25 January Tuesday
ചാരമാകണം
അനാചാരം ഭാഗം 4

നമ്മൾ അറിയണം പൊസളിഗയെ

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

കാസർകോട്‌ ബെള്ളൂർ പഞ്ചായത്തിൽ പൊസളിഗെയിൽ പട്ടികജാതി കോളനിയിലേക്ക്‌ സിപിഐ എം 
നിർമിച്ച റോഡ്‌ അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ തുറക്കുന്നു. 
ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ സമീപം (ഫയൽചിത്രം)

ചാരമാകണം
 അനാചാരം || ഭാഗം 1 || ഭാഗം 2 || ഭാഗം 3

കാസർകോട്ടുനിന്ന്‌ മുള്ളേരിയ വഴി ബെള്ളൂർ നാട്ടക്കല്ലിനടുത്ത്‌ എത്തിയാൽ പൊസളിഗെ ഗ്രാമമായി. വഴിനടക്കാൻ അനുവദിക്കാത്ത സവർണതയ്‌ക്കെതിരായ പേരാട്ടത്തിന്റെ  മറുപേരുകൂടിയാണ്‌ പൊസളിഗെ. സംഘപരിവാർ ബന്ധമുള്ള നവീൻകുമാർ സ്വന്തം അതിരിലൂടെ പോകുന്ന റോഡ്‌ വിലക്കിയിടത്താണ്‌ തുടക്കം. പട്ടികജാതിക്കാർ റോഡിലൂടെ പോയാൽ, കുടുംബത്തിന്‌ ദോഷമാണെന്നയാൾ വിശ്വസിച്ചു. വഴി നിഷേധിച്ചപ്പോൾ, ബലമായി റോഡ്‌ വെട്ടി സിപിഐ എം പ്രവർത്തകർ ചരിത്രത്തിലേക്ക്‌ പുതുവഴി വെട്ടി. 2018 സെപ്‌തംബറിൽ ആരംഭിച്ച വഴിവെട്ടൽ പ്രക്ഷോഭം ഒക്ടോബർ ഒന്നിനു വിജയം കണ്ടു. അന്നത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനാണ്‌ പൊസളിഗെ റോഡ്‌ നാട്ടുകാർക്കായി തുറന്നുകൊടുത്തത്‌.

എൺപതേക്കറോളം ഭൂമി സ്വന്തമായ ജന്മി നവീൻകുമാറിനെതിരെ പൊസളിഗെ, തട്ടേത്തുമൂല കോളനി നിവാസികൾ 2009ൽ തുടങ്ങിയ സമരമാണ്‌ സിപിഐ എം ഏറ്റെടുത്തു വിജയിപ്പിച്ചത്‌. എഴുപതുകൾമുതൽ ഈ വഴിയുള്ളതായി രേഖയിലുണ്ട്‌. സമീപത്തെ മുക്കുഞ്ചെ ധൂമാവതി ക്ഷേത്രത്തിലേക്ക്‌ തിടമ്പ്‌, മാലിങ്കി തറവാട്ടിൽനിന്ന്‌ കൊണ്ടുവരുന്നത്‌ ഈ വഴിയിലായിരുന്നു. 1978ൽ റോഡ്‌ എന്നടയാളപ്പെടുത്തിയ സ്ഥലമാണ്‌ ഇത്‌. തിരിച്ചുപിടിക്കാൻ ദളിതർ നിയമപരമായി നീങ്ങിയെങ്കിലും ബിജെപി ഭരിക്കുന്ന പഞ്ചായത്തിന്റെ എതിർപ്പിൽ വഴി എന്നന്നേക്കുമായി കൊട്ടിയടയ്‌ക്കപ്പെട്ടു.

കാലവർഷക്കെടുതിയിൽ റോഡ്‌ തകർന്നു. കോളനിയിലേക്ക്‌ വാഹനം അനുവദിക്കാത്തതിനാൽ മത്താടി, രവി, സീതു എന്നിവർ ചികിത്സ കിട്ടാതെ മരിച്ചു. സീതുവിനെ കസേരയിൽ ചുമന്നാണ്‌ ആശുപത്രിയിലേക്ക്‌ എത്തിച്ചത്‌. എന്നിട്ടും രക്ഷിക്കാനായില്ല. ഇവരുടെ മകൾ കുസുമയെ പ്രസവത്തിന്‌ കൊണ്ടുപോയതും കസേരയിലാണ്‌.

റോഡ്‌ വിലക്കിയതിനു പിന്നിൽ ജാതി വിവേചനമാണെന്ന്‌ അറിഞ്ഞതോടെയാണ്‌ സിപിഐ എം ഇടപെട്ടത്‌. കാറഡുക്ക ഏരിയ കമ്മിറ്റി പ്രത്യേക സമരം സംഘടിപ്പിച്ചു. വിവിധ കേന്ദ്രത്തിൽനിന്ന്‌ സമര വളന്റിയർമാരെ റിക്രൂട്ട്‌ ചെയ്‌തു. അനുഭാവികളിൽനിന്ന്‌ റോഡ്‌ വെട്ടാനുള്ള ചെലവുകളൊരുക്കി. ഒരുമാസത്തോളം രാപകൽ നീണ്ട റോഡ്‌ നിർമാണം. കോൺക്രീറ്റ്‌ റോഡിലൂടെ ദളിതർ സിപിഐ എം നേതാക്കൾക്കൊപ്പം അയിത്തമതിൽ ഭേദിച്ച്‌ പുതിയ കാലത്തേക്ക്‌ കടന്നു.    കേവലം വഴിവെട്ടലല്ല, അയിത്തമെന്ന ദുരാചാരത്തിനെതിരെ മർമത്തുള്ള അടികൂടിയായിരുന്നു പൊസളിഗെ സമരമെന്ന്‌ അന്നത്തെ സിപിഐ എം ഏരിയ സെക്രട്ടറിയും ഇപ്പോൾ കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമായ സിജി മാത്യു പറഞ്ഞു. 
–- അവസാനിച്ചു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top