മൂവാറ്റുപുഴ
നാലുവർഷംമുമ്പ് മസ്‌തിഷ്‌ക ആഘാതത്തെത്തുടർന്ന് രണ്ടുമാസത്തോളം ആശുപത്രി വാസം. ഇതുകഴിഞ്ഞ് തിരികെയെത്തിയ മൂവാറ്റുപുഴ പോത്താനിക്കാട് സ്വദേശി പി എം പൗലോസ് കണ്ടത് ഒരുഭാഗം ഇടിഞ്ഞുവീണ സ്വന്തം വീടാണ്. കാലപ്പഴക്കത്തെത്തുടർന്ന് തകർന്ന, ഓടിട്ട വീടിനുമുന്നിൽ നിശ്‌ചലനായി നിന്ന പൗലോസ് ഇന്ന് സന്തോഷത്തിലാണ്. പഴയ വീടിനുപകരം രണ്ട് മുറികളും ഹാളും അടുക്കളയുമുള്ള പുതിയ വീട് പൗലോസിന് സ്വന്തമായുണ്ട്. കൂട്ടിന് ഭാര്യ ലിസിയും ജീവ മിൽക്ക് ജീവനക്കാരൻ മകൻ സ്വീറ്റിനും. സിപിഐ എമ്മിന്റെ കനിവ് ഭവനപദ്ധതിയിലാണ് പൗലോസിനും കുടുംബത്തിനും സ്‌നേഹക്കൂര ഒരുങ്ങിയത്. സിപിഐ എം ജനകീയ പ്രതിരോധജാഥയെ സ്വീകരിക്കാൻ അവശത മറന്നാണ് പൗലോസ് എത്തിയത്. മറ്റ് 20 കുടുംബങ്ങളും ജാഥാ ക്യാപ്‌റ്റൻ എം വി ഗോവിന്ദന് അഭിവാദ്യം അർപ്പിക്കാനെത്തി.
സുരക്ഷിത ജീവിതത്തിന് തണലേകി കനിവ് ഭവനം നൽകിയ സിപിഐ എമ്മിന്റെ ജനകീയ പ്രതിരോധജാഥയ്‌ക്കൊപ്പം അണിചേരുകയായിരുന്നു ഈ 21 കുടുംബങ്ങൾ. മുളവൂർ സ്വദേശി മീരാൻ കാട്ടുകുടിയുടെ കുടുംബം, ഓമന പുൽപ്പറമ്പിൽ, ബീവി വെട്ടിയാകുന്നേൻ, ആയവന സ്വദേശിനി റംല കാട്ടാംപ്ലാക്കിൽ, വാളകം സ്വദേശിനി അമ്മിണി ഞായപ്പിള്ളിൽ, അജിമോൻ വാഴക്കാലായിൽ തുടങ്ങിയവർ ജാഥയെ സ്വീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..