19 April Friday

കേരളം ആഗ്രഹിച്ച 
ആഭ്യന്തരമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022


തിരുവനന്തപുരം
വി എസ്‌ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌ത ദിവസം എഡിജിപി ജേക്കബ്‌ പുന്നൂസിന്റെ ഫോണിലേക്ക്‌ ഒരു വിളിയെത്തി. മറുതലയ്‌ക്കൽ കോടിയേരി ബാലകൃഷ്‌ണൻ. ‘പുന്നൂസേ നിങ്ങള്‌ എന്നെ വന്നൊന്ന്‌ കാണണം’ എന്നുമാത്രം ആവശ്യം. എംഎൽഎ ഹോസ്റ്റലിലെത്തി നിയുക്ത ആഭ്യന്തരമന്ത്രിയുമായി രണ്ട്‌ മണിക്കൂർ സംഭാഷണം. അടുത്ത അഞ്ചുവർഷത്തേക്കുള്ള രൂപരേഖയൊരുക്കലായിരുന്നു ആ കൂടിക്കാഴ്‌ചയെന്ന്‌ മുൻ ഡിജിപിയായ ജേക്കബ്‌ പുന്നൂസ്‌  ഓർക്കുന്നു.

ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, കംപ്യൂട്ടർവൽക്കരണം, തീരപ്രദേശത്തെ സമാധാനാന്തരീക്ഷം ഉറപ്പാക്കൽ തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചയായി. പൊലീസിലെ പരിഷ്‌കാരങ്ങൾ നിർദേശിക്കാൻ ഒരു സമിതിയെ കോടിയേരി നിയോഗിച്ചു. അനൗപചാരികമായി നൽകിയ നിർദേശങ്ങൾ പട്ടികയാക്കി പൊലീസ്‌ പരിഷ്കാരമടക്കം ഓരോന്നും നടപ്പാക്കി. 

മന്ത്രിസഭയിൽ തുടക്കക്കാരനായിരുന്നെങ്കിലും ആഭ്യന്തരവകുപ്പിനെക്കുറിച്ച്‌ വേഗം പഠിച്ചു. കേസന്വേഷണത്തിൽ മികവ്‌ പുലർത്തുന്നവർക്ക്‌ ബാഡ്‌ജ്‌ ഓഫ്‌ ഓണർ നൽകാൻ തുടങ്ങി. പൊലീസിന്റെ ആത്മാഭിമാനം ഉയർത്തുന്നതിനൊപ്പം ജനസൗഹൃദമാക്കുന്നതിനും പ്രാധാന്യം നൽകി. പൗരസ്വാതന്ത്ര്യം ഹനിക്കാതെ കാലാവധി പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ ആഭ്യന്തരമന്ത്രിയെന്ന ബഹുമതിയും കോടിയേരിക്കാണ്‌. കെ കരുണാകരൻ ആഭ്യന്തരമന്ത്രിയായി അഞ്ചരവർഷമുണ്ടായിരുന്നെങ്കിലും അവസാന രണ്ടുവർഷം അടിയന്തരാവസ്ഥയായിരുന്നു.

അറിയേണ്ടതില്ലാത്ത കാര്യങ്ങൾ പറയാതിരിക്കാനും കോടിയേരിക്ക്‌ ശ്രദ്ധയുണ്ടായിരുന്നു. ഡിജിപിയായി ഉത്തരവ്‌ കിട്ടുന്നതിന്‌ മണിക്കൂറുകൾ മുമ്പും ആഭ്യന്തരമന്ത്രിയെ കണ്ടിരുന്നു. എന്നിട്ടും അതറിഞ്ഞത്‌ ഉത്തരവിറങ്ങിയശേഷം. ഒറ്റവാക്കിൽ കോടിയേരിയെ അനുസ്മരിക്കാമോയെന്ന്‌ ചോദിച്ചാൽ ‘പൊലീസുകാരൻ ആഗ്രഹിച്ച ആഭ്യന്തരമന്ത്രിയെന്ന്‌’ ജേക്കബ്‌ പുന്നൂസ്‌.
 

ജനമൈത്രിയുടെ 
തുടക്കക്കാരൻ
കോടിയേരി ബാലകൃഷ്‌ണൻ ആഭ്യന്തരമന്ത്രി ആയിരിക്കെയാണ്‌ ജനമൈത്രി പൊലീസ്‌ സംവിധാനം കേരളത്തിൽ നടപ്പാക്കിയത്‌. ജനങ്ങളെക്കൂടി അണിനിരത്തി പൊലീസിന്‌ പുതിയ മുഖം നൽകിയ പദ്ധതി ആദ്യമായി നടപ്പാക്കിയത്‌ സംസ്ഥാനത്തെ 20 പൊലീസ്‌ സ്റ്റേഷനിലായിരുന്നു. അതിനുംമുമ്പ്‌ മനുഷ്യജീവനുകൾ വീണുപിടഞ്ഞ മാറാടിന്റെ മണ്ണിൽ രഹസ്യമായി കോടിയേരി പദ്ധതി നടപ്പാക്കിയിരുന്നെന്ന്‌ മുൻ ഡിജിപികൂടിയായ ജേക്കബ്‌ പുന്നൂസ്‌. ജനങ്ങൾക്കിടയിൽ പൊലീസ്‌ എപ്പോഴും ഉണ്ടാകുക എന്നതായിരുന്നു കോടിയേരിയുടെ നിലപാട്‌. അതിനായി മാറാട്ടെ വീടുകളിൽ പൊലീസുകാരുടെ അനൗദ്യോഗിക സന്ദർശനം പതിവായിരുന്നു; ഫലവുമുണ്ടായി.

ജനമൈത്രി പദ്ധതിയിൽ ഏറ്റവും ഫലമുണ്ടായത്‌ തീരമേഖലയിലാണ്‌. എന്നും കലുഷിതമായിരുന്ന തീരപ്രദേശം കോടിയേരിക്കാലത്താണ്‌ ശാന്തതയിലേക്ക്‌ മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top