25 April Thursday

ഇതിന്‌ നിങ്ങൾ മാപ്പു പറഞ്ഞോ ? കോൺഗ്രസിന്റെ സ്‌ത്രീപീഡന പരമ്പരകൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 10, 2020

 

വ്യാപക പ്രതിഷേധത്തിന്‌ ശേഷം പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല തന്റെ സ്‌ത്രീ വിരുദ്ധ പരാമർശം പിൻവലിച്ചിട്ടുണ്ട്‌. എന്നാൽ ചെന്നിത്തലയുടെ പാർടിയുടെ പാരമ്പര്യം അങ്ങനെയല്ല; ആരോഗ്യമന്ത്രിയെ ആക്ഷേപിച്ച കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്ന്‌ തുടങ്ങുന്നു  ഈ സ്‌ത്രീ വിരുദ്ധത. കോൺഗ്രസിന്റെ സ്‌ത്രീപീഡന പരമ്പരകളും കേരളം കണ്ടിട്ടുണ്ട്‌. അത്തരത്തിലുള്ള സമീപകാല വാർത്തകൾ ചിലത്‌ മാത്രമാണിവ...

ജയിലിൽനിന്ന് ഇറങ്ങിയ എംഎൽഎയ്‌ക്ക്‌ പൂച്ചെണ്ട്‌
വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച കേസിൽ ജയിലിലടച്ച എംഎൽഎയെ ജാമ്യം കിട്ടിയപ്പോൾ മാലയിട്ട്‌ സ്വീകരിച്ച ചരിത്രവും  കോൺഗ്രസിനും അതിന്റെ നേതാക്കൾക്കും മാത്രം.

കോവളം എംഎൽഎ  എം വിൻസന്റാണ്‌ 2017 ജൂലൈ 22ന്‌ പീഡനക്കേസിൽ ജയിലിലായത്‌. ജയിലിലടച്ചശേഷം ജാമ്യത്തിലിറങ്ങിയപ്പോൾ കോൺഗ്രസുകാർ മാലയിട്ടാണ്‌‌ സ്വീകരിച്ചത്‌. നിലവിൽ വിൻസന്റ്‌ ജാമ്യത്തിലാണ്‌. സ്‌ത്രീപീഡന കേസിൽ പ്രതിയായ വിൻസന്റ്‌ എംഎൽഎസ്ഥാനം രാജിവയ്‌ക്കണമെന്ന്‌ മഹിളാ കോൺഗ്രസ്‌ നേതാക്കൾകൂടിയായ ബിന്ദു കൃഷ്‌ണയും ഷാനിമോൾ ഉസ്‌മാനും ആവശ്യപ്പെട്ടിട്ടും വിൻസന്റിനെ സംരക്ഷിക്കുകയായിരുന്നു കോൺഗ്രസ്‌ നേതൃത്വം.

ബാലരാമപുരം സ്വദേശിനിയായ യുവതിയെ ഭർത്താവും മകനും ഇല്ലാത്ത സമയത്ത്‌ വീട്ടിൽചെന്ന്‌ രണ്ടുതവണ ബലാത്സംഗം ചെയ്‌തെന്നാണ്‌ പരാതി. എംഎൽഎ ക്വാർട്ടേഴ്‌സിലുൾപ്പെടെ എത്താനും നിർദേശിച്ചു. തൊള്ളായിരത്തിലേറെ തവണ യുവതിയെ വിൻസന്റ്‌ എംഎൽഎ ഫോൺ ചെയ്‌തതിന്റെ രേഖകളും പൊലീസ്‌ കണ്ടെത്തിയിരുന്നു. യുവതിയെ സ്വാധീനം ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്നാണ്‌ കേസ്‌. എംഎൽഎയെ അറസ്റ്റ്‌ ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ മാർച്ച്‌ സംഘടിപ്പിച്ച്‌ പ്രതിയെ രക്ഷിക്കാനുള്ള ശ്രമം യൂത്തുകോൺഗ്രസുകാരും നടത്തിയിരുന്നു.

