23 April Tuesday

ഫൈവ്‌ സ്‌റ്റാർ ഹോട്ടലല്ല സൂപ്പർ മെഡി. കോളേജ്‌

പ്രത്യേക ലേഖകൻUpdated: Friday Sep 11, 2020


കൊച്ചി
സർക്കാരിന്റെ കരുതലിൽ എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ വളർച്ചയുടെ ഒരുഘട്ടംകൂടി പിന്നിടുന്നു. സാധാരണക്കാർക്ക്‌ അത്യാധുനിക ചികിത്സയും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ ആധുനിക ഉപകരണങ്ങളടക്കം 13 കോടി രൂപയുടെ വികസന പദ്ധതികളാണ്‌ മന്ത്രി കെ കെ ശൈലജ വ്യാഴാഴ്‌ച നാടിനു സമർപ്പിച്ചത്‌.

ഡിജിറ്റൽ ഫ്‌ളൂറോസ്‌കോപ്പി
ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തിന്റെ തത്സമയ വീഡിയോ ചിത്രീകരിക്കുന്ന  സംവിധാനം ഇനി എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലും.  വ്യാഴാഴ്‌ച ഡിജിറ്റൽ ഫ്‌ളൂറോസ്‌കോപ്പി മെഷീൻ ഉദ്‌ഘാടനം ചെയ്‌തു. ഒന്നരക്കോടി രൂപ വിലയുള്ള  ഈ മെഷീൻ ക്യാൻസർ രോഗികൾക്ക്‌ ഏറെ പ്രയോജനപ്പെടും.  തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ മാത്രമാണിതുള്ളത്‌.

നവീകരിച്ച ഒപി ബ്ലോക്കും ഇ ഹെൽത്തും
രോഗികൾ ഇനി ക്യൂ നിന്നു വിഷമിക്കേണ്ട. ഇ ഹെൽത്ത് പദ്ധതിയിൽ ഒപികളിൽ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തുന്നതോടെ കാത്തിരിപ്പിന്റെ സമയം കുറയും. പരിശോധനാഫലങ്ങൾ ഡോക്ടർമാർക്ക്‌ കംപ്യൂട്ടറുകളിൽ ലഭ്യമാകും.  സർക്കാരിന്റെ ആർദ്രം മിഷന്റെ ഭാഗമായി മെഡിക്കൽ കോളേജിൽ 3.8 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഒ പി വിഭാഗത്തിലും ഇ ഹെൽത്ത്‌ സംവിധാനത്തിലും നടപ്പാക്കിയത്. 


 

അത്യാധുനിക ഐസിയു
ഒരേസമയം 70 രോഗികളെ കിടത്തി ചികിത്സിക്കാവുന്ന അത്യാധുനിക സംവിധാനവുമായി നാല് കോടി രൂപ ചെലവഴിച്ചാണ്‌ ഐസിയു നവീകരിച്ചത്‌.  നിലവിൽ ഗുരുതരാവസ്ഥയിലുള്ള നാൽപ്പതോളം കോവിഡ് ബാധിതർക്ക് ഇവിടെ വിദഗ്ധ പരിചരണം നൽകുന്നു. 16 വെന്റിലേറ്ററുകളും രണ്ട് എബിജി മെഷീനുകളും ഒരു അൾട്രാസൗണ്ട് സ്‌കാനിങ്‌ മെഷീനും സ്ഥാപിച്ചു. 

പിസിആർ ലാബ്‌
കോവിഡ് പരിശോധനയ്ക്കായി ദിവസേന 1000  പരിശോധനകൾ നടത്താൻ കഴിയുന്ന പിസിആർ ലാബ്‌ ദ്രുതഗതിയിലാണ് പൂർത്തിയാക്കിയത്‌. 1.63 കോടി രൂപ ചെലവഴിച്ചു.

നവീകരിച്ച മോർച്ചറിയും പവർ ലോൺട്രിയും
ഒരേസമയം 12 മൃതദേഹങ്ങൾ സൂക്ഷിക്കാവുന്ന ബ്ലൂ സ്റ്റാർ ഫ്രീസർ പ്രവർത്തനസജ്ജമായി.  65 ലക്ഷം ചെലവഴിച്ചാണ് നൂതന പവർ ലോൺട്രി സജ്ജമാക്കിയത്. 98.8 ലക്ഷം രൂപ ചെലവഴിച്ച് 130 ക്യാമറകളുള്ള സിസി ടിവി സംവിധാനവും സജ്ജമാക്കി.

വികസനത്തിൽ അതിവേഗം
2000ൽ എൽഡിഎഫ്‌ സർക്കാർ സഹകരണ മേഖലയിൽ സ്ഥാപിച്ച എറണാകുളം മെഡിക്കൽ കോളേജ്‌ 2013ൽ സർക്കാർ ഏറ്റെടുത്തെങ്കിലും തസ്‌തിക പോലും അനുവദിച്ചില്ല. ഇപ്പോഴത്തെ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ്‌ കേരളത്തിലെ പ്രമുഖ ചികിത്സാ കേന്ദ്രമാക്കി എറണാകുളം മെഡിക്കൽ കോളേജിനെ മാറ്റിയത്‌.   60 കോടി രൂപയുടെ വികസനമാണ്‌ നാലുവർഷത്തിനിടെ ഇവിടെ പൂർത്തിയാക്കിയത്‌.  കിഫ്‌ബിയിൽനിന്ന്‌ 311 കോടി രൂപ ചെലവഴിച്ച്‌ എട്ടു നിലകളിൽ ഒരുക്കുന്ന മാതൃ ശിശു സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിർമാണം പുരോഗമിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top