06 December Monday

പത്തി മടക്കി തടവറയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

കേരളം ഇതുപോലൊരു കൊലപാതകം ഇതിനുമുമ്പ്‌ കേട്ടിരുന്നില്ല. സ്വന്തം ഭാര്യയെ, തന്റെ കുഞ്ഞിന്റെ അമ്മയെ, മൂർഖൻ പാമ്പിനെക്കൊണ്ട്‌ കൊത്തിക്കുക, മരണം ഉറപ്പാകുംവരെ നോക്കിയിരിക്കുക... ഉത്രയെ കൊല്ലാനുള്ള സൂരജിന്റെ ചെയ്‌തികൾ അവിശ്വസനീയമായിരുന്നു. കേരള പൊലീസിന്റെ അന്വേഷണ മികവിൽ സൂരജിന്റെ വിഷമനസ്സ്‌  ലോകം കണ്ടു. ഒടുവിൽ കോടതി ആ വിഷപ്പത്തി നോക്കി പ്രഹരിച്ചു.


 

കൊന്നത്‌ മൂന്നാം ശ്രമത്തിൽ
സ്വന്തം ഭാര്യയെ കൊലപ്പെടുത്താൻ പാമ്പിനെ ഉപയോഗിച്ചുള്ള സൂരജിന്റെ ശ്രമം മൂന്നുതവണ. ആദ്യത്തേതിൽ കടിയേൽക്കാതെ ഉത്ര രക്ഷപ്പെട്ടു. രണ്ടാം തവണ കടിയേറ്റെങ്കിലും ചികിത്സയാൽ ജീവൻ തിരികെ കിട്ടി. മൂന്നാംതവണ സൂരജ്‌ വിജയിച്ചു.

ഫെബ്രുവരി 28
2020 ഫെബ്രുവരി 28ന്‌ സൂരജിന്റെ പറക്കോട്ടെ വീടിന്റെ സ്‌റ്റെയർകേസിൽ അണലിയെ കൊണ്ടിട്ടായിരുന്നു ആദ്യത്തെ പരിശ്രമം. മുകളിലത്തെ മുറിയിൽനിന്ന്‌ മൊബൈൽ ഫോൺ എടുത്തുകൊണ്ടുവരാൻ സൂരജ്‌ ഉത്രയെ പറഞ്ഞുവിടുകയായിരുന്നു. പാമ്പിനെ കണ്ട്‌ ഉത്ര നിലവിളിച്ചു. ഓടിയെത്തിയ സൂരജ്‌ അണലിയെ ചാക്കിലാക്കി വീടിനുപുറത്ത്‌ വിറകുപുരയിൽ സൂക്ഷിച്ചു.

മാർച്ച് 2
ഉറങ്ങുന്നതിനുമുമ്പ്‌ ജ്യൂസിൽ മയക്കുഗുളിക ചേർത്ത്‌ സൂരജ്‌ ഉത്രയ്‌ക്കു നൽകി. പിന്നീട്‌ ഉറങ്ങിക്കിടന്ന ഉത്രയുടെ ശരീരത്തിലേക്ക്‌ ചാക്കിൽ സൂക്ഷിച്ചിരുന്ന അണലിയെ കൊണ്ടിട്ടു. ഗുളികയുടെ അളവ്‌ കുറവായതിനാൽ പാമ്പിന്റെ കടിയേറ്റ ഉത്ര ഉണർന്നുകരഞ്ഞു. എന്നാൽ, ആശുപത്രിയിൽ കൊണ്ടുപോകുന്നത്‌ സൂരജ്‌ വൈകിപ്പിച്ചു. തിരുവല്ല പുഷ്‌പഗിരി ആശുപത്രിയിലെ ചികിത്സയ്‌ക്കുശേഷം ഏപ്രിൽ 22ന്‌ ഏറത്തെ വീട്ടിലേക്കു മാറ്റി. 

മെയ്‌ 6
അന്നു വെകിട്ട്‌ സൂരജ്‌ കറുത്ത സഞ്ചിയിൽ പ്ലാസ്റ്റിക്‌ ജാറിൽ മൂർഖനുമായി ഏറത്തെ വീട്ടിലെത്തി. ജ്യൂസിൽ മയങ്ങാനുള്ള ഗുളിക ചേർത്ത്‌ ഉത്രയ്‌ക്കു നൽകി.  ഉറക്കത്തിലായിരുന്ന ഉത്രയുടെ ശരീരത്തിലേക്ക്‌ പാമ്പിനെയിട്ടു. കടിക്കാതെ ഇഴഞ്ഞ പാമ്പിനെക്കൊണ്ട്‌ ബലമായി ഉത്രയെ കടിപ്പിച്ചു. ഉറക്കത്തിൽ ആയിരുന്ന ഉത്ര ഒന്നുമറിഞ്ഞില്ല. പാമ്പിനെ മുറിയിലെ അലമാരയുടെ ഭാഗത്തേക്ക്‌ എറിഞ്ഞ സൂരജ്‌ ഭാര്യയുടെ മരണം നോക്കിയിരുന്നു. പാമ്പിനെക്കൊണ്ടുവന്ന പാത്രം പുറത്തേക്ക്‌ എറിഞ്ഞശേഷം  കിടന്നു. രാവിലെ പതിവിലും നേരത്തെ എഴുന്നേറ്റ്‌ മുറിയിൽനിന്നു പുറത്തിറങ്ങി. ചായയുമായി മുറിയിലെത്തിയ  അമ്മ മണിമേഖലയാണ്‌ ഉത്ര മരിച്ചുകിടക്കുന്നതു കണ്ടത്‌. ഉത്രയുടെ സഹോദരൻ വിഷുവാണ്‌ മൂർഖനെ കണ്ടെത്തി കൊന്ന്‌ കുഴിച്ചിടുന്നത്‌.

