29 March Friday

പ്ലേറ്റുകൾ തെന്നി, തുർക്കി വിറച്ചു

ഡോ. കുശല രാജേന്ദ്രൻUpdated: Sunday Feb 12, 2023

തുർക്കിയും  സിറിയയും  ഭൂകമ്പത്തിൽ വിറങ്ങലിച്ചുനിൽക്കുകയാണ്‌. ആയിരങ്ങളാണ്‌ മരിച്ചത്‌. പരിക്കേറ്റവർ എണ്ണമറ്റതും. ഇരു രാജ്യത്തെയും ദുരന്തഭൂമിയാക്കിയ  അതിതീവ്ര ഭൂകമ്പം ലോകത്തെ പിടിച്ചുകുലുക്കുകയാണ്‌. മുമ്പ്‌ അവിടെയുണ്ടായ പല വൻഭൂകമ്പങ്ങളുടെയും തുടർച്ചയാണ്‌ ഇപ്പോൾ വീണ്ടും ഉണ്ടായിരിക്കുന്നത്‌. തുർക്കി–-സിറിയൻ ഭൂകമ്പ മേഖലയെപ്പറ്റി പ്രശസ്‌ത ഭൗമശാസ്‌ത്ര ഗവേഷകയും സെന്റർ ഫോർ എർത്ത്‌ സയൻസസ്‌, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ സയൻസ്‌ എന്നിവയിലെ മുൻ പ്രൊഫസറുമായ ഡോ. കുശല രാജേന്ദ്രൻ എഴുതുന്നു

തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പം  ലോകം കണ്ട അതിതീവ്ര ഭൂകമ്പങ്ങളിൽ ഒന്നാണ്‌. വടക്കൻ സിറിയയോട് ചേർന്നുകിടക്കുന്ന തുർക്കിയിലെ പാസാർസിക്കിൽ   തീവ്രത 7.8 രേഖപ്പെടുത്തിയ ഭൂകമ്പം,  മുമ്പ്‌ അവിടെയുണ്ടായ പല വൻഭൂകമ്പങ്ങളുടെയും തുടർച്ചയാണ്. ലോകത്തിലെ തന്നെ ഏറ്റവുമധികം ഭൂകമ്പങ്ങളുണ്ടാകുന്ന പ്രദേശങ്ങളിലൊന്നാണ് തുർക്കി–--സിറിയ പ്രദേശങ്ങൾ. അതിനു കാരണം അന്വേഷിക്കുമ്പോൾ നാം എത്തുന്നത് പ്ലേറ്റ് ടെക്ടോണിക്‌സ് സിദ്ധാന്ത (Plate tectonics theory)ത്തിലേക്കാണ്.  ഭൗമാന്തർഭാഗത്തുണ്ടാകുന്ന പല കാര്യവും വിശദീകരിക്കാൻ കഴിയുന്ന  ശാസ്‌ത്ര സിദ്ധാന്തമാണ്‌ ഇത്‌. ഏതാണ്ട് 100 കിലോമീറ്റർ ഘനമുള്ള  ഭൂമിയുടെ മേൽപ്പാളി (lithosphere) പല ഭാഗത്തായി വേർതിരിക്കപ്പെട്ടിരിക്കുന്നു. വർധിച്ച താപവും സമ്മർദവുംമൂലം ഭൂവൽക്കപാളികളുടെ താഴെയുള്ള പാറകൾ ഭാഗികമായി ഉരുകിയ അവസ്ഥയിലാണ്. ഈ ഭൂവൽക്ക പാളികൾക്കുള്ളിൽ നടക്കുന്ന താപസംവഹനമാണ്  (convection) ഇവയുടെ ചലനത്തിന്‌  ഊർജംനൽകുന്നത്.  ഭൂപ്രദേശങ്ങളിലെ കാലാവസ്ഥാ ഭേദങ്ങൾ, ഭൂകമ്പം, അഗ്നിപർവതങ്ങൾ തുടങ്ങിയ പ്രതിഭാസങ്ങൾക്കും  മറ്റും  കാരണമാകുന്നത്‌ പ്ലേറ്റ് ടെക്ടോണിക്‌സാണ്‌. ഇതുതന്നെയാണ് തുർക്കിയിലെ ഭൂകമ്പങ്ങൾക്കും കാരണമാകുന്നത്.

