23 April Tuesday

ചിത്രകലയിൽ എനിക്ക്‌ ജെൻഡർ ഇല്ല- കലയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും... സജിത ആർ ശങ്കർ

സജിത ആർ ശങ്കർ/ സുധീഷ് കോട്ടേമ്പ്രംUpdated: Saturday Apr 16, 2022

സജിത ആർ ശങ്കർ - ഫോട്ടോ: ജി പ്രമോദ്‌

കോളേജിലെ വായനയും സമ്പർക്കവും എന്നെ കമ്യൂണിസ്റ്റുകാരിയാക്കി. ആ സൗഹൃദങ്ങളായിരുന്നു എന്റെ സമ്പത്ത്. മാധവിക്കുട്ടിയുമായുള്ള ബന്ധവും എടുത്തുപറയേണ്ടതാണ്. ഒരു കൊച്ചുകുട്ടി ആയിട്ടല്ല മാധവിക്കുട്ടി എന്നെ കണ്ടത്. ഒരു ക്രിയേറ്റീവ് പേഴ്‌സൺ എന്ന പരിഗണന അവരെപ്പോഴും തന്നിരുന്നു.

സജിത ആർ ശങ്കർ   -    ഫോട്ടോ:   ജി പ്രമോദ്‌

സജിത ആർ ശങ്കർ - ഫോട്ടോ: ജി പ്രമോദ്‌

കേരളീയ ആധുനിക ചിത്രകല ഒട്ടൊക്കെ ആൺകലാകാര മാതൃകകളിലൂടെ സ്ഥാപനവത്കരിക്കപ്പെട്ടപ്പോൾ, വിരലിലെണ്ണാവുന്ന ചിത്രകാരികൾ പ്രതിനിധാനത്തിന്റെ പേരിൽ മാത്രം പരിഗണിക്കപ്പെട്ടു. കലാപഠനശാലകളിൽനിന്ന് നിരവധി ചിത്ര ശില്പകലാകാരികൾ ഇതിനകം പുറത്തുവന്നു. എങ്കിലും നമ്മുടെ കലാമേഖല ലിംഗനിരപേക്ഷമായ ഒരു വ്യവഹാരമാണ് എന്ന് പറയാൻ നാം ഇനിയും കാത്തിരിക്കണം. ഇന്ത്യക്കകത്തും പുറത്തുമായി കലയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുകയും ഇടതടവില്ലാതെ കലാപ്രവർത്തനത്തെ ജീവവായു പോലെ കൊണ്ടു നടക്കുകയും ചെയ്യുന്ന ആർട്ടിസ്റ്റുകളിൽ സജീവ സാന്നിധ്യമായി സജിത ശങ്കറുണ്ട്. സ്ത്രീശരീരവും ഉണ്മയും ആണധികാരലോകത്തിന് എതിരുപിടിച്ച കണ്ണാടിയെന്നവണ്ണം സജിത ശങ്കറിന്റെ കലയിൽ പ്രതിഫലിക്കുന്നു. ഭൗതിക കാമനകളിൽനിന്നുള്ള സ്വയം ശുദ്ധീകരണവും അതിജീവനവുമാണ്‌ തന്റെ കല എന്ന്‌ സജിത പറയുന്നു.

അവിടെ ഏതെങ്കിലും അധികാരസ്വരൂപം തനിക്ക് തടസ്സമാവുന്നില്ലെന്നും തന്റെ കല സ്വയം ശക്തിമത്താക്കുന്ന ഒന്നാണെന്നും അവർ കരുതുന്നു. ആധുനിക ചിത്രകലയും അതിന്റെ തുടർച്ചയിൽ രൂപംകൊണ്ട കേരളീയ ആധുനിക കലാകാരന്മാരും പലപ്പോഴും പടിഞ്ഞാറൻ പ്രവണതകളുടെ ചുവടുപിടിച്ച് മുന്നേറിയപ്പോൾ, അതിൽനിന്ന് മാറി തനതു കലയ്ക്കുവേണ്ടിയുള്ള അന്വേഷണങ്ങളിൽ മുഴുകിയ ആർട്ടിസ്റ്റാണ് സജിത ശങ്കർ. പ്രമേയത്തിലും പരിചരണത്തിലും ചിന്തയിലും ആദിദ്രാവിഡസംസ്‌കാരത്തിന്റെ മുദ്രകൾ പേറുന്ന ഒരു ദൃശ്യഖണ്ഡമായി സജിത ശങ്കറിന്റെ കലാലോകത്തെ മനസ്സിലാക്കാം. ജീവിതത്തിന്റെ മധ്യാഹ്നത്തിലെത്തി നിൽക്കുന്ന സജിത ഈ സംഭാഷണത്തിൽ കലയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കുന്നു.

സുധീഷ് കോട്ടേമ്പ്രം: കലാപഠനകാലത്തെക്കുറിച്ചും ആർട്ടിസ്റ്റ് എന്ന കർതൃത്വത്തിന്റെ രൂപപ്പെടലും എങ്ങനെയാണെന്ന് പറയാമോ?

സജിത ശങ്കർ: കോട്ടയം ജില്ലയിലെ കുമാരനെല്ലൂരിലായിരുന്നു കുട്ടിക്കാലം. അക്കാലത്തെക്കുറിച്ചുള്ള ഓർമയിൽ ഒറ്റയ്ക്ക്

സജിത ആർ ശങ്കറിന്റെ ആൾട്ടർ ബോഡി സീരീസിലെ ചിത്രം

സജിത ആർ ശങ്കറിന്റെ ആൾട്ടർ ബോഡി സീരീസിലെ ചിത്രം

നടക്കുന്ന ഒരു കുട്ടിയുണ്ട്. ചെറുപ്പത്തിൽ ചിതൽപ്പുറ്റുകൾ തേടിനടന്നിരുന്നു. അവ ശേഖരിച്ച് പിന്നീട് ശില്പങ്ങൾ നിർമിക്കാൻ ശ്രമിച്ചിരുന്നു. വീടിനടുത്ത് നിറയെ കാവുകളുണ്ട്, ഒറ്റയ്ക്ക് കാവുകളിൽ പോയി ഇരിക്കുമായിരുന്നു. വീട്ടിലാരും കലയെ ഗൗരവമായി കണ്ടിരുന്നില്ല. ഈ കുട്ടി എന്താണിങ്ങനെ ഭ്രാന്ത് പിടിച്ച് നടക്കുന്നു എന്ന മട്ടാണ്. കുഞ്ഞുനാളിലേ കവിതകൾ എഴുതിയിരുന്നു. ചെറുപ്പത്തിൽ ആൺകുട്ടികളുടെ ഡ്രസ് ഇട്ട് നടക്കുന്ന ഒരു ടോം ബോയ് ക്യാരക്ടർ ആയിരുന്നു എനിക്ക്. പെൺകുട്ടികളെപ്പോലെ ‘ഒതുങ്ങി നടക്കുക' എന്ന നിയമത്തിലൊന്നും ഞാൻ വിശ്വസിച്ചില്ല. അച്ഛനെന്നെ ഡോക്ടറോ എഞ്ചിനീയറോ ആക്കാനായിരുന്നു ആഗ്രഹം. സെന്റ് മർത്തലീന കോൺവെന്റ് സ്‌കൂളിലാണ് ഞാൻ പഠിച്ചത്.

എം കെ സാനു

എം കെ സാനു

അവിടന്ന് മൽസരങ്ങൾക്ക് കിട്ടിയ സമ്മാനങ്ങളൊക്കെ കണ്ട് വീട്ടുകാർക്കും ഒരു മതിപ്പൊക്കെ വരാൻ തുടങ്ങി. അങ്ങനെയാണ് നിനക്കിഷ്ടമുള്ളത് പഠിക്കാം എന്ന് അച്ഛൻ സമ്മതിക്കുന്നതും ഫൈൻ ആർട്‌സ് കോളേജിൽ എത്തുന്നതുമൊക്കെ. പോർട്രെയിറ്റ് ഒക്കെ വരച്ചുകൊടുത്താൽ നല്ല കാശ് കിട്ടും എന്ന് അച്ഛനോടും ആരൊക്കെയോ പറഞ്ഞിരുന്നു. ഫൈൻ ആർട്‌സ് കോളേജിൽ ചേർത്ത് എന്നെ അവിടെ ഒറ്റക്ക്‌ വിട്ടുപോകാൻ അച്ഛന് പേടി ഉണ്ടായിരുന്നു. എന്നെ കോളേജിൽ വിട്ട് പത്തു ദിവസം അടുത്തുള്ള ലോഡ്ജിൽ താമസിച്ച് അച്ഛൻ എന്റെ സുരക്ഷിതത്വം ഉറപ്പാക്കിയിരുന്നു. ക്ലാസിലാണെങ്കിൽ ഞങ്ങൾ മൂന്ന് പേർ മാത്രമായിരുന്നു പെൺകുട്ടികൾ. ആൺകുട്ടികളാണെങ്കിൽ എല്ലാരും താടിയും മുടിയും നീട്ടിവളർത്തി കണ്ടാൽ പേടി തോന്നുന്ന കൂട്ടത്തിലും. എന്റെ കൊച്ചിനെ നിങ്ങൾ നോക്കണം എന്ന് അച്ഛൻ ആരൊടൊക്കെയോ പറഞ്ഞു. പറഞ്ഞപോലെ എല്ലാരും എന്നെ നോക്കാൻ ചുറ്റിലും കൂടുകയും ചെയ്തു. ഞാനാണെങ്കിൽ ബെൽബോട്ടം പാന്റും ഷർട്ടുമിട്ട് മുടി പിന്നിയിട്ട് ഒക്കെ നടക്കുമായിരുന്നു.

