20 April Saturday

തുലാവർഷ ശാസ്ത്രചരിതം

ഡോ. ശംഭു കുടുക്കശ്ശേരിUpdated: Thursday Oct 22, 2020


ജൂണിൽ  തുടങ്ങി ഒക്ടോബർ വരെയുള്ള ഇടവപ്പാതി (തെക്ക്‌ പടിഞ്ഞാറൻ കാലവർഷം) മഴയുടെ പിൻവാങ്ങലിന്‌ പിന്നാലെയാണ്‌ തുലാവർഷ മഴയുടെ കടന്നുവരവ്‌.  ഇടവപ്പാതിയെ അപേക്ഷിച്ച് വളരെക്കുറവായ കേരളത്തിലെ മഴക്കാലമാണ് ഒക്ടോബർ മുതൽ ഡിസംബർ വരെ നീളുന്ന തുലാവർഷം (വടക്ക്‌ കിഴക്കൻ കാലവർഷം).

അന്തരീക്ഷത്തിന്റെ മൂന്നോ നാലോ കിലോമീറ്റർ വരെയുള്ള താഴ് മണ്ഡലങ്ങളിൽ മെയ്‌ മുതൽ ഒക്ടോബർ വരെ തെക്കു പടിഞ്ഞാറു ദിശയിൽനിന്നും വീശുന്ന കാറ്റിന്റെ ഗതി നേരെ തിരിഞ്ഞ് വടക്കു കിഴക്കു നിന്നായി മാറുന്നതാണ് ഒക്ടോബറിൽ തുലാവർഷ വരവോടെ അനുഭവവേദ്യമാകുന്ന പ്രധാന പ്രതിഭാസം. ഈ വടക്കു കിഴക്കൻ കാറ്റ് ഏപ്രിൽവരെ നീളും. കാറ്റിന്റെ ഗതിയിലുള്ള ഈ ‘തിരിയൽ ’പ്രക്രിയയ്‌ക്കു കാരണം ഇന്ത്യയുടെ തെക്കും വടക്കും ഭാഗങ്ങളിലുള്ള അന്തരീക്ഷ മർദ വ്യത്യാസമാണ്.

ഒക്ടോബർ 20 മുതൽ ഡിസംബർ 27 വരെയാണ് തുലാവർഷക്കാലം.  ഒരാഴ്‌ച മുതൽ രണ്ടാഴ്‌ച വരെ  ഇതിന്‌  വ്യത്യാസം ഉണ്ടാകാറുണ്ട്‌.   കേരളത്തിൽ ഇടവപ്പാതി മഴയ്‌ക്ക്‌   തുടക്കം കുറിക്കുന്ന ദിവസത്തിന് ‌(ജൂൺ 1) നിദാനങ്ങളായ – പടിഞ്ഞാറൻ കാറ്റിന്റെ ഗതി, വേഗത, വികിരണോർജതോത്‌, പെയ്‌ത മഴയുടെ അളവ് ഈ വക ദിനാവസ്ഥാഘടകങ്ങളൊന്നും തുലാവർഷമഴയുടെ തുടക്കം കുറിക്കലിലില്ല.

പ്രഭാവ മേഖലാ പ്രദേശങ്ങൾ
കേരളത്തിനു പുറമെ ഇന്ത്യയുടെ തെക്കേ ഉപദ്വീപുഭാഗങ്ങളിൽപ്പെടുന്ന തമിഴ്നാട്, പുതുച്ചേരി, മാഹി, ആന്ധ്രയുടെ തീരമേഖല, റായലസീമ, കർണാടകത്തിന്റെ ഉൾപ്രദേശങ്ങൾ ഇവയാണ്‌ തുലാവർഷമഴയുടെ പ്രഭാവത്തിലുള്ള മറ്റ്‌ പ്രദേശങ്ങൾ. ഇടവപ്പാതി മഴ കേരളത്തെ ജലസമൃദ്ധമാക്കുമെങ്കിൽ  തമിഴ്‌–-തെലുങ്ക്‌ ജനതയുടെ കാർഷിക സംസ്‌കൃതിയുടെ നിലനിൽപ്പിനാധാരമാണ്‌  വടക്കു കിഴക്കൻ കാലവർഷം (North East  Monsoon).

ഇടവപ്പാതിയുടെ മഴഭാവങ്ങളിൽനിന്നും  ഭിന്നമാണ്‌ തുലാവർഷമഴയുടെ പ്രകടനഘോഷങ്ങൾ! സാധാരണയായി ഉച്ചയ്‌ക്കുശേഷം വളർന്നുയരുന്ന ഇടിമിന്നൽ മേഘങ്ങളിൽനിന്നും രുപപ്പെടുന്ന  വ്യത്യസ്ത തീവ്രതയിലുള്ള മഴരൂപങ്ങളാണ്‌ –- വളരെ ലളിതമായ മഴ (0.1 –- 2.4 മില്ലീമീറ്റർ), ലളിതമായ മഴ (2.5 –- 7.5 മില്ലീമീറ്റർ.), മിതമായ മഴ (7.6 –- 35.5 മില്ലീമീറ്റർ.), ശക്തമായ മഴ മുതൽ അത്യതിതീവ്ര  മഴ (35.5 മില്ലീമീറ്ററിനു മുകളിൽ) കാണാറുള്ളത്‌.  തുലാവർഷ മഴ ഇടവപ്പാതി മഴപോലെ മണ്ണിലേ‌ക്കുള്ള ഊർന്നിറങ്ങലിൽ കാര്യമായ സംഭാവന നൽകുന്നില്ല. ഇടിമിന്നൽ മേഘങ്ങളാണ്‌ തുലാവർഷത്തിൽ കേരളത്തിൽ മഴ പൊഴിക്കുന്നത്‌.

