29 March Friday

പൊരുതിനേടിയ അക്ഷരങ്ങളാൽ തീർത്ത പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

ഇംഗ്ലീഷ്‌ പത്രം വായിക്കുന്ന മാളിയേക്കൽ മറിയുമ്മ (ഫയൽച്ചിത്രം)


തലശേരി
വിദ്യാഭ്യാസത്തിനായി മാളിയേക്കൽ മറിയുമ്മയോളം ത്യാഗം സഹിച്ചവർ ഏറെയുണ്ടാകില്ല. പൊരുതിനേടിയ അക്ഷരങ്ങളിൽ ജീവിതാന്ത്യംവരെ ആഹ്ലാദം കണ്ടെത്തി. വടക്കേമലബാറിൽ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നേടിയ മുസ്ലിം പെൺകുട്ടികളുടെ ആദ്യതലമുറയിലെ കണ്ണിയാണ്‌ ചരിത്രമായത്‌. തലശേരി സേക്രഡ്‌ ഹാർട്ട്‌ കോൺവെന്റ് സ്‌കൂളിൽ 1938- കാലത്തെ ഏക മുസ്ലിം പെൺകുട്ടിയായിരുന്നു.    

സ്‌കൂളിലേക്കുള്ള യാത്രക്കിടെ യാഥാസ്ഥിതികരുടെ പരിഹാസവും ശകാരവും കണ്ടും കേട്ടും കണ്ണീരൊഴുക്കിയതായിരുന്നു ബാല്യം. അതേക്കുറിച്ച്‌ പറയുമ്പോൾ  വാക്കുകളിൽ നോവ്‌ നിറയും. ബുർഖയും ധരിച്ച്‌ റിക്ഷയിലാണ്‌ സ്‌കൂളിൽ പോവുക. ഒ വി റോഡിലെത്തിയാൽ പ്രമാണിമാർ കാർക്കിച്ച് തുപ്പും. ഉപ്പയും ഉമ്മയുമാണ്‌ പഠിക്കാൻ പ്രോത്സാഹിപ്പിച്ചത്‌. വിവാഹശേഷം ഭർത്താവിന്റെ പിന്തുണയുമുണ്ടായി. 

‘ഹിന്ദു’ പത്രം വായിച്ചും സന്ദർശകരോട്‌ ഇംഗ്ലീഷിൽ സംസാരിച്ചുമാണ്‌ യാഥാസ്ഥിതികരോട്‌ മറിയുമ്മ കണക്കുതീർത്തത്‌.  വിവാഹശേഷം ഉമ്മാമ്മ  സ്ഥാപിച്ച മഹിളാസമാജം പ്രവർത്തനത്തിൽ മുഴുകി. സ്‌ത്രീധനമടക്കമുള്ള അനാചാരങ്ങൾക്കെതിരെ പ്രവർത്തിച്ചു. സ്‌ത്രീകൾക്കുവേണ്ടി തയ്യൽ, സാക്ഷരതാ ക്ലാസും നടത്തി. പുതുതലമുറയിലെ പെൺകുട്ടികളോട്‌ എന്നും പറഞ്ഞത്‌ ‘പഠിച്ച്‌ ജോലി നേടുക, എന്നിട്ടാകാം വിവാഹം’ എന്നായിരുന്നു.  ‘‘ പുലർച്ചെ രണ്ടിന്‌ എഴുന്നേൽക്കും. നിസ്‌കാരത്തിനുശേഷം ഖുർആൻ പാരായണം, രാവിലെ ഏഴിന് ബിസ്‌കറ്റും ചായയും. അപ്പോഴേക്കും ‘ഹിന്ദു’ പത്രം വരും. പിന്നെ വിശദ വായന.  ഒമ്പതിന് ബ്രേക്ക്ഫാസ്റ്റ്, ഉച്ചക്ക്‌ ഒന്നിന്‌ ഒരുപിടി ചോറ്‌’’ –- -ഇതാണ് ആരോഗ്യരഹസ്യമെന്നായിരുന്നു മറിയുമ്മ പറയാറ്‌. 

ചരിത്രം സൃഷ്ടിച്ച 
മാനാഞ്ചിറ പ്രസംഗം
കോഴിക്കോട്‌ മാനാഞ്ചിറ മൈതാനിയിൽ മുസ്ലിം എഡ്യുക്കേഷൻ സൊസൈറ്റി സമ്മേളനത്തിൽ മറിയുമ്മ ഇംഗ്ലീഷിൽ നടത്തിയ പ്രസംഗം ചരിത്രമാണ്‌. ഷേക്ക്‌ അബ്ദുള്ളയുടെ സാന്നിധ്യത്തിലുള്ള പ്രസംഗം തീരുംവരെ കൈയടിയായിരുന്നു. മുസ്ലിം പെൺകുട്ടിയുടെ ഇംഗ്ലീഷ്‌  പ്രസംഗം മൈതാനം ശരിക്കും ആഘോഷിച്ചു. അത്രയും ഉജ്വലമായിരുന്നു വാക്കുകൾ. എംഇഎസ്‌ യോഗത്തിന്‌ പോയപ്പോൾ മുസ്ലിംലീഗുകാരുടെ ആക്രമണത്തിനിരയായതും മറ്റൊരനുഭവം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top