29 March Friday

അമ്മമാർ സാക്ഷി; നിരഞ്ജന വിവാഹിതയായി

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022


മലപ്പുറം
അമ്മയോളം പ്രിയപ്പെട്ട അമ്പതോളം അമ്മമാരുടെ അനുഗ്രഹത്തോടെ നിരഞ്ജന പുതുജീവിതത്തിലേക്ക്‌.  ഞായർ രാവിലെ ഒമ്പതിന്‌ തവനൂർ ഗവ. വൃദ്ധമന്ദിരത്തിലെ അമ്മമാരുടെ സ്‌നേഹം ഏറ്റുവാങ്ങി നിരഞ്ജന സംഗീതിന്‌ വരണമാല്യം ചാർത്തി. പ്രായവും നിസ്സഹായതയും തളർത്തിയ  ആ അമ്മമാർ സന്തോഷത്തോടെ വൃദ്ധമന്ദിരത്തിലെ കതിർമണ്ഡപത്തിൽനിന്ന്‌ നിരഞ്ജനയെ വരനൊപ്പം യാത്രയാക്കി.

മുൻ സ്‌പീക്കറും നോർക്ക റൂട്‌സ്‌ വൈസ്‌ ചെയർമാനുമായ പി ശ്രീരാമകൃഷ്‌ണന്റെയും ദിവ്യയുടെയും മകളാണ്‌ നിരഞ്ജന. തിരുവനന്തപുരം പിടിപി നഗർ വൈറ്റ്‌ പേളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകനാണ്‌ സംഗീത്‌. ഓണത്തിനും മറ്റ്‌ ചില ആഘോഷവേളകളിലും കുടുംബസമേതം വൃദ്ധസദനത്തിലെത്തി അമ്മമാർക്കൊപ്പം സ്‌നേഹം പങ്കിട്ടിട്ടുണ്ട്‌. അന്നാണ്‌  നിരഞ്ജനയുടെ മനസിൽ വിവാഹത്തെക്കുറിച്ച്‌  ഇത്തരമൊരു ആഗ്രഹം ചേക്കേറിയത്‌. ഇക്കാര്യം പങ്കുവച്ചപ്പോൾ അച്ഛനും അമ്മക്കും നൂറുതവണ സമ്മതം. സംഗീതും വീട്ടുകാരും ആഗ്രഹത്തിനൊപ്പം ചേർന്നതോടെ വൃദ്ധമന്ദിരം വിവാഹ വേദിയായി.

വിവാഹ ചടങ്ങിൽ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി അബ്ദുറഹ്മാൻ, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌, എംഎൽഎമാരായ പി നന്ദകുമാർ, കെ ടി ജലീൽ എന്നിവർ പങ്കെടുത്തു. വിവാഹ വിരുന്നിൽ സ്‌പീക്കർ എം ബി രാജേഷ്‌, സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top