29 March Friday

ഈ പലഹാരങ്ങൾക്കത്രയും ജീവിതം പകർന്ന സ്‌നേഹമധുരം

ടി എം സുജിത്‌Updated: Saturday Mar 4, 2023

സിപിഐ എം വീട് നിർമിച്ച് നൽകിയവർ ആലത്തൂരിലെ സ്വീകരണ കേന്ദ്രത്തിൽ 
ജാഥ ക്യാപ്റ്റൻ എം വി ഗോവിന്ദന് പലഹാരങ്ങൾ സമ്മാനിക്കുന്നു


ആലത്തൂർ
കാട്ടുശേരി കാക്കാമൂച്ചിക്കാട് കൂരോട് സജിത വെള്ളിയാഴ്ച രാവിലെ മുതല്‍ തിരക്കിലായിരുന്നു. വ്യത്യസ്‌തങ്ങളായ പലഹാരമുണ്ടാക്കണം. പ്രിയനേതാവിന്‌ സമ്മാനിക്കണം... ഈ പലഹാരങ്ങൾക്കത്രയും ജീവിതം പകർന്ന സ്‌നേഹമധുരം.  ഇവരുടെയെല്ലാം ജീവിതം തന്നെ മാറ്റിയ പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറി തങ്ങളുടെ നാട്ടില്‍ വരികയാണ്. ആ കരുതലിന് പകരമാകില്ലെങ്കിലും സ്നേഹം നിറഞ്ഞ പലഹാരങ്ങളുമായി അവരെത്തി ജാഥാ ക്യാപ്റ്റനെ കാണാന്‍. ആലത്തൂര്‍ ഏരിയ കമ്മിറ്റിക്ക് കീഴില്‍ വീടുവച്ച് നല്‍കിയ 10 കുടുംബാം​ഗങ്ങളാണ് ജനകീയ പ്രതിരോധ ജാഥയെ സ്വീകരിക്കാന്‍ വേദിയിലെത്തിയത്.

സരിതയ്ക്കൊപ്പം ഭർത്താവ് നഷ്ടമായി രണ്ട് കുഞ്ഞുങ്ങളുമായി ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിൽ താമസിച്ച കുമ്പളക്കോട് നെടുകണ്ണി രതിക, ഭർത്താവ് മരിച്ച് രണ്ട് മക്കളുമായി രോഗബാധിതനായ സഹോദരന്റെ സംരക്ഷണയിൽ കഴിഞ്ഞ മേലാർകോട് വലതല ബബിത, സഹായ പദ്ധതികൾ ലഭിക്കാതെ സ്വന്തമായ വീടെന്നത്‌ സ്വപ്നം മാത്രമായി അവശേഷിച്ച എരിമയൂർ വട്ടേക്കാട്ടുപറമ്പ് കൃഷ്ണദാസ്, കാഴ്ചശക്തി ഭാഗികമായി നഷ്ടമായ ഭിന്നശേഷിക്കാരായ ചിറ്റിലഞ്ചേരി വലിയ കോഴിപ്പാടം ആതിര കൃഷ്ണൻ, ഷോക്കേറ്റ് അമ്മയും അച്ഛനും മരിച്ച് മുത്തശ്ശിയുടെ സംരക്ഷണത്തിൽ കഴിയുന്ന തരൂർ തോട്ടുമ്പള്ള സുജിത്, മാറാരോഗംമൂലം അവശനായി ഭാര്യയും മകളുമായി കഴിയുന്ന പാടൂർ മണക്കാട് ശെൽവൻ, കാഴ്ച നഷ്ടമായി മകളും ഭാര്യയുമായി കഴിയുന്ന കാവശേരി മുത്താനോട് ചെമ്പാനോട് വേലാണ്ടി, രണ്ട് പെൺകുഞ്ഞുങ്ങളുമായി കഴിയുന്ന അർബുദ രോഗി കാട്ടുശേരി വാനൂർ ലക്ഷംവീട് മുഹമ്മദ് റാഫി, ഏക മകളുമായി ഓലക്കുടിലിൽ കഴിയുന്ന കുനിശേരി പുളിമ്പൻകാട് ഭാഗ്യവതി എന്നിവരാണ് എം വി ​ഗോവിന്ദന് സമ്മാനങ്ങളുമായി എത്തിയത്. ഇവരെപ്പോലെ ആയിരങ്ങളാണ് ജനനായകന്‌ സ്‌നേഹം പകരാൻ ആലത്തൂരില്‍ തിങ്ങി നിറഞ്ഞത്.

