27 April Saturday

മനുഷ്യത്വത്തിന്റെ മായാപ്പച്ച

ഷംസുദ്ദീന്‍ കുട്ടോത്ത്‌Updated: Thursday Apr 27, 2023

ശ്രീനിവാസൻ, എം മുകുന്ദൻ തുടങ്ങിയവർക്കൊപ്പം മാമുക്കോയ

മാമുക്കോയ യാത്രയാകുമ്പോൾ കോഴിക്കോടിന്റെ ഏറെ തെളിച്ചമുള്ള ഒരു മതനിരപേക്ഷമുഖംകൂടിയാണ്‌ ഇല്ലാതാകുന്നത്‌. സിനിമാ താരത്തിന്റെ നിറമുള്ള കുപ്പായം, സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനും നിലപാടുകൾ തുറന്നുപറയുന്നതിനും അദ്ദേഹത്തിന്‌ ഒരിക്കലും തടസ്സമായിരുന്നില്ല. കോഴിക്കോട്ടെയും ബേപ്പൂരിലെയും സാധാരണ മനുഷ്യർക്കിടയിൽ അവരിലൊരാളായി ജീവിച്ചുതീർത്ത ജീവിതമായിരുന്നു ആ വലിയ കലാകാരന്റേത്‌.  

പ്രതിഭകൾ നിറഞ്ഞ പഴയ കോഴിക്കോടൻ സൗഹൃദത്തിൽനിന്നു തുടങ്ങി മരണംവരെ നഗരത്തിലെ സാംസ്‌കാരിക മണ്ഡലത്തിൽ നിറഞ്ഞുനിൽക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ടൗൺ ഹാളിലും ടാഗോർ ഹാളിലും അരങ്ങേറുന്ന സംഗീതപരിപാടികളുടെയും നാടകങ്ങളുടെയും ആസ്വാദകനായി സദസ്സിന്റെ മുൻനിരയിൽ ലയിച്ചിരിക്കുന്ന മാമുക്കോയ കോഴിക്കോട്ടുകാർക്ക്‌ പതിവുകാഴ്‌ചയായിരുന്നു. മനുഷ്യനാണെങ്കിൽ നിലപാട്‌ വേണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം.

താനൊരു മുസ്ലിമാണെന്നും എന്നാൽ, പലരും കരുതുന്നപോലെ കലയും നാടകവും ഹറാമാണെന്നു കരുതുന്ന വിശ്വാസികളുടെ കൂട്ടത്തിൽ താനില്ലെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. കലാകാരന്മാർക്ക്‌ വലിയ സ്ഥാനം കൊടുക്കുന്ന മതത്തിന്റെ കണ്ണിയാണ്‌ താൻ. കുട്ടിക്കാലത്ത്‌ ഉമ്മ വീട്ടിൽ കുത്തുവിളക്ക്‌ കത്തിക്കാറുണ്ടായിരുന്നു. എന്നാൽ, ഇന്ന്‌ മുസ്ലിം വീടുകളിൽ നിലവിളക്ക്‌ കത്തിക്കാൻ പാടില്ലെന്ന്‌ ചില പുരോഹിതന്മാർ പറയുമ്പോൾ സ്വന്തം ഉമ്മയെ ഓർമ വരാറുണ്ടായിരുന്നു അദ്ദേഹത്തിന്‌. മതം മനുഷ്യരെ മറന്ന് വളരുന്നതിൽ വേദനിച്ചിരുന്നു. വൈക്കം മുഹമ്മദ്‌ ബഷീറും എൻ പി മുഹമ്മദും കെ ടി മുഹമ്മദും വെട്ടിയ വഴിയിലൂടെ സഞ്ചരിച്ച മനുഷ്യസ്‌നേഹിയായിരുന്നു മാമുക്കോയ.

