29 March Friday

ആ ചലഞ്ചും കടന്നു ; ഇവിടെ ഓൺലൈൻ പഠനം സമ്പൂർണം

സി എൻ റെജിUpdated: Sunday Jun 14, 2020


കൊച്ചി
തകരഷീറ്റ്‌ മേഞ്ഞ ആ കുഞ്ഞുചായ്‌പിലേക്ക്‌ ലാപ്‌ടോപ്പുമായി അധ്യാപകരെത്തിയതോടെ ശ്രീമൂലനഗരത്തെ ഇതരസംസ്ഥാനക്കാരായ അവസാന നാലു കുട്ടികളും ഒന്നാംക്ലാസിൽ പഠനം തുടങ്ങി. ഇതോടെ ടിവിയും സ്‌മാർട്ട്‌ ഫോണും ഇല്ലാതിരുന്ന 7650 കുട്ടികൾക്കും സൗകര്യമൊരുക്കി, എറണാകുളം സമ്പൂർണ ഓൺലൈൻ പഠനസൗകര്യമൊരുക്കുന്ന ജില്ലകളിലൊന്നായി.

പശ്‌ചിമബംഗാൾ സ്വദേശികളും കശുവണ്ടി ഫാക്‌ടറി തൊഴിലാളികളുമായ രണ്ടു കുടുംബങ്ങളിലെ നാലു കുട്ടികൾക്കാണ്‌ സമഗ്രശിക്ഷാ അഭിയാൻ (എസ്‌എസ്‌എ) നേതൃത്വത്തിൽ പഠനസൗകര്യമൊരുക്കിയത്‌. കശുവണ്ടി ഫാക്‌ടറിയിലെ തൊഴിലാളിക്ക്‌ കോവിഡ്‌ പോസിറ്റീവായതോടെ കുട്ടികൾക്ക്‌ സമീപത്തെ വായനശാലയിലെ പഠനകേന്ദ്രത്തിലോ അയൽവീടുകളിലോ പോകാനായില്ല. ഇവർ പഠിക്കുന്ന തെക്കുംഭാഗം സെന്റ്‌ ജോസഫ്‌സ്‌ എൽപിഎസിലെ അധ്യാപകർക്കും ആദ്യഘട്ടത്തിൽ എത്താനായില്ല. തൊഴിലാളിക്ക്‌ രണ്ടാംപരിശോധനയിൽ ഫലം നെഗറ്റീവായതോടെ ആലുവ ബിആർസിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക്‌ പഠനസൗകര്യം ഒരുക്കുകയായിരുന്നു. സ്‌കൂളിലെ അധ്യാപകർ ശനിയാഴ്‌ച ഇവരുടെ വീട്ടിലെത്തി ലാപ്‌ടോപ്പിലൂടെ അധ്യാപനം ആരംഭിച്ചതോടെ ജില്ലയിൽ ഓൺലൈൻ പഠനസൗകര്യം പൂർണമായതായി എസ്‌എസ്‌എ ജില്ലാ പ്രോജക്‌ട്‌ കോ–-ഓർഡിനേറ്റർ ഉഷ മാനാട്ട്‌ പറഞ്ഞു.

എസ്‌എസ്‌എയുടെ നേതൃത്വത്തിൽ 2330 പേർക്ക്‌ ടിവിയും 1640 കുട്ടികൾക്ക്‌ കേബിൾ, നെറ്റ്‌വർക്ക്‌ സൗകര്യങ്ങളും 1496 പേർക്ക്‌ സ്‌മാർട്ട്‌ ഫോണുകളും 283 പേർക്ക്‌ ലാപ്‌ടോപ്പും ലഭ്യമാക്കി. 300 വായനശാലകളിൽ പഠനസൗകര്യമൊരുക്കി. എസ്‌എസ്‌എ നൽകിയ പട്ടികപ്രകാരം ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ടിവി ചലഞ്ചിലൂടെ ഇതുവരെ 514 ടിവി സെറ്റുകൾ കൈമാറി. ഇതിൽ 48 എണ്ണം കോതമംഗലത്തെ ആദിവാസി ഊരുകളിലെ കുട്ടികൾക്കാണ്‌ നൽകിയത്‌. കെഎസ്ടിഎ ജില്ലാ കമ്മിറ്റി 150ഉം എസ്‌എഫ്‌ഐ 177ഉം ടിവികൾ കൈമാറി. എൻജിഒ യൂണിയൻ സോളാർ വൈദ്യുതിയും ഇന്റർനെറ്റ്‌ കണക്‌ഷനും സ്ഥാപിച്ചാണ്‌ കുഞ്ചിപ്പാറ ആദിവാസിക്കുടിയിലെ 96 കുട്ടികൾക്ക്‌ പഠനസൗകര്യം ഒരുക്കിയത്‌. വൈദ്യുതി എത്താത്ത കുട്ടമ്പുഴയിലെ ഉറിയംപെട്ടി ആദിവാസി കോളനിയിലേക്ക്‌ നാലുമണിക്കൂർ സഞ്ചരിച്ച്‌ ലാപ്‌ടോപ്പിലൂടെയാണ്‌ അധ്യാപകർ ഒന്നാംക്ലാസ്‌ അധ്യാപനം ആരംഭിച്ചത്‌.

