25 April Thursday

ഐക്യവിജയം ; പൊതുശത്രു കോർപറേറ്റുകളെന്ന്‌ കർഷകർ തിരിച്ചറിഞ്ഞു

പ്രത്യേക ലേഖകൻUpdated: Friday Dec 10, 2021


ന്യൂഡൽഹി
പൊതുശത്രുവിനെ തിരിച്ചറിഞ്ഞ്‌ ഐക്യത്തോടെ പൊരുതിയാണ്‌ കർഷകർ വിജയം ഗംഭീരമാക്കിയത്‌. ആദ്യാവസാനം ഐക്യം കാത്തുസൂക്ഷിക്കാൻ സംയുക്ത കിസാൻ മോർച്ചയ്‌ക്കായി.  സുദീർഘവും വിപുലവും ജനകീയവുമായ പ്രക്ഷോഭത്തിലുണ്ടായ ചെറിയ അസ്വാരസ്യങ്ങൾ പറഞ്ഞുതീർത്തു. പ്രധാന കാര്യങ്ങളിൽ നീണ്ട ചർച്ചകളിലൂടെ സമവായമുണ്ടാക്കി. അഞ്ഞൂറിൽപ്പരം സംഘടനകളുടെ പൊതുവേദിയായ സംയുക്ത കിസാൻ മോർച്ച എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. സമരം ഒത്തുതീർക്കാൻ നിർബന്ധിതരായ കേന്ദ്രസർക്കാർ  മുന്നോട്ടുവച്ച കരട്‌ നിർദേശങ്ങളോട്‌ പ്രതികരിക്കുന്നതിലും കിസാൻ മോർച്ച ഐക്യത്തിന്റെ കരുത്ത്‌ പ്രദർശിപ്പിച്ചെന്ന്‌ അഖിലേന്ത്യാ കിസാൻ സഭ ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌ പറഞ്ഞു. വിളകൾക്ക്‌ ന്യായവില കിട്ടാതിരിക്കാൻ കാരണം കോർപറേറ്റ്‌ ചൂഷണമാണ്‌. ഇതിന്‌ സർക്കാർ ഒത്താശ ചെയ്യുന്നു. ചൂഷണം നിയമപരമാക്കാനാണ്‌ കാർഷികനിയമങ്ങൾ കൊണ്ടുവന്നത്‌. ജാതി, മത, സ്വത്വ ഭേദങ്ങൾക്കപ്പുറം തങ്ങളുടെ പൊതുശത്രു കോർപറേറ്റുകളാണെന്ന കർഷകരുടെ തിരിച്ചറിവിന്‌ മുന്നിൽ ഭിന്നിപ്പിക്കാനുള്ള കുതന്ത്രങ്ങൾ പരാജയപ്പെട്ടു. ഭാവി പോരാട്ടങ്ങൾക്ക്‌ കരുത്താകുന്ന ഐക്യവും വർഗബോധവും കർഷകരിൽ രൂപംകൊണ്ടതാണ്‌ പ്രക്ഷോഭത്തിന്റെ ഏറ്റവും വലിയ നേട്ടം.

തകർന്നടിഞ്ഞത്‌ ബിജെപിയുടെ ഹുങ്ക്‌
കർഷക വിജയത്തിൽ തകർന്നടിഞ്ഞത്‌ ബിജെപിയുടെ ഹുങ്ക്‌.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘56 ഇഞ്ച് നെഞ്ചുറപ്പ്‌’ മണ്ണിൽ പണിയെടുക്കുന്നവർക്കു മുന്നിൽ വിലപ്പോയില്ല.

രണ്ടാം തവണയും അധികാരത്തിൽ വന്നതിനു പിന്നാലെയാണ്‌ കോവിഡ്‌ അടച്ചിടൽ അവസരമാക്കി കേന്ദ്ര സർക്കാർ കാർഷികമേഖലയിൽ കമ്പനിവൽക്കരണം പ്രഖ്യാപിച്ചത്‌. ധനമന്ത്രി നിർമല സീതാരാമൻ ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി പുതിയ കാർഷിക നിയമങ്ങൾ കൊണ്ടുവരുമെന്ന്‌ ആദ്യം അറിയിച്ചു. വൈകാതെ ഓർഡിനൻസുകൾ ഇറക്കി. പാർലമെന്റിൽ തിരക്കിട്ട്‌ നിയമവും പാസാക്കി. കോവിഡ്‌ കാലത്തുപോലും വളർച്ച കൈവരിച്ച കാർഷികമേഖലയിൽനിന്ന്‌ കോർപറേറ്റുകൾക്ക്‌ വൻതോതിൽ ലാഭം കൊയ്യാൻ സർക്കാർ വാതിൽ തുറന്നുകൊടുത്തു.

ബിജെപിയുടെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക്‌ യഥേഷ്ടം പണമൊഴുക്കിയതിന് കോർപറേറ്റുകൾക്കുള്ള പ്രത്യുപകാരമായിരുന്നു കാർഷികനിയമങ്ങൾ. ഇവ നടപ്പാക്കുകതന്നെ ചെയ്യുമെന്ന്‌ പ്രധാനമന്ത്രി ആവർത്തിച്ചു. കർഷകരെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്‌തു. ഭിന്നിപ്പിക്കാൻ ശ്രമിച്ചു. പതറാതെ പൊരുതിയ കർഷകർ ബിജെപി സർക്കാരിനെ പാഠംപഠിപ്പിച്ചു. 

അതേസമയം, കാർഷികമേഖലയിൽ നവഉദാരനയങ്ങൾ നടപ്പാക്കുന്നതിൽനിന്ന്‌ പിൻവാങ്ങേണ്ടിവന്നത്‌ മോദിസർക്കാരും കോർപറേറ്റുകളും തമ്മിൽ അസ്വാരസ്യമുണ്ടാക്കി. കാർഷിക വായ്‌പകൾ നൽകാനുള്ള എസ്‌ബിഐ–-അദാനി ക്യാപിറ്റൽ കരാർ കോർപറേറ്റുകളുടെ കോപം ശമിപ്പിക്കാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമാണ്‌. ബിജെപിയുടെ രാഷ്ട്രീയ അടിത്തറയിലും കർഷകപ്രക്ഷോഭം വിള്ളലുണ്ടാക്കി. വർഗീയവൽക്കരിച്ച്‌ വോട്ട്‌ തട്ടാനുള്ള ശ്രമങ്ങൾക്കും കർഷകഐക്യം വിലങ്ങുതടിയാകും. മുസഫർനഗർ അടക്കമുള്ള സ്ഥലങ്ങളിൽ എല്ലാ വിഭാഗത്തിലുമുള്ള  തൊഴിലാളികളും കർഷകരും ഒന്നിച്ചിരിക്കുന്നു. ലഖിംപുർ ഖേരി കൂട്ടക്കൊലയും ബിജെപിയെ വേട്ടയാടും.


 

‘യുദ്ധതന്ത്രങ്ങൾ’ തോറ്റമ്പി
കർഷകസമര വീര്യത്തിനുമുന്നിൽ തോറ്റ്‌ തുന്നംപാടിയത്‌ കേന്ദ്ര സർക്കാരിന്റെ ‘യുദ്ധതന്ത്രങ്ങൾ.’ കർഷകപ്രവാഹം തടയാൻ ഒറ്റരാത്രികൊണ്ട്‌ ടിക്രിയിലേക്കുള്ള റോഡിൽ പൊലീസുകാർ അള്ളുവച്ചു. ഹരിയാനയിൽനിന്ന്‌ കർഷകർ വരുന്ന വാഹനങ്ങൾ അതിർത്തിയിൽത്തന്നെ പഞ്ചറാക്കാനായിരുന്നു നീക്കം.

ഡൽഹിക്കും ഹരിയാനയ്‌ക്കും ഇടയിൽ പൊലീസ്‌ ബാരിക്കേഡുകളും കമ്പിവേലികളും നിരത്തി തടസ്സമുണ്ടാക്കി. റോഡിൽ ട്രെഞ്ചുകൾ കുഴിച്ചു. ഗാസിപുർ അതിർത്തിയിലും ആണികൾ തറച്ച്‌  ‘മുൾപ്പാത’യുണ്ടാക്കി. ചില സ്ഥലത്ത്‌ കോൺക്രീറ്റ്‌ ബാരിക്കേഡുകളും. സമരക്കാരെ തടയാൻ റോഡിൽ കിടങ്ങുണ്ടാക്കുന്നതും അള്ളുവയ്ക്കുന്നതും മുതിർന്ന പൊലീസുകാർക്കുപോലും ആദ്യാനുഭവമായിരുന്നു. എന്നാൽ, ഇതിനെയെല്ലാം അപ്രസക്തമാക്കി കർഷകരും അവരുടെ ട്രാക്ടറുകളും സമരകേന്ദ്രങ്ങളിലേക്ക്‌ ഇരമ്പിയെത്തി. കർഷകരെ പ്രതിരോധിക്കാനുള്ള സർക്കാരിന്റെ ‘പുതിയവഴികൾ’ സമൂഹ–- അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായി. പൊലീസുകാർ ആണികൾ തറച്ച വഴിയിൽ  കർഷകർ ചെടികൾ നട്ടു.

