11 December Monday

ചൊവ്വയിലും ഓക്‌സിജൻ പ്ലാന്റ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 10, 2023

ഭാവി ഗോളാന്തരയാത്രകൾക്ക്‌ ഊർജം പകർന്ന്‌ ചൊവ്വയിൽ ഓക്‌സിജൻ ഉൽപ്പാദനം. നാസയുടെ ചൊവ്വ  പര്യവേക്ഷണ റോ വറായ പേഴ്‌സിവറൻസ്‌ രണ്ടു വർഷത്തിലേറെയായി നടത്തിയ പരീക്ഷണം വിജയകരമെന്ന്‌ തെളിഞ്ഞു. ചൊവ്വയുടെ നേർത്ത അന്തരീക്ഷത്തിൽ നിന്ന്‌ ഓക്‌സിജൻ വേർതിരിക്കാനുള്ള ആദ്യ പരീക്ഷണഘട്ടമാണ്‌ പൂർത്തിയായിരിക്കുന്നത്‌.  റോവറിലെ മോക്‌സി (MOXIE–-Mars Oxygen In-Situ Resource Utilization Experiment) എന്ന ഉപകരണം ഇതിനോടകം 122 ഗ്രാം ഓക്‌സിജൻ ഉൽപ്പാദിപ്പിച്ചു. അളവിൽ കുറവെങ്കിലും ബഹിരാകാശ ഗവേഷണ രംഗത്ത്‌ വഴിത്തിരിവാകുമിത്‌.

2021 ഏപ്രിൽ 20നായിരുന്നു ആദ്യപരീക്ഷണ ഉൽപ്പാദനം. ഒരാൾക്ക്‌ പത്തു മിനിറ്റ്‌ ശ്വസിക്കാനുള്ള ഓക്സിജൻ അന്ന്‌ മോക്‌സി ഉൽപ്പാദിപ്പിച്ചു. ഓക്‌സിജൻ ഉൽപ്പാദനത്തിൽ 16 തവണ ക്ഷമത തെളിയിച്ചു ഈ ഉപകരണം.

ചൊവ്വയുടെ നേർത്ത അന്തരീക്ഷത്തിൽ ഭൂരിഭാഗവും കാർബൺ ഡൈഓക്‌സൈഡാണ്‌. ഇതിൽ നിന്നാണ്‌ ഓക്‌സിജൻ വേർതിരിക്കുന്നത്‌. പരീക്ഷണം വിജയിച്ചതോടെ ശേഷികൂടിയ ഉപകരണവും മറ്റ്‌ സാങ്കേതിക വിദ്യയും വികസിപ്പിക്കാനൊരുങ്ങുകയാണ്‌ ശാസ്‌ത്രലോകം. ഭാവിയിൽ ദൈർഘ്യമേറിയ ഗ്രഹാന്തര യാത്രകളിൽ ബഹിരാകാശ സഞ്ചാരികൾക്ക്‌ ജീവവായുവായും   വിക്ഷേപണ വാഹനങ്ങളുടെ  ഇന്ധനമായും ഈ ഓക്‌സിജൻ ഉപയോഗപ്പെടുത്താനാകും.  2020 ജൂലൈ 30ന്‌ വിക്ഷേപിച്ച പേഴ്‌സിവറൻസ്‌ റോവർ 2021 ഫെബ്രുവരി 18 നാണ്‌ ചുവന്ന ഗ്രഹമായ ചൊവ്വയിൽ സോഫ്‌റ്റ്‌ ലാൻഡ്‌ ചെയ്‌തത്‌. ചൊവ്വാ പ്രതലത്തിൽ പര്യവേക്ഷണം തുടരുന്ന റോവർ ഇതിനോടകം 20 കിലോമീറ്റർ സഞ്ചരിച്ചു കഴിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top