02 December Friday

വീണ്ടും ജിഡിപി ‘മാസ്കുകൾ'

മധു നീലകണ്ഠൻUpdated: Sunday Sep 11, 2022


റോമാ പട്ടണം വെന്തെരിഞ്ഞപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെ  സുഖിപ്പിച്ചവരേയും ചരിത്രത്തിൽ  കണ്ടേക്കാം.  മൊത്തം ആഭ്യന്തരോൽപ്പാദനത്തെ ( -ജിഡിപി) മുൻനിർത്തി ഇടയ്‌ക്കിടെ പുറത്തു വരുന്ന കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക വിവരങ്ങൾ അങ്ങനെയൊന്നാണ്‌. സമ്പദ്‌വ്യവസ്ഥ വീണ്ടെടുപ്പിന്റെ പാതയിലാണ് , അതിവേഗ വളർച്ച കൈവരിക്കുന്നു എന്നൊക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി നിർമലാ സീതാരാമനും തനിയാവർത്തനം പോലെ ചൊല്ലിക്കൊണ്ടിരിക്കുന്നു. അപ്പോൾ, അതിനു പറ്റിയ ‘കണക്കും’ വേണം!.  നടപ്പു ധനവർഷത്തിലെ (2022–- 23) ആദ്യ പാദത്തിൽ (ഏപ്രിൽ–- - ജൂൺ)  ജിഡിപി 13.5 ശതമാനം വളർച്ച നേടിയെന്ന് കേന്ദ്ര സ്ഥിതി വിവര സംഘടന പോയവാരം  പുറത്തുവിട്ട കണക്ക്‌ അങ്ങെനെ ഒന്നാണ്‌. 

കോവിഡിന് മുമ്പുണ്ടായിരുന്നതിനേക്കാൾ 8.5 ശതമാനം കുറവായിരുന്നു 2021 ജൂണിലെ വളർച്ചാ നിരക്ക്.  ഇതുമായി താരതമ്യം ചെയ്‌താണ്‌ 13.5 ശതമാനം വളർച്ചയുടെ അവകാശവാദം. ലോ ബേസ് ഇഫക്ട് എന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പറയും. യഥാർഥത്തിൽ ഈ വളർച്ചയൊന്നും ഉണ്ടായിട്ടില്ലെന്ന് ചുരുക്കം. ഇത്രയും വളർച്ചയെന്ന് കേട്ടാൽത്തന്നെ അമ്പരന്നു പോകും. എന്നാൽ, റിസർവ് ബാങ്ക്  ആഗസ്തിൽ പ്രവചിച്ചത് ഇതിനേക്കാൾ ഞെട്ടിക്കുന്നതായിരുന്നുവെന്നത് മറ്റൊരു കാര്യം. അത് 16.2 ശതമാനം . ഇപ്പോൾ , സ്ഥിതി വിവര സംഘടന കണക്കാക്കിയത് അതിനേക്കാൾ കുറവാണ്. സമ്പദ്‌വ്യവസ്ഥയിലെ യഥാർഥ്യം മറയ്ക്കാൻ ജിഡിപി കണക്ക് ഒരു മാസ്‌കായി സ്ഥിരം ഉപയോഗിക്കുകയാണ്‌ കേന്ദ്രസർക്കാർ.

മാറിമറിയുന്ന കണക്കുകൾ
എന്തായാലും, ഒന്നാം പാദത്തിലെ ജിഡിപി വളർച്ച പ്രസിദ്ധീകരിച്ചതോടെ നടപ്പു വർഷത്തെ  മൊത്തം വളർച്ച സംബന്ധിച്ച മുൻ പ്രവചനങ്ങൾ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും റേറ്റിങ് ഏജൻസികളുമെല്ലാം തിരുത്തിക്കൊണ്ടിരിക്കുകയാണ്. സ്ഥിതി വിവര സംഘടനയുടെ കണക്ക് പുറത്തുവന്നതിന്റെ പിറ്റേന്ന് തന്നെ എസ്‌ബിഐ, ഗോൾഡ്മാൻ സാച്ച്സ്, സിറ്റി ഗ്രൂപ്പ്, റേറ്റിങ് ഏജൻസിയായ മൂഡീസ് എന്നിവയെല്ലാം മുൻപ്രവചനം തിരുത്തി.