പ്ലേറ്റുകളും അതിരുകളും
ആഫ്രിക്ക, പസഫിക്, ഇന്ത്യ എന്നിങ്ങനെ വിവിധങ്ങളായ ഭൂവൽക്കപാളികളു (plates)ടെ ഗതിവേഗം വ്യത്യസ്‌തമാണ്. വർഷത്തിൽ ഏതാനും മില്ലിമീറ്റർ മുതൽ 15 സെന്റിമീറ്റർ വരെ വേഗത്തിൽ ചലിക്കുന്ന പ്ലേറ്റുകളുണ്ട്. ഇങ്ങനെ സഞ്ചരിക്കുന്നവ  തമ്മിൽ കൂട്ടിയിടിക്കുമ്പോഴാണ് പർവതനിരകളുണ്ടാകുന്നത്. ഇത്തരത്തിൽ ഏതാണ്ട് 40 ദശലക്ഷം വർഷങ്ങൾക്കുമുമ്പ്‌  ഇന്ത്യ–--യൂറോപ്പ്  പ്ലേറ്റുകൾ   കൂട്ടിയിടിച്ചാണ് ഹിമാലയപർവതം ഉണ്ടായത്. വടക്കു-കിഴക്കു ദിശയിൽ വർഷത്തിൽ ഏതാണ്ട് അഞ്ച്‌ സെന്റിമീറ്റർ സഞ്ചരിച്ചുകൊണ്ടിരുന്ന ഇന്ത്യൻ ഭൂവൽക്കപാളി,  ഇപ്പോഴും ഏതാണ്ട് രണ്ട്‌ സെന്റിമീറ്റർ എന്ന തോതിൽ വടക്കു-കിഴക്കു ദിശയിൽ സഞ്ചരിക്കുന്നുണ്ട്.

തുടർക്കഥ
വൻകരകൾ അടങ്ങുന്ന പ്ലേറ്റുകൾക്ക്‌ (continental plate) സാന്ദ്രത കുറവാണ്. അത്തരം പ്ലേറ്റുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോഴാണ് പർവതങ്ങളുണ്ടാകുന്നത്. കട്ടി കുറഞ്ഞതും സാന്ദ്രത കൂടിയതുമായ സമുദ്രവൽക്കങ്ങൾ (oceanic plates) കൂട്ടിയിടിക്കുമ്പോൾ  അവയിൽ കൂടുതൽ സാന്ദ്രതയുള്ള പാളി ഭൂമിയുടെ ആഴങ്ങളിലേക്ക് ആണ്ടുപോകും. അത്തരം പ്രദേശങ്ങളിൽ അഗ്നിപർവതങ്ങൾ രൂപപ്പെടും. ഇന്ത്യയുടെ കിഴക്കേ അതിർത്തിയായ ആൻഡമാൻ ദ്വീപുകളിൽ നടക്കുന്നത് അത്തരമൊരു പ്രക്രിയയാണ്. രണ്ട്‌ പ്ലേറ്റുകൾ തമ്മിലുണ്ടാകുന്ന ഉരസലും സംഘർഷവുംമൂലം അവയ്ക്കിടയിലുള്ള ഭ്രംശനമേഖലയിൽ സമ്മർദം വർധിക്കുന്നു. ഇങ്ങനെ വർധിക്കുന്ന സമ്മർദമാണ് അവസാനം ഭൂകമ്പത്തിലേക്ക്‌ എത്തുന്നത്‌. ഭൂവൽക്ക പാളികളുടെ ചലനം തുടർ പ്രക്രിയയായതിനാൽ  ഭൂകമ്പങ്ങളും തുടർക്കഥയാകുന്നു.