ഓർമയില്ലേ സോളാർകാലത്തെ പീഡനം
സോളാർ അധിഷ്‌ഠിത വ്യവസായം തുടങ്ങാൻ സഹായവാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കോൺഗ്രസിന്റെ ജനപ്രതിനിധികളുമുണ്ട്‌. ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാർ എന്നിവർക്കെതിരെയാണ്‌ ലൈം​ഗികപീഡനത്തിന് കേസുള്ളത്‌‌. എംഎൽഎമാരായിരിക്കെയാണ്‌ മൂന്നുപേർക്കുമെതിരെ 2019 മാർച്ച്‌ 14ന്‌ ക്രൈംബ്രാഞ്ച്‌ കൊച്ചിയിലെ പ്രത്യേക കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചത്‌.

ഹൈബി ഈഡനെതിരെ ബലാത്സംഗത്തിനും അടൂർ പ്രകാശിനും എ പി അനിൽകുമാറിനുമെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, പ്രകൃതിവിരുദ്ധ പീഡനം എന്നീ വകുപ്പുകൾ പ്രകാരവുമാണ് കേസ്‌‌. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ സോളാർ അഴിമതിയെത്തുടർന്ന്‌ ആ സർക്കാർതന്നെ നിയോഗിച്ച കമീഷൻ റിപ്പോർട്ടിലെ നിർദേശത്തെതുടർന്നാണ്‌ ക്രൈംബ്രാഞ്ച് കോൺഗ്രസ് എംഎൽഎമാർക്കെതിരെ കേസെടുത്തത്‌.

ആനുകൂല്യം വേണോ? വഴങ്ങണം
മുതലമടയിൽ വീട്ടമ്മയെ പീഢിപ്പിച്ചതിനാണ്‌‌ യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി എസ്‌ ശിവരാജനെതിരെ കൊല്ലങ്കോട്‌ പൊലീസ്‌ കേസ്‌ എടുത്തത്‌. ആനുകൂല്യങ്ങൾ വാങ്ങിത്തരാമെന്ന്‌ പ്രലോഭിപ്പിച്ച്‌ വീട്ടിൽ വിളിച്ചുവരുത്തിയാണ്‌ പീഡനമെന്ന് വീട്ടമ്മ കൊല്ലങ്കോട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പുറത്തുപറഞ്ഞാൽ ഭർത്താവിനെയും മക്കളേയും കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തി. പീഡനം സഹിക്കവയ്യാതെയാണ്‌ പൊലീസിൽ പരാതി നൽകിയത്‌. വീട്ടമ്മ കോടതിയിൽ രഹസ്യമൊഴിയും നൽകിയിട്ടുണ്ട്‌.

മാനഭംഗം, വധശ്രമം, ഭവനഭേദനം തുടങ്ങി ഏഴ്‌ കേസ്‌ ഇയാൾക്കെതിരെയുണ്ട്‌. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥിയായി മത്സരിച്ച്‌ പരാജയപ്പെയാളാണ്‌ എസ്‌ ശിവരാജന്‍.

എൻജിഒ അസോ. നേതാവിനെതിരെ വനിതകളുടെ പരാതി
എൻജിഒ അസോസിയേഷൻ നേതാവായ ഹെൽത്ത്‌ ഇൻസ്‌പെക്ടർക്കെതിരെ  ഡോക്ടർ ഉൾപ്പെടെ  വനിതാ ജീവനക്കാരുടെ പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ  അന്വേഷണം പൂർത്തിയായി.  ഇരവിപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടറും എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗവുമായ എം മധു ലൈംഗികച്ചുവയോടെ സംസാരിക്കുന്നതായും മാനസ്സികമായി പീഡിപ്പിക്കുന്നെന്നുമാണ്‌ പരാതി. ജീവനക്കാരുടെ  മൊഴിയടക്കം അ‌‌ന്വേഷണ റിപ്പോർട്ട്‌  ആരോഗ്യവകുപ്പ്‌ ഡയറക്ടർക്ക്‌ നൽകി‌.  താൻ കൊലപാതകക്കേസിലെ പ്രതിയാണെന്നും സംഘടനാനേതാവാണെന്നും പറഞ്ഞ്‌ ഭീഷണിപ്പെടുത്തിയതായി  ജീവനക്കാർ മൊഴിനൽകി‌.

