19 April Friday

ഗദ്ദർ പാർടിയും ഫലം കാണാതെപോയ വിപ്ലവവും

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022


സ്വാതന്ത്ര്യസമരത്തിൽ പ്രവാസി ഇന്ത്യക്കാരും സജീവമായി രംഗത്തിറങ്ങിയിരുന്നു. ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെയും അമേരിക്കയിലെയും പ്രവാസികൾ പോരാട്ടങ്ങളിൽ പങ്കാളികളായി. ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഭരണം അവസാനിപ്പിക്കാനായി പ്രവാസി ഇന്ത്യക്കാർ ആദ്യമായി രൂപീകരിച്ച കൂട്ടായ്‌മയാണ്‌ ഗദ്ദർ പാർടി. ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപം സംഘടിപ്പിക്കുക, ഇന്ത്യയെ ബ്രിട്ടീഷ് ഭരണത്തിൽനിന്ന് മോചിപ്പിക്കുക എന്നിവയായിരുന്നു ഗദർപാർടിയുടെ മുഖ്യലക്ഷ്യം. വടക്കെ അമേരിക്കയിലെ ദേശസ്‌നേഹികളായ ഇന്ത്യക്കാരാണ് പാർടി രൂപീകരണത്തിന് നേതൃത്വം നൽകിയത്. ലാ​ലാ ഹ​ർ​ദ​യാ​ൽ, സോ​ഹ​ൻ​സിങ്‌ ഭ​ക്‌നാ, ക​ർ​ത്താർ സിങ് സാരാ​ബാ, റ​ഹ്‌മാ​ൻ അ​ലി​ഷാ തുടങ്ങിയ​വർ​ പ്ര​ധാ​ന നേ​താ​ക്ക​ൾ. ക​മ്യൂ​ണി​സ്റ്റ് ആ​ശ​യ​ങ്ങ​ളി​ൽ​നി​ന്ന് ആ​വേ​ശ​മു​ൾ​ക്കൊ​ണ്ടായിരുന്നു പ്രവർത്തനം. സായുധസമരത്തിലൂടെയും ആഭ്യന്തരയുദ്ധത്തിലൂടെയും ബ്രിട്ടനെ ഇന്ത്യയിൽനിന്ന്‌ പുറത്താക്കണമെന്നാണ്‌ ഇവർ ആഗ്രഹിച്ചിരുന്നത്‌. കലാപം എന്ന് അർഥം വരുന്ന പഞ്ചാബി/ ഉറുദു വാക്കിൽ നിന്നാണ്‌ ഗദ്ദർ എന്ന പേരിന്റെ ഉൽഭവം.

1900ന്റെ തുടക്കത്തിൽ യൂറോപ്പിലേക്കും അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തേക്കും ക്യാനഡയിലേക്കുമടക്കം വിദേശ രാജ്യങ്ങളിലേക്ക്‌ ഇന്ത്യക്കാർ കുടിയേറി. എന്നാൽ, പ്രവാസി ഇന്ത്യക്കാർ ക്യാനഡയിലും അമേരിക്കയിലും വംശീയ അധിക്ഷേപത്തിന് ഇരയായി. ഈ വിവേചനത്തിനെതിരായി 1913-ൽ പസഫിക് കോസ്റ്റ് ഹിന്ദുസ്ഥാൻ അസോസിയേഷൻ രൂപീകരിച്ചു. പിന്നീട്‌ ഗദർ പാർടിയായി. മെക്‌സിക്കോ, ജപ്പാൻ, ചൈന, ഫിലിപ്പീൻസ്, മലയ, സിംഗപ്പുർ, തായ്‌ലൻഡ്‌, ഇൻഡോ-–-ചൈന, പൂർവ ആഫ്രിക്ക, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ പാർടിക്ക്‌ സജീവ അംഗങ്ങളുണ്ടായിരുന്നു.  ആശയപ്രചാരണത്തിനായി ഹിന്ദുസ്ഥാൻ ഗദ്ദർ എന്ന പത്രവും നടത്തി. പത്രത്തിന് ഉർദുപതിപ്പും ഗുർമുഖി എന്ന പേരിൽ പഞ്ചാബി പതിപ്പുമുണ്ടായിരുന്നു. ഗദ്ദർ വിപ്ലവകാരികളുടെ മതനിരപേക്ഷ കാഴ്ചപ്പാട് പ്രതിഫലിക്കുന്ന കവിതകളായിരുന്നു മുഖ്യ ആകർഷണം.

