25 April Thursday

അപ്പോളോ 7ലെ ജലദോഷവും ‘ഗുസ്‌തി’യും

ദിലീപ്‌ മലയാലപ്പുഴUpdated: Sunday Jan 8, 2023

കമാൻഡർ വാൾട്ടർ എം സയിറ, ഡൊൺ എഫ്‌ എയ്‌സൽ, കണ്ണിങ്‌ഹാം


നാസയുടെ അപ്പോളോ–- 7 ദൗത്യത്തിലെ വൈമാനികനായിരുന്ന  വാൾട്ടർ കണ്ണിങ്‌ഹാം കഴിഞ്ഞ ദിവസമാണ്‌ അന്തരിച്ചത്‌, 90–-ാം വയസ്സിൽ. മനുഷ്യനെ ചന്ദ്രനിലേക്ക്‌ അയക്കുന്നതിനു മുന്നോടിയായി മൂന്നു പേരുമായുള്ള ആദ്യ പരീക്ഷണ പറക്കലായിരുന്നു അപ്പോളോ –-7 ദൗത്യം.
അപ്പോളോ–-1  പറന്നുയരുന്നതിന്‌ മുമ്പുതന്നെ വിക്ഷേപണത്തറയിൽ കത്തിയമർന്ന്‌   ഗഗനചാരികൾ  മരിച്ചിരുന്നു. അതിനുശേഷം മനുഷ്യനെ കയറ്റിയുള്ള ആദ്യ ദൗത്യത്തിൽ പങ്കാളിയായിരുന്നു കണ്ണിങ്‌ഹാം. ബഹിരാകാശത്തെ ആദ്യ ‘കലാപകാരി’കൾ എന്ന ദുഷ്‌പേരും കണ്ണിങ്‌ഹാം അടങ്ങുന്ന മൂന്നംഗ സംഘത്തിനുണ്ട്‌

വാൾട്ടർ കണ്ണിങ്‌ഹാം

വാൾട്ടർ കണ്ണിങ്‌ഹാം

68 ഒക്ടോബർ 11 നായിരുന്നു അപ്പോളോ–- 7 വിക്ഷേപണം. കണ്ണിങ്‌ഹാമിനു പുറമെ  കമാൻഡർ വാൾട്ടർ എം സയിറ, ഡൊൺ എഫ്‌ എയ്‌സൽ എന്നിവരാണ്‌ പേടകത്തിൽ ഉണ്ടായിരുന്നത്‌. 11 ദിവസം ഭൂമിയെ വലംവച്ച്‌ ചാന്ദ്ര പേടകത്തിന്റെ സുരക്ഷയടക്കമുള്ള സാങ്കേതിക കാര്യങ്ങൾ പരിശോധിച്ചു മടങ്ങുകമാത്രമായിരുന്നു ദൗത്യം. ഭ്രമണപഥത്തിൽ എത്തിയതോടെ പേടകത്തിലെ അസൗകര്യങ്ങളിൽ സഞ്ചാരികൾ അസ്വസ്ഥരായി തുടങ്ങി. 15–-ാം   മണിക്കൂറിൽ കമാൻഡർ വാൾട്ടർ എം സയിറയ്‌ക്ക്‌ കടുത്ത ജലദോഷം പിടിച്ചു. തുമ്മൽ, പനി, വിറയൽ.....

നാസയുടെ ഗ്രൗണ്ട്‌ കൺട്രോളിന്റെ നിർദേശം അവഗണിച്ച്‌ സയിറ ഉറക്കം തുടങ്ങി. ഇത്‌ വിലക്കിയ നാസയുടെ കൺട്രോൾ റൂം ചുമതലക്കാരുമായുള്ള വാക്കേറ്റം ലൈവായി (ഭ്രമണപഥത്തിൽനിന്ന് തത്സമയ ടിവി സംപ്രേഷണംചെയ്ത ആദ്യത്തെ നാസ ദൗത്യമായിരുന്നു ഇത്‌) ലോകം കേട്ടു. ബാക്കിയുള്ള രണ്ടു പേർക്കുകൂടി ജലദോഷം പിടിച്ചതോടെ ആകെ ആശങ്കയായി. സഞ്ചാരികൾ കൺട്രോൾ റൂമുമായി  ശണ്ഠ തുടർന്നു. മൂക്കൊലിപ്പ് പുറത്തേക്ക്‌ വരാതായതോടെ തൊണ്ട വരണ്ടു, തുമ്മൽ ശക്തിയായി. മൂക്ക്‌ ചീറ്റാനാകാത്ത അവസ്ഥയിൽ സുരക്ഷാ ഹെൽമെറ്റ്‌ പലപ്പോഴും മൂവരും അഴിച്ചുമാറ്റി.  കൺട്രോൾ റൂമിൽ ഉള്ളവർ ശാസിച്ചെങ്കിലും മൂവരും വഴങ്ങിയില്ല.

ജലദോഷം ശമിച്ചെങ്കിലും നീരസത്തിന്‌ അയവുണ്ടായില്ല. ദൗത്യം പൂർത്തിയാക്കി ഭൂമിയിൽ മടങ്ങിയെത്തിയ മൂന്നു പേർക്കും നാസ വിശിഷ്ട സേവനത്തിനുള്ള സർവീസ്‌ മെഡൽ നിഷേധിക്കുകയും ചെയ്‌തു. പ്രോട്ടോകോൾ ലംഘനമായിരുന്നു കുറ്റം.  40 വർഷത്തിനുശേഷം മെഡൽ നൽകിയെന്നതും ചരിത്രം.

എന്തായാലും  വാൾട്ടർ കണ്ണിങ്‌ഹാമിന്റെ മരണത്തോടെ അപ്പോളോ–- 7 ദൗത്യത്തിലെ അവസാന കണ്ണിയും വിടവാങ്ങിയിരിക്കുകയാണ്‌. ബഹിരാകാശ ഗവേഷണരംഗത്തെ കൗതുകകരമായ ‘കലാപ’വും ബാക്കിയാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top