12 വയസ്സുകാരനെ പീഡിപ്പിച്ച എസ്‌ടിയു ജില്ലാ സെക്രട്ടറി ഒളിവിൽ
പന്ത്രണ്ട്‌ വയസ്സുകാരനെ പീഡിപ്പിച്ച എസ്ടിയു നേതാവ്‌ ഇപ്പോഴും ഒളിവിൽ. മുസ്ലിംലീഗ് പരപ്പനങ്ങാടി നഗരസഭാ ഡിവിഷൻ പ്രസിഡന്റും എസ്ടിയു ജില്ലാ സെക്രട്ടറിയുമായ ചേക്കാലി റസാഖാണ് പ്രതി. മുൻകൂർ ജാമ്യത്തിന്‌ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പഠനോപകരണങ്ങൾ നൽകാനെന്ന പേരിൽ വിദ്യാർഥിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. പരപ്പനങ്ങാടി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ പരപ്പനങ്ങാടി നഗരസഭയിൽ യുഡിഎഫ് സ്ഥാനാർഥിയായി ഇയാൾ മത്സരിച്ചിരുന്നു.

കോൺഗ്രസ്‌ ഓഫീസിൽ ബലാത്സംഗവും കൊലപാതകവും
കോൺഗ്രസ് നിലമ്പൂർ ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ ജീവനക്കാരിയായിരുന്ന ചിറക്കൽ രാധ കൊലചെയ്യപ്പെട്ടത്‌ ക്രൂരബലാത്സംഗത്തിന്‌ ഇരയായശേഷം. 2014 ഫെബ്രുവരി അഞ്ചിനായിരുന്നു സംഭവം. മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന ബിജു നായർ, കൂട്ടാളി ഷംസുദ്ദീൻ എന്നിവരായിരുന്നു പ്രതികൾ. കോൺഗ്രസ്‌ ഓഫീസിലെ വഴിവിട്ട പോക്ക്‌ നേതാക്കളെ അറിയിക്കുമെന്ന് രാധ പറഞ്ഞതാണ്‌ കൊലയ്‌ക്ക്‌ കാരണം. ഈ കേസിൽ കോടതി പ്രതികളെ‌ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചു. ഉന്നതനേതാക്കൾക്ക്‌ കൊലപാതകത്തിൽ പങ്കുണ്ടെന്ന രാധയുടെ സഹോദരൻ ഭാസ്‌കരന്റെ പരാതിയിൽ നടപടിയുണ്ടായില്ല.

പീഡന കേസ്‌ പ്രതിക്ക്‌ യുഡിഎഫ്‌ സംരക്ഷണം
മാനസിക വെല്ലുവിളി നേരിടുന്ന പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി മഞ്ചേരി നഗരസഭാ മുസ്ലിംലീഗ്‌ മുൻ കൗൺസിലർ കാളിയാർതൊടി കുട്ടന്‌ സംരക്ഷണമൊരുക്കിയത്‌ യുഡിഎഫ്‌. പ്രതിയാണെന്ന്‌ തെളിഞ്ഞിട്ടും ആറു‌തവണ കൗൺസിൽ യോഗത്തിൽ പങ്കെടുപ്പിച്ചു. ടിവി കാണാനെന്ന്‌ പറഞ്ഞ്‌ പെൺകുട്ടിയെ വീട്ടിലേക്ക്‌ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. 2018 ഡിസംബറിലാണ്‌ സംഭവം. ഇയാളെ ഒളിവിൽ പോകാനും ജാമ്യത്തിലിറങ്ങാനും സഹായിച്ചത് ലീഗ് പ്രാദേശിക നേതാക്കൾ. ആഗസ്‌ത്‌ 10ന്‌ കുട്ടൻ കൗൺസിലർ സ്ഥാനം രാജിവച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top