23 April Tuesday

വഴിതിരിക്കാൻ ഇടിച്ചിറങ്ങും

നവനീത് കൃഷ്ണൻ എസ്Updated: Sunday Sep 18, 2022


ഭൂമിയിലേക്ക്‌  വരുന്ന ഛിന്നഗ്രഹത്തെ  കൃത്രിമ ഉപഗ്രഹങ്ങളോ റോക്കറ്റുകളോ ഉപയോഗിച്ച്‌  വഴിതിരിച്ചുവിടുക. ഭൂമിയെ അപകടത്തിൽനിന്ന്‌ രക്ഷിക്കുക...... സയൻസ് ഫിക്ഷനുകളിൽമാത്രം നാം കേട്ടിരുന്ന,  സിനിമകളിൽ മാത്രം കണ്ടിരുന്ന കാര്യമായിരുന്നു അത്. ഈ വരുന്ന 26 മുതൽ അത്‌ യാഥാർഥ്യമാക്കാനാണ്‌ നാസയുടെ ശ്രമം.

ഡിഡിമോസ്( Didymos) എന്ന ഛിന്നഗ്രഹത്തെ ചുറ്റുന്ന  ഉപഗ്രഹ ഛിന്നഗ്രഹമായ ഡൈമോർഫിസാ(Dimorphos)ണ്‌ ലക്ഷ്യം. ഇതാദ്യമായി ഒരു ബഹിരാകാശവസ്തുവിന്റെ പാതയെ ബോധപൂർവം ശാസ്‌ത്രലോകം തിരിച്ചുവിടാൻ പോകുകയാണ്. നാസയുടെ ഡാർട്ട് (Double Asteroid Redirection Test –-DART) ദൗത്യം ഇതാണ്‌ ലക്ഷ്യമിടുന്നത്. ഒരു കൃത്രിമ ഉപഗ്രഹത്തെ   ഡൈമോർഫിസിലേക്ക് ഇടിച്ചിറക്കി അതിന്റെ പാതയ്ക്ക് വ്യതിയാനം വരുത്തുക. ഭൂമിയിൽനിന്ന് 1.1കോടി കിലോമീറ്റർ അകലെയാണ്‌ ഈ കൂട്ടിയിടി നടക്കുക.  ‘പ്ലാനറ്ററി ഡിഫൻസ്’ എന്ന ഏറ്റവും പുതിയ പ്രതിരോധതന്ത്രത്തിന്റെ ആദ്യ പരീക്ഷണമാണിത്‌.

160 മീറ്റർ മാത്രം വലുപ്പം
ഡിഡിമോസ് ഛിന്നഗ്രഹത്തിന്  ഏകദേശം 800 മീറ്റർ മാത്രമാണ്‌ വലുപ്പം.  ഉപഗ്രഹമായ ഡൈമോർഫിസിനാകട്ടെ  160 മീറ്ററും.  കഴിഞ്ഞ നവംബറിലാണ് ഡാർട്ട് പേടകം വിക്ഷേപിച്ചത്‌. നാസയുടെ ഏറ്റവും ചെലവു കുറഞ്ഞ ദൗത്യങ്ങളിലൊന്നുകൂടിയാണിത്. ഒരു മീറ്ററിലും അൽപ്പംകൂടി വലുപ്പം  വരുന്ന ഒരു ക്യൂബു പോലെയാണ് ഡാർട്ടിന്റെ പ്രധാന ചട്ടക്കൂട്. അതിൽനിന്നു പുറത്തേക്കു നീണ്ടു നിൽക്കുന്ന മറ്റ് ഉപകരണങ്ങളും ഉണ്ട്. അതുകൂടിപരിഗണിച്ചാൽ ഏതാണ്ട് ഇരട്ടി വലുപ്പം വരും.
സൗരോർജമാണ്‌  ഡാർട്ട് ഉപയോഗിക്കുന്നത്.  ഡാർട്ട് ഡൈമോർഫിസുമായി കൂട്ടിയിടിക്കുന്ന സമയത്ത് 570കിലോ ഭാരമുണ്ടാകും. സെക്കൻഡിൽ 6.1 കിലോമീറ്റർ വേഗതയിലാകും കൂട്ടിയിടി.