ഇക്കൊല്ലം എട്ടു ശതമാനം സാമ്പത്തിക വളർച്ചയെന്നായിരുന്നു സിറ്റി ഗ്രൂപ്പ് നേരത്തെ പറഞ്ഞത്. അത് 6.7 ആയി ചുരുക്കി. മൂഡീസ് 8.8 ശതമാനം നേരത്തെ പറഞ്ഞു. അതിപ്പോൾ 7.7 ശതമാനമാക്കി. നടപ്പുവർഷം 6.8 ശതമാനമായിരിക്കും വളർച്ചാ നിരക്കെന്ന് എസ്‌ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് പറയുന്നു. 7.8 ശതമാനമായിരുന്നു മുൻ പ്രവചനം. ഇതിനേക്കാളൊക്കെ താഴെ പോകുമെന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. രാജ്യസമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി അത്ര മെച്ചമല്ലെന്ന് ഏവരും അംഗീകരിക്കുന്നുവെന്ന് ചുരുക്കം. അടിസ്ഥാന വ്യവസായങ്ങൾ, ഉൽപ്പന്ന നിർമാണ മേഖല, വ്യാപാരം, ഹോട്ടൽ വ്യാവസായം, ഗതാഗതം, വാർത്താ വിനിമയം എന്നീ മേഖലകളൊന്നും കരകയറിയിട്ടില്ല. കൂടുതൽ പേർ തൊഴിലെടുക്കുന്ന കാർഷിക മേഖലയും നിർമാണ മേഖലയുമെല്ലാം ആദ്യപാദത്തിൽ പിന്നോട്ടടിച്ചു.

അടിസ്ഥാന ചോദ്യത്തിന് ഉത്തരമില്ല
ഇനി കേന്ദ്രസർക്കാർ പറയുന്ന വളർച്ചാ കണക്കുകൾ അംഗീകരിച്ചാൽത്തന്നെ, അതൊന്നും അടിസ്ഥാനപരമായ ചോദ്യത്തിന് ഉത്തരം നൽകുന്നില്ല.  സമൂഹത്തിൽ ജീവിക്കുന്ന ഏതൊരു വ്യക്തിയും സ്ഥാപനവും സർക്കാരുമെല്ലാം ചോദിക്കേണ്ട ഒരു പ്രധാന ചോദ്യം സോക്രട്ടീസ് പണ്ടു ചോദിച്ചിട്ടുണ്ട്. ഒരാൾ എങ്ങനെ ജീവിക്കണം ? അതാണ് മുഖ്യ പ്രശ്നം. രൂക്ഷമായ തൊഴിലില്ലായ്മ, വിലക്കയറ്റം, വരുമാനമില്ലായ്മ എന്നിവയാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. ഈ അവസ്ഥയിൽ സാധാരണ മനുഷ്യർ എങ്ങനെ ജീവിക്കും. രാജ്യത്തെ ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റ നിരക്ക് 6.7 ശതമാനവും മൊത്തവില 15 ശതമാനവുമാണ്. വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്നത് സാധാരണ ജനങ്ങളും തൊഴിലാളികളും. ജിഡിപിയുടെ പെരുമ്പറ കൊട്ടുന്നവരുടെ കണക്കിൽ ഈ മനുഷ്യരുടെ ജീവിതമില്ല. അപ്പോൾ, ആരുടെ വരുമാനമാണ് വർധിക്കുന്നത്, സമ്പത്ത് എവിടെയാണ് കേന്ദ്രീകരിക്കുന്നത്, സമ്പത്തും വരുമാനവും എങ്ങനെ വിതരണം ചെയ്യുന്നു, ആരുടെ താൽപ്പര്യങ്ങൾക്കാണ് മുൻതൂക്കം എന്നിവയൊക്കെ  വ്യക്തം. 2020 ൽ ഇന്ത്യയിലെ ശതകോടീശ്വരന്മാർ 102 ആയിരുന്നെങ്കിൽ 2021 ൽ അവരുടെ എണ്ണം 142 ആയി .

രാജ്യത്തിന്റെ ദേശീയ സ്വത്തിൽ, അടിത്തട്ടിലുള്ള അമ്പതു ശതമാനം ജനങ്ങൾക്കാകെയുള്ള പങ്ക് ആറു ശതമാനം മാത്രം. പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായ വ്യവസായി ഗൗതം അദാനി ലോകത്തെ അതിസമ്പന്നരിൽ മൂന്നാമനായതുപോലുള്ള വളർച്ചയാണ് ഉണ്ടാകുന്നത്‌. സാമ്പത്തിക - സാമൂഹ്യ അസമത്വം പെരുകുന്നു.  രാജ്യത്തെ ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, ദളിത് വിഭാഗങ്ങൾ തുടങ്ങിയവർ പട്ടിണിയിലും തീരാദുരിതത്തിലുമാണ്.  സാധാരണ ജനങ്ങളുടെ സാമൂഹ്യാവശ്യങ്ങൾ ഒരു തരിപോലും പരിഗണിക്കപ്പെടുന്നില്ല. ഈ വസ്തുതകളെല്ലാം മറച്ചു പിടിക്കാനുള്ള സൂത്രങ്ങളായി മാറുന്നു ജിഡിപി കണക്കുകൾ. ഇതിനിടെ . ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി എന്ന പുതിയ അവകാശവാദവും  വരുന്നുണ്ട്. സാധാരണക്കാരുടെ ജീവിതാവസ്ഥ, ആളോഹരി വരുമാനത്തിലെ വൻ അന്തരം എന്നിവയൊന്നും പ്രതിഫലിക്കുന്നതല്ല ഇതെന്ന്‌ വ്യക്തം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top