18 September Thursday

ചില വിനാശകാല പരീക്ഷണങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022


എന്തൊക്കെ ബഹളമായിരുന്നു. മലപ്പുറം കത്തി, മെഷീൻ ഗണ്ണ്, ബോംബ്‌. പോരാട്ടം പകുതിയായിട്ടില്ല. അതിനകംതന്നെ പവനായിയുടെ അവസ്ഥയിലേക്കാണ്‌ കാര്യങ്ങളുടെ പോക്ക്‌.

എന്തുചെയ്യാം. വിനാശകാലത്താണല്ലോ മനുഷ്യർക്ക്‌ ഓരോന്ന്‌ തോന്നുന്നത്‌. അത്തരം തോന്നലുകൾ ഓരോന്നും പണികൊടുക്കും. ‌ഒന്നും പറഞ്ഞിട്ടുകാര്യമില്ല. മന്ത്രിസഭയുടെ ഒന്നാംവാർഷികം വിനാശത്തിന്റെ ഒരുവർഷമായി ആചരിക്കാൻ തോന്നിയത്‌ ഏതു നേരത്താണെന്ന്‌ ഗവേഷണം നടത്തുകയാണ്‌ പ്രതിപക്ഷനേതാവ്‌ സതീശൻ. ആരുടെ വിനാശത്തിന്റെ എന്നു വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ട്രോളിയതോടെയാണ്‌ സതീശൻ ചിന്താവിഷ്‌ടനായത്‌.  തൃക്കാക്കര തെരഞ്ഞെടുപ്പും മുഖ്യമന്ത്രിയുടെ കമന്റും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന്‌ കെപിസിസിയുടെ സ്ഥിരം അന്വേഷണ കമീഷണർ എം എം ഹസ്സനെ ഏൽപ്പിച്ചാലോ എന്നുപോലും ഒരുനിമിഷം ചിന്തിച്ചുപോയി.

കാലം മോശമാണെന്ന കാര്യത്തിൽ സതീശനും സംശയമില്ല. സ്വന്തം ജില്ലയാണെന്ന്‌ പറഞ്ഞിട്ടെന്ത്‌. വയ്‌ക്കുന്ന വെടിയെല്ലാം സ്വന്തം മൂട്ടിലാണ്‌ തറയ്‌ക്കുന്നത്‌.  തൃക്കാക്കരയിൽ പാട്ടും പാടി ജയിക്കാമെന്നാണ്‌ കണക്കുകൂട്ടിയത്‌.  മൂന്നുതവണയും ജയിച്ചുകയറിയ മണ്ഡലത്തിൽ ഇപ്പോൾ ചക്രം ചവിട്ടേണ്ട ഗതികേട്‌‌. സ്ഥാനാർഥിയെ നേരത്തേ പ്രഖ്യാപിച്ചപ്പോൾ അഭിനന്ദനമാണ്‌ പ്രതീക്ഷിച്ചത്‌. തൃക്കാക്കര സ്വപ്‌നം കണ്ട്‌ പനിച്ച സകലർക്കും പണികൊടുക്കാനുള്ള ആ ബുദ്ധിയിൽ സ്വയം ഒത്തിരി അഭിമാനിച്ചതാണ്‌.  എല്ലാം വെറുതെയായി. ബുദ്ധി കൂടിപ്പോയതിന്റെ ഓരോ ബുദ്ധിമുട്ട്‌.

എൽഡിഎഫ്‌ സ്ഥാനാർഥി എവിടെ എന്നു ചോദിച്ച്‌ ഉച്ചത്തിൽ നിലവിളിച്ചതും കുഴപ്പമായി. ഒന്നൊന്നര എൻട്രിയായിരുന്നില്ലേ. സഭയുടെ സ്ഥാനാർഥി ആരോപണവും തിരിച്ചെടുക്കാൻ പറ്റാത്തവിധം വെടക്കായി. എന്തുവികസനമാണ്‌ എൽഡിഎഫ്‌ നടപ്പാക്കിയതെന്ന‌ ചാട്ടുളിപോലുള്ള ചോദ്യം ഉന്നയിച്ചത്‌ ഉമ്മൻചാണ്ടിയാണ്‌. അക്കമിട്ട്‌ മറുപടി ചോദിച്ചുവാങ്ങി. താനായിട്ടുതന്നെ ഒത്തിരി വാങ്ങിക്കൂട്ടുന്നുണ്ട്‌. ഇതിനിടയിൽ അങ്ങേർക്ക്‌ ഇതിന്റെ വല്ലോം ആവശ്യമുണ്ടോ.  ഇൻഫോപാർക്ക്‌ പാതയുടെ പേരിൽ ഹൈബി ഈഡനെയും കളത്തിലിറക്കി നോക്കി. എംപിയായതുമുതൽ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുന്ന കഥ ഹൈബി പറഞ്ഞത്‌ കേട്ട്‌ കെപിസിസി ഓഫീസിൽപ്പോലും കൂട്ടച്ചിരിയായിരുന്നു.  മെട്രോയ്‌ക്ക്‌ അനുമതി തരാത്തത്‌ കേന്ദ്രമല്ലേ, കേന്ദ്രത്തെയല്ലേ കുറ്റപ്പെടുത്തേണ്ടത്‌ എന്ന ഒറ്റച്ചോദ്യത്തിൽ അത്‌ തീർന്നു. 

ഡൽഹിയിലും പഞ്ചാബിലും കോൺഗ്രസിനെ തോൽപ്പിച്ച ആപ്പിനോടുപോലും വോട്ടിരന്നു. ട്വന്റി20യുടെ വോട്ടിലായിരുന്നു അവസാനപ്രതീക്ഷ. അതും കല്ലത്തായി. മന്ത്രിസഭയുടെ ഒന്നാംവാർഷികത്തിലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി എന്തിനിങ്ങനെ ചാമ്പി. ജീവിക്കാൻ സമ്മതിക്കില്ലെന്നുവച്ചാൽ എന്തുചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top