19 April Friday

ഓർമയിലുണ്ട്‌ 
ജയിൽ കത്തുകൾ

വി കെ സുരേഷ്‌ബാബുUpdated: Tuesday Oct 4, 2022



കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന്‌ ഓരോ മാസവും മുടങ്ങാതെ ഒരു കത്തുവരുമായിരുന്നു. നാട്ടിലെ വിശേഷങ്ങൾ തിരക്കിയും ജയിൽ വിശേഷങ്ങൾ പങ്കുവച്ചും. പലയിടത്തും സെൻസറുടെ മഷിപുരണ്ടിരിക്കും. തിരികെ നാട്ടിലെ വിശേഷങ്ങൾ എഴുതിയറിയിക്കും. അടിയന്തരാവസ്ഥയിൽ കോടിയേരി ജയിൽമോചിതനാകുംവരെ ഈ കത്തിടപാട്‌ തുടർന്നു.

എഴുപതുകളിലെ വിദ്യാർഥി സംഘടനാ പ്രവർത്തനത്തിൽ ഞങ്ങൾക്ക്‌ ആവേശം പകർന്ന നേതാവായിരുന്നു കോടിയേരി. 1969ൽ തലശേരി സെന്റ് ജോസഫ്സ്‌ സ്കൂൾ വിദ്യാർഥിയായിരിക്കെ  ഒ വി റോഡിലെ റെഡ് യങ്സ് ക്ലബ്‌ മുറിയിൽ നടന്ന കെഎസ്എഫ് യൂണിറ്റ് യോഗത്തിൽ താലൂക്ക് സെക്രട്ടറിയായ കോടിയേരി നടത്തിയ രാഷ്ട്രീയ വിശദീകരണം വലിയ ഊർജമായിരുന്നു. 1970 ജനുവരിയിൽ ബ്രണ്ണൻ കോളേജിൽനിന്നാരംഭിച്ച കെഎസ്എഫ് ഏരിയാ ജാഥയിലെ സഖാവിന്റെ പ്രസംഗവും കാതുകളിൽ മുഴങ്ങുന്നുണ്ട്. 

എസ്എഫ്ഐ രൂപീകരിച്ചശേഷം ജില്ലാ പ്രസിഡന്റായി കോടിയേരി നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. 1972ലെ സർക്കാർ ജീവനക്കാരുടെ സമരകാലത്ത് സെന്റ് ജോസഫിലെ അധ്യാപകൻ പി എം ചെറിയാനെ അറസ്‌റ്റുചെയ്ത് ലോക്കപ്പിലിട്ട് മർദിച്ചതിനെതിരെ തലശേരി പ്രക്ഷുബ്ധമായി. ദിവസങ്ങളോളം വിദ്യാലയങ്ങൾ അടഞ്ഞുകിടന്നു. ആ സമരമുന്നേറ്റത്തിൽ വിദ്യാർഥികൾക്ക് നേതൃത്വം നൽകിയത് കോടിയേരിയായിരുന്നു. മാഹി കോളേജിൽ  ദിവസങ്ങൾ നീണ്ട വിദ്യാർഥി സമരഘട്ടത്തിൽ കോടിയേരി നടത്തിയ നിരാഹാര സമരവും വലിയ ജനമുന്നേറ്റമായിരുന്നു.

കോടിയേരി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം എസ്എഫ്ഐ സമ്മേളനത്തിൽ ഞാനും പ്രതിനിധിയായിരുന്നു. കൊച്ചിയിൽ ചേർന്ന 1977ലെ എസ്എഫ്ഐ സംസ്ഥാന സമ്മേളനം മുതൽ രണ്ട് വർഷം കോടിയേരിയോടൊപ്പം സംസ്ഥാന കമ്മിറ്റിയിലും പ്രവർത്തിച്ചു.  തലശേരിയുടെ മുഖഛായ മാറ്റുന്ന വികസനപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌ കോടിയേരിയാണ്‌. തലശേരി ജനറൽ ആശുപത്രി വികസനവും ജവഹർഘട്ട് ചരിത്ര സ്മാരകമാക്കിയതും മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളും ഹയർസെക്കൻഡറിയായതും ഉൾപ്പെടെ എത്രയോ നേട്ടങ്ങൾ. ഏറ്റവും ഉയർന്ന സ്ഥാനത്തെത്തിയപ്പോഴും മുൻകാല സഹപ്രവർത്തകരെ ഓർമിക്കുകയും കാണുമ്പോഴെല്ലാം കുശലാന്വേഷണം നടത്തുകയും ചെയ്യുന്ന ശെെലിയും കോടിയേരിയുടെ പ്രത്യേകതയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top