ഫൈൻ ആർട്‌സ് കോളേജിലെ അന്തരീക്ഷം എന്നെ രൂപപ്പെടുത്തിയതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. കോളേജിനേക്കാൾ ഒരുപക്ഷേ പബ്ലിക് ലൈബ്രറിയും യൂണിവേഴ്‌സിറ്റി ലൈബ്രറിയും ഒക്കെ നന്നായി ഉപയോഗിച്ചു. പിന്നെ, എം കെ സാനുമാഷ്, മാഷ് എന്റെ ഒരകന്ന ബന്ധു കൂടിയാണ്. സാനു മാഷുമായുള്ള സംസാരങ്ങൾ വലിയ പ്രചോദനം നൽകിയിരുന്നു. എഴുതുന്ന സംഗതികളെല്ലാം സാനുമാഷിനെ കാണിക്കുമായിരുന്നു. എഴുതാനും ചിന്തിക്കാനും നല്ല പുസ്തകങ്ങൾ സജസ്റ്റ് ചെയ്യുകയും ചെയ്ത നല്ല ഒരു മെന്റർ ആയിരുന്നു സാനുമാഷ്‌.  മാഷ് വഴി പല സാഹിത്യകാരന്മാരെയും അടുത്തറിയാൻ കഴിഞ്ഞു. ടി കെ രാമകൃഷ്ണൻ, എം പി വീരേന്ദ്ര കുമാർ,

മാധവിക്കുട്ടി

മാധവിക്കുട്ടി

അയ്യപ്പണിക്കർ തുടങ്ങി കോളേജിന് പുറത്ത്, തിരുവനന്തപുരത്തെ സാംസ്‌കാരികലോകം എനിക്ക് വലിയ പ്രചോദനമായി. ജോൺ എബ്രഹാം, മധു മാഷ്, പി  ഇ  ഉഷ, സിവിക് ചന്ദ്രൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഡി  വിനയചന്ദ്രൻ ഇവരും എന്റെ അന്നത്തെ സൗഹൃദവലയത്തിൽ ഉണ്ടായിരുന്നു. അച്ഛൻ കോൺഗ്രസ്സായിരുന്നു. കോളേജിലെ വായനയും സമ്പർക്കവും എന്നെ കമ്യൂണിസ്റ്റുകാരിയാക്കി.

ആ സൗഹൃദങ്ങളായിരുന്നു എന്റെ സമ്പത്ത്. മാധവിക്കുട്ടിയുമായുള്ള ബന്ധവും എടുത്തുപറയേണ്ടതാണ്. ഒരു കൊച്ചുകുട്ടി ആയിട്ടല്ല മാധവിക്കുട്ടി എന്നെ കണ്ടത്. ഒരു ക്രിയേറ്റീവ് പേഴ്‌സൺ എന്ന പരിഗണന അവരെപ്പോഴും തന്നിരുന്നു. എൺപതുകളിൽ കോളേജിൽ ഹിരോഷി മികാമി എന്ന ഒരു ജപ്പാനീസ് ശില്പി വന്നിരുന്നു. അദ്ദേഹത്തിന്റെ വർക്‌ഷോപ്പിൽ ഞാനൊരു സ്റ്റോൺ കാർവിംഗ് ചെയ്തിരുന്നു. ശില്പം തെരഞ്ഞെടുക്കുന്നതിൽനിന്ന് ഞാൻ പിൻമാറിയതും ഒരുപക്ഷേ ആരോഗ്യപ്രശ്‌നങ്ങൾ കൊണ്ടാണ്‌. കാനായി കുഞ്ഞിരാമൻ പ്രിൻസിപ്പൽ ആയിരുന്ന സമയത്ത് ശില്പകല മുഖ്യവിഷയമായി എടുക്കാൻ എപ്പോഴും പറയുമായിരുന്നു. അതെടുക്കാത്തതിൽ സാറിന്‌ വിഷമവുമുണ്ടായിരുന്നു.
സാഹിത്യവും കലയും തമ്മിലുള്ള ബന്ധവും അതുവഴി രൂപപ്പെടുന്ന സാംസ്‌കാരികബോധവും അന്ന് ഫൈൻ ആർട്‌സ് കോളേജുകളിൽ ഉണ്ടായിരുന്നു.

കാനായി  കുഞ്ഞിരാമൻ

കാനായി കുഞ്ഞിരാമൻ

ഒരു മണിക്കൂർ അയ്യപ്പപ്പണിക്കർ സാറുമായി സംസാരിച്ചാൽ ഒരു പതിനഞ്ച് പുസ്തകങ്ങൾ വായിക്കുന്നതിന്റെ ഗുണം കിട്ടും. അവർക്കൊക്കെ അറിയാം വിഷ്വൽ ആർട്ട് എന്താണെന്ന്. കാണാത്തത് കാണുന്നവരാണ് വിഷ്വൽ ആർട്ടിസ്റ്റുകൾ എന്ന ഒരു ബൗദ്ധികധാരണ എൺപതുകളിൽ ഉണ്ടായിരുന്നു. ഇന്നതില്ല. അക്കാലത്ത് വളരെയേറെ ശ്രദ്ധിക്കപ്പെട്ട മാഗസിനായിരുന്നു എം ഗോവിന്ദൻ എഡിറ്റ് ചെയ്ത സമീക്ഷ. അതിൽ ദൃശ്യകലയ്ക്ക് നല്ല രീതിയിലുള്ള പ്രാധാന്യം നല്കിയിരുന്നു. സാഹിത്യവും കലയും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ വളരെ ആരോഗ്യപരമായി നടന്നു.

സുധീഷ്  : വിദ്യാർഥിരാഷ്ട്രീയം ഉണ്ടായിരുന്നോ ഫൈൻ ആർട്‌സ് കോളേജിൽ?

സജിത ശങ്കർ: തീർച്ചയായും. മറ്റെല്ലാ കോളേജുകളിലെയും പോലെ ഒരു ഇടതു രാഷ്ട്രീയമനസ്സ് അന്ന് കോളേജിനുണ്ടായിരുന്നു. ഈനാശു ചെയർമാനും ഞാൻ വൈസ് ചെയർപേഴ്‌സണുമായിരുന്നു എസ്എഫ്ഐ യൂണിയനിൽ.
സുധീഷ്‌: ഫൈൻ ആർട്‌സ് കോളേജിൽ അന്ന് സ്വാധീനിക്കപ്പെട്ട ഒരു ദൃശ്യഭാഷ എക്‌സ്പ്രഷണിസത്തിന്റേതായിരുന്നല്ലോ. കെ.പി. കൃഷ്ണകുമാറും

കെ പി  കൃഷ്‌ണകുമാർ

കെ പി കൃഷ്‌ണകുമാർ

റാഡിക്കൽ ഗ്രൂപ്പും താങ്കളുടെ കലാപ്രക്രിയയെ സ്വാധീനിച്ചിട്ടുണ്ടോ?
സജിത ശങ്കർ: ഞാൻ ഒറ്റയ്ക്ക് നടക്കുന്ന ഒരു വ്യക്തി ആയിരുന്നു. അതുകൊണ്ടുതന്നെ എനിക്ക് ഒരു ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളോട് മമത തോന്നിയിട്ടില്ല. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ രൂപപ്പെട്ട റാഡിക്കൽ കളക്റ്റീവ് പ്രധാനപ്പെട്ട ഒരു പൊളിറ്റിക്കൽ മൂവ്മെന്റ്‌ ആണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാനതിൽനിന്ന് കൊള്ളേണ്ടത് കൊള്ളുകയും തള്ളേണ്ടത് തള്ളുകയും ചെയ്തുകൊണ്ടാണ് അതിനെ സ്വീകരിക്കുന്നത്.  കോളേജ് ഓഫ് ഫൈൻ ആർട്‌സ് കഴിഞ്ഞ് വെളിയിൽ വന്നപ്പോഴും എനിക്ക്‌  റാഡിക്കലായി ചിന്തിക്കാനും അത് വർക്കിൽ അപ്ലൈ ചെയ്യാനും സാധിച്ചിരുന്നു.

