06 July Wednesday

ചന്ദ്രൻ, ചൊവ്വ ഇനി ശുക്രൻ

സാബുജോസ്‌Updated: Sunday May 15, 2022


ചന്ദ്രനും ചൊവ്വയും  കടന്ന്‌ ഇന്ത്യൻ ബഹിരാകാശ ഗവേഷണപദ്ധതികൾ ശുക്രനിലേക്ക്‌ വളരുകയാണ്‌. ഭൂമിയുടെ ഇരട്ടസഹോദരിയെന്നു വിളിപ്പേരുള്ള ഈ ഗ്രഹത്തിന്‌ തൊട്ടടുത്തെത്തി പഠിക്കാനുള്ള പദ്ധതിയാണ്‌ ഐഎസ്‌ആർഒയുടെ അണിയറയിൽ തയ്യാറാകുന്നത്‌. ചന്ദ്രനിലെ ജലസാന്നിധ്യവും ചൊവ്വയുടെ  രഹസ്യങ്ങളും കണ്ടെത്തിയ നേട്ടങ്ങളുടെ പിൻബലത്തിലാണ്‌ പുതിയ ദൗത്യത്തിന്‌ അവർ ഒരുങ്ങുന്നത്‌. ഏറ്റവും ആധുനികമായ പരീക്ഷണ ഉപകരണങ്ങളുമായി രണ്ടു വർഷത്തിനുള്ളിൽ പേടകം അയക്കുകയാണ്‌ ലക്ഷ്യം.

ശുക്രയാൻ
ശുക്രയാൻ 1 എന്ന്‌ പേരിട്ടിരിക്കുന്ന ദൗത്യം ശുക്രന്റെ ഉപരിതലത്തെക്കുറിച്ചും അന്തരീക്ഷത്തെക്കുറിച്ചും പഠിക്കും. ൨൦൨൪ ഡിസംബറിൽ വിക്ഷേപിക്കാനാണ്‌ ആലോചന. അതിനു കഴിഞ്ഞില്ലെങ്കിൽ ൨൦൨൬ ലേക്ക്‌ നീളും. നാലു വർഷമാണ്‌  പ്രവർത്തനകാലാവധി. ഗ്രഹത്തെച്ചുറ്റി നിരീക്ഷിക്കുന്ന ഓർബിറ്റർ ദൗത്യമാകും ഇത്‌.  ജിഎസ്എൽവി മാർക്ക് 2 റോക്കറ്റാണ് വിക്ഷേപണവാഹനം.  ദീർഘവൃത്ത ഭ്രമണപഥം സ്വീകരിക്കുന്ന പേടകം ഗ്രഹത്തെ സമീപിക്കുമ്പോൾ ൫൦൦ കിലോമീറ്ററും അകലെയായിരിക്കുമ്പോൾ ൬൦,൦൦൦ കിലോമീറ്ററും ദൂരെയായിരിക്കും. ശുക്രനിലെ പർവതങ്ങൾ, അന്തരീക്ഷഘടന, അമ്ല മഴ, അന്തരീക്ഷ ഉപരിപാളിയായ അയണോസ്ഫിയറിൽ സൗരവാതങ്ങളുടെ പ്രഭാവം എന്നിവയെല്ലാം പഠനമേഖലയാണ്‌.

