23 April Tuesday

നജില കണ്ടു; കുഞ്ഞു ഹഖിനെ

വെബ് ഡെസ്‌ക്‌Updated: Thursday Sep 10, 2020

കാസർകോട്‌ ബോവിക്കാനത്തെ ലത്തീഫ്‌–റുഖ്‌സാന ദമ്പതികൾ, ഹഖ്‌ എന്നുപേരിട്ട കുഞ്ഞുമായി രക്തസാക്ഷി ഹഖിന്റെ കുടുംബത്തോട്‌ വീഡിയോ കോളിലൂടെ സംസാരിച്ചു


തിരുവനന്തപുരം
കുഞ്ഞു ഹഖിന്റെ മുഖം സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ പ്രിയപ്പെട്ടവന്റെ ഓർമകൾ നജിലയുടെ മനസ്സിൽ തോരാമഴയായി. മിഴിനീർ അടരാൻ വെമ്പി. കുഞ്ഞിളം പുഞ്ചിരിക്ക്‌ പകരമായി മനസ്സ്‌‌ തുറന്ന്‌ ഒരു ചിരി പോലും നൽകാനാകാതെ ഉരുകി.
ജീവന്റെ ജീവനായ ഹഖ്‌ മുഹമ്മദിനെ നജിലയ്‌ക്ക്‌ നഷ്ടമായിട്ട്‌ ബുധനാഴ്‌ച പത്ത്‌ ദിവസം. തീരാനോവിൽ ഉള്ളം നീറുമ്പോഴാണ്‌ അവളെ തേടി കാസർകോട്‌ ബോവിക്കാനത്തെ ലത്തീഫ്‌–റുഖ്‌സാന ദമ്പതികളുടെ കൺമണിയായ ഹഖ്‌ മുഹമ്മദ്‌ എത്തിയത്‌. രക്തസാക്ഷികളായ ഹഖ്‌ മുഹമ്മദിന്റെയും മിഥിലാജിന്റെയും സ്‌മരണ നിലനിർത്താനാണ്‌ ലത്തീഫ്‌ അവരിലൊരാളുടെ പേര്‌ കുഞ്ഞിനിട്ടത്‌.

രക്തസാക്ഷിയുടെ പേര്‌ സ്വന്തം മകനിട്ടതുകൊണ്ടുമാത്രം തൃപ്‌തനായില്ല ലത്തീഫും ഭാര്യയും.  ഹഖിന്റെ പേരിന്റെ യഥാർഥ ഉടമയുടെ നല്ലപാതിയെ കാണിക്കണമെന്നായി ആഗ്രഹം. ആ ആഗ്രഹം സഫലമാക്കാനായി‌ വെഞ്ഞാറമൂട്‌ കലുങ്കിൻമുഖത്തെ ഹഖ്‌ മുഹമ്മദിന്റെ വീട്ടിലേക്ക്‌ വീഡിയോ കോൾ ചെയ്യുകയായിരുന്നു. ഉമ്മ റുഖ്‌സാനയുടെ കൈകളിലിരുന്ന്‌ ഹഖ്‌ മുഹമ്മദ്‌ ആദ്യമൊന്ന്‌ കരഞ്ഞെങ്കിലും പിന്നെ ശാന്തനായി. പ്രിയപ്പെട്ടവന്റെ പേരുള്ള കുഞ്ഞിനെ കണ്ടപ്പോൾ നജിലയുടെയും മുഹമ്മദ്‌ ഹഖിന്റെ മാതാപിതാക്കളുടെയും മനസ്സും മിഴികളും ഒരുപോലെ നിറഞ്ഞു.

ലത്തീഫും കുടുംബവും അവരെ ആശ്വസിപ്പിച്ചു. ഹഖ്‌ മുഹമ്മദിന്റെ ഉപ്പ അബ്ദുൾ സമദും ഉമ്മ ഷാഹിദയും കണ്ണീരോടെയാണ്‌ കുഞ്ഞ്‌ ഹഖ്‌ മുഹമ്മദിനെ കണ്ടത്‌. നേരിൽ കാണാമെന്ന്‌ പറഞ്ഞ്‌ ലത്തീഫ്‌ കോൾ കട്ടാക്കും മുമ്പേ കുഞ്ഞ്‌ ഹഖ്‌ ഒരിക്കൽ കൂടി അവരെ നോക്കി ചിരിച്ചു. കോവിഡ്‌ നിയന്ത്രണങ്ങൾക്ക്‌ പിൻവലിച്ചശേഷം ഹഖുമായി വെഞ്ഞാറംമൂട്ടിൽ എത്തുമെന്ന്‌ ലത്തിഫ്‌ ഉറപ്പും നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top