നമുക്ക് അന്ന് ലൈബ്രറികളിൽ കിട്ടുന്ന അറിവുകളേയുള്ളൂ. തൊണ്ണൂറ്റിയഞ്ചു മുതൽ ഞാൻ യാത്ര ചെയ്യുന്നുണ്ട്. മാർക്‌സ് ബെഗ്മാന്റെയൊക്കെ ഒറിജിനൽ വർക്ക് കണ്ടപ്പോൾ ഞാൻ അമ്പരന്നുപോയി. പല മാസ്റ്റേഴ്‌സിന്റെയും വർക്കുകൾ നേരിട്ട് കണ്ടപ്പോൾ, വാസ്തവം പറഞ്ഞാൽ നമ്മൾ മനസ്സിൽ കണ്ടിരുന്ന ഇമേജുകൾ തകർന്നു. പതുക്കെ അവരോടൊക്കെയുള്ള ഇഷ്ടവും കുറഞ്ഞു. ഉള്ളിന്റെയുള്ളിൽ കലയെക്കുറിച്ചുള്ള ഒരു ധാരണ രൂപപ്പെട്ടുവന്നതിനനുസരിച്ച് നമ്മളും അതിനൊപ്പം വളരുകയായിരുന്നു. എന്റെ ചിത്രം കമ്പോളത്തിനനുസരിച്ച് പാകപ്പെടുത്തില്ല എന്നത് എന്റെ തീരുമാനമാണ് അന്നും, ഇന്നും.

സുധീഷ്‌: 1971ലാണ് ലോകചിത്രകലയുടെ പശ്ചാത്തലത്തിൽ ലീൻഡ നോക്‌ലിൻ ‘എന്തുകൊണ്ട് മഹതികളായ കലാകാരികളുണ്ടായില്ല?' എന്ന സുപ്രധാന ലേഖനം എഴുതുന്നത്. പിന്നീട് ഗ്രസിൽഡ പൊള്ളോക്കിനെപ്പോലുള്ള കലാചരിത്രകാരന്മാരും കലാചരിത്രത്തിലെ സ്ത്രീവാദസങ്കല്പനങ്ങളെക്കുറിച്ച് പഠനം നടത്തുകയുണ്ടായി. ആധുനിക കേരളീയ കലാലോകവും ഒരു ആൺലോകമായാണ് കൊണ്ടാടപ്പെട്ടത്. പദ്മിനിയെപ്പോലെ ചില തുരുത്തുകൾ ഉണ്ടായെങ്കിലും. ഒരു ഫെമിനിസ്റ്റ് ആർട്ടിസ്റ്റ് എന്ന് സ്വയം വിഭാവനം ചെയ്യുന്നത് എപ്പോഴാണ്? എന്താണ് കലയിലെ സ്ത്രീവാദത്തെക്കുറിച്ച് പറയാനുള്ളത്?

സജിത ശങ്കർ: എനിക്ക് അത്തരം കംപാർട്ട്‌മെന്റലൈസേഷനോട് താല്പര്യമില്ല. അയാൾ ആൺ ചിത്രകാരൻ, ഇയാൾ പെൺ ചിത്രകാരി എന്ന് പറയുന്നത് ആർട്ടിസ്റ്റിന്റെ സ്വതന്ത്രമായ അന്വേഷണങ്ങളെ  ചുരുക്കിക്കാണലാണ്. ആർട്ടിസ്റ്റിന്റെ അസ്തിത്വം ഒരു ബിയോണ്ട് ജൻഡർ ആണ്. നമ്മുടെ വർക്കിനകത്ത് ഒരു സ്വാതന്ത്ര്യമുണ്ട്. നമ്മൾ യൂണിവേഴ്‌സൽ ആയിരിക്കുമ്പോൾ നമുക്ക് റീജ്യൺ ഇല്ലാത്തപോലെ ജൻഡറും ഇല്ല എന്നാണ് എന്റെ അനുഭവം. സ്‌പെയിനിൽ ഒരു ഷോ നടത്തുമ്പോൾ ഇവർ കേരളത്തിൽ നിന്നുള്ള ഒരു വിമൻ ആർട്ടിസ്റ്റാണെന്ന സ്റ്റാറ്റസിലല്ല നമ്മൾ ഷോ ചെയ്യുന്നത്.

സുധീഷ്‌: പക്ഷേ, താങ്കൾ താങ്കളുടെ വർക്കുകളിൽ ‘ഫെമിനിനിറ്റി' ആഘോഷിക്കുകയും ചെയ്യുന്നുണ്ടല്ലോ.

ചന്ദ്രലേഖ

ചന്ദ്രലേഖ


സജിത ശങ്കർ: തീർച്ചയായും. ഫെമിനിനിറ്റി എന്റെ കോർ ആണ്. ജീവിതത്തിൽ എന്റെ രണ്ട് റോൾ മോഡലുകളാണ് കവയിത്രി കമല ദാസും ഡാൻസർ ചന്ദ്രലേഖയും. എന്റെ സൃഷ്ടികൾ ഞാനവരെ കാണിച്ചപ്പോൾ അവർ പറയാറുള്ളതും “യൂ ആർ ഓൺ ദ റൈറ്റ് പാത്ത്‌” എന്ന് തന്നെയാണ്. എന്തുകൊണ്ട് ഫെമിനിനിറ്റി എക്‌സ്‌പ്ലോർ ചെയ്യുന്നു എന്ന് ചോദിച്ചാൽ എനിക്ക് ഒരുപാട് ഉത്തരങ്ങളുണ്ട്. ഞാൻ ഒരു യോഗിക് ജീവിതം പ്രിഫർ ചെയ്യുന്ന ആളാണ്. ഇത് മതപരമല്ല. കലയാണ് ഞാൻ ഈ ആത്മീയതയിൽ കാണുന്നത്. പെഴ്‌സണൽ ഈസ് പൊളിറ്റിക്കൽ എന്നതുപോലെ.

വിവാഹബന്ധത്തിൽ നിന്ന് വേർപിരിയുന്ന സന്ദർഭത്തിൽ ഞാൻ അപ്പാടെ തളർന്നുപോയിരുന്നു. എന്നെയും എന്റെ കലയെയും ഇല്ലാതാക്കാനായിരുന്നു പങ്കാളിയുടെ ലക്ഷ്യം. ഞാനതിൽനിന്ന് കരകയറാൻ കുറേ ബുദ്ധിമുട്ടി. അയാൾ മാത്രമല്ല, ഇവിടുത്തെ പുരുഷാധിപത്യസമൂഹം ഒന്നാകെ എന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയതായി ഞാൻ മനസ്സിലാക്കുന്നു. മുപ്പതുവയസ്സിനിടെ തന്നെ ഞാൻ നിരവധി അവാർഡുകൾ വാങ്ങിക്കുകയും വിദേശരാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും ചെയ്തു. പക്ഷേ ഇവിടെ ആരും അതംഗീകരിച്ചുതന്നിരുന്നില്ല. വിവാഹജീവിതത്തിന്റെ കെടുതികളിൽ നിന്ന് വിട്ടതിനുശേഷം ഇന്ത്യയിൽ പലയിടത്തും യാത്ര ചെയ്തു.  ഒരു നൊമാഡിക്കിനെപ്പോലെ അലയുന്ന സന്ദർഭത്തിൽ ഒരുപാട് ആത്മീയഗുരുക്കന്മാരെ കണ്ടെങ്കിലും ആർക്കും ശിഷ്യപ്പെട്ടിരുന്നില്ല.

