26 April Friday

കോഴിക്കോട്‌ ഒഴുകുകയാണ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 7, 2023


കോഴിക്കോട്‌
കോഴിക്കോട്‌ ഒഴുകുകയാണ്‌. വിക്രം മൈതാനവും കടന്ന്‌ റോഡായ റോഡുകളെല്ലാം നിറഞ്ഞ്‌ കടലൊഴുക്കംപോലെ ജനം. റിവഞ്ച്‌ കലോത്സവമെന്നല്ലാതെ കോഴിക്കോടുത്സവത്തെ മറ്റെന്ത്‌ വിശേഷണം ചേർത്താണ്‌ വിളിക്കുക. അതിരാണിപ്പാടത്തെ കൂറ്റൻ ഗിത്താറിൽ ഉയർന്ന കലോത്സവപ്പതാക താഴാൻ ഒറ്റനാൾ ശേഷിക്കെ, കലോത്സവവേദികളെല്ലാം നിറഞ്ഞൊഴുകി. എല്ലാ വേദികളിലുമുണ്ട്‌ കടൽപോലെ ജനം. എല്ലാ വേദികളിലുമുണ്ട്‌ ആൾക്കൂട്ടത്തിന്റെ ആരവം. തുറന്നിരിപ്പുകാലത്തിലെ ആദ്യകലോത്സവം വിളംബരം ചെയ്യുന്നത്‌ കോഴിക്കോടിന്റെ പ്രതികാരമാണ്‌.

കോഴിക്കോട്‌ നഗരത്തിന്റെ മുദ്രകളിലൊന്നാണ്‌ കോഴിക്കോട് ബീച്ചിലെ ‘ഐ ലൗ കോഴിക്കോട്‌’ സെൽഫി പോയിന്റ്‌. കോഴിക്കോടിന്റെ സ്‌നേഹത്തെ ഹൃദയത്തിലേക്കും ഓർമയിലേക്കും പകർത്തിയാണ്‌ കലോത്സവത്തിനെത്തിയ സകലരും സത്യത്തിന്റെ നഗരത്തോട്‌ വിടവാങ്ങുക. കലോത്സവവണ്ടിയും കാരവൻയാത്രയും ഹൽവ കൗണ്ടറും കൂജയിലെ വെള്ളവും കടപ്പുറത്തെ മത്സരമില്ലാവേദിയുംപോലെ കോഴിക്കോട്‌ കലോത്സവത്തിലേക്ക്‌ ചേർത്തുവയ്‌ക്കുന്ന അനേകം മധുരങ്ങളും മാറ്റങ്ങളുമുണ്ട്‌. വൈകിയോടാത്ത വേദികൾ അസാധ്യമെന്ന അന്ധവിശ്വാസം തിരുത്തിയതിന്റെ പേരിൽ ഈ കലോത്സവം എക്കാലവും ഓർമയിൽ നിൽക്കും. കൃത്യസമയം പാലിച്ചായിരുന്നു ഒട്ടുമിക്ക വേദികളിലും മത്സരം തുടങ്ങുന്നതും തീരുന്നതും. അപ്പീലും ആവലാതികളുമായി എപ്പോൾ തീരുമെന്ന ചോദ്യത്തിന്‌ കൈമലർത്തുന്നില്ല ഒരു കലോത്സവവേദിയും. മത്സരം തീർന്നാൽ ഫലപ്രഖ്യാപനം അതിവേഗം. വേദിയിൽ പ്രഖ്യാപിച്ച്‌ മിനിറ്റുകൾക്കകം കലോത്സവ സൈറ്റിലുമുണ്ട്‌ മത്സരഫലം. കുഴയ്‌ക്കുന്നതൊന്നും കോഴിക്കോടൻ കലോത്സവത്തിലില്ല. സമാപനദിനം ശേഷിക്കുന്ന 11 ഇനങ്ങൾ പൂർത്തിയാക്കി ശനിയാഴ്‌ച കലോത്സവം സമാപിക്കും. കപ്പിലേക്കുള്ള ഇഞ്ചോടിഞ്ച്‌ പോരാട്ടം ഉത്സവത്തിന്‌ കൂടുതൽ ചന്തമേറ്റുന്നു. വിധിനിർണയത്തെപ്പറ്റിയും ഗൗരവമുള്ള പരാതികൾ കേട്ടില്ല.  ഇതുവരെയുള്ള എല്ലാ കലോത്സവങ്ങളുടെയും ചരിത്രം തിരുത്തിയെഴുതുകയാണ്‌ 61–-ാമത്‌ ഉത്സവം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top