24 September Sunday

പുന്നപ്ര വയലാർ ; സാമ്രാജ്യത്വത്തിനെതിരായ 
ഐതിഹാസിക പോരാട്ടം

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022


ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരായ കമ്യൂണിസ്റ്റ്‌ പാർടിയുടെ പോരാട്ടത്തിലെ ഐതിഹാസിക ഏടാണ്‌ പുന്നപ്ര–- വയലാർ. 1946 ഒക്ടോബറിലാണ് ദിവാൻ സർ സി പി രാമസ്വാമി അയ്യരുടെ ദുർഭരണത്തിനെതിരായ ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നത്‌. തോക്കുമേന്തിവന്ന പട്ടാളത്തെ വാരിക്കുന്തംകൊണ്ട്‌ നേരിട്ട തൊഴിലാളിവർഗത്തിന്റെ നിശ്ചയദാർഢ്യംകൂടിയാണ്‌ ഈ സമരം. ഒരേസമയം നാട്ടുരാജഭരണത്തിനും ബ്രിട്ടീഷ് ഭരണത്തിനുമെതിരായിരുന്നു പ്രക്ഷോഭം.

പട്ടിണിയിലും ദുരിതത്തിലും ജീവിക്കാൻ കഷ്ടപ്പെട്ട തൊഴിലാളികളുടെ ഒരുവിധ ആവശ്യങ്ങളോടും അനുഭാവം പ്രകടിപ്പിക്കാൻ ദിവാൻ തയ്യാറായില്ല. ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ വിസമ്മതിച്ച തിരുവിതാംകൂർ സ്വതന്ത്ര രാജ്യമായി തുടരാൻ തീരുമാനിച്ചു. തുടർന്ന്‌ ദിവാന്റെ ഭരണത്തിനെതിരെ സമരകാഹളം മുഴങ്ങി. "അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്ന കമ്യൂണിസ്റ്റ്‌ പാർടിയുടെ മുദ്രാവാക്യത്തിനു കീഴിൽ തൊഴിലാളികൾ അണിനിരന്നു. തൊഴിൽ, കൂലി വ്യവസ്ഥകളിൽ കൃത്യതയും വ്യക്തതയും വരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ കയർഫാക്ടറി തൊഴിലാളികൾ തുടങ്ങിയ സമരം ഒരു നാടിന്റെയും ജനതയുടെയും സ്വാതന്ത്ര്യസമരമായി പടർന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, നീതി തുടങ്ങിയ മൂല്യബോധങ്ങൾ സമരത്തിന്‌ ഊടും പാവുമേകി.

 മത്സ്യത്തൊഴിലാളികളും കർഷകത്തൊഴിലാളികളും ചെത്തുതൊഴിലാളികളും സമരത്തിൽ അണിനിരന്നു. ജന്മിമാർക്കും മുതലാളിമാർക്കുംവേണ്ടി എല്ലുമുറിയെ പണിയെടുക്കുന്നവർ ന്യായമായ കൂലി ചോദിച്ചാൽ ലഭിക്കുക ഭീകരമർദനമാണ്‌. അതിന്‌ പൊലീസും അധികാരികളും കൂട്ടുനിൽക്കും. ചൂഷണവും അടിച്ചമർത്തലും വ്യാപിച്ചതോടെ അഭിമാനബോധമുള്ള തൊഴിലാളികൾക്ക്‌ പോരാട്ടം അനിവാര്യമായി. കമ്യൂണിസ്റ്റ്‌ പാർടിയുടെ സാന്നിധ്യവും തൊഴിലാളി സംഘടനാ രൂപീകരണവും മാർക്‌സിയൻ ആശയത്തിന്റെ വേരോട്ടവും അവരുടെ മുന്നേറ്റത്തിന്‌ ഊർജമേകി.