പരീക്ഷണമായി അയോൺ പ്രൊപ്പൽഷൻ
അയോൺ പ്രൊപ്പൽഷൻ പരീക്ഷണത്തിനായി 60 കിലോ സീനോൺ പേടകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നെക്സ്റ്റ് -സി(NASA's Evolutionary Xenon Thruster–Commercial)) എന്നാണ് ഈ  സംവിധാനത്തെ  വിളിക്കുന്നത്. സൗരോർജത്തെ പ്രൊപ്പൽഷനായി ഉപയോഗിക്കുക എന്നതാണ്  ലക്ഷ്യം. സാധാരണഗതിയിൽ ഇതിന്‌  കഴിയാറില്ല. ബഹിരാകാശത്ത് സഞ്ചരിക്കുന്ന ഏതൊരു വസ്തുവിന്റെയും ഗതി മാറ്റണമെങ്കിൽ അൽപ്പം മാസ്(mass) നഷ്ടപ്പെടുത്തിയേ മതിയാകൂ. ഇന്ധനം കത്തിച്ച് അതിവേഗത്തിൽ പുറത്തേക്കുവിട്ടാണ് ഇത് സാധ്യമാക്കുന്നത്.  വൈദ്യുതിയെ പ്രൊപ്പൽഷനായി പ്രയോജനപ്പെടുത്താൻ അതിനാൽത്തന്നെ ബുദ്ധിമുട്ടായിരുന്നു. പക്ഷേ അതിനുതകുന്ന തരത്തിലുള്ള സാങ്കേതികവിദ്യയാണ് അയോൺ പ്രൊപ്പൽഷൻ(Ion Propulsion)

അയോണുകളുടെ ഒരു കൂട്ടത്തെ വൈദ്യുതി ഉപയോഗിച്ച് അതിവേഗത്തിൽ പേടകത്തിൽനിന്ന് പുറത്തേക്കു ചീറ്റിക്കുന്ന സാങ്കേതികവിദ്യയാണ് അയോൺ പ്രൊപ്പൽഷൻ. കോടിക്കണക്കിന്‌ അയോണുകൾ അതിവേഗത്തിൽ പുറത്തേക്ക്‌ ചീറ്റുന്നതിന്റെ പ്രതിബലം ഉപയോഗിച്ച് പേടകത്തിന് മുന്നോട്ടു കുതിക്കാനാകും. കുറഞ്ഞ ഇന്ധനം ഉപയോഗിച്ച് കൂടുതൽ ദൂരം സഞ്ചരിക്കാൻ ഇത്‌ സഹായിക്കും.

ഇടിച്ചിറങ്ങും നിലയ്ക്കും
ഒരു ഹൈ റസല്യൂഷൻ കാമറ നാവിഗേഷൻ സംവിധാനവും ഡാർട്ടിലുണ്ട്. ഇതിലെ കാമറ ഉപയോഗിച്ചെടുക്കുന്ന ചിത്രങ്ങളാണ് ഡൈമോർഫിസിന്റെയും ഡിഡിമോസിന്റെയും വലുപ്പവും ആകൃതിയുമെല്ലാം അറിയാൻ ഉപയോഗിക്കുന്നത്.  20 സെന്റീമീറ്റർ വ്യാസമുള്ള ഒരു ടെലിസ്കോപ്പ് എന്നു പറയാം. ഇടിച്ചിറങ്ങുന്ന സമയത്തും അതിനു മുമ്പുമെല്ലാം എടുക്കുന്ന  ചിത്രങ്ങൾ പേടകം ഭൂമിയിലേക്ക് അയക്കും. കൃത്യമായി ഡൈമോർഫിസിൽ ഇടിച്ചിറങ്ങാൻ സഹായിക്കുന്നത് ഈ നാവിഗേഷൻ സംവിധാനമാണ്.