കർഷകസമരവുമായി ബന്ധപ്പെട്ട്‌ സുരക്ഷയൊരുക്കാനെന്ന പേരിൽ ഏഴുകോടി രൂപ ചെലവിട്ടെന്നാണ്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പാർലമെന്റിനെ അറിയിച്ചത്‌. ഇതിൽ സിംഹഭാഗവും കർഷകരുടെ പ്രവാഹം തടയാനായിരുന്നു.

715 രക്തസാക്ഷികൾ
കർഷകസമരം വിജയത്തിലേക്ക്‌  എത്തിക്കാൻ ജീവൻ ബലിയായി നൽകിയത്‌  715 ലേറെ കർഷകർ. ലഖിംപുർ ഖേരിയിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുടെ മകൻ കാറിടിച്ച്‌ കൊലപ്പെടുത്തിയ നാലുപേർ ഉൾപ്പെടെയുള്ളവരുടെ ജീവന്റെയും ചോരയുടെയും അടിത്തറയിലാണ്‌ ഈ വിജയം. 

ഒരുവർഷത്തിലേറെ നീണ്ട പ്രക്ഷോഭത്തിനിടയ്‌ക്ക്‌  രോഗങ്ങൾ, ഹൃദയാഘാതം, കോവിഡ്‌, വാഹനാപകടങ്ങൾ, ആത്മഹത്യ, തീപിടിത്തം, കഠിനമായ തണുപ്പ്‌ തുടങ്ങി വിവിധ കാരണങ്ങളാണ്‌ ഇത്രയും കർഷകർക്ക്‌ ജീവൻ നഷ്ടപ്പെട്ടത്‌. സിൻഘുഅതിർത്തി, ടിക്രി അതിർത്തി, ഡൽഹി–-കർണാൽ ഹൈവേ, ഡൽഹി–-ഹിസാർ റോഡ്‌, പഞ്ചാബിലെ മൊഹാലി, വിവിധ ടോൾപ്ലാസകൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മരണമുണ്ടായി. മരിച്ചവരിൽ അധികം പേരും ചെറുകിട, ഇടത്തരം കർഷകരായിരുന്നു. ചിലർക്കെല്ലാം സ്വന്തമായി ഒരുതുണ്ട്‌ ഭൂമി പോലുമുണ്ടായിരുന്നില്ല.

മരിച്ച കർഷകരുടെ ശരാശരി പ്രായം 57 ആയിരുന്നെന്ന്‌ പട്യാലയിലെ പഞ്ചാബി സർവകലാശാല നടത്തിയ പഠനത്തിൽ പറയുന്നു.ചരിത്രം കുറിച്ച പോരാട്ടത്തിനിടയ്‌ക്ക്‌ മരണമടഞ്ഞവരുടെ ഉജ്വലസ്‌മരണകൾ പുതുക്കിയാണ്‌ കർഷകർ ഓരോദിവസവും പോരാട്ടം ശക്തിപ്പെടുത്തിയത്‌.


 

പോരാട്ടവഴി...