പൊലീസിന്റെ വിജയം; പ്രോസിക്യൂഷന്റെയും
ഉറങ്ങിക്കിടന്ന ഭാര്യയെ മൂർഖൻ പാമ്പിനെക്കൊണ്ട്‌ കടിപ്പിക്കുകയും മരിക്കുംവരെ കാവൽ ഇരിക്കുകയും ചെയ്‌ത ഭർത്താവ്‌ സൂരജിന്‌ 17 വർഷം തടവും ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചത്‌ അന്വേഷക സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും വിജയമായി.

എല്ലാം വ്യത്യസ്‌തം
കേട്ടുകേൾവിയില്ലാത്ത കൊലപാതകം, അന്വേഷണത്തിലെ വെല്ലുവിളികൾ, എത്രയും വേഗത്തിൽ നടത്തിയ അന്വേഷണം, കുറ്റപത്രം സമർപ്പിക്കൽ, കോടതി നടപടികളിലെ വേഗത, തെളിവുകൾ നിരത്തിയുള്ള പ്രോസിക്യൂഷൻ വാദം, ഒടുവിൽ കടുത്ത ശിക്ഷാവിധിയും ... ഉത്ര കേസ്‌ എല്ലാതരത്തിലും വ്യത്യസ്‌തമാകുന്നത്‌ ഇങ്ങനെയാണ്‌.

കേരള പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ നാഴികക്കല്ലായതിനാലാണ്‌ അഞ്ചൽ സ്റ്റേഷനിലെ ക്രൈം നമ്പർ 1540/2020 എന്ന ഉത്ര വധക്കേസിന്റെ ഡയറി അന്വേഷണത്തിനുള്ള പാഠപുസ്‌തകമാകുന്നത്‌. എത്രയും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച റൂറൽ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി ആയിരുന്ന എ അശോകനും സംഘവും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അന്വേഷക സംഘത്തിൽ ഉൾപ്പെട്ടവർക്ക്‌ ഡിജിപിയുടെയും രാഷ്ട്രട്രപതിയുടെയും പൊലീസ്‌ മെഡലും ലഭിച്ചു.

കേരള പൊലീസിനു തെറ്റിയില്ല
പാമ്പിനെ ഉപയോഗിച്ച്‌ ഒരാളെ കൊലപ്പെടുത്തിയ സംഭവം രാജ്യത്ത്‌ ആദ്യമല്ല. മഹാരാഷ്‌ട്രയിലെ  പുണെയിലും നാഗ്പുരിലും സമാനമായ സംഭവമുണ്ടായിരുന്നു. പുണെയിൽ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊല്ലാൻ പാമ്പിനെ ഉപയോഗിച്ചെന്നായിരുന്നു കേസ്. അതേസമയം നാഗ്പുരിൽ അച്ഛനമ്മമാരുടെ  സ്വത്ത് തട്ടിയെടുക്കാൻ മകനാണ്‌ പാമ്പിനെക്കൊണ്ട്‌ കൊത്തിച്ചത്‌.  എന്നാൽ, ഈ രണ്ടു കേസിലും തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വിചാരണക്കോടതികൾ വെറുതെ വിട്ടു.  മഹാരാഷ്‌ട്ര പൊലീസിനുണ്ടായ പിഴവ്‌ കേരള പൊലീസിനു പാഠമായി. 

പ്രോസിക്യൂഷൻ പൊളിച്ചടുക്കി
പ്രതിഭാഗത്തിന്റെ വാദങ്ങളെ പൊളിച്ചടുക്കിയുള്ള പ്രോസിക്യൂഷന്റെ വാദമാണ്‌ ഉത്ര കേസിലെ വിധിയിൽ നിർണായകമായത്‌.  അഡ്വ. ജി മോഹൻരാജിന്റെ നേതൃത്വത്തിൽ കെ ഗോപീഷ്‌കുമാർ, സി എസ്‌ സുനിൽകുമാർ, എ ശരൺ എന്നിവർ കോടതിയിൽ തെളിവുകൾ സമർഥമായി അവതരിപ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top