വിപുലമായ സഹകരണം
ചൊവ്വയെപ്പോലെ  ഭൂമിയുടെ അയൽപക്ക ഗ്രഹമാണ് ശുക്രൻ.  ചന്ദ്രയാൻ–-1 ദൗത്യ വിജയകാലത്തുതന്നെ ശുക്രൻ ലക്ഷ്യമാക്കിയുള്ള ചർച്ച തുടങ്ങിയിരുന്നു. ൨൦൨൧ൽ ശുക്രദൗത്യത്തിന് ഐഎസ്ആർഒ പദ്ധതി തയ്യാറാക്കി. മംഗൾയാൻ ൨ അല്ലെങ്കിൽ ശുക്രയാൻ ൧ എന്നായിരുന്നു  ആലോചന. ഒടുവിൽ ശുക്രയാൻ ദൗത്യത്തിനു മുന്തിയ പരിഗണ ലഭിച്ചു. ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്സയു (Japan Aerospace Exploration Agency)ടെ സാങ്കേതിക സഹായവും ഈ ദൗത്യത്തിനുണ്ട്‌. ഓർബിറ്റർ ബലൂണിന്റെ നിർമാണത്തിൽ ഫ്രഞ്ച് ബഹിരാകാശ ഏജൻസിയുടെ (സിഎൻഇഎസ്) സഹകരണവും. പ്രധാന ഓർബിറ്ററിൽനിന്ന്‌ വേർപെടുന്ന ഇൻഫ്ലേറ്റഡ് ബലൂൺ ശുക്രന്റെ ഉപരിതലത്തിന്‌ 55 കിലോമീറ്റർ അടുത്തുവരെ എത്തി ചിത്രങ്ങൾ പകർത്തും. 100 കിലോഗ്രാം പരീക്ഷണ ഉപകരണങ്ങളാണ്‌ ശുക്രയാൻ ൧ൽ ഉള്ളത്.

ഇടിമിന്നൽ, കൊടുങ്കാറ്റ്‌, ആസിഡ്‌ മഴ
സൂര്യനിൽനിന്നുള്ള അകലം പരിഗണിച്ചാൽ സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ. പ്രഭാതനക്ഷത്രം, സന്ധ്യാനക്ഷത്രം എന്നെല്ലാം വിളിക്കാറുണ്ട്‌. ചന്ദ്രൻ കഴിഞ്ഞാൽ രാത്രി ആകാശത്ത് കാണുന്ന ഏറ്റവും  തിളക്കമുള്ള വസ്തുവാണ്. ഏകദേശം ഭൂമിയുടെ വലുപ്പവും മാസുമുണ്ട്‌. ഭൂമിയുടെ. കട്ടികൂടിയ  അന്തരീക്ഷമാണ് ശുക്രനുള്ളത്. ഇടിമിന്നലും വലിയ കൊടുങ്കാറ്റുകളും ശുക്രനെ തുടർച്ചയായി പ്രക്ഷുബ്‌ധമാക്കുന്നു. സൾഫ്യൂറിക് ആസിഡാണ് ശുക്രനിൽ മഴയായി പെയ്യുന്നത്. സൗരയൂഥത്തിലെ ചൂടൻ ഗ്രഹമാണ് ഇത്‌. ൪൬൪ ഡിഗ്രി സെൽഷ്യസാണ് ശരാശരി ഊഷ്മാവ്. ഭൂമിയുടെ അന്തരീക്ഷത്തിലുള്ളതിന്റെ പലമടങ്ങ് കട്ടികൂടിയ ഓസോൺ പാളി ശുക്രനുണ്ട്. ഓസോൺ  ഹരിതഗൃഹ വാതകമാണ്. ഓസോൺ പാളിയുടെ സാന്നിധ്യമാണ് ശുക്രനിലെ താപനില ഇത്രയധികം വർധിപ്പിക്കുന്നത്. 225 ഭൗമദിനംകൊണ്ട് ശുക്രൻ ഒരു തവണ സൂര്യനെ പ്രദക്ഷിണം വയ്ക്കും. ശുക്രന്റെ ഒരു ദിവസം 117 ഭൗമദിനത്തിനു തുല്യമാണ്.  ഉപഗ്രഹങ്ങൾ ഒന്നുമില്ലെന്ന പ്രത്യേകതയുമുണ്ട്‌.