അവരിൽനിന്നെല്ലാം കിട്ടിയ നന്മയുടെ വശങ്ങൾ എടുക്കുകയും നഷ്ടപ്പെട്ട എന്നെ തിരിച്ചെടുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ഒരു ക്രിയേറ്റീവ് പേഴ്‌സൺ എന്ന നിലയിൽ ഒരു ഡിസിപ്ലിൻ സ്വയം രൂപപ്പെടുത്തുകയായിരുന്നു. ആർട്ടിസ്റ്റുകൾക്ക് പിന്തുടരാവുന്ന ഒന്നാണത്, ആർട്ട് ഓഫ് ഡിസിപ്ലിൻ എന്നത്. ഇത്രയേറെ മരുന്നു കഴിച്ചുകൊണ്ടിരുന്ന എനിക്ക് ഇപ്പോൾ ഒരു മരുന്നും ആവശ്യമില്ല. ഞാനിപ്പോൾ പൂർണ ആരോഗ്യവതിയാണ്. കല ഒരു സെൽഫ് ഹീലിംഗ് പ്രോസസും അതിജീവനവും കൂടിയാണ് എനിക്ക്. ഫെമിനിനിറ്റിയിലേക്ക് ഞാൻ കൂടുതൽ അടുക്കുന്നത് എന്റെ ചിത്രപരമ്പരയായ ‘വുമൺ ആർക്കിടൈപ്പി’ലേക്ക് വരുമ്പോഴാണ്. കുന്തി, അക്കമഹാദേവി, കാരയ്ക്കലമ്മയാർ, ബാർബിലോണിയൻ ഗോഡെസ്സായ ഇഫ്താർ, ഓഷുൻ ഗോഡെസ്സ്‌ തുടങ്ങിയവരുടെ ജീവിതപരിസരങ്ങൾ കലയ്ക്ക് വിഷയമായത് അങ്ങനെയാണ്.

മാധവിക്കുട്ടി, സജിത ആർ ശങ്കർ

മാധവിക്കുട്ടി, സജിത ആർ ശങ്കർ

ഒരർഥത്തിൽ അവരുടെ ജീവിതത്തിന്റെ തുടർച്ച തന്നെയാണ് നമ്മളൊക്കെ. എന്റെ ഓരോ വർക്കും ഒരു അനുഷ്ഠാനമാണ്. അക്ക മഹാദേവിയെ ചെയ്യുമ്പോൾ നാം ശരിക്കും അക്ക മഹാദേവിയുടെ എനർജിയെ ആവാഹിച്ചെടുക്കുകയാണ്. എന്റെ സെൽഫ് പോർട്രെയിറ്റ് ഞാൻ ചെയ്യുന്നത് ഒരു റിച്വലിന്റെ ഭാഗമാണ്. എന്നെ അറിയുന്നതിനുവേണ്ടിയാണ് ഞാനത് ചെയ്യുന്നത്. കല നമ്മെ ശുദ്ധീകരിക്കുകയും തെളിച്ചം തരികയും ചെയ്യും.

സുധീഷ്‌: ആധുനിക കലാവിദ്യാഭ്യാസം പിൻപറ്റിയിരുന്ന പ്രധാനപ്പെട്ട ഭാവുകത്വം എന്നത് പടിഞ്ഞാറൻ ആധുനിക കലയുടേതാണ്. കല എന്നത് ഒരു അനുഷ്ഠാനമാണ് എന്ന് താങ്കൾ സൂചിപ്പിക്കുമ്പോൾ അവിടെ ഒരു സംഘർഷമുണ്ടല്ലോ. എങ്ങനെയാണ് കലാവിദ്യാഭ്യാസത്തിലൂടെ കൈമാറിക്കിട്ടിയ ഭാവുകത്വത്തെ മറികടക്കുന്നത്?

സജിത ശങ്കർ  : ഫൈൻ ആർട്‌സ് കോളേജിൽ പഠിക്കുന്നുവെങ്കിലും അവിടെനിന്ന് സത്യത്തിൽ നമ്മളൊന്നും പഠിക്കുന്നില്ല. എങ്കിലും കലാപ്രവർത്തനത്തിന്റെ അടിത്തറയിടാൻ ഫൈൻ ആർട്‌സ് കോളേജ് സഹായിച്ചു. നല്ലൊരു ലൈബ്രറി കോളേജിനുണ്ടായിരുന്നതുകൊണ്ടാണ് ഞങ്ങളൊക്കെ രക്ഷപ്പെട്ടത്. വിദേശത്തൊക്കെയുള്ള കോളേജുകളിൽ എങ്ങനെയാണ് കല പഠിപ്പിക്കുന്നത് എന്ന് ഞാൻ കണ്ടറിഞ്ഞതാണ്. അവിടെ ന്യൂഡ് സ്റ്റഡിയൊക്കെ ഇപ്പോഴും പഠനത്തിന്റെ ഭാഗമാണ്. ന്യൂഡ് സ്റ്റഡിയൊക്കെ നമ്മൾ എടുത്തുകളഞ്ഞില്ലേ? ശരീരത്തെ മനസ്സിലാക്കാതെ ഒരാർട്ടിസ്റ്റ് എങ്ങനെ നിലനിൽക്കും? പോസ്റ്റ് മോഡേൺ കലയിൽ ഒരുപാട് ഗിമ്മിക്കുകൾ വരുന്നുണ്ട്. പക്ഷേ, ഞാൻ കലയിലെ പാരമ്പര്യമായ രചനാശീലങ്ങളെയും ശ്രദ്ധിക്കുന്നു. കേവലം ഒരു മുട്ട വരയ്ക്കണമെങ്കിൽ പോലും കഴിവും ബുദ്ധിയും ഭാവനയും വേണം.

ഇന്ത്യൻ ആർട്ടിന്റെ സെൻസിബിലിറ്റി വ്യത്യാസമാണ്. പടിഞ്ഞാറൻ ആർട്ടിസ്റ്റുകൾ ചെയ്യുന്നത് അവരു ചെയ്യട്ടെ, നമ്മളെന്തിന് അവരെ പിന്തുടരണം? ബിനാലെകളിലൊക്കെ വരുന്ന വർക്കുകൾ സത്യത്തിൽ വെസ്റ്റേൺ ഭാവുകത്വത്തിന്റെ മാത്രം കാഴ്ചയായിപ്പോകുന്നു. നമുക്കിപ്പോഴും ആ പിന്തുടർച്ചയുണ്ട് എന്നാണ് ഞാൻ പറയുന്നത്. അത് നമ്മുടെ കാഴ്ചയെ മലീമസമാക്കുന്നു. നമുക്ക് നമ്മുടേതായ ഒരു വഴിയുണ്ട്. ഈ മൂന്ന് നൂറ്റാണ്ടുകളായ കലാപ്രവർത്തനത്തിന്റെ പശ്ചാത്തലത്തിൽ എനിക്കത് ധൈര്യപൂർവം വിളിച്ചുപറയാം.

വരയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും നൂറുശതമാനം നമ്മളായിരിക്കുക എന്നതാണ് പ്രധാനം. ഒരു മണിക്കൂറേ ജീവിക്കുന്നുവെങ്കിലും ആ ഒരു മണിക്കൂർ ആത്മാർഥമായി, സത്യസന്ധവുമായി ജീവിക്കുക. ഇതാണെന്റെ പോളിസി. ആർട്ട് തെറാപ്പിയിലൂടെ മറ്റുള്ളവരെയും ആശ്വസിപ്പിക്കാനും സാധിക്കുന്നു. കരുണ എന്ന പേരിൽ ഒരു ചാരിറ്റിയുണ്ട്. എന്റെ വരുമാനത്തിൽനിന്ന് ഒരു നിശ്ചിത തുക ഞാൻ എല്ലായ്‌പ്പോഴും അവർക്ക് കൊടുക്കും. അർഹിക്കുന്നവരെ സഹായിക്കും. എന്നാൽ ഇതൊന്നും പറഞ്ഞുനടക്കേണ്ട കാര്യമല്ല. എനിക്ക് സമകാലിക കലാകാരന്മാരുമായൊന്നും ബന്ധമില്ല.

സുധീഷ്‌: കലയുമായി ബന്ധപ്പെട്ട് ധാരാളം വിദേശയാത്രകൾ നടത്തിയെന്നു പറഞ്ഞു. ആ അനുഭവങ്ങൾ പങ്കുവെയ്ക്കാമോ?

സജിത ശങ്കർ : 1995ൽ ബ്രിട്ടീഷ് കൗൺസിലിന്റെ ചാൾസ് വാലസ് അവാർഡ് കിട്ടി യു കെ യിൽ പോയിരുന്നു. അവിടെ വെച്ചാണ് ക്ലെവിലാന്റ് ഡ്രോയിംഗ് ബിനാലെ അവാർഡ് ലഭിക്കുന്നത്. പിന്നീട് ജർമ്മനിയിലെ ബോക്കൂം എന്ന സ്ഥലത്തേക്ക് പോവുകയുണ്ടായി. അവിടെ ഗുന്റർ ഗ്രാസിന്റെ സുഹൃത്തുക്കളുടെ കൂട്ടായ്മയായ വോർട്ട് ഉന്റ് ബിൽഡ് (വേഡ്‌സ് ആന്റ് ഇമേജസ്) എന്ന സംഘവുമായി പരിചയപ്പെടാനിടയായി. എന്നെ അത് വളരെയധികം സ്വാധീനിച്ചു. അത്തരമൊരു ഇടം എന്തുകൊണ്ട് കേരളത്തിലില്ല എന്നും ആലോചിച്ചു. അവിടത്തുകാർക്ക് നമ്മുടെ നാട്ടിലെ കലാകാരന്മാരെ പരിചയപ്പെടുത്തണമെന്ന് തോന്നി. അങ്ങനെ ഞാൻ പരിചയപ്പെടുത്തിയ ആൾ ജോൺ എബ്രഹാമായിരുന്നു. ജോണിനെ അവർ പസോളിനിയെപ്പോലെയുള്ള ഒരു ചലചിത്രകാരനായിട്ടാണ് കണ്ടത്.

