26 April Friday

നാടിനായ് വീടൊരുക്കാൻ ഭൂമിയേകി ദമ്പതികൾ

പി വി ബിമൽ കുമാർUpdated: Monday Sep 14, 2020



കൊടുങ്ങല്ലൂർ
"നിർമാണത്തിന് തയ്യാറാവുന്ന സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടേയും ജാതകം നോക്കാറില്ല, പാവങ്ങൾക്ക് നല്ല വീട് വേണം' മന്ത്രി എ സി മൊയ്തീൻ ഇങ്ങനെ പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് ഹബീബ് മാഷ് പറഞ്ഞു. കയറിക്കിടക്കാൻ ഒരു വീടിനുവേണ്ടി കണ്ണീർ വാർക്കുന്നവരുടെ വേദന ആ മനുഷ്യനറിയാം, എനിക്കുമറിയാം. അതുകൊണ്ടാണ് പാവങ്ങൾക്ക് വീടിനായി ഞാനും ഭാര്യയും 30 സെന്റ്‌ സ്ഥലം സൗജന്യമായി നൽകുന്നത്. ആയിരങ്ങളുടെ വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്ന പിണറായി വിജയൻ സർക്കാരിനൊപ്പം അണ്ണാറക്കണ്ണനും തന്നാലായതെന്ന്‌ ഹബീബ് മാഷ് പുഞ്ചിരിച്ചു.

ശ്രീനാരായണപുരം പഞ്ചായത്തിലെ സിപിഐ എം വെഴവന ബ്രാഞ്ച് അംഗമായ പൊരൂര്‌ ഹബീബ് റഹ്‌മാനും ഭാര്യ ഖദിജാബിയുമാണ്‌‌ തങ്ങളുടെ ഭൂസ്വത്തിലെ ഒരു ഭാഗം പാവങ്ങളുടെ വീടെന്ന സ്വപ്നത്തിനായി നൽകിയത്. 25 വർഷത്തോളം ഈ ദമ്പതികൾ വിദേശത്തായിരുന്നു. നാട്ടിലെത്തിയ ശേഷം പാർടി പ്രവർത്തനത്തോടൊപ്പം കരീം സാഹിബ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് കുടുംബത്തോടൊപ്പം ജീവകാരുണ്യപ്രവർത്തനത്തിലും സജീവമായി. കേരള പ്രവാസിസംഘത്തിന്റെ ജില്ലാ ജോയിന്റ്‌ സെക്രട്ടറിയുമാണ്. മാനങ്കേരി കുടുംബാംഗമായ ഖദീജാബിക്ക് കുടുംബ ഓഹരിയായി ലഭിച്ച 30 സെന്റ്‌ സ്ഥലം മൂന്നു സെന്റായി പത്തു പേർക്കാണ് നൽകുന്നത്. ആദ്യ വീടിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. ആല, പനങ്ങാട് സാഹിബ്ബിന്റെ മഹല്ല് പരിധിയിലുള്ള പ്രവാസി കൂട്ടായ്മയായ ദുബായ് വെൽഫെയർ കമ്മിറ്റിയാണ് വീട് നിർമിക്കുന്നത്. കുഴിക്കണ്ടത്തിൽ അക്ബറിനും കടുംബത്തിനുമാണ് വീടൊരുങ്ങുന്നത്.

സുമനസ്സുകളുടേയും സന്നദ്ധസംഘടനകളുടേയും സഹായത്താൽ മറ്റു വീടുകളുടെ നിർമാണവും താമസിയാതെ ആരംഭിക്കും. പ്രവാസിക്ഷേമപ്രവർത്തനങ്ങളിലും സജീവമായ ഹബീബ് ഏഴുവർഷമായി നാട്ടിൽ സ്ഥിരതാമസമാണ്. ആമണ്ടൂരിൽ സ്മാർട്ട് കിഡ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ നടത്തുന്നു. ഭാര്യ ഖദിജാബി ഈ സ്കൂളിലെ പ്രധാന അധ്യാപികയാണ്. എല്ലാ വശങ്ങളും പരിശോധിച്ച് ഏറ്റവും പാവപ്പെട്ടവർക്ക് ഭൂമി സൗജന്യമായി നൽകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നതായും നല്ല മനസ്സോടെ പാവങ്ങൾക്ക് വീട് നൽകാൻ വരുന്നവരെ അകറ്റുന്ന പ്രവണതയിൽ വേദനയുണ്ടെന്നും ഹബീബ്മാഷും ഭാര്യയും ദേശാഭിമാനിയോട് പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top