12,104 കിലോമീറ്ററാണ് വ്യാസം. ഭൂമിയേക്കാൾ 638 കിലോമീറ്റർ മാത്രം കുറവ്. സാന്ദ്രതയും ഗ്രഹത്തിൽനിന്നുള്ള നിഷ്ക്രമണ പ്രവേഗവും ഏകദേശം ഭൂമിയുടേതിനു സമാനം. ഇതുകൊണ്ടൊക്കെയാണ് ശുക്രനെ ഭൂമിയുടെ ഇരട്ടയായി ഓമനപ്പേര് വിളിക്കുന്നത്. എന്നാൽ, സാദൃശ്യം അവിടെ തീരുന്നു. അത്യുഷ്ണവും ആസിഡ് മഴയും കൊടുങ്കാറ്റുകളും അഗ്നിപർവത സ്ഫോടനങ്ങളുമെല്ലാം ഗ്രഹത്തെ നരകതുല്യമാക്കുന്നു.

അന്തരീക്ഷത്തിന്റെ 96.5 ശതമാനവും കാർബൺ ഡയോക്സൈഡാണ്. ഭൂമിയിൽനിന്ന്‌ ഏകദേശം അഞ്ചു കോടി കിലോമീറ്ററാണ് ശുക്രനിലേക്കുള്ള ദൂരം. ചൊവ്വയിലേക്കുള്ള ദൂരത്തേക്കാൾ കുറവാണ് ശുക്രനിലേക്കുള്ള ദൂരം. റഷ്യ (സോവിയറ്റ് യൂണിയൻ), അമേരിക്ക, യൂറോപ്യൻ യൂണിയൻ, ജപ്പാൻ എന്നിവയാണ് ഇതിനു മുമ്പ്‌ ശുക്രദൗത്യം നടത്തിയ രാജ്യങ്ങൾ. ഇതിൽ വെനേറ, പയനിയർ, മാറിനർ ദൗത്യങ്ങൾ പ്രസിദ്ധമാണ്.


 


സഞ്ചാരം എതിർദിശയിൽ

സത്യൻ കല്ലുരുട്ടി
മറ്റു ഗ്രഹങ്ങളെ പരിഗണിക്കുമ്പോൾ എതിർദിശയിലേക്ക് സഞ്ചരിക്കുന്ന ഗ്രഹമാണ് ശുക്രൻ എന്നത്‌ ഏറെ കൗതുകകരമാണ്‌. ഇതിന്റെ രഹസ്യം ശാസ്ത്രലോകത്തിന് കണ്ടെത്താനായിട്ടില്ല. സൗരയൂഥത്തിലെ ഒരു ഗ്രഹംമാത്രം എതിർദിശയിൽ പരിക്രമണം ചെയ്യുന്നത്  ഗവേഷകരെ അത്ഭുതപ്പെടുത്തുന്നു. ഗ്രഹരൂപീകരണകാലത്ത്‌ സംഭവിച്ച എന്തോ കാരണങ്ങളാകാമെന്നാണ്‌ നിഗമനം.
ശുക്രൻ ആദ്യകാലങ്ങളിൽ മറ്റു ഗ്രഹങ്ങളെപ്പോലെ നേരായ ദിശയിൽ സൂര്യനെ പരിക്രമണം ചെയ്തിരുന്നെന്നും പിന്നീട് ഏതെങ്കിലും ഗ്രഹങ്ങളോ, വൻസൗരയൂഥ വസ്തുക്കളോ വന്നിടിച്ചതാകാം പരിക്രമണദിശ മാറാൻ കാരണമായതെന്നാണ്‌ ശാസ്‌ത്രലോകം വിലയിരുത്തുന്നത്‌.. ശുക്രന്റെ പരിക്രമണപഥം കാന്തികരേഖയിൽനിന്ന് അൽപ്പം ചരിഞ്ഞുനിൽക്കുന്നത് ഈ കൂട്ടിയിടിയുടെ ഫലമാകാം.

