27 April Saturday

ലോകത്താകെ ഹിറ്റായി കൊച്ചിയുടെ സ്വന്തം ജലമെട്രോ

ജെയ്സൻ ഫ്രാൻസിസ്Updated: Tuesday May 16, 2023


കൊച്ചി
ലോകത്താകെ ഹിറ്റായി കൊച്ചിയുടെ സ്വന്തം ജലമെട്രോ യാത്ര തുടരുന്നു. ആഗോളതലത്തിൽ ഖ്യാതി നേടിയ പദ്ധതിയിലൂടെ രാജ്യാതിർത്തി കടക്കുകയാണ്‌ കേരളത്തിന്റെ പെരുമയും. ഏപ്രിൽ 26ന്‌  ഹൈക്കോടതി–- വൈപ്പിൻ റൂട്ടിലായിരുന്നു കന്നിയാത്ര. തൊട്ടടുത്ത ദിവസം വൈറ്റില–- കാക്കനാട്‌ റൂട്ടിലും സർവീസ്‌ തുടങ്ങി. 12–-ാം ദിവസം ഒരുലക്ഷം യാത്രക്കാർ കടന്നു.

ഇന്ത്യയിലെ ആദ്യ ജലമെട്രോയാണ്‌ കൊച്ചിയിലേത്‌. 1136.83 കോടി രൂപ ചെലവിട്ടാണ്‌ എൽഡിഎഫ്‌ സർക്കാർ പദ്ധതി യാഥാർഥ്യമാക്കിയത്‌. ഫണ്ട്‌ നൽകില്ലെന്ന കേന്ദ്ര സർക്കാർ നിലപാട്‌ മറികടന്നാണ്‌ ഈ വിജയം. ജർമൻ ഫണ്ടിങ്‌ ഏജൻസിയായ കെഎഫ്‌ഡബ്ല്യു സഹായം ലഭിച്ചു. എട്ടു ബോട്ടാണ്‌ സർവീസിനുള്ളത്‌. അടുത്തമാസം രണ്ടു ബോട്ടുകൂടി കൈമാറും. സൗത്ത്‌ ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ ടെർമിനലുകളുടെ നിർമാണം പൂർത്തിയായി. വൈറ്റിലയ്‌ക്കും കാക്കനാടിനുമിടയിൽ എരൂർ ടെർമിനൽ നിർമാണത്തിന്‌ സ്ഥലം കണ്ടെത്തി. ഉടൻ കൂടുതൽ റൂട്ടിൽ സർവീസ്‌ തുടങ്ങും. ബോട്ടുകൾ തദ്ദേശീയമായാണ്‌ നിർമിച്ചത്‌.

ഒരേസമയം 100 പേർക്കും 50 പേർക്കും യാത്ര ചെയ്യാൻ കഴിയുന്ന ബോട്ടുണ്ട്‌. ബാറ്ററിയിലും ഹൈബ്രിഡ് രീതിയിലും പ്രവർത്തിപ്പിക്കാം. വളരെ വേഗം ചാർജാകും. ബാറ്ററിയിൽ എട്ടു നോട്ടിക്കൽ മൈലും ഹൈബ്രിഡ് മോഡിൽ 10 നോട്ടുമാണ് വേഗം. ഫ്ലോട്ടിങ് ജെട്ടികളാണുള്ളത്‌. വൈറ്റില ഹബ്ബിലെ ഓപ്പറേറ്റിങ് കൺട്രോൾ സെന്ററിൽനിന്ന് സഞ്ചാരം നിരീക്ഷിക്കാനാകും.

രാത്രിയാത്രയിൽ ബോട്ട് ഓപ്പറേറ്ററെ സഹായിക്കാൻ തെർമൽ കാമറയുണ്ട്‌. കൊച്ചി ജലമെട്രോയുടെ വിശേഷങ്ങൾ സ്വന്തം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച വേൾഡ്‌ ഇക്കണോമിക്‌ ഫോറം ജലമെട്രോയെ വിശേഷിപ്പിച്ചത്‌ പരിസ്ഥിതിസൗഹൃദ യാത്രാസൗകര്യത്തിന്റെ പുതുമാതൃകയെന്നാണ്‌.

സൂപ്പറാണ്‌ 
വണ്ടറാണ്‌
‘ജലമെട്രോ സൂപ്പറാണ്‌. യാത്ര അടിപൊളി. സുഖകരവും സുരക്ഷിതവുമായ യാത്രയാണിതിൽ. ഏറ്റവും മികച്ച സൗകര്യങ്ങളാണ്‌ ബോട്ടിലുള്ളത്‌’–- നഴ്‌സിങ്‌ വിദ്യാർഥിനികളായ അനീറ്റയുടെയും നന്മയുടെയും വാക്കുകളിലുണ്ട്‌ ജലമെട്രോയിലെ വൈബ്‌. ട്രിപ്പുകളുടെ എണ്ണം ഇനിയും കൂട്ടണമെന്ന്‌ കൂട്ടുകാരികളായ അശ്വതിയും അനീനയും പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top