ജില്ലയിലെ പര്യടനത്തിന്റെ മൂന്നാം ദിവസവും ഓരോ കേന്ദ്രത്തിലും കണ്ടത് ജനപ്രവാഹമായിരുന്നു. കത്തിജ്വലിച്ച സൂര്യനെയും തോല്‍പ്പിച്ചാണ് ഓരോ കേന്ദ്രത്തിലും സ്ത്രീകളും കുട്ടികളും വൃദ്ധരും എത്തിയത്. ആദ്യ സ്വീകരണ കേന്ദ്രമായ ചന്ദ്രന​ഗറില്‍ മുത്തുക്കുടകളും കഥകളി വേഷങ്ങളുമായാണ് മലമ്പുഴ, പാലക്കാട് നിയോജക മണ്ഡലങ്ങള്‍ ജാഥയെ സ്വീകരിച്ചത്. ആവേശം പകരാന്‍ കളരിപ്പയറ്റും ഒരുക്കി.

ചിറ്റൂരില്‍ കൊങ്ങന്‍പട രണോത്സവത്തിന്റെ ആവേശത്തിലായിരുന്നു സ്വീകരണം. കേരളീയ സാരിയുടുത്ത് സ്ത്രീകളും ചുവന്ന ബനിയനിട്ട് ആൺകുട്ടികളും മുണ്ടും ഷർട്ടും ധരിച്ച് പെൺകുട്ടികളും സ്വീകരണ കേന്ദ്രത്തിലെത്തി. സ്വീകരണം വ്യത്യസ്തമാക്കാന്‍ പൊറാട്ട് നാടകവും അരങ്ങിലെത്തി. കുതിരയും ഒട്ടകവുമായാണ് നെന്മാറയില്‍ ജാഥയെ വരവേറ്റത്. വല്ലങ്ങി മുതല്‍ നെന്മാറ ഇ എം എസ് പാർക്ക് വരെ മുത്തുക്കുടകള്‍ നിരന്നപ്പോള്‍ നെന്മാറ വല്ലങ്ങി വേലയോളം പ്രൗഢമായി സ്വീകരണം. മുതലമടയിലെ കര്‍ഷകര്‍ മാമ്പഴങ്ങളാണ് ജാഥാ ക്യാപ്റ്റന് നല്‍കിയത്. വനിതാ ബാന്റ് മേളമായിരുന്നു വടക്കഞ്ചേരിയിലെ സ്വീകരണ കേന്ദ്രത്തെ ആകര്‍ഷകമാക്കിയത്. വനിതാ ബാന്റിനൊപ്പം ജാഥാ ക്യാപ്റ്റന്‍ സ്വീകരണ കേന്ദ്രത്തിലെത്തി. കുതിരയും ശിങ്കാരിമേളവും പൂക്കാവടിയുമെല്ലാം സ്വീകരണത്തിന് മിഴിവേകി. ജാഥ ക്യാപ്റ്റന്‍ എം വി ​ഗോവിന്ദന്‍, മാനേജര്‍ പി കെ ബിജു, ജാഥാം​ഗങ്ങളായ സി എസ് സുജാത, എം സ്വരാജ്, ജെയ്ക് സി തോമസ്, കെ ടി ജലീല്‍ എന്നിവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

സിപിഐ എം കേന്ദ്ര കമ്മിറ്റി അം​ഗം എ കെ ബാലന്‍, ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ രാജേന്ദ്രൻ, എൻ എൻ കൃഷ്ണദാസ്, കെ എസ് സലീഖ എന്നിവര്‍ ഒപ്പമുണ്ടായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top