ശുക്രന്റെ പ്രധാന പ്രത്യേകത സൽഫൂരിക്കാസിഡ്  നിറഞ്ഞ മേഘങ്ങളുടെ സാന്നിധ്യമാണ്.  മാത്രമല്ല, നാം ഈ മേഘങ്ങൾ ശുക്രന്റെ ഉപരിതലമായി തെറ്റിദ്ധരിക്കുന്നു. ഉപരിതലം ശക്തിയേറിയ ദൂരദർശിനികളിൽക്കൂടി പോലും ഭൂമിയിലുള്ളവർക്ക് കാണാനാകില്ല. ഈ മേഘപടലങ്ങളിൽ സൂര്യപ്രകാശം വീഴുമ്പോൾ ഉണ്ടാകുന്ന തിളക്കമാണ് ആകാശക്കാഴ്ചകളിൽ ശുക്രനെ വ്യത്യസ്തമാക്കുന്നത്.
വെനീറ, പയനിയർ, മഗല്ലൻ...

ശുക്രനിലേക്ക് യാത്രചെയ്ത ബഹിരാകാശ പേടകങ്ങളിൽ ആദ്യത്തേത് 1962ൽ പോയ അമേരിക്കയുടെ  മരിനർ–-2 ആണ്. തുടർന്ന് 66ൽ സോവിയറ്റ് യൂണിയന്റെ  ബഹിരാകാശപേടകങ്ങളായ വെനീറ–- 1, വെനീറ–- 2 എന്നിവയും ശുക്രന്റെ സമീപമെത്തി. 70ൽ ശുക്രനെ സമീപിച്ച വെനീറ–- 7 ആദ്യമായി മറ്റൊരു ഗ്രഹത്തിൽ ചെന്നിറങ്ങിയ ബഹിരാകാശപേടകമായി. അതിനുമുമ്പ്‌ ഉപഗ്രഹം ചന്ദ്രനിൽ മാത്രമേ മനുഷ്യനിർമിത പേടകങ്ങൾ ഇറങ്ങിയിരുന്നുള്ളൂ. 74ൽ മാറിനർ –-10 ശുക്രനെ സമീപിച്ച്‌  നിരീക്ഷിച്ചു. അടുത്തവർഷം വെനീറ–- 9, വെനീറ–- 10 എന്നിവ ശുക്രോപരിതലത്തിൽ ഇറങ്ങി ചിത്രങ്ങളെടുത്തു. 78ൽ അമേരിക്കൻ ബഹിരാകാശ വാഹനങ്ങളായ പയനിയർ–- 1, പയനിയർ–- 2 എന്നിവയും ശുക്രനെ സമീപിച്ചു. 89ലെ നാസയുടെ ബഹിരാകാശവാഹനം മഗല്ലന്റെ വിക്ഷേപണം ശുക്രഗവേഷണ ചരിത്രത്തിലെ നാഴികക്കല്ലായി. റെഡാർ ഉപയോഗിച്ച് ശുക്രോപരിതലത്തിന്റെ ചിത്രം ആദ്യമെടുത്ത ബഹിരാകാശവാഹനമാണ് മഗല്ലൻ. ശുക്രന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയുംപറ്റി കൃത്യമായ വിവരങ്ങൾ ആദ്യം ലഭ്യമാക്കിയ ബഹിരാകാശ ദൗത്യവും  ഇതായി. അന്തരീക്ഷം ചൂടുപിടിപ്പിക്കുന്നതിനുള്ള കാരണവും മഗല്ലൻ കണ്ടെത്തി.  ശുക്രന്റെ അഞ്ചിലൊന്ന് ഭാഗത്തിന്റെ ഭൂപടം ഇതിന് റഡാർ വഴി ചിത്രീകരിക്കാനായി. രണ്ട്‌ ശുക്രദൗത്യം നാസ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്‌. വൻ അഗ്നിപർവതങ്ങളും പീഠഭൂമികളും ശുക്രനിലുണ്ട്.  
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top