ആ അവസരത്തിലാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സഖാവ് ഇ കെ നായനാർ ജർമ്മനി സന്ദർശിക്കുന്നത്. ആ സമയത്ത് എന്റെ പ്രദർശനം ഉദ്ഘാടനം ചെയ്യാൻ അദ്ദേഹത്തെ വിളിക്കുകയും അദ്ദേഹം വരികയും ചെയ്തു. അന്ന് വലിയ കാര്യമുണ്ടായി. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ചിത്രങ്ങളിൽ ആക്കിയ ആകെ പതിനെട്ട് കോപ്പികളിൽ ഒരു കോപ്പി എന്റെ കൂടെയുണ്ടായിരുന്ന ഓസ്‌കാർ ഗോൽസെൻ ലൂയ്ചർ എന്ന കലാകാരന്റെ കൈയിലുണ്ടായിരുന്നു. അദ്ദേഹം അത് വളരെ സന്തോഷത്തോടെ കേരളത്തിന് നൽകാനായി എന്നെയാണ് ഏൽപ്പിച്ചത്.

ജർമ്മനിയിൽ ഇ കെ നായനാർക്കൊപ്പം സജിത ആർ ശങ്കർ

ജർമ്മനിയിൽ ഇ കെ നായനാർക്കൊപ്പം സജിത ആർ ശങ്കർ

അത് മുഖ്യമന്ത്രി സ. നായനാരെ ഏൽപ്പിക്കാനായി എന്നത് ഒരു അഭിമാന മുഹൂർത്തമായിരുന്നു. അതിപ്പോൾ എവിടെയിരിക്കുന്നു എന്നറിയില്ല.
പിന്നീട് സ്‌പെയിൻ, ജപ്പാൻ, ശ്രീലങ്ക, ഓസ്ട്രിയ, സ്‌കോട്‌ലന്റ്, ഫ്രാൻസ്, ഹോളണ്ട്, മലേഷ്യ ഒക്കെയാണ് പോയിട്ടുള്ളത്. സ്‌പെയിനിൽ ഞാൻ സൗത്ത് ഏഷ്യയെ പ്രതിനിധീകരിച്ചാണ് പോയത്. എന്നെക്കൂടാതെ പാരീസ് വിശ്വനാഥനായിരുന്നു മറ്റൊരു സൗത്ത് ഏഷ്യൻ ആർട്ടിസ്റ്റ്. അവിടെവെച്ചാണ് റാഫെ കർലേരിയോയെ പരിചയപ്പെടുന്നതും.

അദ്ദേഹത്തെ ഞാനിപ്പോഴും ഗുരുതുല്യമായി കാണുന്ന ആളാണ്. പാരീസിൽ ആർട്ടിസ്റ്റ് ഇൻ റെസിഡൻസിയിൽ വർക്ക് ചെയ്തു. അവിടെ വെച്ച് ഇന്ത്യൻ ആർട്ടിസ്റ്റായ റാസയുമായും നല്ല സൗഹൃദമുണ്ടായി. ജപ്പാനിൽ യൂറോപ്യൻ യൂണിയന്റെ ഒരു പ്രൊജക്ടായ ‘നൊമാഡ്‌സ്: ലൈഫ്, ലിവിങ്ങ് ആൻഡ്‌ ഡയിങ്ങ് ഇൻ ഡിഫ്രന്റ് കൾച്ചേഴ്‌സ്' ൽ വർക്ക് ചെയ്തു. 2014ൽ എന്റെ പ്രദർശനം കാണാനെത്തിയ അമേരിക്കൻ ആർട്ട് ക്രിട്ടിക്കായ പ്രൊഫസർ ഗെയിൻ ലെവിൻ എന്റെ കലായാത്രയെക്കുറിച്ച് ഒരു പുസ്തകം എഴുതാൻ തീരുമാനിച്ചു. അവർ മൂന്ന് മാസം ഇവിടെ താമസിച്ചാണ് അത് ചെയ്തത്. പ്രസിദ്ധീകരിക്കാനിരിക്കു ന്നേയുള്ളൂ ആ പുസ്തകം. ആ അനുഭവവും ഒരു കലാകാരിയെന്ന നിലയിൽ എനിക്കേറേ അഭിമാനമുള്ളതാണ്‌.

സുധീഷ്‌: ചോളമണ്ഡലമായിരുന്നു ഒരുകാലത്ത് കേരളത്തിൽനിന്നുള്ള ആർട്ടിസ്റ്റുകളുടെ ഒരു കൾച്ചറൽ ഹബ്ബ്. ചോളമണ്ഡലവുമായുള്ള ബന്ധം എങ്ങനെയായിരുന്നു?

സജിത ആർ ശങ്കർ  -  ഫോട്ടോ: ജി പ്രമോദ്‌

സജിത ആർ ശങ്കർ - ഫോട്ടോ: ജി പ്രമോദ്‌

സജിത ശങ്കർ : വിവാഹശേഷം ഞാൻ ചോളമണ്ഡലം ആർട്ടിസ്റ്റ് വില്ലേജിലേക്കാണ് പോകുന്നത്. ഏതാണ്ട് പത്തൊമ്പത് വർഷത്തോളം ഞാനവിടെ എന്റെ സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. എന്റെ കലാസപര്യയുടെ വലിയ ഘട്ടം അവിടെയായിരുന്നു. കലാകാരന്മാരുടെ ഇടയിലുള്ള കൊച്ചുകൊച്ചു പെറ്റി പൊളിറ്റിക്‌സുകൾ ഒഴിവാക്കിയാൽ വർക്ക് ചെയ്യാൻ ഏറ്റവും അഭികാമ്യമായ അന്തരീക്ഷമായിരുന്നു അവിടെ. ഞാൻ ഏറ്റവും കൂടുതൽ വർക്ക് ചെയ്തതും ചോളമണ്ഡലത്തിൽ വെച്ചാണ്. ചെന്നൈ എനിക്ക് നാടുപോലെ പ്രധാനപ്പെട്ടതാണ്.

സുധീഷ്‌: ചോളമണ്ഡലത്തെക്കുറിച്ചും ദക്ഷിണേന്ത്യൻ കലയിലെ തനതുവാദത്തെക്കുറിച്ചുമൊക്കെ ആലോചിക്കുമ്പോൾ ടി കെ പദ്മിനിയെക്കുറിച്ചും ഓർക്കാം. പദ്മിനിയുടെ കാവുകൾ, സ്ത്രീസങ്കല്പം ഒക്കെ. താങ്കളുടെ ആർക്കിടൈപ്പ് സീരീസുകൾക്ക് ആ രീതിയിൽ എന്തെങ്കിലും ബന്ധമുണ്ടോ?

സജിത ശങ്കർ: എനിക്കും കാവുകളുമായി ബന്ധമുണ്ട്. കേരളത്തിലെ ഒട്ടുമിക്ക കാവുകളും ഞാൻ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. കാവുകൾക്ക് നമ്മുടെ ആദിദ്രാവിഡ സംസ്‌കാരവുമായി ബന്ധമുണ്ട്. എന്റെ ‘മദർ ആർക്കിടൈപ്പുകൾ’ തുടങ്ങുന്നത് അവിടെ നിന്നാണ്. ഞാൻ യുങ്ങിനെ വായിച്ചിട്ടുണ്ട്. യുങ്ങ് നമ്മുടെ ഐതിഹ്യങ്ങൾ വായിച്ച്‌ വലിയ തിയറിയല്ലേ ഉണ്ടാക്കിയത്. ചാൾസ് വാലസ് സ്‌കോളർഷിപ്പ് കിട്ടി ഇംഗ്ലണ്ടിൽ പോയപ്പോൾ ആർട്ടിസ്റ്റ് കെൻ കിഫിനെ കാണാൻ അവസരം കിട്ടി. എന്റെ ഡ്രോയിങ്ങുകൾ കണ്ട് കെന്നിന് വളരെ ഇഷ്ടപ്പെട്ടു. അദ്ദേഹം സ്റ്റൂഡ് ബ്രാദ്ഷാ എന്ന ആർട്ട് ക്രിട്ടിക്കിനെ കാണാൻ പറഞ്ഞു.