2020 ജൂൺ 5: കേന്ദ്ര സർക്കാർ മൂന്നു കാർഷിക ഓർഡിനൻസ്‌ പ്രഖ്യാപിച്ചു.
സെപ്‌തംബർ 14: പാർലമെന്റിൽ ബിൽ അവതരിപ്പിച്ചു
സെപ്‌തംബർ 17: ലോക്‌സഭയിൽ പാസാക്കി
സെപ്‌തംബർ 20: രാജ്യസഭ ശബ്ദ വോട്ടോടെ പാസാക്കി
സെപ്‌തംബർ 24: പഞ്ചാബിലെ കർഷകർ മൂന്നുദിവസത്തെ ട്രെയിൻ തടയൽ പ്രഖ്യാപിച്ചു.
സെപ്‌തംബർ 25: കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനപ്രകാരം രാജ്യത്താകമാനം പ്രതിഷേധം
നവംബർ 27: ബില്ലുകൾ രാഷ്ട്രപതി അംഗീകരിച്ചു.
ഡിസംബർ 3: കർഷക പ്രതിനിധികളുമായി സർക്കാരിന്റെ ആദ്യഘട്ട ചർച്ച.
ഡിസംബർ 8: ഭാരത്‌ ബന്ദിന്‌ കർഷകരുടെ ആഹ്വാനം.  
ഡിസംബർ 11: ഭാരതീയ കിസാൻ യൂണിയൻ കർഷക നിയമങ്ങൾക്കെതിരെ സുപ്രീംകോടതിയിൽ.
ഡിസംബർ 16: പ്രശ്‌നപരിഹാരത്തിനായി സർക്കാർ, കർഷക സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി പാനൽ രൂപീകരിക്കാമെന്ന്‌ സുപ്രീംകോടതി.
ജനുവരി 12: കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത്‌ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. നിയമനിർമാണങ്ങളിൽ ശുപാർശകൾ നൽകാൻ നാലംഗസമിതി രൂപീകരിച്ചു.
ജനുവരി 26: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ കർഷകരും പൊലീസും ഏറ്റുമുട്ടി. ഒരാൾ മരിച്ചു.
ഫെബ്രുവരി 5: കർഷകരെ രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, വിദ്വേഷം വളർത്തൽ കുറ്റങ്ങൾ ചുമത്തി ഡൽഹി പൊലീസ്‌ കേസെടുത്തു.
ഫെബ്രുവരി 18: സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ട്രെയിൻ തടഞ്ഞു.
മാർച്ച്‌6: ഡൽഹി അതിർത്തിയിലെ സമരത്തിന് 100 ദിവസം.
മാർച്ച്‌ 8: സിൻഘുവിലെ സമരകേന്ദ്രത്തിൽ വെടിവയ്‌പ്‌.
ജൂലൈ 22: പാർലമെന്റ്‌ സമ്മേളനം നടക്കുമ്പോൾ കർഷകർ ജന്തർ മന്ദറിൽ കർഷക പാർലമെന്റ് ആരംഭിച്ചു.  പാർലമെന്റിൽ പ്രതിഷേധം.
ആഗസ്ത്‌ 7: 14 പ്രതിപക്ഷ പാർടികൾ യോഗംചേർന്ന്‌ കർഷക പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സെപ്‌തംബർ 5: ഉത്തർപ്രദേശ്‌ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്ന്‌ മുസഫർ നഗറിൽ നടന്ന കർഷക മഹാപഞ്ചായത്തിൽ പ്രഖ്യാപിച്ചു.
 സെപ്‌തംബർ 11: കർഷകരുടെ ആവശ്യങ്ങൾക്ക്‌ ഹരിയാന സർക്കാർ വഴങ്ങി. ബസ്‌താര ആക്രമണത്തിൽ റിട്ട. ജഡ്ജിയുടെ അന്വേഷണം പ്രഖ്യാപിച്ചു.  
സെപ്‌തംബർ 27: ഭാരത്‌ ബന്ദ്‌ വൻവിജയം
ഒക്‌ടോബർ 3: കേന്ദ്ര മന്ത്രി അജയ്‌ മിശ്രയുടെ മകൻ ആശിഷ്‌ മിശ്ര കർഷകർക്കിടയിലേക്ക്‌ വാഹനം ഓടിച്ചുകയറ്റി നാലുപേരെ കൊന്നു. ആശിഷടക്കം 10 പേർ അറസ്റ്റിലായി.  
നവംബർ 19: കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
നവംബർ 21: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരായി നിശ്ചയിച്ചിട്ടുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാൻ സിൻഘുവിൽ ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗം തീരുമാനിച്ചു. ആറ്‌ ആവശ്യം ഉന്നയിച്ച്‌ പ്രധാനമന്ത്രിക്ക്‌ തുറന്ന കത്തയച്ചു.
നവംബർ 24: നിയമം പിൻവലിച്ചുള്ള ബിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.
നവംബർ 26: ഡൽഹി കേന്ദ്രീകരിച്ചുള്ള സമരം ഒരു വർഷം പിന്നിടുന്നത്‌ മുൻനിർത്തി 26ന്‌ സിൻഘു, ടിക്രി തുടങ്ങിയ അതിർത്തി സമരകേന്ദ്രങ്ങളിലേക്ക്‌ കർഷക മാർച്ച്‌
നവംബർ 29: പാർലമെന്റിന്റെ ഇരുസഭയിൽ ചർച്ച കൂടാതെ കാർഷിക നിയമം പിൻവലിക്കുന്നതിനുള്ള ബിൽ പാസാക്കി.
ഡിസംബർ 1: കാർഷികനിയമം പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടു.
ഡിസംബർ 4: കേന്ദ്ര സർക്കാരുമായി ചർച്ചയ്‌ക്ക്‌ സംയുക്ത കിസാൻസഭ അഞ്ചംഗസമിതി രൂപീകരിച്ചു
ഡിസംബർ 8: കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട്‌ കേന്ദ്ര സർക്കാർ രേഖാമൂലം സമരസമിതിക്ക്‌ കത്ത്‌ നൽകി. സമരം അവസാനിപ്പിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു.
ഡിസംബർ 9: സമരം അവസാനിപ്പിച്ചതായി കർഷക സംഘടനകൾ പ്രഖ്യാപിച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top