19 April Friday
1935 ജൂലൈ 13ന് കർഷകസംഘം 
രൂപീകരിച്ചത്‌ കൊളച്ചേരി നണിയൂരിൽ

ഇവിടെയുണ്ട്‌ സമരതീക്ഷ്‌ണമായ ഇന്നലെകൾ

പി സുരേശൻUpdated: Saturday Dec 3, 2022

കൊളച്ചേരി നണിയൂരിലെ ഭാരതീയ മന്ദിരത്തിന്റെ അവശിഷ്ടം


കണ്ണൂർ
അടിമകളെ ഉടമകളാക്കിയ കർഷകപ്രസ്ഥാനത്തിന്റെ പേറ്റുനോവ് അനുഭവിച്ച നാലുകെട്ട്‌ നാമാവശേഷമായെങ്കിലും സമരതീക്ഷ്‌ണമായ ഇന്നലെകൾ ഇവിടെ ഉണർന്നിരിക്കുന്നു.  കൊളച്ചേരി പഞ്ചായത്ത്‌ നണിയൂരിലെ വി എം വിഷ്ണുഭാരതീയന്റെ ‘ഭാരതീയമന്ദിരം’  വീട്ടിലാണ്‌ 1935 ജൂലൈ 13ന് കർഷകസംഘത്തിന്റെ പിറവി. ഒളിവിലിരുന്ന് പി കൃഷ്ണപിള്ളയാണ് ഇതിന്‌ ചുക്കാൻ പിടിച്ചത്.

കമ്യൂണിസ്റ്റ് ആശയമുള്ള കോൺഗ്രസ് സോഷ്യലിസ്റ്റ് നേതാക്കളാണ് കൊളച്ചേരിയിലെ കൃഷിക്കാരെ സംഘടിപ്പിച്ച് കേരളത്തിലാദ്യമായി കർഷക സംഘടനയ്‌ക്ക് രൂപംനൽകിയത്. വീടുവീടാന്തരം കയറി യോഗവിവരം അറിയിച്ചു. മുറുക്കാൻ അടക്കയും വെറ്റിലയും പുകയിലയും കരുതിയിട്ടുണ്ടെന്ന് പ്രത്യേകം പറയുകയുംചെയ്തു. യോഗത്തിന് എത്തിയത് മുപ്പതോളംപേർ. ഒപ്പിട്ടത് പന്ത്രണ്ടുപേരും. ഈ യോഗത്തിൽ  കർഷകസംഘം രൂപീകരിച്ചു. ഘടകം ഏതെന്ന് പറഞ്ഞില്ല. വി എം വിഷ്ണുഭാരതീയനെ പ്രസിഡന്റായും കെ എ കേരളീയൻ എന്ന കടയപ്രത്ത് കുഞ്ഞപ്പനമ്പ്യാരെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പാട്ടത്തിൽ പത്മനാഭനാണ് അധ്യക്ഷനായത്. കെ പി ആർ ഗോപാലൻ, കെ പി ഗോപാലൻ, പി എം ഗോപാലൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

കൃഷിഭൂമി കൃഷിക്കാരന്, അക്രമപ്പിരിവ് നിർത്തുക തുടങ്ങിയ ആവശ്യങ്ങളുയർത്തി കർഷകസംഘം നയിച്ച പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത് ഭാരതീയനാണ്‌. കർഷകസംഘം അംഗത്വത്തിന്‌ അന്ന് മൂന്ന് പൈസയായിരുന്നു. ദാരിദ്ര്യംമൂലം ഒട്ടേറെ പേർക്ക് അംഗത്വമെടുക്കാൻ കഴിഞ്ഞില്ല. കർഷക സംഘത്തിൽ ചേരാൻ പാടില്ലെന്ന് ജന്മിയും ഗുണ്ടകളും ഭീഷണിപ്പെടുത്തുകയുംചെയ്തു. കിടപ്പാടവും ജോലിയും നഷ്ടപ്പെടുമെന്നും പ്രചരിപ്പിച്ചു. ഇതിനെയെല്ലാം അതിജീവിച്ചു.

മലബാറിലെ എണ്ണമറ്റ കാർഷികസമരങ്ങളുടെ നേതൃത്വം കർഷകസംഘത്തിനായിരുന്നു.   കൃഷിചെയ്യുവർക്ക്‌ ഭൂമിയുടെ അവകാശം എന്ന മുദ്രാവാക്യം കേരളം ഏറ്റെടുത്തു. ജന്മിത്വം പൂർണമായി അവസാനിച്ചതും കൃഷിഭൂമി കൃഷിക്കാന് കിട്ടിയതും കുടികിടപ്പവകാശവും കാർഷികബന്ധ ബില്ലുമെല്ലാം ഈ സമരസംഘടനയുടെ പോരാട്ടത്തിന്റെ ഫലമാണ്‌.

കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന് മുന്നോടിയുള്ള ആലോചനായോഗം നടന്നതും  ‘ഭാരതീയമന്ദിര’ത്തിലാണ്‌. ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട കൂടിയാലോചനകൾക്കും നിരവധി തവണ വേദിയായിട്ടുണ്ട്. വയക്കോത്ത് മൂലക്കൽ മഠമാണ് വിഷ്ണുഭാരതീയൻ ‘ഭാരതീയമന്ദിര’മാക്കിയത്. ഇതിനടുത്ത് ഭാരതീയന്റെ  കോൺഗ്രസ് മന്ദിരവും ഉണ്ടായിരുന്നു. കോൺഗ്രസ് മന്ദിരത്തിൽ പതിവായി നടന്നത് കമ്യൂണിസ്റ്റ് പാർടിയുടെ യോഗമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top