ആന്ധ്രയിലും തമിഴ്‌നാട്ടിലും മഴ പൊഴിച്ച്‌ പൂർവ പശ്ചിമഘട്ട മലനിരകൾ കടന്ന്‌ ഏതാണ്ട്‌ വടക്കു കിഴക്കുനിന്നും വീശീ വരുന്ന ആർദ്രത കുറഞ്ഞ വായൂപിണ്ഡത്തെ അറബിക്കടലിൽ നിന്നും ഇക്കാലങ്ങളിൽ രാവിലെ  രൂപംകൊള്ളുന്ന  കടൽക്കാറ്റ്‌ വേണ്ടുവോളം ഈർപ്പം നൽകി പോഷിപ്പിക്കുന്നു.  അസ്ഥിരമായ ഈ  അന്തരീക്ഷത്തിൽ രൂപപ്പെടുന്നതാണ്‌  ഇടിമിന്നൽ മേഘങ്ങൾ. കേരളത്തിന്റെ അക്ഷാംശ മേഖലകളിൽ നിലകൊള്ളുന്ന ചക്രവാത (ഉത്തരാർധ ഗോളത്തിൽ ഘടികാര ദിശയ്‌ക്കു വിപരീതമായി) അന്തരീക്ഷച്ചുഴികളോ,  കാറ്റിന്റെ പാതയിലുണ്ടാകുന്ന പാത്തിയോ തുലാവർഷ മഴയെ ഏതാണ്ട്‌ പൂർണമായി സ്വാധീനിക്കുന്നു. നാശം വിതയ്‌ക്കുന്ന മിന്നൽപ്പിണരുകളുടെ പ്രഹരശേഷി ‌ 2–-4 മണിക്കൂർ വരെ നീണ്ടുനിൽക്കാറുണ്ട്‌. സസ്യജാലങ്ങൾക്ക്‌ അത്യന്താപേക്ഷിതമായ മണ്ണിലെ പാക്യജനക ജനനപ്രക്രിയയിൽ ഈ ഇടിമിന്നൽ മഴ ഏറെ സഹായം ചെയ്യുന്നു.


 

വടക്കൻ ജില്ലകളിൽ മഴ കുറവ്‌
കേരളത്തിലെ ജില്ലകളിൽ തുലാവർഷക്കാലത്ത്‌ ലഭ്യമായ മഴയും വാർഷിക മഴയും, വാർഷിക മഴയുടെ എത്ര ശതമാനം തുലാവർഷ സംഭാവനയെന്നും ചിത്രം 1 വ്യക്തമാക്കുന്നു. കേരളത്തിന്റെ തെക്കൻ ജില്ലകളിൽ വാർഷിക മഴക്കണക്കിന്റെ 25–-30 ശതമാനവും, പദ്ധതി വൃഷ്ടിപ്രദേശമായ ഇടുക്കിയിൽ ഇത് 15ശതമാനവും ആണ്‌. തെക്കുനിന്ന്‌ വടക്കോട്ടു പോകുംതോറും വാർഷിക മഴക്കണക്കിൽ തുലാവർഷ മഴയുടെ സംഭാവന കുറയുന്നതായി കാണാം.

കിഴക്കൻ തരംഗ പ്രതിഭാസം
2019 ഒക്ടോബർ 16 ന്‌ തുലാവർഷ മഴ അതിശക്തിയോടെ ആരംഭിച്ചതിന്‌  കാരണങ്ങൾ ചിത്രം 2 ലെ  1.5 കി.മീ. കാറ്റൊഴുക്കിന്റെ മാപ്പിൽനിന്നും പഠനമാക്കാം.‌ ഉപദ്വീപിന്റെ തെക്കെ അറ്റത്ത്‌ ചക്രവാത ദിശയിൽ കറങ്ങുന്ന നാല്‌ അന്തരീക്ഷച്ചുഴികളുടെ (മഞ്ഞ വര) ചങ്ങല പ്രദേശമാണ്‌ കിഴക്കൻ തരംഗ പ്രതിഭാസം. ഇതേ ദിനം പ്രതിചക്രദിശയിലുള്ള (ഉത്തരാർധ ഗോളത്തിൽ ഘടികാര ദിശയിലായി) അന്തരീക്ഷച്ചുഴികളുടെ (നീല വര) ചങ്ങലയും കാണാം. ഈ പ്രതിചക്ര അന്തരീക്ഷച്ചുഴികളുടെ തെക്കേ അക്ഷാംശമേഖലയിൽനിന്നും താഴ്‌ അക്ഷാംശങ്ങളിലേ‌ക്കു വീശുന്ന വേണ്ടുവോളം ഈർപ്പമുള്ള ആർദ്രമേഘങ്ങളെത്തരുന്ന വാണിജ്യ വാതങ്ങളാണ്‌ തുലാവർഷക്കാറ്റായി വടക്കു കിഴക്കുദിശയിൽനിന്നും വരുന്നത്‌.

