18 April Thursday

മനോരമ ചക്കിന്‌ വച്ചത്‌ ചാണ്ടിക്കിട്ട്‌ കൊണ്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020


തിരുവനന്തപുരം
സർക്കാർചട്ടങ്ങൾ പാലിച്ച്‌ നടന്ന നിയമനങ്ങൾ വിവാദമാക്കാൻ പരമ്പരയുമായിറങ്ങിയ മനോരമ വെട്ടിലാക്കിയത്‌ സാക്ഷാൽ ഉമ്മൻചാണ്ടിയെ. കേരള ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ലേബർ ആൻഡ്‌ എംപ്ലോയ്‌മെന്റി (കിലെ)ൽ നടന്ന നിയമനത്തെക്കുറിച്ചാണ്‌ പതിവുപോലെ മനോരമ വ്യാജചരിതം രചിച്ചത്‌. മന്ത്രിയുടെ സ്റ്റാഫിന്റെ  ഭാര്യക്ക്‌ ഇവിടെ ജോലി നൽകിയത്‌ ചട്ടങ്ങൾ പാലിക്കാതെയാണെന്നാണ്‌ നുണനിർമാണ ഫാക്ടറിയുടെ അവകാശവാദം. എന്നാൽ, ഈ നിയമനം എല്ലാ മാനദണ്ഡങ്ങളും പാലിച്ചണ്‌ എന്ന്‌ രേഖകളിൽ വ്യക്തം. അതേസമയം, ഈ വാർത്ത പുറത്തുവന്നതോടെ മറ്റൊരു വിവാദനിയമനം പുറത്തായി.

അതാകട്ടെ  ഉമ്മൻചാണ്ടി സർക്കാർ ഭരിച്ചിരുന്ന കാലത്തുള്ളതും. അങ്ങനെ ചക്കിന്‌ വച്ചത്‌ ചാണ്ടിക്കിട്ട്‌ കൊണ്ടു എന്ന സ്ഥിതിയിലാണ്‌ ഇപ്പോൾ കാര്യങ്ങൾ. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ നിയമബിരുദം യോഗ്യതവേണ്ട സീനിയർ ഫെലോ തസ്‌തികയിലേക്ക്‌ നടന്ന നിയമനത്തിലാണ്‌ പ്രത്യക്ഷമായ അഴിമതി നടന്നത്‌. ആർഎസ്‌പി നിർദേശിച്ച ആൾ എന്നതുമാത്രമായിരുന്നു ഈ തസ്‌തികയിലെത്തിയ ആളുടെ യോഗ്യത. ഒരു പരിശോധനയും കൂടാതെ അന്നത്തെ ചെയർമാൻ സർക്കാർ തീരുമാനം തൊണ്ടതൊടാതെ വിഴുങ്ങുകയും ചെയ്‌തു.

നിയമനം 2011ൽ ലഭിക്കേണ്ടത്‌
2011ൽ മന്ത്രിയുടെ സ്റ്റാഫിന്റെ  ഭാര്യ ഉൾപ്പെടെയുള്ള നാലുപേരെ ദീർഘകാലത്തെ സർവീസിന്റെ അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്താൻ എൽഡിഎഫ്‌ സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, സർക്കാർ മാറിയപ്പോൾ കിലെ ചെയർമാനായെത്തിയ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌ രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ഈ ഉത്തരവ്‌ തടഞ്ഞു. നാലുപേരിൽ ഒരാൾ മരിക്കുകയും ഒരാൾ പിരിഞ്ഞ്‌ പോവുകയും ചെയ്‌തു. മറ്റുള്ളവർ താൽക്കാലികാടിസ്ഥാനത്തിൽ സർവീസിൽ തുടർന്നു. വീണ്ടും എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നപ്പോൾ  നീതി നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇവർ നിലവിലെ എക്‌സിക്യൂട്ടീവ്‌ കൗൺസിലിനെ സമീപിച്ചു. ഈ പരാതിയിലാണ്‌ ന്യായമായ തീരുമാനമെടുത്തത്‌. ഇതിൽ എല്ലാ മാനദണ്ഡവും പാലിക്കുകയും ചെയ്‌തു. കൂടാതെ കിലെയിലെ നിയമനങ്ങൾ ഇതുവരെ പിഎസ്‌സിക്ക്‌ വിട്ടിട്ടില്ല എന്നിരിക്കെ ഇതുവഴി മറ്റ്‌ ഉദ്യോഗാർഥികളുടെ തൊഴിൽ നിഷേധിക്കുന്ന സാഹചര്യവും ഉണ്ടായില്ല. ടൈപ്പിസ്റ്റ്‌ തസ്‌തികയിൽ സ്ഥിരപ്പെട്ടയാൾക്ക്‌ 17 വർഷത്തെയും ക്ലർക്കായി സ്ഥിരപ്പെട്ടയാൾക്ക്‌ 13 വർഷത്തെയും സർവീസാണുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top