 

തുർക്കിയുടെ ഭൂവൽക്കഘടന
പരസ്പരം ചലിച്ചുകൊണ്ടിരിക്കുന്ന ആഫ്രിക്ക, അറേബ്യ, യൂറേഷ്യ എന്നീ  ഭൂവൽക്ക പാളികൾക്കിടയിലാണ് തുർക്കിയുടെ സ്ഥാനം. തുർക്കിയുടെ നല്ലൊരു ഭാഗം അനറ്റോളിയ പ്ലേറ്റി (Anatolian plate) ലാണ് എന്നത് ഈ പ്രദേശത്തെ കൂടുതൽ ബലഹീനമാക്കുന്നു (പുരാതന  തുർക്കിക്ക്‌ അനറ്റോളിയ എന്നൊരു പേരുണ്ടായിരുന്നു).  അറേബ്യ–- അനറ്റോളിയ പ്ലേറ്റുകളെ വേർതിരിക്കുന്ന ഭ്രംശന മേഖലയിലാണ്‌ തുർക്കി. ഇവിടെ ഈ രണ്ടു പ്ലേറ്റും വർഷത്തിൽ 15  മുതൽ  19 സെന്റിമീറ്റർ വരെ വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങിക്കൊണ്ടിരിക്കുന്നു. അനറ്റോളിയ പ്ലേറ്റിന്റെ  വടക്കുഭാഗത്തെ അതിർത്തി നിർണയിക്കുന്ന, 1500 കിലോമീറ്ററിലധികം നീളമുള്ള വടക്കേ അനറ്റോളിയൻ ഭ്രംശനമേഖലയിലും  അനേകം ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ 1939, 99 എന്നീ വർഷങ്ങളിലുണ്ടായ ഭൂചലനങ്ങൾ വൻനാശമുണ്ടാക്കി. 1939-ലുണ്ടായ ഭൂകമ്പത്തിൽ 30,000ൽ അധികം പേരാണ്‌ മരിച്ചത്‌.

580 കിലോമീറ്റർ നീളമുള്ള കിഴക്കൻ അനറ്റോളിയൻ ഭ്രംശനമേഖലയിലാണ് ഈ അടുത്തദിവസം ഭൂകമ്പമുണ്ടായത്. ഈ ഭ്രംശമേഖലയിൽ  അനറ്റോളിയ, അറേബ്യ പ്ലേറ്റുകൾ തമ്മിൽ ഉരസ്സിക്കൊണ്ടിരിക്കുകയാണ്.  ഇവിടെ അറേബ്യ പ്ലേറ്റ് വർഷത്തിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ 15 മില്ലിമീറ്റർ നീങ്ങുമ്പോൾ അനറ്റോളിയൻ പ്ലേറ്റ് തെക്കുപടിഞ്ഞാറൻ ദിശയിൽ 22 മില്ലിമീറ്റർ നീങ്ങിക്കൊണ്ടിരിക്കുന്നു. ഇതുമൂലം ഉണ്ടാകുന്ന മർദമാണ് ഭൂചലനരൂപത്തിൽ പുറത്തേക്കുവരുന്നത്.  വടക്കുഭാഗത്തെ അപേക്ഷിച്ച് കിഴക്കൻ അനറ്റോളിയൻ ഭ്രംശനമേഖലയിൽ താരതമ്യേന ഭൂകമ്പങ്ങൾ കുറവായിരുന്നു. 19–-ാം നൂറ്റാണ്ടിലാണ് ഇവിടെ വലിയ ഭൂകമ്പങ്ങൾ ഉണ്ടായിട്ടുള്ളത്. ദീർഘകാലത്തെ നിഷ്ക്രിയത്വമാകാം ഇപ്പോൾ  വലിയ ഭൂകമ്പത്തിനു വഴിവച്ചത്.

 


പ്രവചനാതീതം
ഭൂകമ്പങ്ങൾ ഉണ്ടാകുന്ന പ്രദേശങ്ങളും അവയുടെ ചരിത്രവും  അറിവുള്ളയിടങ്ങളിൽ എന്തുകൊണ്ടാണ് അവ പ്രവചിക്കാനാകാത്തത്‌ എന്ന ചോദ്യം പ്രസക്തമാണ്.  ഭൂകമ്പങ്ങൾക്കു മുന്നോടിയായി  ഭൂഗർഭ ജലനിരപ്പിൽ  മാറ്റമുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. ചില ജീവജാലങ്ങൾക്ക് ഭൂമിയിൽ നടക്കുന്ന ചെറുചലനങ്ങൾ സൃഷ്ടിക്കുന്ന തരംഗങ്ങൾ അനുഭവേദ്യമാകുമെന്ന് ശാസ്ത്രീയമായ പഠനങ്ങൾ സൂചിപ്പിക്കുന്നു. പക്ഷേ, ഇവയൊക്കെ കൃത്യമായി പഠിച്ച് പ്രാവർത്തികമാക്കുക എന്നത്  പ്രയാസമാണ്.