ഈ വാണിജ്യവാതങ്ങളുടെ താഴ്‌ന്ന‌ അക്ഷാംശങ്ങളിലെ മടങ്ങൽ പ്രതിഭാസങ്ങൾ അതിശക്ത മഴ നൽകുന്ന  ചക്രവാത അന്തരീക്ഷച്ചുഴിച്ചങ്ങലകളെ സൃഷ്ടിക്കും. 30–-40 ഡിഗ്രി വടക്ക്‌ അക്ഷാംശങ്ങളിൽ നിലയുറപ്പിക്കുന്ന പ്രതിചക്രവാതങ്ങൾ സമുദ്രനിരപ്പിൽ നിമ്‌ന മർദ പ്രദേശവും (മിതോഷ്‌ണ മേഖലാ നിമ്‌ന മർദം), ചക്രവാത അന്തരീക്ഷച്ചുഴികൾ ന്യൂനമർദ പ്രദേശവും സംജാതമാക്കും. ചക്രവാത അന്തരീക്ഷച്ചുഴികൾ അനുകൂല അന്തരീക്ഷ സമുദ്ര സാഹചര്യങ്ങൾക്കനുസരിച്ച്‌ തീവ്രതയാർജിച്ച്‌, ചങ്ങലയിൽ നിന്നറ്റുമാറി, സമുദ്രതല ന്യൂനമർദ പ്രദേശമാകുകയും തുടർന്ന്‌  ചുഴലിക്കാറ്റായി മാറാറുമുണ്ട്‌‌. ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിലും ബംഗ്ലാദേശിലും മ്യാൻമറിലും ഈ ചുഴലിക്കാറ്റുകൾ വൻ നാശം വിതയ്‌ക്കാറുണ്ട്‌. ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ഈ ചുഴലിക്കാറ്റുകളുടെ  സ്വാധീനം കേരളത്തിലും  ശക്തിയേറിയ മഴയ്‌ക്കു കാരണമാകുന്നു.


 

ചിത്രം 2ൽ പ്രതിപാദിച്ച കിഴക്കൻ തരംഗ അന്തരീക്ഷ ചക്രവാതച്ചുഴിച്ചങ്ങലയും ഇന്ത്യയുടെ വടക്കൻ ഭാഗത്തിനകലെയുള്ള പ്രതിചക്രവാതച്ചുഴികളും അതിൽനിന്നും വീശുന്ന വാണിജ്യവാതങ്ങളും വാണിജ്യവാതങ്ങളുടെ മടങ്ങൽ മൂലം രൂപംകൊള്ളുന്ന ചക്രവാതച്ചുഴികളും 2019 ഒക്ടോബർ 16–ന്‌ വടക്കുകിഴക്കൻ കാലവർഷത്തിലെ ആദ്യദിന മേഘരൂപീകരണത്തെ എത്രമാത്രം സ്വാധീനിച്ചുവെന്ന്‌ ചിത്രം 3 ലെ ഉപഗ്രഹ മേഘ പടത്തിൽനിന്നും മനസ്സിലാക്കാം. കേരള തീരത്തു കാണുന്ന നീലനിറത്തിലുള്ള മേഘങ്ങൾ ഇടിമിന്നൽ മേഘങ്ങളാണ്‌.  തുലാവർഷമേഖലകളിലാകമാനം മഴ മേഘങ്ങൾ ചൂടി നിൽക്കുന്നതും കാണാം.

മഴ കൂടുന്ന പ്രവണത
കേരളത്തിലെ തുലാവർഷമഴയുടെ പ്രവണത നോക്കിയാൽ പ്രതിവർഷം 3.5 മില്ലീമീറ്റർ എന്ന ക്രമത്തിൽ കൂടി വരുന്നതായി കാണപ്പെട്ടിട്ടുണ്ട്‌. ഇതിന്‌ ആഗോളതാപനം ഒരു കാരണമാണ്‌. വാർഷിക ഇടിമിന്നൽ ദിനങ്ങളും തുലാവർഷ ഇടിമിന്നൽ ദിനങ്ങളും (ബ്രായ്‌ക്കറ്റിൽ) തമ്മിൽ ഒരു താരതമ്യം നടത്തിയാൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നീ പ്രദേശങ്ങളിൽ ഇവ യഥാക്രമം 81 (19), 72 (22), 49 (18) ആണെന്നു കാണാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top