20 April Saturday

കല്യാണം കൂടാൻ വരട്ടെ പണികിട്ടും

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020


തിരുവനന്തപുരം
കോഴിക്കോട്‌ ചികിത്സയിലിരിക്കെ മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിന്‌ ആന്റിജെൻ പരിശോധനയിൽ കോവിഡ്‌ പോസിറ്റീവ്‌. അരൂരിലെ ബന്ധുവീട്ടിലെ വിവാഹസൽക്കാരത്തിന്‌ അമ്മ കുഞ്ഞുമായി പോയിരുന്നു. വയനാട്‌ വാളാട്‌ നടന്ന കല്യാണത്തിൽ ശനിയാഴ്ചവരെ രോഗം സ്ഥിരീകരിച്ചത്‌ 223 പേർക്ക്‌. വിവാഹത്തിൽ പങ്കെടുത്ത പലരും പ്രദേശത്ത്‌ നടന്ന മരണാനന്തരചടങ്ങിലും പങ്കെടുത്തു. എറണാകുളത്ത്‌ മൂന്ന് സ്വകാര്യ വൃദ്ധസദനത്തിലായി 95 പേർക്ക്‌ കോവിഡ്‌. തലസ്ഥാനത്ത്‌ കന്യാസ്ത്രീകളടക്കം വൃദ്ധസദനത്തിലെ 35 പേർക്ക്‌ രോഗബാധ. ജീവന്റെ വിലയുള്ള ജാഗ്രത പുലർത്തേണ്ട കാലത്ത്‌ ഒരുവിഭാഗം ജനങ്ങളുടെ അലംഭാവം രോഗം പടർത്തുകയാണ്‌‌... 


 

ജൂലൈയിൽ മാത്രം 13483 സമ്പർക്ക രോഗികൾ
ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും കുഞ്ഞുങ്ങൾക്കും വയോജനങ്ങൾക്കും പ്രത്യേക ശ്രദ്ധ നൽകണമെന്നും സർക്കാരും ആരോഗ്യ വകുപ്പും ആവർത്തിച്ച്‌ പറയുന്നു. എന്നാൽ, ജൂലൈയിൽമാത്രം 13483 സമ്പർക്ക രോഗികൾ. ഞായറാഴ്ചവരെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 16027ൽ 84.13 ശതമാനമാണ്‌ ഇത്‌. ഇവയിൽ പലതും അശ്രദ്ധ മൂലം രൂപപ്പെടുന്ന ക്ലസ്‌റ്ററുകളിലാണ്‌. സംസ്ഥാനത്ത്‌ ഉടനീളം പത്തിലധികം കല്യാണ, ശവസംസ്കാര ക്ലസ്‌റ്ററുകൾ ഉണ്ടെന്ന്‌ ആരോഗ്യ വകുപ്പ്‌  വ്യക്തമാക്കുന്നു. പത്തനംതിട്ട, തൃശൂർ, കോട്ടയം ജില്ലകളിൽ ഉൾപ്പെടെ ചന്തകൾ കേന്ദ്രീകരിച്ചും രോഗവ്യാപനം രൂക്ഷമായി.

തിരുവനന്തപുരവും എറണാകുളവും
രോഗികളുടെ എണ്ണത്തിലും സമ്പർക്ക വ്യാപനത്തിലും തിരുവനന്തപുരം തന്നെയാണ്‌ തലപ്പത്ത്‌. ആകെ 4703 പേർക്കാണ്‌ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്‌. സമ്പർക്ക രോഗികളിൽ രണ്ടാമത്‌ എറണാകുളമാണ്‌–- 1502. കാസർകോട്‌ 1236, കൊല്ലം 1220, കോഴിക്കോട്‌–- 1029, ആലപ്പുഴ 996, മലപ്പുറം 975, കോട്ടയം 850, പത്തനംതിട്ട 775, തൃശൂർ 748, പാലക്കാട്‌ 573, വയനാട്‌ 487, കണ്ണൂർ 476, ഇടുക്കി 457 എന്നിങ്ങനെയാണ്‌ ജില്ലകളിലെ സമ്പർക്ക വ്യാപനം. 

അതിജാഗ്രത വേണം
ആഗസ്ത്‌–- സെപ്തംബർ മാസങ്ങളിൽ കോവിഡ്‌ വ്യാപനം രൂക്ഷമാകുമെന്ന്‌ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്‌ നൽകുന്നു. ലോക്‌ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുകയും കോവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും ചെയ്താൽ രോഗനിരക്കിൽ വലിയ വർധന ഉണ്ടാകും. ഹൈ റിസ്ക്‌ വിഭാഗത്തിലേക്ക്‌ രോഗം പടർന്നാൽ മരണസംഖ്യ ഇനിയും ഉയരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top