29 March Friday

സുഭിക്ഷ കേരളം ; വഴുതന കൃഷി ചെയ്യാം

വിണാറാണി ആർUpdated: Thursday Jul 23, 2020


നട്ടാൽ രണ്ടു വർഷംവരെ തുടർച്ചയായി വിളവെടുക്കാവുന്ന പച്ചക്കറിയാണ്‌ വഴുതന. കുറഞ്ഞ സ്ഥലത്ത്‌ കൂടുതൽ വിളവ്‌ എന്ന പ്രത്യേകതയുമുണ്ട്‌. മഴയെ ആശ്രയിച്ചാണെങ്കിൽ ഇപ്പോൾ  കൃഷി ചെയ്യാം. ജലസേചിത കൃഷിയായി സെപ്തംബർ, ഒക്ടോബർ മാസത്തിലും നടാം. ഓരോ പ്രാവശ്യത്തെ വിളവെടുപ്പിന് ശേഷവും കൊമ്പ് കോതി വളം ചെയ്‌താൽ മതി. സൂര്യ, ശ്വേത, ഹരിത, നീലിമ, പൂസാ പർപ്പിൾ ലോങ്‌, പൂസാ പർപ്പിൾ റൗണ്ട് എന്നിവയാണ്‌ അത്യുൽപ്പാദന ശേഷിയുള്ള വഴുതനയിനങ്ങൾ. വിറ്റാമിൻ ബി, ബി6, വിറ്റാമിൻ കെ, മാംഗനീസ്, കോപ്പർ എന്നിവ വഴുതനയെ പ്രതിരോധനിരയിലെ നായികയാക്കുന്നു. പോഷക സമ്പന്നവും ഔഷധഗുണവുമുള്ള വഴുതന കരൾ രോഗങ്ങൾക്ക് ഉത്തമമെന്നും വിദഗ്‌ധർ പറയുന്നു.



 

പരിപാലനം ശ്രദ്ധയോടെ
സൂര്യപ്രകാശം ധാരാളമുള്ള സ്ഥലത്ത് അഴുകിപ്പൊടിഞ്ഞ കാലിവളവും മേൽമണ്ണും ചേർത്ത് തവാരണയൊരുക്കി വിത്ത് പാകാം.     ഒരു സെന്റിലേക്ക് 2ഗ്രാം വിത്ത് ധാരാളം. പാകിയയുടൻ പച്ചിലകൊണ്ട് പുതയൊരുക്കണം. വാട്ടരോഗത്തെ ചെറുക്കാൻ 20ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കണം.നേർപ്പിച്ച പച്ചച്ചാണകം തളിക്കുന്നത് തൈകൾക്ക്‌ ഗുണകരമാണ്‌.

ഒരു മാസമായ തൈകൾ പറിച്ചുനടാം. സ്ഥലം  കിളച്ചൊരുക്കി സെന്റിന് 2കിലോഗ്രാം എന്ന തോതിൽ കുമ്മായം മണ്ണുമായി ഇളക്കി യോജിപ്പിക്കണം. സെന്റൊന്നിന് 100കിലോഗ്രാം എന്ന തോതിൽ അഴുകിപ്പൊടിഞ്ഞ ജൈവവളം ചേർത്ത് ചാലുകൾ കീറി തൈകൾനടാം. കായും തണ്ടും തുരക്കുന്ന പുഴുക്കൾക്കെതിരെ വേപ്പെണ്ണ എമൽഷൻ ആദ്യ ഡോസായും ഒരാഴ്‌ചയ്‌ക്ക്‌ ശേഷം 20ഗ്രാം ബ്യുവേറിയ ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയും തളിക്കണം.

മുഞ്ഞയും മണ്ഡരിയും ആമവണ്ടും  വഴുതനയെ ആക്രമിക്കാറുണ്ട്. വെർട്ടിസീലിയം 20ഗ്രാംഒരു ലിറ്റർവെള്ളത്തിൽ കലക്കി തളിക്കുന്നതാണ് നല്ലത്. വഴുതന വിത്ത് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രങ്ങളിലും കൃഷിഭവനിലും ലഭിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top