19 April Friday

മുളകളെ അടുത്തറിയാം

ഡോ. ശ്രീകുമാർ വി ബിUpdated: Sunday Sep 18, 2022


മുള ഇനങ്ങളെപ്പറ്റി അറിയുന്നത്‌ കൗതുകകരമാണ്‌. ഈ രംഗത്ത്‌ വലിയ ഗവേഷണങ്ങളും പഠനങ്ങളും നടക്കുന്നുണ്ട്‌. ഇവയുടെ പരിപാലനത്തിനും സംരക്ഷണത്തിനുമായി കേന്ദ്രങ്ങളുമുണ്ട്‌. കേരളത്തിൽ കാണുന്ന ചില ഇനങ്ങളെ പരിചയപ്പെടാം: ഇലപൊഴിയും കാടുകളിലും വരണ്ട തുറസ്സായ പ്രദേശങ്ങളിലും കാണുന്ന ഇനമാണ്‌ ഇല്ലിമുള അഥവാ മുള്ളുമുള. 25 മീറ്റർ മുതൽ 35 മീറ്റർവരെ ഉയരംവയ്‌ക്കുന്ന ഇവ സമുദ്രനിരപ്പുമുതൽ 1000 മീറ്റർവരെ ഉയരത്തിൽ കാണപ്പെടുന്നു.  ധാരാളം മുള്ളുകളും ശാഖകളുമുണ്ട്‌.

ഇന്ത്യയിൽ കാണുന്ന  മുളകളിൽ 33 ശതമാനവും കല്ലൻമുള, കൂരൻകൊല്ലി ഇനത്തിൽപ്പെടുന്നവയാണ്‌. ഡെൻഡ്രോകലാമസ് സ്ട്രിക്റ്റസ് എന്നാണ്‌ ശാസ്‌ത്രീയനാമം.
സമുദ്രനിരപ്പിൽനിന്ന് 1000 മീറ്റർവരെ ഉയരത്തിൽ കാണുന്ന ഇവയ്‌ക്ക്‌ എട്ട്‌ മുതൽ 16 മീറ്റർ വരെ ഉയരമുണ്ട്, വരണ്ട നിരപ്പായ പ്രദേശങ്ങളാണ്‌ വളർച്ചയ്‌ക്ക്‌ അനുയോജ്യം.  
ഇലപൊഴിയും വനങ്ങളിൽ സമുദ്രനിരപ്പിൽനിന്ന്‌ 800-–-1300 മീറ്റർ ഉയരത്തിൽ കാണപ്പെടുന്ന മുളയിനമാണ്‌ അരയാമ്പൂ: (ഓക്‌സിടെനാൻന്തറ ബോർഡിലോണി). വാണിജ്യപ്രാധാന്യം ഏറെയുണ്ട്‌.  15 മുതൽ 20 മീറ്റർ വരെ ഉയരം വയ്‌ക്കും.  ആർദ്ര ഇലപൊഴിയും കാടുകളിലും അർധ-നിത്യഹരിത വനങ്ങളിലും കാണുന്ന മറ്റൊരു ഇനമാണ്‌ ഓക്‌സിടെനാൻന്തറ മോണോസെൽഫ. സമുദ്രനിരപ്പിൽനിന്ന്‌ 600 മുതൽ 2000 മീറ്റർവരെ ഉയരത്തിൽ കാണപ്പെടുന്നു. സൈലന്റ്‌വാലി, മൂന്നാർ, മുത്തിക്കുളം, വെള്ളിമല എന്നീ പ്രദേശങ്ങളിൽ ധാരാളമുണ്ട്‌. 

മൂന്നുമുതൽ അഞ്ച്‌ മീറ്റർവരെ ഉയരം വയ്‌ക്കുകയും 200–-1000 മീറ്റർവരെ ഉയരത്തിൽ ചരിഞ്ഞ മലയിടുക്കുകളിൽ കാണുകയും ചെയ്യുന്ന മുളയിനമാണ്‌ ഇരങ്കോൽ അഥവാ  സ്യൂഡോക്‌സിടെനാൻന്തെറ റിക്ചിയെ. മുളന്തണ്ടുകൾ ദൃഢമാണ്‌.  ഉൾഭാഗം പൊള്ളയല്ല എന്നതും പ്രത്യേകത.  കാസർകോട്‌, കണ്ണൂർ, അട്ടപ്പാടി  പ്രദേശങ്ങളിൽ കാണപ്പെടുന്നു.

ചെങ്കൽക്കുന്നുള്ള പ്രദേശങ്ങളിലും നീർവാഴ്ചയുള്ള ഫലഭൂയിഷ്ഠമായ മണ്ണിലും നന്നായി വളരുന്ന ഇനമാണ്‌ ഊയി. സമുദ്രനിരപ്പിൽനിന്ന്‌ 800 മീറ്റർവരെ ഉയരത്തിൽ കാണപ്പെടുന്നു. വാണിജ്യപ്രാധാന്യമുള്ള മുളയിനം.  കാസർകോട്ടും കണ്ണൂരിലെ ചില പ്രദേശങ്ങളിലും ധാരാളമായി വളരുന്നു. ഈ ഇനത്തിന് ധാരാളം വിത്തുകൾ ഉണ്ടാകുമെങ്കിലും ബീജാങ്കുരണശേഷി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ട്‌, കായികപ്രജനനമാണ് തൈകൾ ഉൽപ്പാദിപ്പിക്കാനുള്ള പ്രധാന മാർഗം. ശാസ്‌ത്രീയനാമം ഡെൻഡ്രോകലാമസ്.

ഇരവികുളം നാഷണൽ പാർക്കില ആനമുടി പുൽമേടുകളിൽ കാണുന്ന കുരുണ ഡെൻസിഫോളിയ നല്ല ഭംഗിയുള്ളതും വളരെ ഉയരം കുറഞ്ഞവയുമാണ്‌. കുരുണ വാക്കേറിയാന, കുരുണ ഫ്ളാറിബൺഡ, കുരുണ വെറ്റിയാന എന്നീ സ്‌പീഷിസുകളും കാണാം.

ഈറ്റയിനങ്ങൾ
അർധനിത്യഹരിതവനങ്ങളിലും നിത്യഹരിത വനങ്ങളിലും പുഴയുടെ തീരങ്ങളിലും സമുദ്രനിരപ്പിൽനിന്ന്‌ 2000 മീറ്റർ ഉയരത്തിലും ഈറ്റകൾ  സുലഭമായി വളരുന്നു.
ഡെൻഡ്രോകലാമസ് ലോഞ്ചിസ്പതസ്, ഡെൻഡ്രോകലാമസ് ജൈജാൻഷ്യുസ് (ആനമുള), ബാംബുസ പോളിമോർഫ, ബാംബുസ ട്യുൽഡ, ഡെൻഡ്രോ കലാമസ് ആസ്പെർ  തുടങ്ങിയ ഇനങ്ങൾ കർഷകർ കൃഷി ചെയ്യുണ്ട്.  

(പീച്ചി  കെഎഫ്‌ആർഐയിൽ ശാസ്‌ത്രജ്ഞനും ബാംബൂമിഷൻ കോ–-ഓർഡിനേറ്ററുമാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top