ബ്രാഡ്ഷായെ കണ്ടതും എനിക്ക് കലയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. രണ്ടുദിവസം ഞാൻ അദ്ദേഹത്തിന്റെ ഒപ്പം താമസിച്ചു. കെൻ കിഫ് ഒരു യുങ്ങിയൻ ആർട്ടിസ്റ്റായാണ് അറിയപ്പെടുന്നത്. കെന്നിന്റെ കലയും ആർക്കിടൈപ്പുകളാണ്. ഈ ബന്ധം ആണ് എന്നെ സി ജെ യുങ്ങിൽ എത്തിച്ചത്. ഞാൻ തിരിച്ച് ഇന്ത്യയിലെത്തിയപ്പോൾ ബ്രഡ്ഷായാണ് എനിക്ക് യുങ്ങിന്റെ പുസ്തകങ്ങൾ അയച്ചുതരുന്നത്. യുങ്ങ് വായനയ്ക്ക് ശേഷം ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഇത് മുഴുവൻ പെറ്റേണൽ ആർക്കിടൈപ്പുകളെക്കുറിച്ചാണല്ലോ. എനിക്ക് വർക്ക് ചെയ്യേണ്ടത് മദർ ആർക്കിടൈപ്പുകളെക്കുറിച്ചാണ് എന്ന്.

പ്രകാശ്‌ കാരാട്ട്‌

പ്രകാശ്‌ കാരാട്ട്‌

ഫെമിനിസത്തിന്റെ ഏറ്റവും ഉപരിപ്ലവമായ ചർച്ചകളാണിവിടെ നടക്കുന്നത്. എന്റെ പ്രദർശനം ഡൽഹിയിൽ വച്ച് നടന്നപ്പോൾ എന്റെ മദർ ആർക്കിടൈപ്പ് സീരീസിനെ വളരെ നല്ല രീതിയിൽ മനസ്സിലാക്കിയ ഒരാൾ പ്രകാശ് കാരാട്ടാണ്. ഇത് വാസ്തവത്തിൽ പുരുഷാധിപത്യമൂല്യങ്ങളോടുള്ള തിരസ്‌കാരമാണ്. അവിടെയാണ് എനിക്ക് സുധീഷ് ചോദിച്ച സ്ത്രീവാദ കലയുമായുള്ള ബന്ധം. മദർ ആർക്കിടൈപ്പ് തുടങ്ങിയപ്പോൾ ഞാൻ സ്വയം അത് ഉൾക്കൊണ്ടാണ് ചെയ്തത്. തെയ്യം ആർട്ടിസ്റ്റിനെപ്പോലെ ഞാനും ആ പ്രക്രിയയിൽ ഉറഞ്ഞുനിന്നു. ബ്രിട്ടീഷുകാർ മാതൃദായക സങ്കല്പത്തെ മുഴുവൻ പിതൃദായകമാക്കി എന്നതാണ് നേര്.

സുധീഷ്‌: കലാമേഖലയിൽ, പ്രത്യേകിച്ചും പുരുഷകേന്ദ്രിതമായ ഒരു സാംസ്‌കാരികാന്തരീക്ഷത്തിൽ ചിത്രംവരച്ച് ജീവിക്കൽ ഒരു വെല്ലുവിളിയായി തോന്നിയിട്ടുണ്ടോ?

സജിത ശങ്കർ: വ്യക്തിപരമായി എനിക്ക് കലാമേഖലയിൽ വളരാൻ സാധിച്ചു. സ്ത്രീ എന്നതിനേക്കാൾ ഒരു ആർട്ടിസ്റ്റിനെ വളരാൻ അനുവദിച്ചുകൂടാ എന്ന രീതിയിലുള്ള ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്. 1984ൽ എന്റെ ആദ്യത്തെ എക്‌സിബിഷൻ പങ്കാളിത്തം തൃശൂർ കോളേജ് ഓഫ് ആർട്‌സിൽ വെച്ച് നടന്നു. ടി കെ പദ്മിനിയുടെ വർക്കുകൾ, രതീദേവി, ആനന്ദവല്ലി ബോസ്, സുലേഖ എന്നിവരുമായി ചേർന്ന് കേരളത്തിലെ ആദ്യത്തെ വുമൺ ആർട്ടിസ്റ്റ് എക്‌സിബിഷൻ ആണത്. സിവിക് ചന്ദ്രൻ ഒക്കെ ആയിരുന്നു അതിന്റെ സംഘാടകർ. കുഞ്ഞുണ്ണി മാഷ് ആണത് ഉദ്ഘാടനം ചെയ്തത്. ഒരു ബെഞ്ചും ഡക്‌സും ഇട്ടിട്ട് അതിൽ ചാരിവെയ്ക്കുകയായിരുന്നു വർക്കുകൾ. അന്ന് കെ എൻ  ഷാജി അദ്ദേഹത്തിന്റെ പ്രസിദ്ധീകരണത്തിൽ ആ പ്രദർശനത്തെപ്പറ്റി എഴുതുകയുമുണ്ടായി.

സുധീഷ്‌: ഗൗരി ആർട്‌സ് ഇൻസ്റ്റിറ്റ്യൂട്ട് എന്നൊരു സ്ഥാപനം നടത്തുന്നുണ്ടല്ലോ. അതിന്റെ പ്രവർത്തനങ്ങളെപ്പറ്റി?

സജിത ശങ്കർ: ഡൈവോഴ്‌സിനുശേഷം ഞാനുണ്ടാക്കിയ ഒരു സ്റ്റുഡിയോ സ്‌പേസാണ് ഗൗരി ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട്. ജർമ്മനിയിലും സ്വീഡനിലുമൊക്കെ സ്റ്റുഡിയോ ഉണ്ടായിരുന്നെങ്കിലും നാട്ടിൽ ഒരു സ്‌പേസ് വേണമെന്ന് തോന്നി. സ്വന്തമായി ഒരു സ്റ്റുഡിയോ സ്‌പേസ് ഉണ്ടാക്കുക എന്നത് എന്റെ വാശിയുമായിരുന്നു. അങ്ങനെയാണ്‌ കല്ലാറിലെ വാമനപുരം നദീതീരത്ത് സ്ഥലം വാങ്ങിച്ച് സ്റ്റുഡിയോ നിർമ്മിക്കുന്നത്.

സജിത ആർ ശങ്കർ തന്റെ ചിത്രങ്ങൾക്കരികെ

സജിത ആർ ശങ്കർ തന്റെ ചിത്രങ്ങൾക്കരികെ

ചിത്രങ്ങൾ വിറ്റു മാത്രമാണ് എനിക്കത് സാധിച്ചത്. കലാകാരന്മാർ പരസ്പരം സംവദിക്കുകയും ആശയങ്ങൾ പങ്കുവെയ്‌ക്കുകയും ചെയ്യുമ്പോഴേ ഒരു നല്ല കലാസംസ്‌കാരം രൂപപ്പെടുകയുള്ളൂ. അത്തരമൊരു ചിന്തയുടെ തുടർച്ചയാണ് ഗൗരി. മീറ്റിംഗ് പോയിന്റ്‌സ് ഫോർ വിമൺ ആർട്ടിസ്റ്റ്‌സ് എന്നായിരുന്നു ഗൗരി രജിസ്റ്റർ ചെയ്യുമ്പോഴുള്ള ടാഗ്‌ലൈൻ. പിന്നീട് ക്രിയേറ്റീവ് ആയി നിൽക്കുന്ന എല്ലാവർക്കും ഒത്തുചേരാവുന്ന ഒരു സ്‌പേസ് ആയി അത് മാറി.

ആർട്ടിസ്റ്റ്‌സ് ആന്റ് റൈറ്റേഴ്‌സ് റെസിഡൻസി ഒക്കെ ഇപ്പോഴും സജീവമായി തുടരുന്നു. ഒരുപാട് ഫുൾബ്രൈറ്റ് സ്‌കോളേഴ്‌സ് ഒക്കെ ഗൗരിയിൽ താമസിച്ച് വർക്ക് ചെയ്തിട്ടുണ്ട്. എല്ലാ മേഖലകളിൽനിന്നുമുള്ള ആർട്ടിസ്റ്റുകളെ പങ്കെടുപ്പിച്ചുകൊണ്ട് നിരവധി ക്യാമ്പുകൾ സംഘടിപ്പിച്ചു. വിനയചന്ദ്രൻ സാറും സച്ചിമാഷും രാജീവൻ സാറും ഒക്കെ ഉൾപ്പെട്ട ചർച്ചകൾ അവിടെ നടന്നു. കോർപ്പറേറ്റ് ഫണ്ടിംഗ് ഇല്ലാതെ നടത്തപ്പെടുന്ന ഒരു സംരംഭമാണ് ഗൗരി.