എറണാകുളം എസ്‌എസ്‌എ നടത്തിയ സർവേയിൽ ജില്ലയിൽ 13,032 കുട്ടികൾക്കാണ്‌ പഠനസൗകര്യമില്ലെന്ന്‌ കണ്ടെത്തിയത്‌.  പ്രാദേശിക പ്രതിഭാകേന്ദ്രങ്ങൾ, ഊരുവിദ്യാകേന്ദ്രങ്ങൾ, അയൽപക്ക പഠനകേന്ദ്രങ്ങൾ, വായനശാലകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലാണ്‌ ഓൺലൈൻ പഠനമൊരുക്കിയത്‌.

‘ഞങ്ങളുണ്ട് കൂടെ...’ കരുതലിൻ കരംനീട്ടി അധ്യാപകർ
 കൊച്ചി
വിദ്യാർഥികളുടെ മാനസികാരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പ് ഹയർ സെക്കൻഡറി വിഭാഗം നടപ്പാക്കുന്ന ടെലി കൗൺസലിങ് പദ്ധതി  ‘ഞങ്ങളുണ്ട് കൂടെ’ ജില്ലയിൽ തുടക്കമായി.  വിദ്യാർഥികൾ ലോക്ക്‌ഡൗൺ കാലത്ത്‌ അനുഭവിക്കുന്ന മാനസികസമ്മർദങ്ങൾ ലഘൂകരിക്കുന്നതിനാണ്  പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ്‌ അഡോളസന്റ്‌ കൗൺസലിങ് എറണാകുളം ജില്ലാ സൗഹൃദ ക്ലബ് കൂട്ടായ്മയാണ് പദ്ധതിയുടെ അമരക്കാർ.

ഓൺലൈൻ പാഠ്യപ്രവർത്തനങ്ങളിലൂന്നിയ പുതിയ പഠനാന്തരീക്ഷത്തിൽ വിദ്യാർഥികൾക്ക് മാർഗനിർദേശങ്ങൾ അത്യന്താപേക്ഷിതമാണ്. അഡോളസന്റ്‌ കൗൺസലിങ്ങിൽ വിദഗ്ധ പരിശീലനം ലഭിച്ച അധ്യാപക പാനലിന്റെ സൗജന്യസേവനത്തിന് നേതൃത്വം നൽകുന്നത് ജില്ലാ കോ–--ഓർഡിനേറ്റർ ഡോ. സി എ ബി ജോയി, ജോയിന്റ്‌ കോ–--ഓർഡിനേറ്റർ പ്രമോദ് മാല്യങ്കര, വിദ്യാഭ്യാസ ജില്ലാ കൺവീനർമാരായ ഡോ. വി സനൽകുമാർ, റിജി പൗലോസ്, ജി ജയശ്രീ എന്നിവരാണ്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും   ഫോണിലൂടെയും വാട്സാപ് സന്ദേശങ്ങളായും കൗൺസിലർമാരുമായി ആകുലതകൾ പങ്കുവയ്ക്കാം. ഫോൺ:  9995616338, 9495604168, 9207478261, 9447434330, 9495045264, 9447820723, 9446042335, 9847849506, 9495193623, 9447232870, 9847782916, 9447874283, 9497445058, 9400889258, 9447813059.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top