സിനിമ കാണുന്നത്‌ ഹറാമാണോ ഹലാലാണോ എന്ന്‌ പണ്ഡിതന്മാർ പറയുന്നത്‌ ഏത്‌ കിത്താബിനെ അടിസ്ഥാനമാക്കിയാണെന്ന മാമുക്കോയയുടെ ചോദ്യം പുരോഹിതന്മാർ കേട്ടില്ലെന്ന്‌ നടിച്ചു. കാര്യങ്ങൾ പഠിച്ച്‌ ആവശ്യമായ തിരുത്തൽ നടത്തുകയാണ്‌ വേണ്ടത്‌, അല്ലാതെ അർഥമില്ലാതെ നിഷേധിക്കുകയല്ല. സിനിമയിൽ മമ്മൂട്ടി നടത്തിയ വിപ്ലവമാണ്‌  കഥകളിയിൽ കലാമണ്ഡലം ഹൈദരാലി നടത്തിയത്‌. അരങ്ങിൽ വ്യവസ്ഥിതിക്കെതിരെ കത്തിപ്പടർന്ന തീപ്പന്തമാണ്‌ നിലമ്പൂർ ആയിഷയും വെള്ളയിൽ ബീവിയുമൊക്കെ. തട്ടമിട്ട കെ ടിയെന്നാണ്‌ നിലമ്പൂർ ആയിഷയെ മാമുക്കോയ  വിശേഷിപ്പിച്ചത്‌.
‘‘ചരിത്രം വായിച്ചവർക്കറിയാം യുദ്ധത്തില്‌ വരെ പ്രവാചകന്റെ കാലത്ത്‌ പെണ്ണുങ്ങൾ പങ്കെടുത്തിട്ടുണ്ട്‌. പല കാലത്തായി അവരെ നമ്മൾ പിന്നോട്ട്‌ വലിക്കുകയായിരുന്നു. പെണ്ണുങ്ങൾകൂടി മുന്നിൽനിന്ന്‌ പ്രവർത്തിച്ചാലേ സമൂഹത്തിനും സമുദായത്തിനും വീര്യംകൂടൂ.’’  മാമുക്കോയയുടെ നിരീക്ഷണങ്ങൾക്ക്‌ എന്നും  ഉശിര്‌ കൂടുതലായിരുന്നു.  

ഇസ്ലാം മതത്തെക്കുറിച്ച്‌ മാത്രമല്ല, ബൈബിളിനെക്കുറിച്ചും മഹാഭാരതം, രാമായണം എന്നിവയെക്കുറിച്ചുമെല്ലാം നല്ല ധാരണ അദ്ദേഹത്തിന്‌ ഉണ്ടായിരുന്നു. മനസ്സിൽ എപ്പോഴും ചോദ്യങ്ങൾ നുരഞ്ഞുകൊണ്ടിരിക്കണം എങ്കിലേ പുതിയ ചിന്തകളിലേക്ക്‌ മനുഷ്യന്‌ വളരാൻ കഴിയൂവെന്ന്‌ അദ്ദേഹം പറയുമായിരുന്നു. വായനയിലൂടെ മാത്രമേ മനുഷ്യന്‌ വളരാനാകൂവെന്ന്‌ അദ്ദേഹം വിശ്വസിച്ചു.  കലാപ്രവർത്തകരുടെ ലോകം വിശാലമാണെന്ന്‌ വിശ്വസിച്ച മാമുക്കോയയുടെ ചില അഭിപ്രായപ്രകടനങ്ങൾ കേരളം ഗൗരവത്തോടെ തന്നെ ചർച്ച ചെയ്‌തിട്ടുണ്ട്‌.

വൈക്കം മുഹമ്മദ്‌ ബഷീറുമായുള്ള ബന്ധം തന്നെ കൂടുതൽ മുന്തിയ മനുഷ്യനാക്കിയതായി മാമുക്കോയ പറഞ്ഞതോർക്കുന്നു. മതത്തെയും മനുഷ്യരെയും മാത്രമല്ല,  പ്രകൃതിയെയും ചുറ്റുപാടുകളെയും മറ്റൊരു കണ്ണുകൊണ്ട്‌ കാണാൻ ആ കൂട്ടുകെട്ട്‌ സഹായിച്ചു. വയനാട്ടിലെ തന്റെ കൃഷിസ്ഥലം വരുമാനത്തിനുവേണ്ടി മാത്രമുള്ള ഇടമായല്ല അദ്ദേഹം കണ്ടത്‌. ‘‘രാത്രി പല ജാതി ചീവിടുകളുടെ ഒച്ച കേൾക്കാം. മിന്നാമിനുങ്ങുകളെ കാണാം. താഴെക്കൂടി ഒഴുകുന്ന അരുവിയുടെ ഒച്ച കേൾക്കാം. അതിനപ്പുറം  തിരക്കുകളിൽനിന്നെല്ലാം ഒഴിഞ്ഞ്‌  മണ്ണിൽ ചവിട്ടി ഒറ്റയ്‌ക്ക്‌ നടക്കാം. പറമ്പിലെ പച്ചപ്പ്‌ മനസ്സിന്‌ നല്ല ഉണർവും തരും. പഴയ നോവലുകളിലെല്ലാം വായിച്ചറിഞ്ഞ ഒരു സുഖമുണ്ടല്ലോ, അത്‌ കിട്ടും’’.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top