സുധീഷ്‌: സ്ത്രീകലാകാരിയുടെ അവകാശങ്ങൾ മുന്നോട്ടുവെച്ച്‌കൊണ്ട് ഈ കോവിഡ്കാലത്ത് രൂപപ്പെട്ട ആർട്ടിസ്റ്റ് കളക്റ്റീവാണ് ദൃശ്യകലാകാരി കൂട്ടായ്മ. സജിത ശങ്കർ കൂടി ഉൾപ്പെടുന്ന ഒന്നാണല്ലോ ആ സംഘടന. എന്താണ് ദൃശ്യകലാകാരി കൂട്ടായ്മ മുന്നോട്ടുവെയ്‌ക്കുന്ന ആശയം?

സജിത ശങ്കർ : അതെ. കലയിൽ വിമൺ കളക്റ്റീവ് തുടങ്ങി. ജലജയും കൂട്ടുകാരും ആണ് അതിന്റെ പുറകിൽ. അവരുടെ ദൈനംദിന കാര്യങ്ങളിൽ ഞാൻ ഇടപെടാറില്ല എങ്കിലും അവർക്കുവേണ്ട എല്ലാ പിന്തുണയും ഞാൻ കൊടുക്കുന്നുണ്ട്.  എന്റെ കല എന്നുപറയുന്നത് വരച്ച ചിത്രങ്ങൾക്കൊപ്പം തന്നെ ഞാൻ ഇക്കാലം വരെ ഉണ്ടാക്കിയ എന്റെ സ്റ്റേറ്റ്‌മെന്റുകളുമാണ്‌  . ഇപ്പോൾ ഇരുന്ന് സംസാരിക്കുന്ന ഈ ഞാനും എന്റെ കലയും ജീവിതവും ചേർന്നതാണ് എന്റെ കലയുടെ സമഗ്രത. അത് ഏതു പുരുഷാധിപത്യശക്തി വിചാരിച്ചാലും തകർക്കാൻ പറ്റില്ല. ആർക്കിടൈപ്പിലൂടെ ഉരുത്തിരിഞ്ഞുവരുന്ന ഫെമിനിനിറ്റി തന്നെയാണ് എന്റെ ആയുധം. ഫെമിനിസം, ഫെമിനിനിറ്റി തുടങ്ങിയ വാക്കുകളിലെ രാഷ്ട്രീയത്തിനപ്പുറത്തേക്ക് ആർട്ടിസ്റ്റുകൾക്ക് എത്താൻ പറ്റും. ഒരു പ്രത്യേക ഗ്രൂപ്പിലും എനിക്ക് താല്പര്യമില്ല.

നമ്മുടെ കല നമ്മുടെ എനർജിയാണ്. നമ്മൾ ശാരീരികമായും മാനസികമായും ആരോഗ്യത്തോടെ ഇരുന്നാലേ നല്ല കല ചെയ്യാനും പറ്റുകയുള്ളൂ. ആരോഗ്യത്തോടെ ജീവിക്കുക എന്നതും ഒരു കലയാണ്. രോഗിയായിരുന്നിട്ട് പടം വരച്ചിട്ട് കാര്യമില്ല. അതുകൊണ്ടാണ് ഞാൻ യോഗിക് ലൈഫ് പ്രാക്റ്റീസ്‌ചെയ്യാൻ തീരുമാനിച്ചത്.
കൊച്ചുകൊച്ചു കാര്യങ്ങൾക്ക് വേണ്ടിയല്ല നമ്മൾ സമരം ചെയ്യേണ്ടത്. ‘ആൾട്ടർ ബോഡീസ്’

ആൾട്ടർ ബോഡി സീരീസിൽ നിന്ന്‌

ആൾട്ടർ ബോഡി സീരീസിൽ നിന്ന്‌

സീരീസിൽ ഞാൻ വിശദമാക്കാൻ ശ്രമിക്കുന്നത് ശരീരശാസ്ത്രം ആണ്. വിദേശ ഫെമിനിസ്റ്റുകളെല്ലാം പറഞ്ഞുവെച്ചിരിക്കുന്ന തിയറികൾ തൊലിപ്പുറം വരേയേയുള്ളൂ. തൊലിപ്പുറം കഴിഞ്ഞ് ചെല്ലണം നമ്മൾ. ഇത് ഏഷ്യൻ ആർട്ടിസ്റ്റുകൾക്കെല്ലാം ഉള്ള ഒരു വെല്ലുവിളിയാണ്. ഞാനെത്തിനിൽക്കുന്ന ഇടത്ത് പുരുഷാധിപത്യപ്രവണതകൾ അപ്രസക്തമാണ്. ഞാനിപ്പോൾ അതുകൊണ്ടുതന്നെ ലിംഗാതീതമായ ഒരു കലാസങ്കല്പത്തിലാണ് നിൽക്കുന്നത്. എനിക്ക് നിങ്ങളെ ഒരു പുരുഷനായി അല്ല തോന്നുന്നത്, പകരം ഒരു എനർജി സോഴ്‌സ് ആയാണ്.

പദ്മിനിക്ക് ശേഷം കേരളത്തിന്റെ കലാചരിത്രത്തിൽ കലാകാരികളെ രേഖപ്പെടുത്തിയിട്ടില്ല. ടി കെ  പദ്മിനി എന്ന പേര് പറയുന്നതല്ലാതെ പദ്മിനിയെ നമ്മൾ വേണ്ടവിധം ഡോക്യുമെന്റ് ചെയ്തിട്ടുണ്ടോ? ശരിയായ രീതിയുള്ള ഒരു പഠനവും നടന്നിട്ടില്ല. കമലാ ദാസിനെ ചെയ്തിട്ടുണ്ടോ? ഇല്ല. ക്രാസ്‌നർ അവാർഡ് ഒക്കെ എനിക്ക് കിട്ടിയപ്പോൾ കലാമേഖലയിലെ ആരും എന്നെ വിളിക്കുകയോ അഭിനന്ദിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെ അഭിനന്ദിക്കാതിരിക്കാൻ നമ്മുടെ കലയിലെ ആളുകൾക്ക് സവിശേഷമായ കഴിവുണ്ട്. സിനിമയ്ക്കൊക്കെ കിട്ടുന്ന പകിട്ടൊന്നും ഇപ്പോഴും നമ്മുടെ കലയ്ക്കില്ല. നിങ്ങളെപ്പോലുള്ള ആളുകളിലാണ് എന്റെയൊക്കെ പ്രതീക്ഷ. നമ്മുടെ കലാചരിത്രം ഇനിയും എഴുതപ്പേടേണ്ടതുണ്ട്.

സുധീഷ്‌: കലാകൃതിയെന്നതുപോലെ തന്നെ, പ്രധാനപ്പെട്ട ഒന്നാണ് കലാവിമർശനവും. കലാചരിത്രവിമർശ മേഖലയെ എങ്ങനെ കാണുന്നു?

സജിത ശങ്കർ : ഒരു കലാചരിത്രകാരൻ എങ്ങനെയാവണം എന്ന് ഞാൻ ആഗ്രഹിക്കുന്നത് ഓരോ ആർട്ടിസ്റ്റിനെയും നേരിൽ കണ്ട്, അവരുടെ കൂടെ താമസിച്ച് അവരെ ഉൾക്കൊണ്ടുവേണം എഴുതാൻ. ഓരോ വ്യക്തിയും സവിശേഷമാണ്. അങ്ങനെ തിരിച്ചറിയുമ്പോഴേ യഥാർഥ കലാചരിത്രം എഴുതപ്പെടുകയുള്ളൂ. കാസിമിർ മലേവിച്ചിനെപ്പോലുള്ള ആർട്ടിസ്റ്റുകളെ നോക്കുക. ആദ്യകാലത്തെ ആ സീരീസുകളൊക്കെ കഴിഞ്ഞ് അദ്ദേഹം എത്തിയത് വളരെ പ്ലെയിൻ ആയ ഒരു പ്രതലത്തിലേക്കാണ്. അതെന്തൊരു മനോഹരമാണ്. ഒരാർട്ടിസ്റ്റ് അയാൾക്കു മാത്രം എത്തിച്ചേരാവുന്ന ഒരിടത്ത് എത്തുന്നു എന്നതാണത്. ഓരോ ആർട്ടിസ്റ്റും ഓരോ തുരുത്താണ്. അങ്ങനെ കടന്നുപോകുന്ന ഒരാർട്ടിസ്റ്റിനെ അടയാളപ്പെടുത്തേണ്ട വിധത്തിൽ അടയാളപ്പെടുത്തിയില്ലെങ്കിൽ അത് കലാചരിത്രത്തിലെ പിഴവാകും.

