29 March Friday

പുന്നപ്ര വയലാറിലെ വനിത 
‘സഖാവ്‌ പത്മൻ’

ലെനി ജോസഫ്‌Updated: Thursday Jan 5, 2023


ആലപ്പുഴ
പുന്നപ്ര–- വയലാറിലെ വീരവനിതയാണ്‌ ഒളിവ്‌ ജീവിത കാലത്ത്‌  ‘സഖാവ്‌ പത്മൻ’ എന്നറിയപ്പെട്ട കെ മീനാക്ഷി. ആദ്യ ട്രേഡ്‌ യൂണിയൻ വനിതാനേതാവായ മീനാക്ഷിയുടെ വിപ്ലവബോധവും ധീരതയും നാടറിഞ്ഞത്‌ ശൂരനാട്‌ സംഭവകാലത്താണ്‌.  ഒളിവ്‌ ജീവിതത്തിൽ ചിലപ്പോൾ ആൺവേഷംകെട്ടിയാകും സഞ്ചരിക്കുക. മരണത്തെ മുഖാമുഖം കണ്ട്‌ തൊഴിലാളികൾക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടിയുള്ള ജീവിതം.

പുന്നപ്ര–- വയലാർ സമരകാലത്ത്‌  ആണുങ്ങളൊക്കെ ഒളിവിലും ജയിലിലുമായപ്പോൾ മീനാക്ഷി വീടുകൾ കയറിയിറങ്ങി സ്‌ത്രീകൾക്കും കുട്ടികൾക്കും ധൈര്യംപകർന്നു. ഒളിവിലിരിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു. പി കൃഷ്‌ണപിള്ളയും മറ്റും നൽകുന്ന കത്ത്‌ രഹസ്യമായി എത്തിച്ച ‘ഡാക്‌മാനാ’യി. ശൂരനാട്‌ സംഭവത്തെത്തുടർന്ന്‌ തിരുവിതാംകൂർ കയർ ഫാക്‌ടറി വർക്കേഴ്‌സ്‌ യൂണിയൻ ഓഫീസ്‌ പൊലീസ്‌ പൂട്ടിച്ച്‌ മീനാക്ഷിയെ കസ്‌റ്റഡിയിലെടുത്തു. സഹപ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചു. പേടിച്ച്‌ വിവരം കൈമാറുമെന്നാണ്‌ പൊലീസ്‌ ധരിച്ചത്‌.  ജീവൻ നഷ്‌ടപ്പെടുമെന്നായിട്ടും അവർ മിണ്ടിയില്ല.

1945ൽ ആലപ്പുഴയിൽ സ്‌റ്റേറ്റ് ലേബർ കമീഷണർ വി കെ വേലായുധന്റെ നേതൃത്വത്തിലുള്ള ഉന്നതതല കോൺഫറൻസിൽ  കയർ വർക്കേഴ്‌സ്‌ യൂണിയനെ പ്രതിനിധീകരിച്ചത്‌ മീനാക്ഷിയായിരുന്നു. ‘ഗവൺമെന്റ്‌ തന്നെ അയച്ചത്‌  ബോണസ് വേണ്ട എന്ന്‌ അംഗീകരിക്കാത്ത പക്ഷം സമരം അടിച്ചമർത്തുമെന്ന്‌ അറിയിക്കാനാണെ’ന്ന്‌ വേലായുധൻ അറിയിച്ചു. ഉടൻ മേശപ്പുറത്തിടിച്ച്‌ മീനാക്ഷിയുടെ മറുപടി. ‘സാർ, നിങ്ങൾ ഞങ്ങളുടെ സമരത്തെ അടിച്ചമർത്തിയാൽ അതിനെ അതിജീവിക്കാനുള്ള എല്ലാ അടവും ഞങ്ങൾ ഉപയോഗിക്കും. അവകാശം പിടിച്ചുവാങ്ങും. ഗവൺമെന്റിനെ ഇതറിയിക്കാൻ യൂണിയൻ സെക്രട്ടറി എന്ന നിലയിൽ ഞാൻ താങ്കളെ ചുമതലപ്പെടുത്തുന്നു’.

ആലപ്പുഴയിലെ വാർഡുകളിൽ മഹിളാ സംഘടന കെട്ടിപ്പടുത്ത മീനാക്ഷി തിരു–- കൊച്ചി സംസ്ഥാന കമ്മിറ്റിയും കേരള മഹിളാസംഘവും രൂപീകരിക്കുന്നതിൽ പങ്കുവഹിച്ചു. പാർടി നിർദ്ദേശപ്രകാരം മുഴുവൻസമയ പ്രവർത്തകയായി. കെ മീനാക്ഷിയും കെ ദേവയാനിയും ദാക്ഷായണിയും ഭവാനിയും മറ്റും ചേർന്നാണ്‌  മഹിളാ സംഘടന രൂപീകരിക്കാൻ പ്രവർത്തനം നടത്തിയത്‌. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു.

കൗമാരത്തിലേ കയർപിരി തൊഴിലാളിയായിയായ മീനാക്ഷി തൊഴിലാളികൾക്കിടയിലെ പടപ്പാട്ടുകാരിയായിരുന്നു. ഫാക്‌ടറികളിൽ സ്‌ത്രീകളെ ഉപദ്രവിക്കുന്ന മൂപ്പൻമാർക്കും  ക്ലർക്കുമാർക്കും പേടിസ്വപ്‌നമായി. മഹാദേവികാട്‌ കിട്ടൻ വൈദ്യൻ എന്ന ബാലൻ വൈദ്യന്റെയും കളർകോട്ടെ  കുട്ടിയമ്മയുടെയും മൂന്നുമക്കളിൽ രണ്ടാമത്തെയാളായിരുന്നു മീനാക്ഷി. പുന്നപ്ര–- വയലാർ സമര നായകനായിരുന്ന വി കെ ഭാസ്‌കരനെയാണ്‌ വിവാഹംചെയ്‌തത്‌. 2002 ഫെബ്രുവരി 25ന്‌ ഹരിപ്പാട്‌ മകന്റെ വീട്ടിൽ ആ ജീവിതം അവസാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top