി.  കോവിഡ് വൈറസ് ഒരു കോശത്തിലേക്ക്‌ കടക്കുന്നതിനു മുമ്പായി ആ കോശത്തിന്റെ പ്രതലത്തിലുള്ള  ഒരു റിസപ്റ്ററുമായി വൈറസിലുള്ള സ്‌പൈക്ക്‌‌ എന്ന പ്രോട്ടീൻ ബന്ധംസ്ഥാപിക്കുന്നു. വാഷിംഗ്ടണിലെ ഗവേഷകർ ഈ സ്പൈക്ക് പ്രോട്ടീനിലെ ഒരു അമിനോആസിഡ് വ്യത്യാസം വരുത്തിയപ്പോൾ 3840 വകഭേദങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഇത്തരത്തിൽ ഒരു അമിനോആസിഡ് വ്യത്യാസം വന്നാൽ തന്നെ കോവിഡ് വൈറസിനു കോശങ്ങൾക്ക് ഉള്ളിലേക്ക് കടന്നുകയറാൻ കഴിയില്ല എന്ന സാധ്യതയാണ് ഈ ഗവേഷകർ പറയുന്നത്‌. ഈ അറിവ് പ്രയോജനപ്പെടുത്തി വൈറസിനെ നിർവീര്യമാക്കാൻ സഹായിക്കുന്ന മരുന്നുകളോ പ്രതിരോധ ഔഷധങ്ങളോ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ്‌ നിഗമനം.

കോവിഡ് ബാധിതരായ വ്യക്തികളിൽ മൂന്നിലൊന്ന് പേർ മാത്രമേ പനിയും ശ്വാസകോശസംബന്ധമായ ലക്ഷണങ്ങളും പ്രകടിപ്പിക്കാറുള്ളു എന്നാണ്‌ സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ഇതിൽ തന്നെ 60 വയസ്സിനുമേലുള്ളവരിലാണ്‌ കൂടുതൽ രോഗ ലക്ഷണങ്ങൾ പ്രകടമാകാൻ സാധ്യത. രോഗലക്ഷണങ്ങൾ ഇല്ലാത്ത ധാരാളം ആളുകൾ സമൂഹത്തിൽ കോവിഡ്‌ ബാധിതരായി കണ്ടേക്കാമെന്നും ഗവേഷകർ പറയുന്നു.



        
അനുബന്ധ രോഗങ്ങൾ സങ്കീർണമാക്കും
ചില അനുബന്ധ രോഗങ്ങളുടെ സാന്നിധ്യം ഒരു വ്യക്തിയിൽ കോവിഡ് ബാധ സങ്കീർണമാക്കും. ലോകജനസംഖ്യയുടെ 20 ശതമാനമെങ്കിലും സങ്കീർണമായ കോവിഡ്‌ ബാധ ഉണ്ടാകാൻ സാധ്യതയുള്ള ഒരു രോഗം എങ്കിലും ഉള്ളവരാണ്. ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ ഗവേഷകരാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. 188 രാഷ്ട്രങ്ങളിൽനിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചതിൽ ലോക ജനസംഖ്യയിൽ 170 കോടിയെങ്കിലും ഇത്തരത്തിൽ അപകട സാധ്യത കൂടുതൽ ഉള്ളവരാണ്. ഇവരിൽ 35 കോടിയെങ്കിലും ആശുപത്രിയിൽ കിടത്തി ചികിത്സ വേണ്ടിവരുന്ന അവസ്ഥയിലാണെന്നും ഗവേഷണം വിലയിരുത്തുന്നു.
  
മരുന്നിനും വാക്‌സിനും സമയമെടുക്കും; ജാഗ്രത തുടരാം
കോവിഡിന്‌ എതിരെയുള്ള മരുന്നു ഗവേഷണം മിക്ക രാജ്യങ്ങളിലും പുരോഗമിക്കുകയാണ്‌. ഇന്ത്യയിലും മൂന്ന് വ്യത്യസ്ത ഗവേഷക സംഘങ്ങൾ ഇതിനുവേണ്ടി ശ്രമം തുടരുന്നു‌. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് എന്നിവയൊക്കെ ഇത്തരം ഗവേഷണ ഉദ്യമങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഒരു വാക്സിൻ വികസിപ്പിച്ചെടുക്കുക എന്നത് നൈമിഷികമായി സാധിക്കുന്ന കാര്യമല്ല. ആദ്യഘട്ടത്തിൽ മൃഗങ്ങളിൽ പരീക്ഷിച്ച് ഫലപ്രാപ്തിയും സുരക്ഷിതത്വവും തെളിയിക്കേണ്ടതുണ്ട്. തുടർന്ന് മൂന്ന് ഘട്ടങ്ങളായി മനുഷ്യരിൽ നീണ്ടുനിൽക്കുന്ന പരീക്ഷണങ്ങൾ കൂടി പൂർത്തിയാക്കി അത് ഫലപ്രദമാണെന്നും സുരക്ഷിതമാണെന്നും തെളിയിച്ചാലേ വാണിജ്യാടിസ്ഥാനത്തിൽ അത് ലഭ്യമാക്കാനാകൂ. ഇത്തരത്തിൽ ഒരു വാക്സിൻ ലഭ്യമാകാൻ ഇന്നത്തെ സ്ഥിതി വച്ച് മാസങ്ങൾ കഴിയും.

ഇക്കാരണം കൊണ്ടു തന്നെ നാം കൂടുതൽ ജാഗ്രത പുലർത്തിയേ മതിയാവു. സാമൂഹ്യ അകലം പാലിക്കുകയും പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിച്ച് വായും മൂക്കും പൂർണമായും മൂടുകയും വേണം.  വ്യക്തിശുചിത്വം ഉറപ്പുവരുത്തുകയും അനാവശ്യമായ സഞ്ചാരങ്ങളും തിരക്കുള്ള സ്ഥലങ്ങളും ഒഴിവാക്കുകയും ചെയ്‌താലേ രോഗവ്യാപനം തടയാൻ കഴിയൂ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top