25 April Thursday

ആരും ഒറ്റയ്‌ക്കല്ല; ഹൃദയപൂർവം യുവത

എസ്‌ ശ്രീലക്ഷ്‌മിUpdated: Wednesday Apr 1, 2020


തിരുവനന്തപുരം
കോവിഡിന്റെ ഭീഷണിക്ക്‌ മുന്നിൽ വഴങ്ങാതെ ഓരോരുത്തരെയായി സർക്കാർ ചേർത്തുപിടിക്കുമ്പോൾ നാടിന്‌ കരുതലും കാവലുമായി കൂട്ടിന്‌ തീക്ഷ്‌ണയൗവനങ്ങളുമുണ്ട്‌ തെരുവിൽ. എല്ലാ മാർഗ നിർദേശങ്ങളും പാലിച്ചുതന്നെ തെരുവിലെ നിരാലംബർക്കും പക്ഷി മൃഗാദികൾക്കും ഭക്ഷണമായും ആവശ്യക്കാർക്ക്‌ മരുന്നായും രക്തമായും വീട്ടുസാധനങ്ങളായും സ്‌നേഹമായും സാന്ത്വനമായും പുസ്‌തകമായും പാട്ടായും പ്രതിരോധ, സേവന, സന്നദ്ധപ്രവർത്തനങ്ങളിൽ അവരെത്തുന്നു. പ്രതിഫലേച്ഛകളില്ലാതെ നാടിനുവേണ്ടിയുള്ള കടമ ചെയ്‌ത ചാരിതാർഥ്യവുമായി മടങ്ങുന്നു; അടുത്തയാളിലേക്ക്‌. ആരും ഒറ്റയ്‌ക്കല്ല; കൂടെ ഞങ്ങളുണ്ടെന്ന്‌ സമൂഹത്തെ ബോധ്യപ്പെടുത്തുന്നു. “വീട്ടിലിരിക്കാം വിത്തിറക്കാം’എന്നപേരിൽ കൃഷിയിറക്കാനും അവർ മുന്നിലുണ്ട്‌. മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന നൽകുന്ന പ്രവർത്തനങ്ങളുമായും കേരളത്തെ ചേർത്തുപിടിക്കുന്നു. അവകാശ സമരങ്ങളിലും പോരാട്ടങ്ങളിലും മാത്രമല്ല, നാടിന്റെ ഓരോ സ്‌പന്ദനത്തിലും ചേർത്തുവെക്കാവുന്ന പേരുതന്നെയാണ്‌ ഡിവൈഎഫ്‌ഐ എന്ന്‌ അടിവരയിടുകയാണ്‌ ഓരോ പ്രവർത്തനങ്ങളും.

“ഞങ്ങളുണ്ട്‌’’
“നിങ്ങൾ ഒറ്റയ്‌ക്കാകില്ല, ഞങ്ങളുണ്ട്‌‘ എന്ന പേരിൽ ഡിവൈഎഫ്‌ഐ ആരംഭിച്ച പദ്ധതിയിലൂടെ സഹായമെത്തിച്ചത്‌ നിരവധിപേർക്ക്‌. അടച്ചുപൂട്ടൽ കാലത്ത്‌ വീട്ടിൽ തനിച്ചാകുന്നവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും മറ്റുള്ളവർക്കും ആവശ്യമായ സഹായമെത്തിക്കുന്ന പദ്ധതിയാണിത്‌. സംസ്ഥാനതലത്തിൽ ആറുപേരടങ്ങുന്ന കോൾ സെന്റർ തുടങ്ങി. ജില്ലാ, ബ്ലോക്ക്‌തലങ്ങളിലും സേവനമെത്തിക്കാനുള്ള ടീം സജ്ജീകരിച്ചു. ഭക്ഷണം, മരുന്ന്‌ എന്നിവ മുതൽ പുസ്തകങ്ങൾവരെ വീടുകളിൽ എത്തിക്കുന്നു. മാനസിക പിരിമുറുക്കം നേരിടുന്നവർക്ക്‌ വിദഗ്‌ധ സേവനവും ലഭ്യമാക്കുന്നു.

ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കാനും
ആരോഗ്യവകുപ്പിന്റെ നിർദേശമനുസരിച്ച്‌ ഓരോ ജില്ലയിലും ഡിവൈഎഫ്‌ഐ പ്രവർത്തകർ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കാൻ സഹായിച്ചു. പൂട്ടിക്കിടന്ന പന്തളത്തെ അർച്ചന ഹോസ്‌പിറ്റൽമുതൽ സംസ്ഥാനത്ത്‌ ആകെ 226 ഐസൊലേഷൻ വാർഡ്‌ സജ്ജീകരിക്കാൻ ഡിവൈഎഫ്‌ഐ മുന്നിൽനിന്നു. തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ ഒറ്റദിവസംകൊണ്ടാണ്‌ ഏഴുനിലകെട്ടിടം വൃത്തിയാക്കിയത്‌. കൊല്ലം ജില്ലയിൽമാത്രം 53 ഐസൊലേഷൻ വാർഡ്‌ സജ്ജമാക്കി.

രക്തമേകി; 6282  യൂണിറ്റ്‌
കോവിഡ്‌–-19 സ്ഥിരീകരിച്ചതോടെ ആശുപത്രികളിൽ രക്തദാതാക്കളുടെ എണ്ണം കുറഞ്ഞപ്പോൾ ഡിവൈഎഫ്‌ഐ പ്രവർത്തകർ ദൗത്യം ഏറ്റെടുത്തു. രക്തബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ രക്തദാന പദ്ധതി ആരംഭിച്ചു. ആദ്യം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ “ജീവധാര’ പദ്ധതിയുടെ ഭാഗമായി നൂറോളം പ്രവർത്തകർ രക്തദാനം നടത്തി. തുടർന്ന്‌, എല്ലാ ജില്ലാ കമ്മിറ്റികളും പ്രവർത്തനം ഏറ്റെടുത്തു. 6282  യൂണിറ്റ്‌ രക്തം ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ നൽകി.

കണ്ണിപൊട്ടിക്കാനും
ബ്രേക്ക്‌ ദ ചെയിൻ ക്യാമ്പയിനിന്റെ ഭാഗമായി 27252  യൂണിറ്റ്‌ കേന്ദ്രത്തിലും ഹാൻഡ്‌വാഷിങ് കേന്ദ്രങ്ങൾ ആരംഭിച്ചു. ഒപ്പം മാസ്‌ക്‌, സാനിറ്റൈസർ നിർമാണവും തുടങ്ങി. നാലുലക്ഷത്തിലധികം മാസ്‌കുകളാണ്‌ വിവിധ ജില്ലാ കമ്മിറ്റികൾ നിർമിച്ചുനൽകിയത്‌. ഒപ്പം 19,802 ലിറ്റർ സാനിറ്റൈസറും. ഇത്‌ ആരോഗ്യപ്രവർത്തകർക്കും സർക്കാർ ജീവനക്കാർക്കും  വീടുകളിലും വിതരണം ചെയ്യുന്നു.

പാടൂ; ചിത്ര കേൾക്കും
വീട്ടിലിരുന്ന്‌ മടുക്കുന്നവർക്കായി  “നിങ്ങൾ പാടൂ കെ എസ്‌ ചിത്ര കേൾക്കും’ പരിപാടി ആരംഭിച്ചു. ദിവസം ആയിരത്തിലധികം പേരാണ്‌ പാട്ടുപാടി വാട്‌സാപ്പിൽ അയക്കുന്നത്‌. തെരഞ്ഞെടുത്ത പാട്ടുകൾ കെ എസ്‌ ചിത്രയ്‌ക്ക്‌ കൈമാറും. ചിത്ര അഭിപ്രായം രേഖപ്പെടുത്തുന്ന ഗാനം ഡിവൈഎഫ്ഐ കേരളയുടെ പേജിൽ പോസ്റ്റ്‌ ചെയ്യും. ഒപ്പം യുവധാരയുടെ യൂട്യൂബ് ചാനലിലും അപ്‌ലോഡ് ചെയ്യും. പ്രിയപ്പെട്ട പാട്ടുകാരും പേജിൽ ലൈവിൽ വരും. ബുധനാഴ്‌ച ഹരീഷ്‌ ശിവരാമകൃഷ്‌ണനും വെള്ളിയാഴ്‌ച സിതാരയും പാട്ടുകളുമായെത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top