02 October Monday

ഉപ്പോളം വരുമോ...

സീമ ശ്രീലയംUpdated: Sunday May 7, 2023


ഉപ്പുവെള്ളത്തിന്റെ  രണ്ട് ഐസ് രൂപങ്ങൾ! അതും നമുക്ക്‌ ഇതേവരെ പരിചയമില്ലാത്തത്‌. പരീക്ഷണശാലയിൽ സവിശേഷ സാഹചര്യങ്ങളിൽ നിർമിച്ചെടുത്ത ഈ ഐസ് രൂപങ്ങൾ ഭൂമിയിൽ ഇന്നേവരെ കണ്ടെത്തപ്പെട്ടിട്ടില്ല. എന്നാൽ, സൗരയൂഥത്തിലെ മഞ്ഞുറഞ്ഞ വിദൂര ഉപഗ്രഹങ്ങളിൽ ഇവ കാണാൻ സാധ്യതയേറെയെന്ന്‌ ഗവേഷകർ. വാഷിങ്ടൺ സർവകലാശാലാ ഗവേഷകരുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഗവേഷകസംഘമാണ് രസതന്ത്രത്തിലെ ഇന്നോളമുള്ള  ധാരണകളെ തിരുത്തിയെഴുതിയേക്കാവുന്ന  കണ്ടുപിടിത്തവുമായി രംഗത്തെത്തിയിരിക്കുന്നത്.

അറിയാത്ത ഐസ് രൂപങ്ങൾ-
നമുക്ക് ഇതേവരെ അറിയാവുന്ന ഐസിന്റെ പരൽ ഘടനകളുമായി ഒരു സാമ്യവുമില്ലാത്ത രണ്ട് ഐസ് രൂപങ്ങളാണ്  പരീക്ഷണശാലയിൽ സൃഷ്ടിച്ചിരിക്കുന്നത്‌. പ്രൊസീഡിങ്സ് ഓഫ് ദ നാഷണൽ അക്കാദമി ഓഫ് സയൻസസിൽ  ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് അടുത്തിടെ പ്രസിദ്ധീകരിച്ചു.     വളരെ താഴ്ന്ന താപനിലയിലും ഉന്നതമർദത്തിലുമാണ് വെള്ളവും ഉപ്പും കൂടിച്ചേർന്ന് പുതിയതരം ഐസ് പരലുകളായി മാറിയത്. 19–ാം നൂറ്റാണ്ടിൽ സാധാരണ സാഹചര്യങ്ങളിൽ ചെയ്ത പല അടിസ്ഥാന രസതന്ത്രപരീക്ഷണങ്ങളും താഴ്ന്ന താപനിലയിലും ഉന്നതമർദത്തിലും വീണ്ടും ചെയ്തുനോക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത്തരം പരീക്ഷണങ്ങൾ വിരൽചൂണ്ടുന്നതെന്നും ഗവേഷകർ പറയുന്നു.

പരീക്ഷണം ഇങ്ങനെ
ഫ്രാൻസ്, യുഎസ്, ജർമനി എന്നിവിടങ്ങളിലെ പരീക്ഷണ സംവിധാനങ്ങളിൽ (സിൻക്രോട്രോൺ)സാധാരണ ഉപ്പുവെള്ളത്തെ പരീക്ഷണ വിധേയമാക്കിയത്‌. ഉപ്പുവെള്ളത്തെ ചെറു മണൽത്തരിയുടെ വലുപ്പമുള്ള രണ്ട് ഡയമണ്ടുകൾക്കിടയിൽ മൈനസ് 50 ഡിഗ്രി സെൽഷ്യസിലും താഴ്‌ന്ന താപനിലയിൽ അത്യുന്നത മർദത്തിൽ  അതിനെ ഞെരുക്കിയപ്പോഴാണ്‌  വിസ്മയ ഐസ് പരലുകൾ രൂപംകൊണ്ടത്. സാധാരണ അന്തരീക്ഷ മർദത്തേക്കാൾ 25,000 മടങ്ങ്‌ കൂടുതൽ മർദമാണ് ഈ പരീക്ഷണത്തിൽ ഉപയോഗിച്ചത്.  സുതാര്യ ഡയമണ്ടുകളെ  മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ച് അവയ്ക്കിടയിൽ നടന്ന ഈ പ്രക്രിയ നിരീക്ഷിക്കാനും ഗവേഷകർക്ക് കഴിഞ്ഞു. ഇതിലേക്ക് ഉപ്പ് ചേർക്കുമ്പോൾ ഐസിന്റെ അളവിലുണ്ടാകുന്ന മാറ്റവും നിരീക്ഷിച്ചു. ഗവേഷകരെ അമ്പരപ്പിച്ചുകൊണ്ട് ഉയർന്ന മർദത്തിൽ ഈ പരലുകൾ വലുതാകാൻ തുടങ്ങി. ഉന്നതമർദം തന്മാത്രകളെ തമ്മിൽ കൂടുതൽ അടുപ്പിക്കുകയും അവ തമ്മിലുള്ള ഇടപഴകലിൽ മാറ്റങ്ങളുണ്ടാകുകയും ചെയ്യും. ഇതാണ് വ്യത്യസ്ത പരലുകളുടെ രൂപീകരണത്തിലേക്ക് നയിക്കുന്നത്.


