29 March Friday

ഓർമകളിലെ ‘സിബിഐ'ക്കാലവുമായി അണിയറ പ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022

തിരുവനന്തപുരം > 1988ലെ ഒരു സിബിഐ ഡയറിക്കുറിപ്പുമുതൽ സിബിഐ പരമ്പരയിലെ ഓരോ സിനിമയും നൽകിയ അനുഭവങ്ങളും ഓർമകളും പങ്കുവച്ച്‌ താരങ്ങൾ. സിബിഐയുടെ അഞ്ചാം വരവെന്ന ചരിത്രമുഹൂർത്തത്തിൽ അണിയറ പ്രവർത്തകരെ ആദരിക്കാൻ തിരുവനന്തപുരം പ്രസ്‌ക്ലബ്‌ സംഘടിപ്പിച്ച ചടങ്ങിലാണ്‌ അഭിനേതാക്കളും മറ്റു പ്രവർത്തകരും ഓർമകൾ പങ്കുവച്ചത്‌. മമ്മൂട്ടിയും ജഗതി ശ്രീകുമാറും ഓൺലൈനിൽ പങ്കെടുത്തു.

എഴുത്തുകാരൻ ജോർജ്‌ ഓണക്കൂർ ഉദ്‌ഘാടനം ചെയ്തു. സിനിമയുടെ തിരക്കഥാകൃത്ത്‌ എസ്‌ എൻ സ്വാമിയും ജഗതി ശ്രീകുമാറും തന്റെ വിദ്യാർഥികളായിരുന്നുവെന്നത്‌ അഭിമാനമേകുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. സിനിമയെ ആസൂത്രിതമായി ഇകഴ്‌ത്തിക്കാട്ടാനുള്ള ശ്രമം നടന്നിരുന്നു. റിലീസായി അരമണിക്കൂർകൊണ്ട്‌ ചില കേന്ദ്രങ്ങളിൽനിന്ന്‌ സിനിമയ്ക്കെതിരെ നീക്കമുണ്ടായി. എന്നാൽ, "സിബിഐ 5 ദ ബ്രെയിൻ' തിയറ്ററുകളിൽ നിറഞ്ഞോടുകയാണെന്ന്‌ സംവിധായകൻ കെ മധുവും എസ്‌ എൻ സ്വാമിയും പറഞ്ഞു. വില്ലനാരെന്ന്‌ ചിത്രീകരണം അവസാനിക്കുംവരെ സംവിധായകനും തിരക്കഥാകൃത്തും തങ്ങളോട്‌ വെളിപ്പെടുത്തിയിരുന്നില്ലെന്നും അത്‌ കഥാപാത്രങ്ങളായി ജീവിക്കാൻ സഹായിച്ചെന്നും മുകേഷ്‌ പറഞ്ഞു.

സായ്‌കുമാർ, നിർമാതാവ് സ്വർഗചിത്ര അപ്പച്ചൻ, പ്രൊഡക്‌ഷൻ കൺട്രോളർ അരോമ മോഹൻ എന്നിവരും സംസാരിച്ചു. സിനിമയുടെ ഭാഗമായ ഏരെയും പൊന്നാട അണിയിച്ചും മെമന്റോ നൽകിയും ആദരിച്ചു. യാന ആശുപത്രി സ്‌പോൺസർ ചെയ്യുന്ന പ്രസ്‌ക്ലബ്‌ ഇന്റർ മീഡിയ ഫുട്‌ബോൾ മത്സരത്തിന്റെയും ലോർഡ്‌സ്‌ ആശുപത്രി സ്‌പോൺസർ ചെയ്യുന്ന ക്രിക്കറ്റ്‌ മത്സരത്തിന്റെയും ലോഗോയും പ്രകാശിപ്പിച്ചു. യാന ആശുപത്രി ചീഫ്‌ മെഡിക്കൽ ഓഫീസർ വിവേക്‌ പോൾ, ജിഎം ജോബി വി ചാണ്ടി, ലോർഡ്‌സ്‌ ആശുപത്രി പ്രതിനിധി ഹരീഷ്‌ ഹരിദാസ്‌ എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top