അതിജീവനത്തിന്റെ 
പോരാട്ടപാത
ഉയർന്നുവരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അടിച്ചമർത്തുന്നതിന്‌ ആലപ്പുഴ, ചേർത്തല മേഖലകളിലേക്ക്‌ സർക്കാർ കൂടുതൽ പൊലീസുകാരെ നിയോഗിച്ചു. അതേസമയം, ബ്രിട്ടീഷുകാരുടെ അതിക്രമം തടയാൻ തൊഴിലാളികൾക്ക്‌ അർധസൈനിക പരിശീലനം നൽകാനായി വളന്റിയർ ക്യാമ്പുകളും കമ്യൂണിസ്റ്റ് പാർടി സംഘടിപ്പിച്ചു. അനീതിക്കെതിരെ തൊഴിലാളികൾക്ക്‌ പൊരുതുകയല്ലാതെ മറ്റു വഴികളില്ലായിരുന്നു. പട്ടാളം വെടിവയ്‌ക്കാൻ ശ്രമിച്ചാൽ വാരിക്കുന്തവുമായി ഇഴഞ്ഞുനീങ്ങുക, കാഞ്ചി വലിക്കുന്നതിനുമുമ്പ്‌ ചാടിയെണീറ്റ്‌ വാരിക്കുന്തംകൊണ്ട്‌ കുത്തിമലർത്തുക–- ഇതായിരുന്നു സമരശൈലി.

ഒക്ടോബറിൽ പുന്നപ്ര ഗ്രാമത്തിലൂടെ മാർച്ച്‌ നടത്തിയ പൊലീസ്‌ സംഘത്തെ ഗ്രാമവാസികൾ ചെറുത്ത്‌ തിരിച്ചയച്ചു. 1946 ഒക്ടോബർ 20ന് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്‌ 27 ആവശ്യമുള്ള ഒരു പത്രിക സർക്കാരിന്‌ സമർപ്പിച്ചു. ദിവാനെ മാറ്റി ഉത്തരാവദിത്വ ഭരണം നടപ്പാക്കുക എന്നതായിരുന്നു മുഖ്യമായ ആവശ്യങ്ങളിലൊന്ന്. ഒക്ടോബർ 22-ന്‌ പണിമുടക്ക്‌ പ്രഖ്യാപിച്ചു. പണിമുടക്കിയ തൊഴിലാളികൾ ആലപ്പുഴയിൽനിന്ന്‌ പുന്നപ്രയിലേക്ക് ജാഥ നടത്തി. 23ന്‌ കളർകോട്ടിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സൈന്യം വെടിവച്ചു. ഒരാൾ മരിച്ചു. ജനക്കൂട്ടം പുന്നപ്രയ്‌ക്കു സമീപം പൊലീസ് ഔട്ട്പോസ്റ്റ് ആക്രമിച്ചു. പൊലീസ് വെടിവയ്‌പിൽ 27 പേർ കൊല്ലപ്പെട്ടു. ഒക്ടോബർ 25ന് ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ പട്ടാളനിയമം പ്രഖ്യാപിച്ചു.

ഇരുപത്താറിന്‌ മാരാരിക്കുളത്തും 27ന്‌ മേനാശേരിയിലും ഒളതലയിലും ഒടുവിൽ വയലാറിലും പൊലീസും പട്ടാളവും സമരക്കാരോട്‌ ഏറ്റുമുട്ടി. വയലാറിലെ സമരക്യാമ്പ് മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപിലായിരുന്നു. ബോ­ട്ടു­ക­ളി­ലെത്തിയ പ­ട്ടാ­ള­ക്കാർ ക്യാമ്പുവ­ള­ഞ്ഞ്‌ നാ­ലുഭാ­ഗ­ത്തു­നി­ന്നും വെ­ടിവച്ചു. നൂറിലേറെപ്പേരാണ്‌ രക്തസാക്ഷികളായത്‌. സമരഭൂമിയിലെ കുളത്തിൽ മൃതദേഹങ്ങൾ പൊലീസും പട്ടാളവും കൂട്ടിയിട്ട്‌ കത്തിച്ചു. ഈ വെടിവയ്‌പുകളിലായി ഒട്ടേറപ്പേർ മരിച്ചെന്നാണ്‌ കണക്ക്‌. ചെങ്കൊടിയെ നെഞ്ചിലേറ്റി നടത്തിയ പുന്നപ്ര–- വയലാർ പ്രക്ഷോഭം ബ്രിട്ടീഷ് ഭരണത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത തൊഴിലാളിവർഗ സമരമാണ്‌. ഇന്നത്‌ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top