 

അവിടെ ഉണ്ടാകുമോ
താഴ്ന്ന താപനിലയിൽ ജലവും സോഡിയം ക്ലോറൈഡും ചേർന്ന് ഹൈഡ്രേറ്റ് എന്നുവിളിക്കുന്ന ഉറപ്പുള്ള ഐസ് പരലുകളായി മാറും. സാധാരണ സോഡിയം ക്ലോറൈഡ് ഹൈഡ്രേറ്റുകളുടെ ലളിതമായ ഘടനയിൽ, രണ്ട് ജലതന്മാത്രകൾക്ക് ഒരു സോഡിയം ക്ലോറൈഡ് തന്മാത്രയെന്ന തോതിലാണ് അടങ്ങിയിരിക്കുക. പക്ഷേ, ഇതിൽനിന്ന് തികച്ചും വ്യത്യസ്തമാണ് പുതിയ ഐസ് രൂപങ്ങൾ. ഇതിലൊന്നിൽ 17 ജലതന്മാത്രകൾക്ക് രണ്ട് സോഡിയം ക്ലോറൈഡ് തന്മാത്രകളെന്ന തോതിലാണ് അടങ്ങിയിരിക്കുന്നത്.

അടുത്തതിലാകട്ടെ 13 ജലതന്മാത്രകൾക്ക് ഒരു സോഡിയം ക്ലോറൈഡ് തന്മാത്ര എന്നതോതിലും. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളായ യൂറോപ്പ, ഗാനിമേഡി എന്നിവയിലൊക്കെ  ഇത്തരം ഐസ് രൂപങ്ങളുടെ സാന്നിധ്യം ഉണ്ടാകാമെന്നാണ്‌ നിഗമനം. യൂറോപ്പയുടെ ഉപരിതലത്തിൽ തലങ്ങും വിലങ്ങും കാണുന്ന ചുവന്ന വരകളുടെയും ഗാനിമേഡിന്റെ  ഉപരിതലത്തിലെ വെളുത്ത വരകളുടെയും രസതന്ത്ര രഹസ്യങ്ങൾ ഇതുവരെ പിടികിട്ടിയിട്ടില്ല. ഇത് ജലവും ലവണങ്ങളും ഉറഞ്ഞ്‌ ഉണ്ടായതാണ്‌ എന്നാണ് കരുതുന്നത്‌. എന്നാൽ, ഇതിന്റെ രാസ വിരലടയാളം ഭൂമിയിൽ നമുക്കറിയാവുന്ന പദാർഥങ്ങളുമായി യോജിക്കുന്നുമില്ല. ഇതിന്റെ രഹസ്യങ്ങൾ ചുരുൾനിവർത്താൻ പുതിയ കണ്ടുപിടിത്തം സഹായിച്ചേക്കും.

