18 April Thursday

ജയിലിനെ മാറ്റിയ സന്ദർശനം

സുജിത്‌ ബേബിUpdated: Sunday Oct 2, 2022

ആഭ്യന്തര മന്ത്രിയായിരിക്കെ 2007ൽ കോടിയേരി ബാലകൃഷ്‌ണൻ പൂജപ്പുര സെൻട്രൽ ജയിൽ സന്ദർശിച്ചപ്പോൾ


തിരുവനന്തപുരം
2006ൽ എൽഡിഎഫ്‌ സർക്കാർ അധികാരമേറ്റ്‌ ഒരാഴ്‌ച പിന്നിടുമ്പോഴാണ്‌ അഞ്ചാം നമ്പർ സ്റ്റേറ്റ്‌ കാർ ജയിൽ മേധാവിയുടെ ഓഫീസിന്‌ മുന്നിലെത്തിയത്‌. കാറിൽ നിന്നിറങ്ങിയത്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണൻ. നേരെ ജയിൽ ഡിജിപിയായിരുന്ന എം ജി എ രാമന്റെ മുറിയിലേക്ക്‌.  ആഭ്യന്തര മന്ത്രി ജയിൽ ആസ്ഥാനത്ത്‌ എത്തുന്നത്‌ അത്ര പരിചിതമല്ലാതിരുന്നതിനാൽ ഉദ്യോഗസ്ഥരും ജീവനക്കാരുമെല്ലാം ഒന്നമ്പരന്നു. അടുത്ത അഞ്ചുവർഷം ജയിൽ വകുപ്പിൽ നടത്തേണ്ട പരിഷ്കാരങ്ങളെക്കുറിച്ച്‌ മുക്കാൽ മണിക്കൂർ ചർച്ചയിൽ ഉദ്യോഗസ്ഥർ പറഞ്ഞതെല്ലാം സശ്രദ്ധം കേട്ടിരുന്നതല്ലാതെ ഒരു പേനയോ പേപ്പറോ കൈയിലെടുത്തില്ല. പുറത്തിറങ്ങിയപ്പോൾ മാധ്യമപ്രവർത്തകരോട്‌ നടപ്പാക്കാൻ പോകുന്ന പരിഷ്‌കാരങ്ങൾ വിശദീകരിച്ചു. യോഗത്തിലെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി വിശദമായ രൂപരേഖയായിരുന്നു ആ വാക്കുകൾ. അതായിരുന്നു കോടിയേരിയെന്ന ആഭ്യന്തര മന്ത്രി. പേനയും പേപ്പറും എടുക്കാതെ കാര്യങ്ങൾ മനസ്സിൽ കുറിച്ചിട്ട്‌ അതിവേഗം തീരുമാനങ്ങളെടുക്കാൻ കെൽപ്പുള്ള ഭരണാധികാരി.

അടിയന്തരാവസ്ഥക്കാലത്ത്‌ മിസ തടവുകാരനായി 16 മാസം ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ കോടിയേരിക്ക്‌ ജയിലിനെ അറിയാമായിരുന്നു. 1950ലെ തിരുക്കൊച്ചി നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജയിലുകളുടെ പ്രവർത്തനം. അത്‌ പരിഷ്‌കരിച്ചത്‌ കോടിയേരിയുടെ നിശ്ചയദാർഢ്യമാണ്‌. 2010ൽ പുതിയ നിയമം പ്രാബല്യത്തിലായി. രാജ്യത്തിനു മാതൃകയായ നിയമം പിന്നീട്‌ പല സംസ്ഥാനങ്ങളും പകർത്തി. ജില്ലാ ജയിലുകൾ മൂന്നിൽനിന്ന്‌ എട്ടായതും വീഡിയോ കോൺഫറൻസ്‌ നടപ്പാക്കിയതും ഇക്കാലത്ത്‌.  

ഓരോ സെല്ലിന്‌ മുന്നിലുമെത്തി തടവുകാരുടെ ക്ഷേമാന്വേഷണം നടത്തിയ ആഭ്യന്തര മന്ത്രിയെ ആരും മറന്നിട്ടില്ല. കോടിയേരിയുടെ മരണവാർത്തയെക്കുറിച്ച്‌ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞുനിർത്തി –- ‘വീട്ടിലൊരാൾ മരിച്ച വേദന’.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top