ഡാർട്ട് ഛിന്നഗ്രഹത്തിൽ ഇടിച്ചിറങ്ങുന്നതോടെ അതിന്റെ പ്രവർത്തനം നിലയ്ക്കും! എന്നാൽ ഈ ഇടിച്ചിറങ്ങലും അതിന്റെ ഫലമായി പുറത്തേക്കു തെറിക്കുന്ന പൊടിയും മറ്റും പഠനവിധേയമാക്കേണ്ടതുണ്ട്. ഇതിനായി പുതിയൊരു സംവിധാനമുണ്ട്‌.  ചെറിയ ഒരു ഉപഗ്രഹമാമായ  ക്യൂബ്സാറ്റ്. ലിസിയക്യൂബ്-  (Light Italian CubeSat for Imaging of Asteroids_LICIACube) എന്നാണ് ഇതിന്റെ പേര്.  ഇടിച്ചിറങ്ങുന്ന ചിത്രങ്ങളെല്ലാം അപ്പപ്പോൾ ഇത്‌  പകർത്തും. ഇടിച്ചിറങ്ങുന്നതിന്‌  പതിനഞ്ചുദിവസം മുമ്പ്‌ ഈ ക്യൂബ്സാറ്റ്‌  വേർപെടും. രണ്ടു കാമറകളുണ്ട്‌.

ആഘാതത്തിൽ വഴിതിരിയും
ഡാർട്ട് പോലെയുള്ള ഒരു പേടകം ഒരു ഛിന്നഗ്രഹത്തിൽ ഇടിച്ചിറങ്ങുന്നതോടെ അതിന്റെ വേഗതയിൽ വളരെ നേരിയ ഒരു വ്യത്യാസമുണ്ടാക്കാൻ കഴിയും. ഈ നേരിയ വ്യത്യാസം പക്ഷേ ദിവസങ്ങൾ കഴിയുംതോറും ഛിന്നഗ്രഹത്തിന്റെ പാതയ്ക്ക് വലിയ വ്യത്യാസമുണ്ടാക്കും. മില്ലിമീറ്റർ/സെക്കന്റ് എന്ന തോതിൽ ഉണ്ടാകുന്ന വ്യത്യാസംപോലും കാലക്രമേണ പതിനായിരക്കണക്കിനു കിലോമീറ്ററുകളുടെ വ്യത്യാസം ഛിന്നഗ്രഹത്തിന്റെ പാതയിൽ ഉണ്ടാക്കും. ഭൂമിയുടെ നേരെ വരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടാൻ ഈ സംവിധാനം ഉപയോഗിക്കാനാകും എന്നതാണ്‌ മെച്ചം. 

സോളാർ പാനലിലും പരീക്ഷണങ്ങൾ
ഡാർട്ട് മിഷൻ അതിന്റെ പ്രധാനദൗത്യത്തെ കൂടാതെ മറ്റു ചില പരീക്ഷണങ്ങളും നടത്തുന്നുണ്ട്.  പായപോലെ നിവർത്താവുന്ന സോളാർപാനലുകളാണ് ഡാർട്ടിലുള്ളത്. ദൂരയാത്രയ്ക്കുള്ള ഒരു പേടകത്തിൽ  ആദ്യമായാണ്‌ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. നിലവിലുള്ള സൗര പാനലുകളെക്കാൾ മൂന്നു മടങ്ങ് ഊർജം ഉണ്ടാക്കാൻ കഴിയും ഇതിന്. വ്യാഴം, ശനി തുടങ്ങിയ ഗ്രഹങ്ങളിലേക്ക് സൗരോർജം മാത്രം ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന വലിയ പേടകങ്ങളെ അയക്കാൻ ഈ സാങ്കേതികവിദ്യക്ക്‌ കഴിയുമോ എന്ന പരിശോധനയുമാണിത്‌. ഡിഡിമോസ് എന്ന ഛിന്നഗ്രഹവും അതിന്റെ ഉപഗ്രഹവും ഭൂമിക്ക് അപകടകരമാകുന്ന പാതയിലല്ല ഇപ്പോൾ ഉള്ളത്. ഈ ഛിന്നഗ്രഹത്തിന്റെ പാതയിൽ വരുത്തുന്ന മാറ്റം ഭൂമിക്ക് അപകടകരമാവുകയുമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top