19 April Friday

ആദ്യ തൊഴിലാളി ശബ്‌ദം മുഴങ്ങുന്നു

പി കെ സജിത്Updated: Wednesday Dec 7, 2022


കോഴിക്കോട്‌
സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനമായ ‘കേരള തൊഴിലാളി സമ്മേളന’ത്തിന്‌ ആതിഥ്യമരുളിയ നഗരമാണ്‌ കോഴിക്കോട്‌. 1935 ൽ കോൺഗ്രസ്‌ സോഷ്യലിസ്‌റ്റ്‌ പാർടിയുടെ പ്രഥമ സംസ്ഥാന സമ്മേളനം കോഴിക്കോട്ട്‌ ചേരുന്നു. ഇതിന്റെ ഭാഗമായി  കൃഷ്‌ണപിള്ള മുൻകൈയെടുത്ത്‌   തൊഴിലാളി പ്രവർത്തകരുടെ  സമ്മേളനം മെയ്‌മാസം വിളിച്ചുചേർത്തു.  മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിവിടങ്ങളിലെ  പ്രതിനിധികൾ പങ്കെടുത്തു.  

പുരോഗമന ചിന്താഗതിക്കാരായ പ്രവർത്തകരും പരിഷ്‌കരണവാദികളും  മിതവാദികളായ രാഷ്‌ട്രീയനേതാക്കളും ഒത്തുചേർന്നു. മണി ബെൻകരയായിരുന്നു അധ്യക്ഷ. എൻ സി ശേഖർ, കെ കെ വാരിയർ, പി എസ്‌ നമ്പൂതിരി, എ കെ ജി, കെ പി ഗോപാലൻ, പി കെ ബാലൻ, എച്ച്‌ മഞ്ചുനാഥറാവു, ആർ സുഗതൻ എന്നിവർ പങ്കെടുത്തു. ഈ സമ്മേളന തീരുമാനപ്രകാരമാണ്‌ ചെറുവണ്ണൂർ–-ഫറോക്ക്‌ മേഖലയിൽ തൊഴിലാളി പ്രസ്ഥാനം ഉടലെടുക്കുന്നത്‌. 

പി കൃഷ്‌ണപിള്ളയും എ കെ ജിയും ഇ എം എസും കെ ദാമോദരനും എൻ സി ശേഖറും സമരാവേശം പകർന്ന മണ്ണ്‌ പിന്നീട്‌ അടിച്ചമർത്തലുകൾക്കും അനീതികൾക്കുമെതിരെ സമാനതകളില്ലാത്ത ചെറുത്തുനിൽപ്പിനാണ്‌ സാക്ഷിയായത്‌. ഫറോക്ക്‌ മേഖലയിൽ ഓട്ടുതൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുത്ത അനുഭവം എ കെ ജി  ‘എന്റെ ജീവിതകഥ’യിൽ വിവരിക്കുന്നു: ‘‘സംഘടിതമായ തൊഴിലാളി സമരത്തെ അടിച്ചമർത്താനുള്ള ആദ്യശ്രമം മലബാർ ഓട്ടുകമ്പനിയിലായിരുന്നു. ഘോഷയാത്രയിൽ  പങ്കെടുത്തതിന്‌ തൊഴിലാളികളെ പിരിച്ചുവിടൽ, യോഗസ്ഥലങ്ങളായി നിശ്‌ചയിച്ച സ്ഥലങ്ങൾ യോഗത്തിന്‌ കിട്ടാതെയാക്കൽ, ആ സ്ഥലം വിലയ്‌ക്കുവാങ്ങൽ, യോഗം കലക്കാൻ ഗുണ്ടകളെ അയക്കൽ, യൂണിയൻ ഓഫീസിന്‌ നിശ്‌ചയിച്ച സ്ഥലങ്ങൾ അടച്ചുകെട്ടൽ. ഒരുവശത്ത്‌ മുതലാളിമാരിൽ നിന്നും മറുഭാഗത്ത്‌ ഗവൺമെന്റിൽ നിന്നും കടുത്ത ആക്രമണങ്ങൾ. യോഗങ്ങൾ കൂടാൻ അനുവാദമില്ല...’’ 

പട്ടിണിപ്പാവങ്ങളാണ്‌  ജീവിതമാർഗം തേടി ഓട്ടുകമ്പനിയിലും  മറ്റും എത്തിയത്‌. കോട്ടൺമിൽ സമരത്തിന്റെ പ്രചോദനവും എ കെ ജിയായിരുന്നു. ആ സമരത്തിന്റെ വിജയം ഓട്ടുതൊഴിലാളികൾക്കും പ്രചോദനമായി.  10 മണിക്കൂർ ജോലി ചെയ്‌താൽ നാലണയാണ്‌ കൂലി. ജോലി സമയം കുറയ്‌ക്കാൻ  തൊഴിലാളികൾ നിരന്തരം ആവശ്യപ്പെട്ടു. ഇതേത്തുടർന്ന്‌ ഒരിടത്ത്‌ ഒമ്പതുമണിക്കൂറാക്കി. മറ്റ്‌ കമ്പനിയുടമകൾ ആഴ്‌ചയിൽ 54 മണിക്കൂറാക്കി.  ശനിയാഴ്‌ച ഉച്ചവരെ ജോലി ചെയ്‌താൽ മതിയെന്നാക്കി. ഇതോടെ  അരദിവസത്തെ വേതനം നഷ്ടപ്പെട്ടു. അക്കാലത്ത്‌ തൊഴിലാളികളുടെ മുദ്രാവാക്യം ഇങ്ങനെയായിരുന്നു: ‘‘ആഴ്‌ചയിൽ അഞ്ചരനാളത്തെക്കൂലി–-കൊണ്ടേഴുദിവസം കഴിപ്പോരുണ്ടോ’’.  നിരന്തരസമരത്തിന്റെ ഫലമായി 1946 ആകുമ്പോഴേക്കും നാലണയിൽ നിന്നും പടിപടിയായി ഒമ്പതണായി കൂലി വർധിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top