ഗദ്ദർ പാർടി അംഗങ്ങളെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലേക്ക്‌ നയിക്കുന്നത്‌ സിഖ്‌ പുരോഹിതനായ ഭഗവൻസിങ്ങിന്റെ ക്യാനഡയിലെ വാൻകൂവർ സന്ദർശനമാണ്‌. അക്രമത്തിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കാൻ പ്രവാസി ഇന്ത്യക്കാരോട്‌ അദ്ദേഹം ആഹ്വാനം ചെയ്തു.\

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉജ്വലമായ ഒരു ഏടാണ്‌ ഗദ്ദർ പാർടി നടത്തിയ ഗദർവിപ്ലവം. ഒ​ന്നാം ലോ​കയു​ദ്ധം ആ​രം​ഭി​ച്ച​പ്പോ​ൾ ഇ​ന്ത്യ​യിൽ ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രെ ജ​നകീ​യ​വി​പ്ല​വം സം​ഘ​ടി​പ്പി​ക്കാ​ൻ പാ​ർ​ടി തീ​രു​മാ​നി​ച്ചു. 1915 ഫെ​ബ്രു​വ​രി 21ന് ​പ​ഞ്ചാ​ബി​ൽ ക​ലാ​പം ആ​രം​ഭിക്കാൻ തീ​രു​മാനിച്ചു. ആ​ൻ​ഡ​മാ​നി​ലും ഒ​ഡിഷ​യി​ലെ തു​റ​മു​ഖ​ങ്ങ​ളി​ലും ആയുധമെത്തി​ച്ചെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാനായി​ല്ല.​ ബ്രി​ട്ടീ​ഷ് ഭ​ര​ണ​കൂ​ടം പഞ്ചാബിലെ ഗദർപാർടി അംഗങ്ങളെ അറസ്റ്റുചെയ്തു. വി​ചാ​ര​ണ​യ്ക്കുശേ​ഷം 42 പേ​ർ​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ചു. 114 പേ​രെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷവി​ധി​ച്ച് നാ​ടു​ക​ട​ത്തി. 93 പേ​ർ​ക്ക് ത​ട​വു​ശി​ക്ഷ. പ​ത്തൊമ്പ​താം വ​യസ്സി​ൽ ലാ​ഹോ​ർ ജ​യി​ലി​ൽ ക​ർ​ത്താ​ർ സിങ് തൂ​ക്കി​ലേ​റ്റ​പ്പെ​ട്ടു. ഭഗത്‌സിങ്‌ തന്റെ ഗുരുവെന്നും സുഹൃത്തെന്നും സഹോദരനെന്നുമാണ് ക​ർ​ത്താ​ർ സിങ്ങിനെ വിശേഷിപ്പിച്ചത്. ഗദ്ദർ വിപ്ലവത്തെ തുടർന്നാണ്‌ ഡിഫൻസ് ഓഫ് ഇന്ത്യ നിയമം പാസാക്കിയത്.  1920നുശേഷം പിറവിയെടുത്ത ചില വിപ്ലവസംഘടനകൾക്കും ഭഗത്‌സിങ്‌ ഉൾപ്പെടെയുള്ള വിപ്ലവകാരികൾക്കും ആവേശം പകർന്നത്‌ ഗദ്ദർ പാർടി ഉയർത്തിയ മുദ്രാവാക്യങ്ങളായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top