പദ്മിനി ഒരു പാട്രിയാർക്കൽ വിക്ടിം ആണ്‌.

ടി കെ പത്മിനി

ടി കെ പത്മിനി

അവരെ വേണ്ടവിധത്തിൽ എഴുതിയോ? ഇല്ല.
കലാമേഖലയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്താണ്? ഓരോ ഗ്രൂപ്പുകൾ ഉണ്ടാക്കിയിരിക്കുകയാണ്. ഓരോരുത്തർക്കും ഓരോ ഗ്രൂപ്പുണ്ട്. ആ ഗ്രൂപ്പിൽ വരാത്തവരെ അവഗണിക്കുക എന്നതാണ് രീതി. അത് ബിനാലെയിലടക്കം പ്രകടവുമാണ്. കല ചെയ്തുമാത്രം ജീവിക്കുന്ന നമ്മളെപ്പോലെയുള്ള ആർട്ടിസ്റ്റുകളെ മാറ്റിനിർത്തിക്കൊണ്ടാണ് ഈ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. അങ്ങനെ കുറേ മീഡിയോക്കർ ആർട്ടിസ്റ്റുകൾ കടന്നുവരും. ജീവിച്ചിരിക്കുന്ന കലാകാരന്മാരെയും നമ്മൾ ഡോക്യുമെന്റ് ചെയ്യണം.

എൻ എൻ റിംസൺ, സുരേന്ദ്രൻ നായർ, ഷിബു നടേശൻ, ഗോപീകൃഷ്ണ തുടങ്ങി ഗൗരവമായി കല ചെയ്യുന്ന എത്രയോ ആർട്ടിസ്റ്റുകൾ നമുക്കിടയിലുണ്ട്, അവരുടെയൊക്കെ റെട്രോസ്‌പെക്റ്റീവ് ചെയ്യണം. പുതിയ തലമുറയ്ക്ക് അത് വലിയ കാര്യമായിരിക്കും.  ഇവിടെ എന്താണ് സംഭവിക്കുന്നത്? കലാപഠനം കഴിഞ്ഞാൽ കലാധ്യാപകരാവാൻ പോകും. പിന്നെ അക്കാദമിയിൽ കേറാൻ നോക്കും. റിട്ടയേഡ് ആയിക്കഴിഞ്ഞിട്ടുവേണം ഫുൾടൈം ആർട്ടിസ്റ്റാവാൻ. അങ്ങനെയുള്ളവരെ വിടാം.

സുധീഷ്‌: കവിയായി ജീവിക്കാൻ അൻപത്തിയഞ്ച് വയസ്സുവരെ കാത്തിരിക്കേണ്ടി വന്നു എന്ന് കൽപ്പറ്റ നാരായണൻ പറയുന്നുണ്ട്. കല ചെയ്യുമ്പോൾ തന്നെ വേറൊരു ജീവനോപാധിയും കണ്ടെത്തേണ്ട അവസ്ഥ ഇവിടെയില്ലേ? അങ്ങനെ ഫുൾടൈം ആർട്ടിസ്റ്റായി ജീവിക്കാൻ പറ്റുന്ന സാഹചര്യം ഇപ്പോഴും കേരളത്തിലുണ്ടോ? കുറച്ചുപേർക്ക് മാത്രം പറ്റുന്നതല്ലാതെ, ഉപജീവനം കൂടി സാധ്യമാവുന്ന ഒരു പ്രോമിസിംഗ് ഫീൽഡായി വിഷ്വൽ ആർട്ട് മാറിയിട്ടുണ്ടോ?

സജിത ശങ്കർ: എനിക്ക് വേണമെങ്കിൽ ഫൈൻ ആർട്‌സ് കോളേജിൽ പഠിപ്പിക്കാമായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ എന്നെ നിങ്ങൾ ഇന്ന് കേൾക്കാൻ വരില്ല എന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. കലയ്ക്ക് ഒരു തപസ്സ് വേണം. അതില്ലാതെയുള്ള എല്ലാ പരിപാടികളും ആഴത്തിൽ പോകാനിടയില്ല. കുട്ടികളും ആഗ്രഹിക്കുന്നത് പ്രാക്റ്റീസിംഗ് ആർട്ടിസ്റ്റുകളുടെ സാന്നിധ്യമാണ്. കോളേജുകളിൽ അത്തരം വിസിറ്റിംഗ് ഫാക്കൽറ്റി പ്രോഗ്രാമുകൾ ധാരാളമായി വരണം. ഡെഡിക്കേറ്റഡ് ആയി വർക്ക് ചെയ്യുന്ന ഒട്ടേറെ ആർട്ടിസ്റ്റുകൾ നമുക്കിടയിൽ പ്രതിസന്ധിയിലാണ്. അക്കാദമി പോലുള്ള സ്ഥാപനങ്ങൾ അവരുടെ അതിജീവനത്തിന് സഹായിക്കേണ്ടതാണ്.

ആൾട്ടർ ബോഡി സീരീസ്‌ ‐ ചാമുണ്ട ആർക്കിടൈപ്പ്‌

ആൾട്ടർ ബോഡി സീരീസ്‌ ‐ ചാമുണ്ട ആർക്കിടൈപ്പ്‌

സുധീഷ്‌: സമകാലിക കലയുടെ സന്ദർഭത്തിൽ മീഡിയത്തെ എങ്ങനെ കാണുന്നു? ഇൻസ്റ്റലേഷനായും ന്യൂ മീഡിയ ആയും കല പല തരത്തിൽ ആവിഷ്‌കരിക്കപ്പെടുന്നു. അപ്പോഴും പെയിന്റിംഗിൽ തന്നെ തുടരാനുള്ള കാരണം?

സജിത ശങ്കർ : ഞാൻ ഒരുപാട് മീഡിയങ്ങളിൽ വർക്ക് ചെയ്തിട്ടുണ്ട്. ഒരു വർക്ക് എനിക്ക് കേവലം ക്യാൻവാസ് മാത്രമല്ല. ഞാൻ അതിനെക്കുറിച്ച് എഴുതാറുണ്ട്, ശില്പം ചെയ്യാറുണ്ട്. എല്ലാം കൂടി ചേർന്നതാണ് ആ വർക്ക്. ഇത്രയും വർഷത്തെ വർക്കുകൾ എല്ലാം എനിക്ക് ഒരൊറ്റ വർക്കാണ്. വീഡിയോ ആർട്ട് തന്നെ നിങ്ങൾ ചെയ്യണം എന്ന് പറയുന്നതാരാണ്? വിദേശത്തൊക്കെ അവർ പെയിന്റിംഗിലേക്ക് തിരിച്ചുവരുന്നത് കാണാം. ഒരു കാലത്ത് ഷോക്കിംഗ് ഇമേജുകൾ കലയിൽ ധാരാളം വരുമായിരുന്നു. വളരെ ഹിംസാതമകമായ കാഴ്ചകൾ, ചോര ചിന്തുന്നതരം മാംസപ്രദർശനങ്ങൾ ഒക്കെയായിട്ട്.

അതൊന്നും ഇപ്പോൾ കാണുന്നില്ല. അങ്ങനെ നോക്കുമ്പോൾ ഒരു പ്രത്യേക ഘട്ടത്തിൽ ഇങ്ങനെ ചില പ്രവണതകൾ വന്നുപോകുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. പ്രവണതകൾക്കൊപ്പം പോവുകയല്ല, സ്വതന്ത്രമായ മറ്റൊരു വഴി വെട്ടുകയാണ് ഓരോ ആർട്ടിസ്റ്റും. ഞാൻ ഒരുപാട് ട്രോമകളിലൂടെയും ദുഃഖങ്ങളിലൂടെയും കടന്നുവന്നതാണ്. അതുകൊണ്ട് നേരത്തേ പറഞ്ഞപോലെ കല എനിക്ക് ഒരു സെൽഫ് ഹീലിംഗ് പ്രോസസും അതിജീവനവും കൂടിയാണ്. എന്റെ കല എെന്ന ശുശ്രൂഷിക്കുകയും അതുവഴി അത് കാണുന്ന ആളിനെയും പരിഗണിക്കുകയും ചെയ്യുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതിൽ മീഡിയം ഒരു ഇടനില മാത്രമാണ്  .
 

  (ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top