28 March Thursday

വ്യവസായക്കുതിപ്പിന്‌ മേക്ക്‌ ഇൻ കേരള

സ്വന്തം ലേഖകൻUpdated: Friday Feb 3, 2023


തിരുവനന്തപുരം
ആയിരം കോടിയുടെ മേക്ക്‌ ഇൻ കേരളയും ഗ്രീൻ ഹൈഡ്രജൻ ഹബ്ബും മിഷൻ 1000വും വിഴിഞ്ഞം വ്യവസായ ഇടനാഴിയും അടക്കം വ്യവസായക്കുതിപ്പിന്‌ ആക്കംകൂട്ടുന്ന വൻപദ്ധതികൾ പ്രഖ്യാപിച്ച്‌ ബജറ്റ്‌. 17.3 ശതമാനം വളർച്ച എന്ന ചരിത്രനേട്ടം സ്വന്തമാക്കിയ വ്യവസായ മേഖലയ്‌ക്ക്‌ കൂടുതൽ ഊർജം പകരുന്നതാണ്‌ പദ്ധതികൾ. നിക്ഷേപ സൗഹൃദമായി മാറിയ കേരളത്തിന്റെ വ്യവസായ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്താൻ 770.21 കോടിയും വകയിരുത്തി. തദ്ദേശീയ ഉൽപ്പാദനം വൻതോതിൽ ഉയർത്താൻ ലക്ഷ്യമിട്ടാണ്‌ മേക്ക്‌ ഇൻ കേരള. 1000 കോടിയുടെ ബൃഹദ്‌ പദ്ധതിക്കായി ഈവർഷം 100 കോടി വകയിരുത്തി.

സംരംഭക വർഷം പദ്ധതിയിൽ ആരംഭിച്ച 1000 സംരംഭത്തെ 100 കോടി വിറ്റുവരവുള്ള സ്ഥാപനങ്ങളാക്കുക ലക്ഷ്യമിട്ടാണ്‌ ‘മിഷൻ 1000’.
ഭാവിയുടെ ഇന്ധനമായി കരുതുന്ന ഹരിത ഹൈഡ്രജൻ ഉൽപ്പാദനം ലക്ഷ്യമിട്ടാണ്‌ കൊച്ചിയിലും തിരുവനന്തപുരത്തുമായി 200 കോടിയുടെ ഗ്രീൻ ഹൈഡ്രജൻ ഹബ്ബ്‌ സ്ഥാപിക്കുന്നത്‌. ഇലക്‌ട്രിക്‌ വാഹന ബാറ്ററിയും ഉപകരണങ്ങളും നിർമിക്കുന്ന വ്യവസായ പാർക്കിനായി 10 കോടിയും മാറ്റിവച്ചു. 

റോഡിനും പാലങ്ങൾക്കുമായി 1144.22 കോടി
ദേശീയപാതയടക്കം റോഡിനും പാലങ്ങൾക്കുമായി ബജറ്റിൽ വകയിരുത്തിയത് 1144.22 കോടി രൂപ. സംസ്ഥാന പാത വികസിപ്പിക്കാൻ 75 കോടി രൂപ വകയിരുത്തി. ജില്ലാ റോഡിന്‌ 288.27 കോടി. ഇതിൽ 225 കോടി രൂപ ബിഎം ആൻഡ് ബിസി റോഡ്‌ പരിപാലനത്തിനാണ്. കേന്ദ്ര റോഡ് ഫണ്ട് പ്രവൃത്തിക്ക്‌ 61.85 കോടി രൂപ വകയിരുത്തി. പുനലൂർ-–-പൊൻകുന്നം റോഡ്‌ വികസനം ഇപിസി മാതൃകയിലാക്കും. ദേശീയപാതയുടെ സ്ഥലമെടുപ്പിനായി സംസ്ഥാന സർക്കാർ 5580 കോടി രൂപ നൽകിയിട്ടുണ്ട്‌.

ടൂറിസം :
 മുന്നേറ്റത്തിന്
7 ഇടനാഴി
ലോകശ്രദ്ധ നേടിയ സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയുടെ വികസനത്തിന്‌ 362.15 കോടി രൂപ.  കോഴിക്കോട് കപ്പാടും കൊല്ലം തങ്കശേരിയിലും ചരിത്ര മ്യൂസിയത്തിന്‌ 10 കോടി വീതം അനുവദിച്ചു. അന്തർദേശീയ ടൂറിസം പ്രചാരണത്തിന്‌ 81 കോടി രൂപയും  ഉത്തരവാദിത്വ ടൂറിസത്തിനായി 9.50 കോടി രൂപയും വകയിരുത്തി. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെ സവിശേഷതകൾ അനുസരിച്ച് ഏഴ് ഇടനാഴികളായി തിരിക്കും. തീരദേശ ശൃംഖല, തീരദേശ ഹൈവേ, ജലപാത -കനാൽ, ദേശീയ പാത, ഹെലി ടൂറിസം, ഹിൽ ഹൈവേ, റെയിൽവേ എന്നിങ്ങനെയാകും ഇടനാഴികൾ. ഇവിടങ്ങളിൽ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പാക്കും. ടൂറിസം ഇടനാഴികളുടെ വികസനത്തിന്‌ 50 കോടി രൂപ മാറ്റിവച്ചു.

വിഴിഞ്ഞം വ്യവസായ ഇടനാഴി
സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താൻ സർക്കാർ. ഇതിനായി വിഴിഞ്ഞം വ്യവസായ ഇടനാഴി പ്രഖ്യാപിച്ചു.

തുറമുഖത്തിന്റെ ചുറ്റുമുള്ള മേഖലയിൽ വിപുലമായ വാണിജ്യ വ്യവസായകേന്ദ്രം വികസിപ്പിക്കും. 60,000 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ്‌ ലക്ഷ്യമിടുന്നത്‌. വിഴിഞ്ഞംമുതൽ തേക്കട വഴി ദേശീയപാത 66-ലെ നാവായിക്കുളംവരെ 63 കിലോമീറ്ററും തേക്കട–-- മംഗലപുരംവരെയുള്ള 12 കിലോമീറ്ററും ഉൾക്കൊള്ളുന്ന റിങ്‌ റോഡ് നിർമിക്കും.

ഇടനാഴിയുടെ ചുറ്റുമായി വ്യവസായ സ്ഥാപനങ്ങളും വാണിജ്യകേന്ദ്രങ്ങളും വിപുലമായ താമസസൗകര്യങ്ങളുമടക്കമുള്ള ടൗൺഷിപ്പുകൾ വരും. 5000 കോടി ചെലവിട്ട്‌ ഭൂമി ഏറ്റെടുക്കും. ആദ്യഘട്ടം കിഫ്ബി വഴി 1000 കോടി രൂപ വകയിരുത്തി. ഇടനാഴിയിലെ ജനങ്ങളെക്കൂടി പങ്കാളികളാക്കി വ്യവസായ പാർക്കുകൾ, ലോജിസ്റ്റിക് സെന്ററുകൾ, ജനവാസകേന്ദ്രങ്ങൾ എന്നിവ വികസിപ്പിക്കും. സർക്കാർ, സ്വകാര്യ സംരംഭകർ, ഭൂ ഉടമകൾ എന്നിവരെ ഉൾപ്പെടുത്തിയാകും പദ്ധതികൾ തയ്യാറാക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top