25 April Thursday

ഷബീർ... വീട്‌ വിളിക്കുന്നു; മടങ്ങാൻ നേരമായില്ലെ?

സി പ്രജോഷ്‌കുമാർUpdated: Wednesday Jul 29, 2020

മലപ്പുറം

‘ദിവസം 50 കടന്നു വീടുവിട്ട്‌ പോയിട്ട്‌. ജാഗ്രതയുള്ളതുകൊണ്ടാകാം വീട്ടിലേക്ക്‌ വന്നിട്ടില്ല. എടയൂർ പഞ്ചായത്ത്‌ കോവിഡ്‌ കെയർ സെന്ററിൽ ഞാനടക്കമുള്ള പ്രവാസികൾക്കുവേണ്ടി ജീവൻ പണയം വച്ച്‌ നിൽക്കുന്നു. അഭിമാനം മാത്രമേയുള്ളൂ... ഈ എസ്‌എഫ്‌ഐക്കാരനെ ഓർത്ത്‌’. മകന്റെ നിസ്വാർഥ സേവനത്തിന്‌ വിദേശത്തിരുന്ന്‌ മഴവഞ്ചേരി ഷറഫുദ്ദീൻ ഫേസ്‌ബുക്കിൽ കുറിച്ച അഭിവാദ്യക്കുറിപ്പാണിത്‌. 

മകനെ അടുത്തറിഞ്ഞാൽ ഉപ്പയുടെ കുറിപ്പിലെ ആത്മാർഥതയുടെ ആഴമറിയാം. പേര്‌ ഷബീർ മുഹമ്മദ്.  രണ്ട്‌ മാസമായി‌ പഞ്ചായത്തിന്റെ കോവിഡ്‌ കെയർ സെന്ററിൽ വള​ന്റിയറാണ്‌. ഉമ്മ റംല, വല്ല്യുപ്പ മുഹമ്മദ്‌, വല്ല്യുമ്മ നഫീസ എന്നിവരെ അമ്മായിയുടെ വീട്ടിലാക്കിയാണ്‌ സന്നദ്ധ സേവനം.  

ഡിസംബറിൽ ജോലി തേടി ദുബായിയിൽ പോയിരുന്നു ഷബീർ. കോവിഡിനെ തുടർന്ന്‌ ജോലി ലഭിക്കാതെവന്നപ്പോൾ മാർച്ച്‌ 11ന്‌ നാട്ടിലേക്ക്‌ മടങ്ങി. 14 ദിവസം വീട്ടുനിരീക്ഷണം. പിന്നെ വളണ്ടിയറായി എടയൂർ പഞ്ചായത്തിന്റെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക്‌.  ‌ ശേഷം വീട്ടിലേക്ക്‌ മടങ്ങിയിട്ടില്ല. പ്രവാസികൾ ഉൾപ്പെടെ നിരീക്ഷണത്തിൽ കഴിയുന്നവർക്കൊപ്പം ഉണ്ടും ഉറങ്ങിയും ജീവിതം.

അത്തിപ്പറ്റ കൊച്ചിൻ കോളേജിന്റെ വനിതാ ഹോസ്‌റ്റൽ കെട്ടിടത്തിലാണ്‌ ക്വാറന്റൈൻ കേന്ദ്രം. നിരീക്ഷണത്തിൽ കഴിയുന്നവർക്ക്‌ ഭക്ഷണം നൽകൽ, മുറി വൃത്തിയാക്കൽ, മാലിന്യം നീക്കൽ, റിപ്പോർട്ട്‌ തയ്യാറാക്കൽ, സാധനങ്ങൾ എത്തിക്കൽ, രോഗമുള്ളവരെ ആശുപത്രിയിൽ എത്തിക്കൽ എന്നിവയാണ്‌ ജോലി. പഞ്ചായത്തിന്റെ ജനകീയ അടുക്കളയിൽനിന്നാണ്‌ ഭക്ഷണം.

ഇതിനിടെ വീപീസ്‌ ഓഡിറ്റോറിയത്തിൽ  പ്രാഥമ‌ ചികിത്സാ കേന്ദ്രം  ഒരുക്കുന്നതിലും പങ്കാളിയായി. ആഗസ്‌ത്‌ രണ്ടിന്‌ ക്വാറന്റൈൻ കേന്ദ്രം അടയ്‌ക്കും. വീട്ടിലേക്ക്‌ മടങ്ങുമോ എന്ന ചോദ്യത്തിന്‌ ‘‘പാർടി പറഞ്ഞാൽ സിഎഫ്‌എൽടിസിയിൽ പ്രവർത്തിക്കും’’ എന്ന്‌ മറുപടി. എസ്‌എഫ്‌ഐ മലപ്പറം മുൻ ജില്ലാ കമ്മിറ്റി അംഗമാണ്‌.  ബിഎസ്‌ഡബ്ല്യു കഴിഞ്ഞു.  ഉപ്പ ഷറഫുദ്ദീൻ സൗദിയിൽ ഇന്റീരിയൽ വർക്കറും പ്രവാസി സാംസ്‌കാരിക സംഘടനയായ കേളിയുടെ സജീവ പ്രവർത്തകനുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top