29 March Friday

അഭിനവ സ്‌നേഹം 
രാഷ്ട്രീയനേട്ടത്തിന്‌

എം പ്രശാന്ത്‌Updated: Thursday Jul 7, 2022


ന്യൂഡൽഹി
ഭരണഘടന നിലവിൽവന്നതുമുതൽ അതിനെ തള്ളിപ്പറയുന്നവരാണ്‌ തീവ്രഹിന്ദുത്വ വക്താക്കളായ ആർഎസ്‌എസും അതിന്റെ രാഷ്ട്രീയരൂപമായ ബിജെപിയും. ഭരണഘടന വൈദേശികവും ഭാരതീയ മൂല്യങ്ങൾക്കും സംസ്‌കാരത്തിനും യോജിക്കാത്തതുമെന്ന നിലപാടാണ്‌ ആർഎസ്‌എസിനുള്ളത്‌.

ഇന്ത്യ നിയമസംഹിതയായി സ്വീകരിക്കേണ്ടത്‌ ചാതുർവർണ്യത്തെയും ബ്രാഹ്‌മണാധിപത്യത്തെയും ശരിവയ്‌ക്കുന്ന മനുസ്‌മൃതിയെയാണെന്ന്‌ ആർഎസ്‌എസിന്റെ രണ്ടാം സർസംഘചാലകായ എം എസ്‌ ഗോൾവാൾക്കർ തുടർച്ചയായി വാദിച്ചിരുന്നു. ഗോൾവാൾക്കറെ ഗുരുസ്ഥാനത്ത്‌ കാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള സമകാലിക സംഘപരിവാർ നേതാക്കളാകട്ടെ തങ്ങൾ ഹിന്ദു ദേശീയവാദികളാണെന്ന്‌ നിരന്തരം ഉദ്‌ഘോഷിക്കുന്നവരുമാണ്‌. രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയശേഷം ഭരണഘടനയ്‌ക്കെതിരായ കടന്നാക്രമണങ്ങൾ രൂക്ഷമായി. ഇതിനിടെയാണ്‌ കേരളത്തിലെ ബിജെപിയും ആർഎസ്‌എസും ഭരണഘടന സംരക്ഷകരുടെ കുപ്പായമണിയാൻ ശ്രമിക്കുന്നത്‌.
ഭരണഘടനയുടെ ആമുഖത്തിൽ ഉൾചേർത്തിട്ടുള്ള സോഷ്യലിസവും സെക്കുലറിസവും ഏതുവിധേനയും നീക്കി ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിനുള്ള തീവ്രശ്രമത്തിലാണ്‌ നിലവിൽ സംഘപരിവാരം.

ഈ ആവശ്യവുമായി ബിജെപി അംഗങ്ങൾ പാർലമെന്റിൽ തുടർച്ചയായി സ്വകാര്യബില്ലുകൾ കൊണ്ടുവരുന്നുണ്ട്‌. അൽഫോൺസ്‌ കണ്ണന്താനവും സോഷ്യലിസം നീക്കണം എന്നാവശ്യപ്പെട്ട്‌ സ്വകാര്യബിൽ കൊണ്ടുവന്നിരുന്നു. ഏകീകൃതസിവിൽ കോഡ്‌ നടപ്പാക്കണമെന്നതാണ്‌ ബിജെപിയുടെ മറ്റൊരാവശ്യം. മോദി സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമം , ജമ്മു–-കശ്‌മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞും സംസ്ഥാനപദവി റദ്ദാക്കിയുമുള്ള നിയമഭേദഗതി തുടങ്ങിയവയെല്ലാം ഭരണഘടനയുടെ സെക്കുലറിസം, ഫെഡറലിസം തുടങ്ങി ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ ലംഘിക്കുന്നതായിരുന്നു.

ആർഎസ്‌എസിന്റെ 
ഭരണഘടന മനുസ്‌മൃതി
ഗോൾവാൾക്കർ സർസംഘചാലകായിരിക്കെ 1949 നവംബർ 30ന്‌ ആർഎസ്‌എസ്‌ മുഖവാരികയായ ഓർഗനൈസർ ഭരണഘടനയെ തള്ളിപറഞ്ഞും മനുസ്‌മൃതിയെ ഭരണഘടനയായി ആവശ്യപ്പെട്ടും മുഖപ്രസംഗം എഴുതി. ആർഎസ്‌എസ്‌ ശാഖയിലെ ദൈനംദിന പ്രാർഥനയിലും ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര–- ജനാധിപത്യ മൂല്യങ്ങളോടുള്ള പുച്ഛമുണ്ട്‌.

‘അല്ലയോ ദൈവമേ, ഹിന്ദുരാഷ്ട്രത്തിന്റെ അവിഭാജ്യഘടകമായ ഞങ്ങൾനിന്നെ നമിക്കുന്നുവെന്നും ലക്ഷ്യപൂർത്തീകരണത്തിനായി അനുഗ്രഹിക്കാനും’ പ്രാർഥന പറയുന്നു. ദേശീയപതാകയെയും ആർഎസ്‌എസും ബിജെപിയും  അംഗീകരിച്ചിരുന്നില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top