20 April Saturday

പ്രതിപക്ഷത്തിന്‌ ഓർമയുണ്ടോ? ആ സുനാമിക്കാലം

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020

കൊച്ചി
സംസ്ഥാനത്തിന്റെ കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങൾ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ യുഡിഎഫും ബിജെപിയും തെരുവിൽ സമരം തുടരുമ്പോൾ, സുനാമി നാളുകളിൽ പ്രതിപക്ഷത്തായിരുന്ന എൽഡിഎഫിന്റെ നിലപാടുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു.

2004 ഡിസംബറിലെ സുനാമി ദുരന്തം:
സിപിഐ എമ്മും എൽഡിഎഫും എല്ലാ തരത്തിലുമുള്ള പരിപാടികളും മാറ്റിവച്ചു. ഐസ്‌ക്രീം പാർലർ കേസിൽ ആരോപണവിധേയനായ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ വൻ പ്രക്ഷോഭത്തിന്റെ കാലം കൂടിയായിരുന്നു അത്‌.  സിപിഐ എം സംഘടനാ സമ്മേളനങ്ങളും അതേസമയമായിരുന്നു. എന്നാൽ, സുനാമിയുടെ ഭാഗമായ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനായി, എല്ലാ പ്രക്ഷോഭവും പാർടി റാലിയും ഇടതുപക്ഷം മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു അന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി.

മന്ത്രിമാരടക്കമുള്ളവരെ തടഞ്ഞ്‌, പ്രക്ഷുബ്‌ധമായ രാഷ്ട്രീയാന്തരീക്ഷം വേണ്ടെന്ന്‌ പ്രതിപക്ഷനേതാവായിരുന്ന വി എസ്‌ അച്യുതാനന്ദനും ആഹ്വാനം ചെയ്‌തു. കുഞ്ഞാലിക്കുട്ടിയുടെ രാജി ആവശ്യപ്പെട്ട്‌ കലക്ടറേറ്റുകളിലേക്കും സെക്രട്ടറിയറ്റിലേക്കും നടത്തുന്ന മാർച്ചും മാറ്റിവയ്‌ക്കാൻ അന്ന്‌ എൽഡിഎഫ്‌ കൺവീനറായിരുന്ന പാലൊളി മുഹമ്മദ്‌ കുട്ടിയും ആവശ്യപ്പെട്ടു.

സുനാമിക്കുശേഷം മുഖ്യമന്ത്രി ഉമ്മൻചാണ്ടി, സർക്കാർ ജീവനക്കാരോടും മറ്റുള്ളവരോടുംഒരു ദിവസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് അഭ്യർഥിച്ചു. ഇക്കാര്യം ഭരണപക്ഷ സംഘടനകളേക്കാൾ ആവേശത്തോടെ സ്വീകരിച്ചത് പ്രതിപക്ഷത്തുള്ള സംഘടനകളായിരുന്നു. ഉമ്മൻചാണ്ടി പറയുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാൻ സിപിഐ എമ്മും മറ്റു വർഗ-ബഹുജന-സർവീസ് സംഘടനകളും രംഗത്തിറങ്ങി.

കേരള എൻജിഒ യൂണിയൻമാത്രം ഒരു ദിവസത്തെ വേതനത്തിന് പുറമെ 11.5 ലക്ഷം രൂപ ഹുണ്ടിക പിരിവിലൂടെ സമാഹരിച്ച് മുഖ്യമന്ത്രിക്ക് കൈമാറി. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സഹായവും സംഘടനകൾ നേരിട്ടെത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top