18 April Thursday

നയതന്ത്രത്തിൽ ഹവാലയും ; സ്വർണക്കടത്തുസംഘത്തിന്റെ ഹവാല ഇടപാടുകൾ

വിജയ‌്Updated: Friday Jul 10, 2020


തിരുവനന്തപുരം
നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ സംഘത്തിൽ ഒരു സുപ്രധാന കണ്ണികൂടിയുള്ളതായി കസ്റ്റംസ്‌. സ്വർണക്കടത്തുസംഘം ഹവാല ഇടപാടുകൾ നടത്തിയതായും കണ്ടെത്തി. ദുബായിൽനിന്ന്‌ സ്വർണം അയച്ച ഫാസിലിനെ കേസിൽ പ്രതിചേർക്കാനുള്ള നടപടികളും ആരംഭിച്ചു.

സന്ദീപ്‌ നായർക്കൊപ്പം കൊടുവള്ളിയിലേക്ക്‌ സ്വർണം കടത്താൻ ഒരാൾ സ്ഥിരമായി ഉണ്ടായിരുന്നുവെന്ന സൂചനയാണ്‌ കസ്റ്റംസിനു ലഭിച്ചത്‌. സ്വപ്‌നയുടെ മേൽനോട്ടത്തിൽ ഇവർ രണ്ടു പേരുമാണ്‌ തലസ്ഥാനത്തുനിന്ന്‌ സ്വർണം കൈമാറുന്നത്‌. കൊടുവള്ളി സ്വദേശിയുടെ സമ്മതത്തോടെയാണ്‌ സ്വപ്‌നയും സന്ദീപും തിരുവനന്തപുരത്ത്‌ താമസിക്കുന്ന ഒരാളെക്കൂടി സംഘത്തിൽ ഉൾപ്പെടുത്തിയത്‌. ഇയാൾക്കായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്‌ച കസ്റ്റംസ്‌ തെരച്ചിൽ നടത്തി. ഹവാല ഇടപാടിലൂടെയാണ്‌ സരിത്ത്‌ ഫാസിലിന്‌ പണം എത്തിച്ചിരുന്നതെന്ന വിവരവും ലഭിച്ചു.

നയതന്ത്ര പരിരക്ഷയുള്ള ബാഗേജുകൾക്ക്‌ കോൺസുലേറ്റ്‌ നേരിട്ടാണ്‌ ബാങ്ക്‌ വഴി പണം അടയ്‌ക്കുന്നത്‌. സരിത്ത്‌ ഫാസിലിന്‌ നേരിട്ട്‌ പണം കൈമാറുകയായിരുന്നു. നയതന്ത്ര‌ ബാഗിലൂടെയും ഫാസിലിന്‌ പണം അയച്ചിരുന്നതായും കസ്റ്റംസ്‌ സംശയിക്കുന്നു. ഹവാലയുടെ ഉറവിടം കസ്റ്റംസിന്‌ കണ്ടെത്താനായിട്ടില്ല.

ഫാസിലിനെ തേടി കസ്‌റ്റംസ്
നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ ഫാസിലിനെ തേടി കസ്‌റ്റംസ്‌. പരിരക്ഷയുള്ള ബാഗിൽ അതീവശ്രമകരമായി സ്വർണം ഒളിപ്പിച്ചതിനെ കുറിച്ചും കസ്‌റ്റംസ്‌ അന്വേഷിക്കുന്നു. യുഎഇയിൽനിന്ന്‌ നയതന്ത്ര ബാഗേജിൽ സ്വർണം അയച്ചത്‌ ഫാസിലാണ്‌. നയതന്ത്ര ബാഗേജുകൾ പരിശോധിക്കാൻ പാടില്ലെന്നാണ്‌ നിയമം. എക്‌സറേ ഉൾപ്പെടെയുള്ള പരിശോധനകൾക്ക്‌ വിധേയമാക്കാത്ത ബാഗ്‌ നിഷ്‌പ്രയാസം പുറത്തെത്തും. ഈ സാഹചര്യത്തിൽ വാതിൽപിടിയും പൈപ്പിലും ഫാസിൽ എന്തിന്‌ സ്വർണം ഒളിപ്പിച്ചു എന്നാണ്‌ കസ്‌റ്റംസ്‌ അന്വേഷിക്കുന്നത്‌. രഹസ്യ വിവരം ലഭിച്ചതിനാൽമാത്രമാണ്‌ ബാഗ്‌ പരിശോധിക്കാൻ കസ്‌റ്റംസ്‌ തയ്യാറായത്‌.

മുമ്പ്‌ ഈ രീതിൽ അല്ല സ്വർണം കടത്തിയതെന്നും സരിത്ത്‌ കസ്‌റ്റംസിന്‌ മൊഴി നൽകിയിട്ടുണ്ട്‌. ബാർ, പേസ്‌റ്റ്‌ രൂപത്തിലാണ്‌ സ്വർണം കടത്തുന്നത്‌. 2019ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്‌റ്റംസ്‌ സൂപ്രണ്ടിന്റെ സഹായത്തോടെ 25 കിലോ സ്വർണം ബാർ രൂപത്തിലാണ്‌ കടത്താൻ ശ്രമിച്ചത്‌. നയതന്ത്ര ബാഗേജിൽ ഇത്രയും ശ്രമകരമായി സ്വർണം ഒളിപ്പിക്കാനുള്ള കാരണമാണ്‌ അന്വേഷക സംഘം തേടുന്നത്‌. സരിത്തിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ഇതിനുള്ള ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ സംഘം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top