25 April Thursday

തണലായും താങ്ങായും മുളകൾ

ഡോ. ബി ഗോപകുമാർUpdated: Sunday Sep 18, 2022


നമ്മുടെ പരിസ്ഥിതിയിൽ മുളവർഗങ്ങൾ വഹിക്കുന്ന പങ്ക്‌ വളരെ വലുതാണ്‌. മറ്റ്‌ മരങ്ങളെ അപേക്ഷിച്ച്‌ 35 ശതമാനം അധികം ഓക്‌സിജൻ പുറത്തുവിടുന്നു എന്നത്‌ പ്രത്യേകത. അന്റാർട്ടിക്ക, യൂറോപ്പ്‌ തുടങ്ങിയ ഇടങ്ങളിലൊഴികെ ലോകമെമ്പാടും കരഭാഗങ്ങളിൽ സ്വാഭാവികമായി വളരുന്നു. പുൽവർഗത്തിൽപ്പെടുന്ന ഇവ ഏഷ്യൻ രാജ്യങ്ങളിൽ സമൃദ്ധമായി വളരുന്നു.130 ജനുസിലായി 1700 ഇനം മുളകളെയാണ്‌ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്‌. ഇവയിൽ 138 ഇനം ഇന്ത്യയിലുണ്ട്‌. ഇവയിൽ 22 ഇനം കേരളത്തിൽ കാണുന്നു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ മുള വൈവിധ്യത്തിന്റെ കലവറയാണ്‌.  കാലാവസ്ഥയും ഭൂപ്രകൃതിയുമാണ്‌ ഇതിനു കാരണം. രാജ്യത്ത്‌ ഏറ്റവും കൂടുതൽ മുള വളർത്തുന്ന  സംസ്ഥാനം മധ്യപ്രദേശാണ്‌.  കരയിൽ  ഏറ്റവും വേഗത്തിൽ വളരുന്ന സസ്യങ്ങളാണ്‌ മുളകൾ. നിർമാണപ്രവൃത്തികൾക്കും ഈടുറ്റ നിർമാണവസ്‌തുവായും  വലിയതോതിൽ മുള ഉപയോഗിക്കുന്നു. കരകൗശലവസ്‌തുക്കൾ, ആയുധങ്ങൾ, ഔഷധങ്ങൾ, സംഗീതോപകരണങ്ങൾ, കൃഷി–- വീട്ടുപകരണങ്ങൾ, ടൈലുകൾ തുടങ്ങിയവയ്‌ക്കെല്ലാം മുള ഉപയോഗിക്കുന്നുണ്ട്‌. പേപ്പർ വ്യവസായത്തിന്‌ മുള പ്രധാനം. മുളവീടുകൾ പരിസ്ഥിതി സൗഹൃദവും. മുളവിത്തുകളും മുളം കൂമ്പുകളും ഭക്ഷ്യയോഗ്യവും. മുളക്കരി  ഇന്ധനവും ജലശുദ്ധീകരണിയുമാണ്‌. തണലായും താങ്ങായും വേലികളായും ബോൺസായി രൂപത്തിലും മുളകൾ വളർത്തുന്നു.

രണ്ടു സെന്റിമീറ്റർ വലുപ്പമുള്ള റാഡിയല്ല വെനാസിയ എന്ന ബ്രസീലിയൻ ഇനംമുതൽ 50 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഡെൻഡ്രോകലാമസ്‌ ജൈജാൻറിയസ്‌ എന്ന ഭീമൻ മുളവരെയുള്ള വൈവിധ്യമുണ്ട്‌. തിരുവനന്തപുരം ജെഎൻടിബിജിആർഐയിൽ  20 ഏക്കറിലായി 68 ഇനം 45 ഹൈബ്രീഡും ഉൾക്കൊള്ളുന്ന 1100 മുളങ്കൂട്ടങ്ങളുടെ ശേഖരമുണ്ട്‌.  തൃശൂർ കെഎഫ്‌ആർഐയിലും നിരവധി ഇനമുണ്ട്‌. കൂട്ടമായ വളർച്ച, ശക്തമായ ഭൂകാണ്ഡങ്ങൾ, നാരുവേര്‌ പടലം തുടങ്ങിയവ പരിസ്ഥിതി, മണ്ണ്‌ സംരക്ഷണത്തിനും ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ പ്രതിരോധത്തിനും സഹായകരമാണ്‌.

സാർവത്രികത, ഉപയാഗക്ഷമത, കുറഞ്ഞ മുതൽമുടക്ക്‌ എന്നിവ കാരണം സാധാരണക്കാരന്റെ തടിയെന്ന്‌ പേരുണ്ട്‌. ഒട്ടനവധി ആധുനിക വ്യവസായ ഉൽപ്പന്നങ്ങളുടെ അസംസ്‌കൃത വസ്‌തുവായതിനാൽ 21–-ാം നൂറ്റാണ്ടിന്റെ തടിയെന്നും വിളിക്കുന്നു. ബുദ്ധിമാന്റെ തടിയെന്നും ചിലയിടത്ത്‌ അറിയപ്പെടുന്നു.
(തിരുവനന്തപുരം ജെഎൻടിബിജിആർഐയിൽ ടെക്‌നിക്കൽ ഓഫീസറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top