ധാരാളം പഠനങ്ങൾ  നടക്കുന്നുണ്ടെങ്കിലും ഭൂകമ്പ മുന്നറിയിപ്പുകൊടുക്കാനുള്ള  സംവിധാനവും  നിലവിലില്ല.  കിലോമീറ്ററുകൾക്ക്‌ താഴെ, കാലങ്ങളായി നടക്കുന്ന പ്രക്രിയകളുടെ അവസാനഘട്ടത്തിൽ  സംഭവിക്കുന്ന ഭൂചലനങ്ങൾ നിലവിൽ അത്തരം നിരീക്ഷണ പരിധികൾക്കപ്പുറമാണ്. പ്ലേറ്റ് ടെക്ടോണിക് സിദ്ധാന്തത്തിന്റെ ചുവടുപിടിച്ച് എവിടെയൊക്കെ, എത്ര തീവ്രതയുള്ള ഭൂകമ്പങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർക്ക്‌ മനസ്സിലാക്കാനാകും. അതുകൊണ്ടാണ്‌ ഹിമാലയം, ജപ്പാൻ, തുർക്കി തുടങ്ങിയ പ്രദേശങ്ങൾ ഭൂകമ്പ സാധ്യതാ പ്രദേശമായി കണക്കാക്കുന്നത്. ജനങ്ങളെ കൂടുതൽ ബോധവൽക്കരിക്കുക, ഭൂകമ്പത്തിൽ തകരാത്ത കെട്ടിടങ്ങൾ നിർമിക്കുക എന്നതൊക്കെ പ്രധാനം.  തുർക്കിയിൽ മരണനിരക്ക്‌ ഉയർത്തിയതിനു കാരണം കെട്ടിടങ്ങളുടെ ശേഷിക്കുറവുകൂടിയാണെന്ന കാര്യത്തിൽ സംശയമില്ല. ഭൂകമ്പത്തെ ചെറുക്കാൻ കഴിയുന്ന നിർമാണരീതിയാണ്‌ വേണ്ടത്‌. ഭൂമിയുള്ളിടത്തോളംകാലം ഭൂചലനങ്ങളും ഉണ്ടാകും. അതുകൊണ്ടുതന്നെ ഈ രംഗത്ത്‌ കൂടുതൽ ജാഗ്രത അനിവാര്യവും. 

ഭൂവൽക്കപാളികൾ തമ്മിൽ ഉരസി, ദുർബലമായ ഭ്രംശന മേഖലകളിൽനിന്ന് വളരെ ദൂരെയും ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്. മഹാരാഷ്ട്രയിലെ ഖില്ലാരിയിൽ 1993ൽ ഉണ്ടായ 6.3 തീവ്രതയുള്ള ഭൂചലനം അത്തരത്തിലൊന്നായിരുന്നു. പതിനായിരമോ അതിലേറെയോ  വർഷത്തിൽ ഒരിക്കൽമാത്രമാണ് ഇത്തരം പ്രദേശങ്ങളിൽ ഭൂകമ്പങ്ങൾ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ അത്തരം പ്രദേശങ്ങളിൽ ഭൂചലനത്തിന്റെ ആഘാതം വലുതായിരിക്കും. കല്ലും ചെളിയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ പാർപ്പിടങ്ങൾ നിമിഷങ്ങൾക്കകമാണ്‌ തകർന്നുവീണത്‌. 2001-ൽ ഗുജറാത്തിലെ ഭൂജ്ജിൽ  ഉണ്ടായ 7.6 തീവ്രതയുള്ള ഭൂചലനവും  അപ്രതീക്ഷിതമായിരുന്നു. 1819-ൽ സമാനമായ ഒരു ചലനം ഇപ്പോഴത്തെ റൺ ഓഫ് കച്ച്  അതിർത്തിയിൽ ഉണ്ടായിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top