25 April Thursday

സാറ്‌ സൂപ്പറാ.... ചോദിച്ചില്ലെങ്കിലും വോട്ടുറപ്പ്‌

വെബ് ഡെസ്‌ക്‌Updated: Saturday May 7, 2022

കൊച്ചി
"സാറ്‌ സൂപ്പറാ.... ചോദിച്ചില്ലെങ്കിലും വോട്ടുറപ്പ്‌'–- എംഎജെ ആശുപത്രിയിലെ നഴ്‌സ് മേരിയുടെ വാക്കുകൾക്ക്‌ ആവേശം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറം. തൃക്കാക്കര മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫിനെ അപ്രതീക്ഷിതമായി മുന്നിൽ കിട്ടിയതോടെ മൂന്നുവർഷം ജോലി ചെയ്ത എംഎജെയിലെ പഴയ സഹപ്രവർത്തകർ ചുറ്റുംകൂടി. ഓർമകൾ പുതുക്കാനും സെൽഫിയെടുക്കാനും തിക്കുംതിരക്കുമായി. പ്രചാരണത്തിന്റെ ആദ്യദിനം എംഎജെയിലെ ഓർമകളും ബന്ധങ്ങൾക്കും പുതുജീവനേകിയാണ്‌ ഡോ. ജോ ജോസഫ്‌ പിരിഞ്ഞത്‌.


 

വെള്ളിയാഴ്ച മണ്ഡലത്തിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളിലും പ്രമുഖ വ്യക്തികളെയും നേരിൽക്കണ്ട്‌ പിന്തുണ തേടിയാണ്‌ പ്രാചാരണത്തിന്‌ തുടക്കംകുറിച്ചത്‌. രാവിലെ എട്ടോടെ വാഴക്കാലയിലെ വീടിനുസമീപം അയൽവാസികളെ കണ്ട്‌ വോട്ടഭ്യർഥിച്ചു. എട്ടരയോടെ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിലും തുടർന്ന്‌ ഇടപ്പള്ളി സെന്റ്‌ ജോർജ്‌ ഫൊറോന പള്ളിയിലും മാമംഗലം മൗണ്ട്‌ കാർമൽ പള്ളയിലും തോപ്പിൽ മേരി ക്വീൻ പള്ളിയിലും എത്തി പിന്തുണതേടി. സിപിഐ എം മുതിർന്ന നേതാക്കളായ കെ എൻ രവീന്ദ്രനാഥിനെയും എം എം ലോറൻസിനെയും വീട്ടിലെത്തി സന്ദർശിച്ചു. തോപ്പിൽ സെന്റ്‌ തോമസ്‌ കോൺവന്റിലും നവജ്യോതി കോൺവന്റിലുമെത്തി അന്തേവാസികളോട്‌ വോട്ടഭ്യർഥിച്ചു. പ്രൊഫ. എം കെ സാനുവിനെ കാരിക്കാമുറിയിലെ വീട്ടിലെത്തി വോട്ടുതേടി. വികസനത്തിനാണ്‌ വോട്ടെന്നും വികസന തത്വങ്ങൾ ഏറ്റെടുക്കുന്നവരേ ജയിക്കൂവെന്നും എം കെ സാനു പറഞ്ഞു. തോപ്പിൽ മേരി ക്വീൻ പള്ളിയിൽ സ്ഥാനാർഥിയോടൊപ്പം മന്ത്രി പി എ മുഹമ്മദ്‌ റിയാസും പിന്തുണ തേടിയെത്തി. പള്ളി വികാരി ആന്റണി മാങ്കുരിയിലുമായി മണ്ഡലത്തിലെ വിവിധ വികസനകാര്യങ്ങൾ ഉൾപ്പെടെ ചർച്ചചെയ്തശേഷമാണ്‌ പിരിഞ്ഞത്‌. വട്ടിയൂർക്കാവിലും കോന്നിയിലും വന്ന മാറ്റം തൃക്കാക്കരയിലും കൊണ്ടുവരാനാകുമെന്ന്‌ റിയാസ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. തൃക്കാക്കരയ്ക്ക് ഏറ്റവും അനുയോജ്യനായ സ്ഥാനാർഥിയാണ് ഡോ. ജോ ജോസഫ്‌. എൽഡിഎഫ്‌ മികച്ച പ്രവർത്തനമാണ് തൃക്കാക്കരയിൽ നടത്തുന്നത്.

ഇന്നുവരെ എൽഡിഎഫിന്‌ വോട്ട്‌ ചെയ്യാത്തവരും ഇത്തവണ വോട്ട്‌ ചെയ്യുമെന്നാണ് ഉറപ്പുപറയുന്നത്. സർക്കാരിന്റെ വികസനപ്രവർത്തനങ്ങളുടെ ഭാഗമാകാൻ അവർക്ക് ഇവിടെനിന്ന് ഒരു ഭരണകക്ഷി എംഎൽഎ വേണം. ജോ ജോസഫിലൂടെ എൽഡിഎഫ് 100 സീറ്റ് തികയ്ക്കും. സിംഗിൾ ഇട്ടായിരിക്കില്ല സിക്സർ അടിച്ചായിരിക്കും വിജയിക്കുകയെന്നും മന്ത്രി പറഞ്ഞു. വൈകിട്ട്‌ വിവിധ പൊതുയോഗങ്ങളിലും സ്ഥാനാർഥി പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top