പരീക്ഷണശാലയിൽ സൃഷ്ടിച്ച താഴ്ന്ന താപനിലയും ഉയർന്ന മർദവും വ്യാഴത്തിന്റെയും ശനിയുടെയും ഉപഗ്രഹങ്ങളിൽ സാധാരണമാണെന്നാണ് ഗവേഷകർ  പറയുന്നത്‌. അവിടെയുള്ള  മഞ്ഞുമൂടിയ സമുദ്രങ്ങളെക്കുറിച്ചുള്ള തെളിവുകളും പര്യവേക്ഷണങ്ങൾ ലഭ്യമാക്കി കഴിഞ്ഞു. ഈ സമുദ്രങ്ങളുടെ ആഴങ്ങളിൽ സാന്ദ്രതയേറിയ ഐസ് രൂപങ്ങൾ കണാനുള്ള  സാധ്യത ഏറെയാണ്.

മർദം കുറച്ചതിനുശേഷവും ഇതിൽ ഒരു ഐസ് രൂപം മൈനസ് 50 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വരെ സ്ഥിരത കാണിച്ചെന്ന് ഗവേഷകർ അവകാശപ്പെടുന്നു. 17 ജലതന്മാത്രകൾക്ക് രണ്ട് സോഡിയം ക്ലോറൈഡ് തന്മാത്ര എന്നതോതിൽ അടങ്ങിയിരിക്കുന്ന ഐസ് രൂപത്തിനാണ് സ്ഥിരതയുള്ളതായി സ്ഥിരീകരിച്ചത്‌. അങ്ങനെയെങ്കിൽ അന്റാർട്ടിക്കയിലെ ഉപ്പുതടാകങ്ങളിൽ ഈ താപനിലയിൽ ഇത്തരം ഐസ് രൂപങ്ങൾ കണ്ടേക്കാം.  മഞ്ഞുനിറഞ്ഞ ഉപഗ്രഹങ്ങളിലെ ഐസും പുതിയ ഐസ് രൂപങ്ങളും തമ്മിൽ സാദൃശ്യമുണ്ടോ എന്നറിയാൻ ഇനിയും കാത്തിരിക്കണം.

സാധ്യതകൾ,  പ്രതീക്ഷകൾ-
വിദൂര ഗ്രഹങ്ങളിലെയും ഉപഗ്രഹങ്ങളിലെയും ജലസാന്നിധ്യത്തെക്കുറിച്ചുള്ള പഠനങ്ങളിൽ മാത്രമല്ല, ഭൗതിക രസതന്ത്രത്തിലും പുതിയ കണ്ടുപിടിത്തം നൂതന സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ഹൈഡ്രേറ്റുകൾ ഊർജസംഭരണത്തിന് ഉപയോഗിക്കുന്നതുകൊണ്ട് ഊർജഗവേഷണങ്ങളിലും ഇത് വഴിത്തിരിവായേക്കും. വിവിധ പര്യവേക്ഷണ പേടകങ്ങൾ വ്യാഴത്തിന്റെയും ശനിയുടെയും മഞ്ഞുറഞ്ഞ ഉപഗ്രഹ രഹസ്യങ്ങൾ ചുരുൾനിവർത്താൻ യാത്ര തുടങ്ങിക്കഴിഞ്ഞു. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ജൂപിറ്റർ ഐസീമൂൺസ് എക്സ്പ്ലോറർ മിഷൻ യാത്ര തുടങ്ങിയത്‌ അടുത്തിടെയാണ്‌. നാസയുടെ യൂറോപ്പ ക്ലിപ്പർ മിഷൻ, ശനിയുടെ ഉപഗ്രഹമായ ടൈറ്റനിലേക്ക്‌ അയക്കുന്ന നാസയുടെ തന്നെ ഡ്രാഗൺ ഫ്ലൈ മിഷൻ എന്നിവയൊക്കെ ഭാവിദൗത്യങ്ങളാണ്. ഭൗമേതര ജീവന്റെ അടയാളങ്ങൾ തേടുന്ന ഈ പര്യവേക്ഷണങ്ങളിൽ ഈ ഉപഗ്രഹങ്ങളിലെ വിവിധ രാസവസ്തുക്കൾ വിശകലനം ചെയ്യും. ഭൂമിക്കപ്പുറം ജീവൻ തേടുമ്പോൾ ജീവന് ആധാരമായി നാം ഇന്നേവരെ കരുതിപ്പോന്ന രാസഘടനകൾമാത്രം തിരഞ്ഞാൽ മതിയാകില്ലെന്ന് സൂചന നൽകുന്നു പുതിയ ഐസ് പരലുകളുടെ കണ്ടുപിടിത്തം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top